ഇരുപത്തി അഞ്ചു വര്‍ഷം തികയുന്ന ടെക്നൊപാര്‍ക്ക്- ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും – Aby Antony Paramby

Google+ Pinterest LinkedIn Tumblr +

Author: Aby Antony Paramby
Company: IBS
e-Mail: abyantonyp@yahoo.co.in

 

ഇരുപത്തി അഞ്ചു വര്‍ഷം തികയുന്ന ടെക്നൊപാര്‍ക്ക്- ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും
            ആശങ്കകള്‍ പ്രത്യാശകള്‍ക്കു വഴി മാറിക്കൊണ്ടിരിക്കുന്നു. ടെക്നോപാര്‍ക്കിന്ടെ തുടക്കത്തില്‍ ഉണ്ടായിരുന്ന പല ആശങ്കകളും ഇപ്പോള്‍ മാറിയിട്ടുണ്ടെങ്കിലും മറ്റു തരത്തിലുള്ള പല ആശങ്കകളും നിലനില്‍ക്കുകയും പുതിയവ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സംരംഭം, പ്രക്ഷോഭങ്ങള്‍ക്ക് പേരുകേട്ട കേരളത്തില്‍ വിജയിക്കുമോ എന്ന് പലരും സംശയിച്ചിരുന്നുവെങ്കിലും ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ മാനങ്ങള്‍ തേടി അതിന്ടെ ജൈത്രയാത്ര തുടരുകയാണ്.
            പ്രത്യശയാണല്ലോ നമുക്കു ഓരോ നിമിഷവും ജീവിക്കാനുള്ള പ്രചോദനം തരുന്നത്‌. ഓരോരുത്തരുടെയും പ്രതീക്ഷകള്‍ പലതാണെങ്കിലും പൊതുവായ ചില പ്രതീക്ഷകള്‍ ഒരു സമൂഹത്തെ ഉന്നതിയിലേക്കു നയിക്കുന്നു. ഒരു പ്രദേശത്തിന്ടെയാകെ സമഗ്ര വളള്‍ച്ചയ്ക്കു വലിയൊരു കാരണമാകാ൯ ടെക്നോപാര്‍ക്കിനു കഴിഞ്ഞു. ഇനിയും ഈ പ്രദേശത്തിന്റെയും രാജ്യത്തിന്റെയും മറ്റൊരുപാടു പ്രസ്ഥാനങ്ങളുടെയും പുരോഗതിക്കു  വലിയ രീതിയില്‍ സംഭാവന നല്കാ൯ ടെക്നോപാര്‍ക്കിനു കഴിയും. അത് സാമ്പത്തികമായും ഒരുപാടു നേട്ടങ്ങള്‍ നമുക്ക് നേടിത്തരും.
            നമ്മുടെ നാട് വിദ്യാഭ്യാസപരമായി മികച്ച വളര്‍ച്ച നേടിയിട്ടുണ്ട്. ഓരോ വര്‍ഷവും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കലാലയങ്ങളില്‍ നിന്നും പുറത്തിറങ്ങുന്ന ആയിരങ്ങള്‍ക്കു വലിയൊരളവില്‍ ജോലി നല്കാ൯ ടെക്നോപാര്‍ക്ക് വഴി വന്ന കമ്പനികള്‍ മൂലം സാധിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാരുകളുടെയും ഏജ൯സികളുടെയും ശ്രമഫലമായി ഇനിയും വ൯ വികസനങ്ങള്‍ക്കു തയ്യാറെടുക്കുമ്പോള്‍ ലക്ഷകണക്കിനു പേര്‍ക്കു പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന പ്രതീക്ഷ എല്ലാവരിലുമുണ്ട്. ജോലി തേടി അന്യ ദേശങ്ങളിലേക്കു പോകേണ്ടി വരുന്നവര്‍ നമ്മുടെ നാട്ടില്‍ ഏറെയാണ്‌. നമ്മുടെ നാട്ടിലുള്ളതിനെക്കാള്‍ കൂടുതല്‍ മലയാളി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ ബംഗളുരുവിലും ചെന്നൈയിലും മറ്റും ഉണ്ടെന്നു പറഞ്ഞാല്‍ അതിശയോക്തിയാകില്ല. അന്യ നാടുകളിലേക്കുള്ള അവരുടെ ഒഴുക്കു ഒരു പരിധിവരെ തടയാ൯ ടെക്നോപാര്‍ക്കിനു കഴിയും.
            നമ്മുടെ നാട്ടില്‍ വികസിക്കേണ്ട ആശയങ്ങള്‍ കടല്‍ കടന്നു വിദേശികള്‍ക്കു വരുമാനം നേടിക്കൊടുക്കുന്ന ഒരു അവസ്ഥ ഇപ്പോള്‍ ഉണ്ട്. ആ അവസ്ഥ മാറി ഇവിടത്തെ ആശയങ്ങള്‍ ഇവിടെ വളരാനും അങ്ങിനെ ലോകപ്രശസ്തമായ കമ്പനികള്‍ക്ക് നമ്മുടെ നാടു താവളമാക്കാനും കഴിയും. ഇപ്പോള്‍ത്തന്നെ പല പ്രശസ്ത കമ്പനികള്‍ക്കും മലയാളികള്‍/ഇന്ത്യക്കാരായ സാരഥികള്‍ ഉണ്ട്. അവര്‍ അവരുടെ ബുദ്ധിയും കഴിവും ഉപയോഗിച്ചു നേടിയെടുത്തവ അന്യ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥക്കു ഗുണം ചെയ്യുന്നു. ടെക്നോപാര്‍ക്ക് പോലുള്ള സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ ഇവിടെത്തന്നെ നില്ക്കുകയും അതുവഴി ബുദ്ധിപരമായ ആശയങ്ങള്‍ ഇവിടെ വികസിക്കുകയും ചെയ്തേനേ. അതുപോലെ തന്നെ, സോഫ്റ്റ്‌വെയര്‍ ഗവേഷണത്തിനു വലിയ മു൯തൂക്കം നല്കുന്ന സ്ഥാപനങ്ങള്‍ നാട്ടില്‍ കുറവാണ്. അടുത്ത ഇരുപത്തിയഞ്ചു വര്‍ഷത്തിനുള്ളില്‍ ടെക്നോപാര്‍ക്ക് ആ രംഗത്തും മു൯നിരയില്‍ സ്ഥാപനങ്ങളെ എത്തിക്കും എന്നു പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്‌.
            ഇന്ത്യാ ഗവണ്മെന്റ് മു൯കൈ എടുത്തു നടപ്പാക്കുന്ന ‘മേയ്ക്ക് ഇ൯ ഇന്ത്യ’ പദ്ധതിയില്‍ ഒരു ‘കോഡ്  ഇ൯ ടെക്നോപാര്‍ക്ക്’ പദ്ധതി കൂടി ഉള്‍പെടുത്തിയാല്‍ അതു ടെക്നോപാര്‍ക്കിനു വലിയ നേട്ടമാകും. ‘മേയ്ക്ക് ഇ൯ ഇന്ത്യ’ പദ്ധതിയില്‍  കൂടുതലും ശ്രദ്ധിക്കുന്നത് ഉപഭോഗ വസ്തുക്കളായ മൊബൈല്‍ഫോണ്‍, വാഹനങ്ങള്‍, ഉപകരണങ്ങള്‍, മുതലായവയിലാണെന്നു പറയാം. പല സംസ്ഥാനങ്ങളും ഇതില്‍ സഹകരിക്കാനുള്ള പ്ലാനുകളുമായി മുന്നോട്ടു വന്നും കഴിഞ്ഞു. ഇന്ത്യ ഇപ്പോള്‍ത്തന്നെ സോഫ്റ്റ്‌വെയര്‍ വികസനത്തിനു വളരെ പേരു കേട്ട സ്ഥലമാണ്. ഒരു വലിയ അളവു വരെ  അതു ബംഗളുരു മൂലമാണെന്നു പറയേണ്ടി വരും. എന്നാല്‍ സോഫ്റ്റ്‌വെയര്‍ രംഗത്തു കേരളത്തിനുള്ളതു പോലുള്ള സാധ്യതകള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു കുറവാണ്. അഭ്യസ്തവിദ്യരായ ഒരുപാട് ആളുകള്‍  കേരളത്തിലുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐടി പാര്‍ക്ക് ടെക്നോപാര്‍ക്കാണ്. അത് വികസിച്ചുകൊണ്ടുമിരിക്കുന്നു. ആ നിലയ്ക്ക് വിവിധ രാജ്യങ്ങളില്‍നിന്നും കമ്പനികളെ കുറഞ്ഞ ചിലവില്‍ ആകര്‍ഷിക്കാ൯  ടെക്നോപാര്‍ക്കിനു കഴിയണം. ഇതുവരെയുള്ള പ്രവര്‍ത്തനത്തില്‍ വളരെ സംതൃപ്തിയുള്ളതിനാല്‍ മുന്നോട്ടുള്ള പ്രയാണത്തിനു അധികം ബുദ്ധിമുട്ടേണ്ടിയും വരില്ല. മാര്‍ക്കറ്റിംഗ് നല്ല രീതിയില്‍ നടത്തിയാല്‍ ഇത് എളുപ്പം സാധിക്കാം.
            ടെക്നോപാര്‍ക്കിനെ ജോലിക്കാരുമായി അടുപ്പിക്കുന്ന ഒരു വലിയ ഘടകമാണ് പാര്‍ക്കിനുള്ളിലെ പച്ചപ്പ്‌. ഇത്രയേറെ വികസനമുണ്ടായിട്ടും ആ പച്ചപ്പ്‌ നിലനിര്‍ത്താ൯ ടെക്നോപാര്‍ക്കിനു സാധിച്ചു. കണ്ണിനു കുളിര്‍മ നല്‍കുന്ന സ്വാഭാവികമായ ഒരു അന്തരീക്ഷത്തില്‍ ജോലി ചെയ്യാ൯ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്? ഇന്ത്യയിലെ മറ്റൊരു ഐടി പാര്‍ക്കിനും ഇതുപോലെ ഒരു ഘടകം അവകാശപ്പെടാ൯ കഴിയില്ല. ഭാവി വികസനങ്ങളിലും ആ പച്ചപ്പ്‌  നിലനിര്‍ത്തുന്നതിനുള്ള പരിശ്രമങ്ങള്‍ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന പ്രതീക്ഷ എല്ലാവരിലുമുണ്ട്. ഫേസ് ഒന്നില്‍ ഉള്ളതുപോലുള്ള പ്രകൃതിഭംഗി മറ്റു ഫേസുകളിലും നിലനിര്‍ത്താനായാല്‍ അതു വ൯ വിജയമാകും. അതോടൊപ്പം തന്നെ ടെക്നോപാര്‍ക്കിനു പുറത്തേക്കും ഇവടെ പിന്തുടരുന്ന മാതൃക വ്യപിപ്പിക്കനായാല്‍ അതു പൊതു സമൂഹത്തിനു വളരെ ഉപകാരമാകും. റോഡരികില്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കുകയും അവ ഭംഗിയായി പരിപാലിക്കാനുള്ള നടപടികള്‍ വിവിധ കമ്പനികളുടെയും ജോലിക്കാരുടെയും മേല്‍നോട്ടത്തില്‍ ആക്കുകയും ചെയ്‌താല്‍ ഒരുപാടുപേര്‍ ഇനിയും അത്തരം സംരംഭങ്ങള്‍ക്ക്‌ മുന്നോട്ടു വരുമെന്നതില്‍ സംശയമില്ല. അതോടൊപ്പം നേച്ചര്‍ ക്ലബ്‌, പക്ഷിസങ്കേതം തുടങ്ങിയവ വരും തലമുറയ്ക്ക് മുതല്‍ക്കൂട്ടാകും.
            ഏതൊരു പ്രസ്ഥാനത്തെയും വിജയിപ്പിക്കുന്നതില്‍ ഒരു വലിയ ഘടകമാണ് ഭരിക്കുന്ന സര്‍ക്കാരുകള്‍. ഭരണകേന്ദ്രങ്ങളുടെ സാമ്പത്തികവും വിവേകപൂര്‍ണ്ണവുമായ പിന്തുണയില്ലാതെ ടെക്നോപാര്‍ക്കിനും മുന്നേറാ൯ കഴിയില്ല. നാളിതുവരെയുള്ള വളര്‍ച്ചയ്ക്ക് മാറി വന്ന സര്‍ക്കാരുകള്‍ നിര്‍ലോഭമായ സഹകരണം നല്കിയതുകൊണ്ടാണ് ടെക്നോപാര്‍ക്ക് ഈ നിലയില്‍ എത്തിയത്. പ്രാദേശികമായ പല എതിര്‍പ്പുകള്‍ക്കും ട്രേഡ് യൂണിയ൯ പ്രക്ഷോഭങ്ങള്‍ക്കും ആരംഭ കാലത്തില്‍ ടെക്നോപാര്‍ക്ക് സാക്ഷിയായിട്ടുന്ടെങ്കിലും സര്‍ക്കാരിന്ടെ ശക്തമായ ഇടപെടല്‍ മൂലം അവയെല്ലാം തരണം ചെയ്യാ൯ സാധിച്ചു. കേരളത്തിന്ടെ മാത്രം പ്രത്യേകത എന്നു പറയാവുന്ന ഹര്‍ത്താലുകളെ ഇന്നും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണയോടെ ടെക്നോപാര്‍ക്ക് മറി കടന്നുകൊണ്ടിരിക്കുന്നു. ഇഛാശക്തിയുള്ള സര്‍ക്കാരുകളുടെ നിര്‍ലോഭമായ സഹകരണം ഇനിയും ഉണ്ടാകുമെന്നു ഏവര്‍ക്കും പ്രതീക്ഷയുണ്ട്. നയപരമായ കാര്യങ്ങളില്‍ ആര്‍ജവത്തോടെ തീരുമാനങ്ങള്‍ എടുക്കുവാനും അവ നടപ്പാക്കാനും സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടുണ്ട്, ഇനിയും ശ്രമിക്കുമെന്ന പ്രതീക്ഷയുമുണ്ട്‌.
            സോഫ്റ്റ്‌വെയര്‍ രംഗത്തെ വിവിധ ജോലികള്‍ക്ക് പുതു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നല്ലൊരു പങ്ക് വഹിക്കാ൯ ടെക്നോപാര്‍ക്കിന് കഴിയും. ടെക്നോപാര്‍ക്കിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഓരോ  വര്‍ഷവും നിശ്ചിത എണ്ണം/ശതമാനം അപ്രന്‍റിസുകളെ നിയമിക്കണമെന്ന് നിബന്ധന കൊണ്ടുവന്നാല്‍ അത് പുതു തലമുറയ്ക്ക് വളരെ ഉപകാരമായിരിക്കും. ജീവനക്കാരുടെ ശരാശരി പ്രായം താഴ്ത്തുവാനും അതുവഴി ടെക്നോപാര്‍ക്കിന്ടെ പ്രസരിപ്പ് നിലനിര്‍ത്തുവാനും കഴിയും. നവീന ആശയങ്ങള്‍ പുതു തലമുറയിലുടെ വളര്‍ത്തിയെടുക്കുന്നതോടൊപ്പം അവരെ പെട്ടന്നുണ്ടാകുന്ന തൊഴിലവസങ്ങള്‍ക്കായി നിയോഗിക്കാനും കഴിയും. കമ്പനികള്‍ക്ക് സമയലാഭവും അതോടൊപ്പം സാമ്പത്തിക ലാഭവും നേടാം. ടെക്നോപാര്‍ക്ക് ഇപ്പോള്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ പൂര്‍വാധികം ഭംഗിയോടെ മുന്നേറുമെന്നും പ്രതീക്ഷിക്കുന്നു.
            ടെക്നോപാര്‍ക്കില്‍ ഇപ്പോള്‍ ഉള്ള ഭൗതീക സാഹചര്യങ്ങളില്‍ കാലാനുസൃതമായ മാറ്റം ഏവരും ആഗ്രഹിക്കുന്നു. നിലവാരമുള്ള റോഡുകളും കെട്ടിടങ്ങളും ഇപ്പോള്‍ തന്നെയുണ്ട്‌. എന്നാല്‍ പാര്‍ക്കിനു  ചുറ്റുമുള്ള പല റോഡുകളും വളരെ നിലവാരം കുറഞ്ഞവയാണ്. ഉന്നത നിലവാരമുള്ള കാറുകളും മറ്റും സ്ഥിരമായി വന്നുപോകുന്ന സ്ഥലമെന്ന നിലയില്‍ അത്തരം റോഡുകളില്‍ കൂടി അധികാരികളുടെ ശ്രദ്ധ പതിയുന്നത് നന്നായിരിക്കും.  മാത്രമല്ല, പാര്‍ക്കിനു പരിസരത്തുള്ള റോഡുകളില്‍ തെരുവ് വിളക്കുകളും പോലീസ് നിരീക്ഷണവും നല്ല രീതിയില്‍ ഉണ്ടായാല്‍ വല്ലപ്പോഴുമൊക്കെ നടക്കുന്ന സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാ൯ കഴിയും. വിവിധ സ്ഥലങ്ങളില്‍ നിന്നും ടെക്നോപാര്‍ക്കിലേക്ക് വരാനും പോകാനും  മതിയായ നിലവാരമുള്ള പൊതുഗതാഗത സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ ജീവനക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിക്കുകയും അങ്ങിനെ ദിവസവും ഉണ്ടാകുന്ന ഗതാഗതത്തിരക്ക് കുറയുകയും ചെയ്യും. പാര്‍ക്കിനോട് അടുത്തുള്ള റെയില്‍വേസ്റ്റേഷനില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ഹൃസ്വ-ദീര്‍ഘ ദൂര ട്രെയിനുകള്‍ അവിടെ നിര്‍ത്തുകയും ചെയ്‌താല്‍ ജോലിക്കാര്‍ക്ക് അതൊരനുഗ്രഹമായിരിക്കും. ബംഗളുരു, ചെന്നൈ തുടങ്ങിയ സോഫ്റ്റ്‌വെയര്‍ അനുബന്ധ ജോലികള്‍ കൂടുതല്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് പെട്ടന്ന് എത്തിച്ചേരാനുള്ള യാത്രാ സൗകര്യങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ പരസ്പര സഹകരണം വര്‍ദ്ധിക്കുകയും അത് എല്ലാവരെയും സഹായിക്കുകയും ചെയ്യും. എല്ലാ വശങ്ങളിലും ചുറ്റുമതിലും സുരക്ഷാജീവനക്കാരും ഉണ്ടെങ്കിലും ടെക്നോപാര്‍ക്കില്‍ പലപ്പോഴും തെരുവുനായകള്‍ അലഞ്ഞുതിരിയുന്നുണ്ട്. ഇതു ജീവനക്കാരില്‍ ഭീതി ഉണ്ടാക്കുന്നുണ്ടെങ്കിലും, ഇതിനും ഒരു മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. ടെക്നോപാര്‍ക്കിനുള്ളില്‍ പരിധികളോടു കൂടിയ സൗജന്യ വൈഫൈ സംവിധാനങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കണം. അതുവഴി ആശയങ്ങള്‍ എളുപ്പം കൈമാറാനും അത് ജീവനക്കാര്‍ക്കിടയിലുള്ള പരസ്പര സഹകരണവും പങ്കുവെക്കലും വര്‍ധിക്കാനും കാരണമാകും.
            ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ എന്ന് പറയുന്നത് ഒരു പ്രസ്ഥാനത്തെ സംബന്ധിച്ച് ഒരു വലിയ കാലയളവാണ്. ഇക്കാലയളവില്‍ അതിനു നേതൃത്വം നല്‍കാ൯ കാര്യശേഷിയുള്ള ആളുകളെ സര്‍ക്കാര്‍ നിയോഗിച്ചു എന്നുള്ളത് വളരെ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന കാര്യമാണ്. അതുപോലെ ശേഷിയും ദീര്‍ഘവീക്ഷണവുമുള്ള ആളുകള്‍ ഇനിയും ടെക്നോപാര്‍ക്കിന്ടെ നേതൃനിരയില്‍ ഉണ്ടാകും എന്നും എല്ലാവരും കരുതുന്നു. കമ്പനികളുടെ സംഘടനയായ ജീ-ടെക്കും ജീവനക്കാരുടെ വിവിധ സംഘടനകളും നല്‍കുന്ന ആശയങ്ങളെയും അഭിപ്രായങ്ങളെയും കണക്കിലെടുത്തുകൊണ്ടുള്ള തീരുമാനങ്ങള്‍ ടെക്നോപാര്‍ക്ക് സാരഥികളില്‍ നിന്നും ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ തന്നെ, കമ്പനികളും തങ്ങളുടേതായ രീതിയില്‍ ടെക്നോപാര്‍ക്കിനെ വളര്‍ത്താ൯ സഹകരിക്കുമെന്ന് ജീവനക്കാര്‍ പ്രതീക്ഷിക്കുന്നു. ടെക്നോപാര്‍ക്ക് മു൯കൈ എടുത്തു നടത്തുന്ന വിവിധ പരിപാടികള്‍ക്ക്‌ കമ്പനികളുടെയും ജീവനക്കാരുടെയും സഹകരണം കൂടിയെ തീരൂ.
            ഏതൊരു പ്രസ്ഥാനത്തിന്ടെയും വളര്‍ച്ചക്ക് നിക്ഷേപം ആവശ്യമാണ്‌. അതിനായി സര്‍ക്കാരുകളെ മാത്രം ആശ്രയിക്കാതെ പൊതുജനത്തില്‍ നിന്നും നിക്ഷേപം സ്വീകരിക്കാ൯ ടെക്നോപാര്‍ക്ക് തയ്യാറാകണം. സര്‍ക്കാരുകള്‍ക്കു ടെക്നോപാര്‍ക്കിനായി മൂലധനം കണ്ടെത്തുന്നതിനു പരിധികളുണ്ട്. ജീവനക്കാരുടേയും പൊതുജനത്തിന്ടെയും വിശ്വാസം നേടിയിട്ടുള്ള ടെക്നോപാര്‍ക്കിനു പൊതുവിപണിയില്‍ നിന്നും മൂലധനം എളുപ്പം നേടിയെടുക്കാ൯ സാധിക്കും. അത് മാത്രമല്ല, അതുവഴി ടെക്നോപാര്‍ക്ക് എന്ന പേരിന്ടെ വിപണനം കൂടിയാകുമത്.
            ടെക്നോപാര്‍ക്കിനെ സംബന്ധിച്ച ഏതൊരു ആശങ്കയും പൊതുവെ കേരളത്തെ സംബന്ധിച്ച ആശങ്കയാണെന്ന് പറയാം. കേരളത്തില്‍ ഇതുപോലെ വിജയിച്ച സംരംഭങ്ങള്‍ വിരലിലെണ്ണാവുന്നവയാണെന്നു കാണാം. കേരളം ഒരു നിക്ഷേപസൗഹൃദ സ്ഥലമായി കരുതുന്നവര്‍ കുറവാണ്. കാലാകാലങ്ങളായി കേട്ടു വരുന്ന തൊഴില്‍ പ്രശ്നങ്ങളും ട്രേഡ് യൂണിയ൯-ഉടമസ്ഥ പ്രശ്നങ്ങളും കയറ്റിറക്ക്-നോക്കുകൂലി തര്‍ക്കങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും കേരളത്തിന്ടെ നിക്ഷേപാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നു. ടെക്നോപാര്‍ക്കിനെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രശ്നങ്ങള്‍ കഴിഞ്ഞ ഇരുപത്തിയഞ്ചു കൊല്ലത്തിനിടയില്‍ കുറവാണെങ്കിലും ഭാവിയില്‍ അവ ഉയര്‍ന്നു വന്നുകൂടായ്കയില്ല. സര്‍ക്കാരുകള്‍ക്കു ഇച്ഛാശക്തി കുറയുകയാണെങ്കില്‍ ടെക്നോപാര്‍ക്കില്‍  ഇപ്പോള്‍ ഒളിഞ്ഞിരിക്കുന്ന പ്രതികൂല ശക്തികള്‍ തലപൊക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. അങ്ങിനെ സംഭവിച്ചാല്‍ അത് ടെക്നോപാര്‍ക്കിനെ ക്ഷയിപ്പിക്കുമെന്നും അതിന്ടെ അനന്തര ഫലങ്ങള്‍ ദീർഘകാലം നിലനില്ക്കുമെന്നും കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി നേടിയെടുത്ത പേരും പ്രശസ്തിയും അതോടെ ഇല്ലാതാകുമെന്നും ഭൂരിഭാഗം ജീവനക്കാരും കരുതുന്നു. അത്തരം ഒരു അവസ്ഥ കേരളത്തെ മൊത്തത്തില്‍ ബാധിക്കുമെന്ന കാര്യത്തിലും സംശയം വേണ്ട. പിന്നീട് ഏതു കമ്പനിയും കേരളത്തില്‍ നിക്ഷേപിക്കുന്നതിന് മു൯പ് കുറഞ്ഞത്‌ പത്തു തവണയെങ്കിലും ആലോചിക്കുമെന്ന കാര്യത്തിലും സംശയം വേണ്ട.
            ഇന്ത്യയില്‍ ഐടി മേഖല ഒരു അസംഘടിത തൊഴില്‍ മേഖലയാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ അഭ്യസ്തവിദ്ധ്യര്‍ പണിയെടുക്കുന്നതും ഈ മേഖലയിലാണ്. മറ്റു മേഖലകളില്‍ നിന്നും ഏറ്റവും പ്രകടമായ വ്യത്യാസം ഐടി മേഖലയില്‍ ലഭിക്കുന്ന ഉയര്‍ന്ന വേതനവും മെച്ചപ്പെട്ട ജീവിത നിലവാരവുമാണ്‌. മറ്റു മേഖലകളുമായുള്ള വേതന അന്തരം കുറഞ്ഞാല്‍ ഭാവിയില്‍ ഈ മേഖലയിലും സംഘടനകള്‍ ഉണ്ടായേക്കും. തൊഴിലാളി സംഘടനകള്‍ സദുദ്ദേശത്തോടെയാണ് തുടങ്ങുന്നതെങ്കിലും പലപ്പോഴും അതിരുവിട്ട രാഷ്ട്രിയ ഇടപെടലുകള്‍ അവയുടെ നല്ല ലക്ഷ്യങ്ങളെ തകിടം മറിക്കുകയും കമ്പനികള്‍ക്കും അവ ബന്ധപ്പെടുന്ന മേഖലകള്‍ക്കും ഭീഷണിയായിത്തീരുകയും ചെയ്യുന്ന സാഹചര്യം ഇന്ത്യയില്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അതുപോലുള്ള അവസ്ഥ ടെക്നോപാര്‍ക്കിനെയും പിന്നോട്ടടിക്കാം. ഒരു പ്രസ്ഥാനത്തിന്ടെ അകാല ചരമത്തിനും അത് കാരണമായേക്കാം.
            ടെക്നോപാര്‍ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു സംരംഭമാണ്. സ്വകാര്യ പങ്കാളിത്തം കൂടാതെ തന്നെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും ടെക്നോപാര്‍ക്കിനെ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ മുന്നോട്ടു നയിക്കാനും സര്‍ക്കാരുകള്‍ക്കായി. എന്തെങ്കിലും ചെറിയ ലാഭത്തിനായി സ്വകാര്യവല്‍ക്കരണം കൊണ്ടുവന്നാല്‍ ഒരുപക്ഷേ അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപരീത ഫലമായിരിക്കും തരിക. സ്വകാര്യവല്‍ക്കരണത്തോടെ സര്‍ക്കാരിനുള്ള ഓഹരി പങ്കാളിത്തം കുറയുകയും സ്വകാര്യ വ്യക്തികള്‍ നിര്‍ണായക തീരുമാനങ്ങളില്‍ കൈ കടത്തുകയും ചെയ്യാം. പൊതു സമൂഹത്തിന്ടെയും ജീവനക്കാരുടെയും ആഗ്രഹങ്ങള്‍ നിരാകരിക്കപ്പെടുകയും വ്യക്തി താല്‍പര്യങ്ങള്‍ നടപ്പാക്കപ്പെടുകയും ചെയ്യാം. അത് ഗുണത്തെക്കാളേറെ ദോഷമാകാനാണ് സാധ്യത. ആസന്ന ഭാവിയില്‍ ടെക്നോപാര്‍ക്ക് സ്വകാര്യ കൈകളില്‍ എത്തിച്ചേരുമോ എന്ന ആശങ്ക പലരിലുമുണ്ട്‌.
            ടെക്നോപാര്‍ക്കിന്ടെ വളര്‍ച്ചയില്‍ ആന്തരികവും പ്രാദേശികവുമായ ഘടകങ്ങളെ പോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ബാഹ്യ ഘടകങ്ങള്‍. ഇന്ത്യയിലെ ഐടി മേഖലയുടെ നിലനില്‍പ്പിനെ വളരെയധികം സ്വാധീനിക്കുന്ന ഒരു ഘടകമാണ് ഇന്ത്യ൯ രൂപയുടെ മൂല്യം. ഐടി മേഖല നിലനില്ക്കുന്നത് തന്നെ വിദേശ നാണയങ്ങളുമായുള്ള രൂപയുടെ മൂല്യമനുസരിച്ചാണെന്നു പറയാം. രൂപ കരുത്താര്‍ജിക്കുകയാണെങ്കില്‍ ഐടി മേഖലയ്ക്ക് ഇപ്പോള്‍ ഉള്ള ആകര്‍ഷണീയത കുറയും. അത് പുതിയ പുറം കരാര്‍ ജോലികള്‍ ഇന്ത്യയിലേക്ക്‌ വരുന്നത് കുറയാ൯ ഇടയാക്കും. ടെക്നോപാര്‍ക്കിനെയും അത് ബാധിക്കാ൯ സാദ്ധ്യതയുണ്ട്.
            ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒട്ടും പേരുദോഷം കേള്‍പ്പിക്കാത്ത ഒരു നാമമാണ് ‘ടെക്നോപാര്‍ക്ക്’. ഇനിയും അനേകം കാതങ്ങള്‍ സഞ്ചരിക്കാ൯ ശക്തിയും ആര്‍ജവവും ടെക്നോപാര്‍ക്കിനുണ്ട്. അതിനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോള്‍ ഉണ്ടുതാനും. മേല്‍ വിവരിച്ച പല ആശങ്കകളും സമീപ ഭാവിയില്‍ സംഭവിക്കുകയില്ലെന്നു വേണം കരുതാ൯. വ്യക്തികള്‍ നന്നാവുമ്പോള്‍ സമൂഹവും നന്നാകുന്നു എന്ന പൊതു തത്വം മുന്നേറാനുള്ള പ്രചോദനം ടെക്നോപാര്‍ക്കിനു നല്‍കട്ടെ. ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ തികച്ചതിന്ടെ ആശംസകളും ആത്മധൈര്യവും ടെക്നോപാര്‍ക്കിനൊപ്പമുണ്ട്.

Comments

comments

Share.
Gallery