അടിയന്തിര സംവിധാനത്തിലെ പിഴവ് , പൊലിഞ്ഞതോ മനുഷ്യ ജീവൻ!

Google+ Pinterest LinkedIn Tumblr +

അടിയന്തിര സംവിധാനത്തിലെ പിഴവ് , പൊലിഞ്ഞതോ  മനുഷ്യ ജീവൻ!
—————————————————————————————-

പുതു വത്സരത്തിലൊരു പുത്തന്‍ ജീവിതം സ്വപ്നം കണ്ടിരുന്ന ഒരു ടെക്നൊപാര്‍ക്ക് ജീവനക്കാരന്റെ ദാരുണമായ അന്ത്യത്തിനിടയാക്കിയ സംഭവമാണ് ഈ കുറിപ്പിന് കാരണഭൂതമായത്. ഇന്നലെ, 2015 ജനുവരി 7, ഉച്ചക്ക് ടെക്നോപാര്‍ക്കിനും ജിഞ്ചര്‍ ഹോട്ടലിനുമിടയില്‍ ബൈപാസ് റോഡിലാണ് സംഭവം നടന്നത്. ടെക്നോപാര്‍ക്കിനുള്ളിലെ തേജസ്വിനിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ അനുബന്ധ സ്ഥാപനമായ NRHMൽ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയായ അരുണ്‍ എന്ന 34 വയസ്സുള്ള അവിവാഹിതനായ ചെറുപ്പക്കാരന്‍ തന്റെ ജോലിസ്ഥലത്തേയ്ക്ക് ബൈക്കില്‍ സഞ്ചരിക്കവേ, ജിഞ്ചര്‍ ഹോട്ടലിനു സമീപമുള്ള ആഴമുള്ള കുഴിയില്‍ വീഴുകയും പുറകെ വരികയായിരുന്ന ലോറി അരുണിനെ തട്ടി വീഴ്ത്തുകയുമാണുണ്ടായത്.
അതിഗുരുതരമായി തലക്ക് പരിക്കേറ്റ അരുണ്‍ ബോധരഹിതനായി രക്തം വാര്‍ന്നു പോകുന്ന അവസ്ഥയില്‍ റോഡരുകില്‍ വീണു കിടക്കുകയും ചെയ്തു. തത്സമയം ടെക്നോപാര്‍ക്കില്‍ ജോലിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരന്‍ സംഭവ സ്ഥലത്തെത്തുകയും അവിടെ ഓടിക്കൂടിയ മറ്റ് ആള്‍ക്കാര്‍ക്കൊപ്പം 108 ആംബുലന്‍സ് സര്‍വ്വീസില്‍ വിളിച്ച് സേവനത്തിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍, ആംബുലന്‍സ് എത്തിച്ചേരാന്‍ വൈകുന്നതു കണ്ട് അരുണിനെ ആശുപത്രിയിലെത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ആള്‍ക്കാരെ അയാള്‍ തടയുകയും ആംബുലന്‍സിനായുള്ള കാത്തിരിപ്പ് തുടരുകയും ചെയ്തു. ഇതിനിടയില്‍ അവിടെ എത്തിച്ചേര്‍ന്ന പൊലീസുദ്യോഗസ്ഥന്റെ പ്രതികരണവും വ്യത്യസ്ഥമായിരിന്നില്ല.
20 മിനുട്ടിനു ശേഷവും ആംബുലന്‍സ് എത്തിച്ചേരാതിരുന്നപ്പോള്‍ പൊലീസുദ്യോഗസ്ഥന്‍ വീണ്ടും 108 ല്‍ വിളിക്കുകയും ആംബുലന്‍സിനായി ആവശ്യപ്പെടുകയും ചെയ്തു. ആംബുലന്‍സിനായുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നതില്‍ അസഹിഷ്ണുത തോന്നിയ ആള്‍ക്കാരും പൊലീസുദ്യോഗസ്ഥരുമായി കടുത്ത വാക്കേറ്റത്തിലേക്ക് ഇതിനകം സ്ഥിതിഗതികള്‍ എത്തിച്ചേര്‍ന്നിരുന്നു. ഇതിനിടയില്‍, ഒരു മദ്ധ്യ വയസ്കന്‍ അതിലേ വന്ന ഒരു അംബാസിഡര്‍ കാറിനു കൈ കാണിച്ചു നിര്‍ത്തുകയും, പൊലീസുദ്യോഗസ്ഥരുടെ എതിര്‍പ്പിനെ വക വെയ്ക്കാതെ, അരുണിനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുകയും ചെയ്തു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍, യാത്രാമദ്ധ്യേ, അരുണ്‍ മരണമടയുകയാണുണ്ടായത്.
കേരളത്തില്‍ നിത്യേന നടക്കുന്ന ഒരു സാധാരണ റോഡപകടമായി ഇതിനെ കണ്ട് അത്ര ലാഘവത്തോടെ നമുക്ക് നമ്മുടെ നിത്യത്തൊഴിലഭ്യാസത്തിലേക്ക് തിരിഞ്ഞു നടക്കുവാന്‍ കഴിയുമോ? ഭാരതത്തിലെ ഏറ്റവും വലിയ ടെക്നോളജിക്കല്‍ പാര്‍ക്കിലെ ഒരുദ്യോഗസ്ഥന്‍, അതിന്റെ പ്രധാന കവാടത്തിനു തൊട്ടടുത്ത്, ജനത്തിരക്കേറിയ നാഷണല്‍ ഹൈവേയില്‍, അതും നട്ടുച്ച നേരത്ത്, ഇപ്രകാരമൊരു അനാസ്ഥയുടെയും അവഗണനയുടെയും വ്യക്തമായ ധാരണയില്ലായ്മയുടെയും കാരണത്താല്‍ ജീവന്‍ വെടിയേണ്ടി വന്നത്  നമുക്ക് നിലവിലുള്ള സംവിധാനത്തിന്റെ അപര്യാപ്തതയിലേക്കും അതിലുപരി കേവലമായ മനുഷ്യത്വമില്ലായ്മയിലേക്കുമല്ലേ വിരല്‍ ചൂണ്ടുന്നത്?
ഒരു സാധാരണ മനുഷ്യന്റെ ജീവന് അതര്‍ഹിക്കുന്നൊരു ബഹുമാനം നമ്മുടെ ഭരണ സംവിധാനങ്ങള്‍ കൊടുക്കുന്നുണ്ടോയെന്നത് സംശയമാണ്.സാംസ്കാരികമായും ബൗദ്ധികപരമായും ഉന്നത നിലവാരം പുലർത്തുന്നവർ വാഴുന്ന ടെക്നോപാര്‍ക്കിന്റെ ഇടനാഴികളിലും സ്ഥിതിഗതികള്‍ വ്യത്യസ്ഥമല്ല എന്നത് സമകാലിക സംഭവങ്ങള്‍ വ്യക്തമാക്കുന്നു. കോര്‍പ്പറേറ്റ് മോടികള്‍ക്കും ജാഡകള്‍ക്കുമിടയില്‍, വിരുന്നു വരുന്ന വിദേശിയരും സ്വദേശിയരുമായ അന്നദാതാക്കളെ ആനയും അമ്പാരിയുമായി സ്വീകരിക്കുന്നതിൽ പിശുക്കു കാണിക്കാത്ത നമ്മുടെ  കമ്പനികൾ, അവിടെ ജോലി ചെയ്യുന്ന ഒരു ജീവനക്കാരന്‍ ടെക്നോപാര്‍ക്കിനുള്ളിലെ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തപ്പോള്‍, കാണിച്ച  നിസംഗത നമ്മളെയൊക്കെ നൊമ്പരപ്പെടുത്തിയിട്ട് അധികനാളുകളായിട്ടില്ല.
അത്തരം നികൃഷ്ടമായ സംഭവങ്ങള്‍ നമുക്കിടയില്‍ ഇനിയും ആവര്‍ത്തിക്കാതെയിരിക്കാന്‍ നമുക്കിത്തരം സംഭവങ്ങളില്‍ നിന്നും പാഠങ്ങളുള്‍ക്കൊണ്ടേ മതിയാകൂ. നിലവിലുള്ള സംവിധാനത്തിലെ അപാകതകള്‍ നമുക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കപ്പെടണം. 50,000 ത്തില്‍പ്പരം ആളുകള്‍ ജോലി ചെയ്യുന്ന, ഭാരതത്തിന്റെ അഭിമാനമായ ടെക്നോപാര്‍ക്കില്‍ അടിസ്ഥാനപരമായ സൌകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതില്‍ ഇനിയും അമാന്തമുണ്ടാകാന്‍ പാടില്ല. അതിനായി ചുവടെ കുറിക്കുന്ന ഏറ്റവും പ്രാഥമികമായ  കാര്യങ്ങളെങ്കിലും നമുക്ക് ഉറപ്പു വരുത്താം.
1.) 108 ആംബുലന്‍സ് സര്‍വ്വീസ് പ്രദാനം ചെയ്യുന്ന സര്‍ക്കാര്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട ജീവനക്കാരനായിരിന്നു മരണമടഞ്ഞ അരുണ്‍ എന്നത് വിധി വൈപരിത്യമായി കാണേണ്ടതാണ്. അതിലെ ഒരു ജീവനക്കാരനു പോലും അവശ്യത്തിന് ഉപകരിക്കാത്ത സേവനമായി അത് അധ:പതിച്ചു എന്നതും ഇത്തരുണത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.
2.) ഒരു അത്യാഹിത സേവന വിഭാഗമായ 108 ല്‍ വിളിച്ച് 20 മിനുട്ടിനു ശേഷവും ആംബുലന്‍സ് ലഭ്യമായില്ല എന്നത് ഗുരുതരമായ വീഴ്ചയായിത്തന്നെ കണക്കാക്കേണ്ടതാണ്. ഇത്രയും ജീവനക്കാര്‍ ജോലി ചെയ്യുന്നയിടത്ത് ഒരേ ഒരു ആംബുലന്‍സ് മാത്രമാണ് പ്രവര്‍ത്തന ക്ഷമമായുള്ളത് എന്നതും അത് സേവനത്തിനു ലഭ്യമല്ല എങ്കില്‍, സംഭവത്തിന്റെ ഗൌരവം കണക്കിലെടുത്ത് മറ്റൊന്നു കണ്ടെത്താനോ, മറ്റേതെങ്കിലും സംവിധാനത്തിലൂടെ ഒരു ആംബുലന്‍സ് സേവനം അപകട സ്ഥലത്ത് എത്രയും പെട്ടെന്ന് എത്തിക്കാനോ ഉള്ള സംവിധാനം 108 ന് നിലവില്‍ ഇല്ലാ എന്നതും തികച്ചും ദയനീയമായ സ്ഥിതിയാണ്.
3.) സേവനം ആവശ്യപ്പെടുമ്പോള്‍ സന്ദര്‍ഭത്തിന്റെ ഗൌരവമുള്‍ക്കൊണ്ട്, ഒരു മനുഷ്യ ജീവന്‍ രക്ഷിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ഇത്തരം ഏജന്‍സികള്‍ക്ക് കഴിയണം. സേവനം ലഭ്യമാക്കാന്‍ കഴിയില്ലാ എങ്കില്‍ അത് ആവശ്യപ്പെടുന്നവരോട് തുറന്നു പറയാനുള്ള മര്യാദയെങ്കിലും കാണിച്ചിരിന്നുവെങ്കില്‍, മറ്റെന്തെങ്കിലും വഴികള്‍ തേടി അയാളെ ആശുപത്രിയിലെത്തിക്കാന്‍ കഴിയുമായിരിന്നു എന്നതും ശ്രദ്ധേയമാണ്.
4.) ടെക്നോപാര്‍ക്കിനുള്ളില്‍ ടെക്കികളുടെ ആവശ്യത്തിനായി, പാര്‍ക്ക് സെണ്ടറില്‍ 2 ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നതായി അറിയുവാന്‍ കഴിഞ്ഞു. പക്ഷേ, അതിനായി ബന്ധപ്പെടുവാനുള്ള നമ്പര്‍ മിക്കവര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. സംഭവസ്ഥലത്തുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരനോ, ഓടിക്കൂടിയവര്‍ക്കോ, അവിടെയുണ്ടായിരിന്ന ടെക്കികള്‍ക്കൊ, ആര്‍ക്കെങ്കിലും അതറിയുമായിരിന്നുവെങ്കില്‍, ഒരുപക്ഷേ കൃത്യ സമയത്ത് അരുണിനെ ആശുപത്രിയിലെത്തിക്കാനും അയാളുടെ വിലപ്പെട്ട ജീവന്‍ രക്ഷിക്കാനും കഴിയുമായിരിന്നു. നിലവില്‍ ജോലിയിലുള്ള സെക്യൂരിറ്റി, ട്രാഫിക് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം അവശ്യ സര്‍വ്വീസുകളുടെ നമ്പറുകള്‍ ഒരു കാര്‍ഡിലാക്കി കൊടുക്കുന്നത് വളരെ ഉചിതമായിരിക്കും.
5.) 108 പോലെയുള്ള ഒരു മൂന്നക്ക നമ്പര്‍ സര്‍വ്വീസായി പാര്‍ക്ക് സെണ്ടറിലെ ആംബുലന്‍സ് സര്‍വ്വീസ് മാറ്റുന്നത് വളരെ നന്നായിരിക്കും. അത് പാര്‍ക്കിനുള്ളിലും പ്രാന്തപ്രദേശങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിച്ചും, എല്ലാ കമ്പനിയിലും നോട്ടീസ് ബോര്‍ഡുകളിലും പരസ്യപ്പെടുത്തിയും ഒപ്പം എല്ലാ ജീവനക്കാര്‍ക്കും മെയില്‍ ചെയ്തും സെക്യൂരിറ്റി, റിസപ്ഷന്‍ എന്നിവിടങ്ങളില്‍ പ്രത്യേകമായും അറിയിക്കുവാനുള്ള സംവിധാനവും അടിയന്തിരമായി ചെയ്യേണ്ടതാണ്. ഇല്ലാത്ത പക്ഷം കുരങ്ങന്റെ കയ്യിലെ പൊതിക്കാ തേങ്ങ പോലെ ഈ സംവിധാനങ്ങള്‍ ഉപയോഗിക്കപ്പെടാതെ മുരടിച്ചു പോകുകയെ ഉള്ളൂ…
6.) അടിയന്തിര സന്ദര്‍ഭങ്ങളില്‍ എങ്ങനെ പ്രതികരിക്കണമെന്നും ഒപ്പം ജീവന്റെ ഗൌരവം മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള വിവേകം എങ്ങനെ ഉണ്ടാകാമെന്നുമുള്ള പരിശീലനത്തിന്റെയോ, അല്ലെങ്കില്‍ ഒരു ബോധവത്കരണത്തിന്റെയോ അവശ്യകത ട്രാഫിക് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ക്ക് ഉണ്ട് എന്നാണിത്തരം സംഭവങ്ങള്‍ പറയുന്നത്.
7.) വാഹനങ്ങളില്‍ പതിയ്ക്കുന്ന ടെക്നൊപാര്‍ക്ക് സ്റ്റിക്കറില്‍ ജീവനക്കാരന്റെ പേര്, കമ്പനി, രക്തഗ്രൂപ്പ്, എമര്‍ജന്‍സി കോണ്ടാക്റ്റ് നമ്പര്‍ എന്നിവ കൂടി ഉള്‍പ്പെടുത്തുന്നത് അടിയന്തിര ഘട്ടങ്ങളില്‍ പ്രയോജനകരമായിരിക്കും.
8.) 50,000 ത്തില്‍പ്പരം ആളുകള്‍ ജോലി ചെയ്യുന്ന ടെക്നോപാര്‍ക്കിനുള്ളില്‍ അത്യാധുനിക സംവിധാനങ്ങളൊടു കൂടിയ ഒരു ആശുപത്രി ഉണ്ടായിരിന്നുവെങ്കില്‍ ഇത്തരം അടിയന്തിര സന്ദര്‍ഭങ്ങളില്‍ എത്ര ഉചിതമായിരിന്നു. വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങളാലുഴറുന്ന ടെക്കികള്‍ക്ക് ഏറ്റവും ആവശ്യമുള്ള ഒന്നായി കണ്ട് അധികൃതര്‍ അടിയന്തിരമായി പരിഗണിക്കേണ്ട ഒന്നാണിത്.
9.) ഇത്രയും പ്രാധാന്യമുള്ള ടെക്നോപാര്‍ക്കിലേക്കുള്ള ഗതാഗത സൌകര്യം മെച്ചപ്പെട്ടതാണെന്ന് ഉറപ്പു വരുത്തുവാനുള്ള കടമ ബന്ധപ്പെട്ട അധികൃതര്‍ക്കുണ്ട്. റോഡുകളിലെ ഗര്‍ത്തങ്ങള്‍ നികത്തുവാനും, ഒപ്പം ടെക്നോപാര്‍ക്ക് ഏരിയയില്‍ പ്രത്യേകിച്ചും കഴക്കൂട്ടം – ടെക്നോപാര്‍ക്ക് പാതയില്‍ ഇപ്പോള്‍ നിലവിലുള്ള കനത്ത അന്ധകാരത്തിനു പരിഹാരമായി വഴിവിളക്കുകള്‍ കത്തിക്കാനുള്ള സംവിധാനമേര്‍പ്പെടുത്താനും അധികൃതര്‍ അടിയന്തിരമായി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
ടെക്നോപാർകിലെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിദ്ധ്വനി പല തവണ പല വേദികളിലും ഉന്നയിക്കുന്ന ആവശ്യങ്ങളാണ് ഇവയില്‍ മിക്കവയും. നമ്മുടെയൊരു സഹോദരന്റെ മരണം നിമിത്തമായി കണ്ടെങ്കിലും അധികൃതരുടെ ബധിരകര്‍ണ്ണങ്ങളിൽ ഈ ആവശ്യകതകള്‍ പതിക്കുകയും അടിയന്തിര നടപടികള്‍ ഉണ്ടാകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

 

arunkumar_mathrubhumi

Comments

comments

Share.
Gallery