കാർത്തുമ്പി കുടകൾ മന്ത്രി ശ്രീ എ കെ ബാലനിൽ നിന്നും ഏറ്റു വാങ്ങി 

Google+ Pinterest LinkedIn Tumblr +
അട്ടപ്പാടിയിലെ ആദിവാസിസ്ത്രീകളുടെ സ്വയംതൊഴില്‍ സംരഭമായ കാര്‍ത്തുമ്പിക്കുടകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം കേരളത്തിൻറെ സാംസ്‌കാരിക – പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രി ശ്രീ എ കെ ബാലനിൽ നിന്നും ഐ ടി ജീവനക്കാരുടെ സംഘടന ആയ  പ്രതിധ്വനിയുടെ വൈസ് പ്രസിഡന്റ് ശ്രീമതി മാഗി വൈ വി ഏറ്റുവാങ്ങി നിർവഹിച്ചു. 
ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടന ആയ പ്രതിധ്വനി, ടെക്നോപാർക്ക് സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ച കാർത്തുമ്പി കുടകളുടെ വിൽപ്പനയ്ക്ക്  ഹൃദ്യമായ വരവേൽപ്പാണ് ലഭിച്ചത്. അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിൻറെ തണലേകുന്ന കാർത്തുമ്പി കുടകൾക്കു രണ്ടു ദിവസങ്ങൾക്കകം 1122 ഓർഡറുകളാണ് ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാർ നൽകിയത്. 100 രൂപ നൽകി പ്രീ സെയിൽ കൂപ്പണുകൾ വാങ്ങിയാണ് ജീവനക്കാർ കുട ബുക്ക് ചെയ്‌തത്‌. 350 രൂപ യാണ് ഒരു കുടയുടെ വില. പ്രീ ഓർഡർ പ്രകാരം കുടകൾ വിതരണം ചെയ്യുമ്പോൾ ബാക്കി 250 രൂപ കൂടി ജീവനക്കാർ  നൽകും.പ്രീ സെയിൽ കൂപ്പൺ കൊടുക്കുന്നത് നിർത്തിയതിനാൽ, നല്ലൊരു ശതമാനം ജീവനക്കാർ കുട എത്തിയാൽ  മുഴുവൻ തുകയും നൽകി വാങ്ങാൻ റെഡി ആണ്. 
സാമൂഹിക സംഘടനയായ തമ്പിന്റെ നേതൃത്വത്തിലാണ് അട്ടപ്പാടിയിലെ ഊരുകളിലെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസുസ്ഥിരത കൈവരിക്കുന്നതിനായി കുടനിര്‍മാണം ആരംഭിച്ചത്. 60 ഓളം ആദിവാസിയുവതികള്‍ കുടനിര്‍മാണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ദിവസം 500 മുതല്‍ 700 രൂപവരെ വരുമാനം ഇതില്‍നിന്ന് ലഭിക്കുന്നു. വിപണി കീഴടക്കുന്നതിനോടൊപ്പം ആദിവാസിസ്ത്രീകളുടെ സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കയെന്നതും കൂടിയാണ് കുടനിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്.കാർത്തുമ്പി കുട വിതരണോൽഘാടന ചടങ്ങിൽ  ഷോളയുര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രത്തിനാ രാമമൂര്‍ത്തി അധ്യക്ഷയായി. തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, ആദിവാസി മുപ്പന്‍സ് സംഘടനാ വൈസ് പ്രസിഡന്റ് ചൊറിയ മുപ്പന്‍ എന്നിവര്‍ സംസാരിച്ചു. അട്ടപ്പാടിയിൽ ‘തമ്പ്’ ൻറെ ഓഫീസിൽ  ശനിയാഴ്ച ആണ് പരിപാടി നടന്നത്. 
അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളെ സ്വയം പര്യാപ്തമാക്കാൻ സഹായിക്കുന്ന ഈ പരിപാടിക്ക് ആയിരത്തിഅഞ്ഞൂറിലധികം ഓർഡറുകളും കേരളത്തിലെ  ഐ ടി ജീവനക്കാർക്കിടയിൽ കാർത്തുമ്പി  കുടകൾക്കു നല്ല പ്രചാരവും ചുരുങ്ങിയ സമയത്തിനകത്തു നൽകാൻ കഴിഞ്ഞതിൽ പ്രതിധ്വനിക്കു ചാരിതാർഥ്യമുണ്ട്. പ്രതിധ്വനി നൽകിയ പ്രചാരത്തിനും  ഓർഡറിനും ശേഷം കേരളത്തിലും വിദേശത്തുമുള്ള നിരവധി  സംഘടനകളും വ്യക്തികളുമാണ്  കാർത്തുമ്പി കുടകൾക്കു ഓർഡറുകളുമായി എത്തുന്നത്.
ജൂണിലെ ആദ്യ ദിവസങ്ങളിൽ തന്നെ പ്രീ ഓർഡർ ചെയ്ത മുഴുവൻ കുടകളും ജീവനക്കാർക്ക്  കൊടുക്കാൻ ആണ് പ്രതിധ്വനി യുടെ പ്ലാൻ. പ്രീ ഓർഡർ നൽകിയ എല്ലാ ഐ ടി  ജീവനക്കാരെയും ഇതിനായി പ്രവർത്തിച്ചവരെയും പ്രതിധ്വനിയുടെ നന്ദി അറിയിക്കുന്നു.

Comments

comments

Share.
Gallery