ഒരു മടക്ക യാത്ര- Aswathy Soman

Google+ Pinterest LinkedIn Tumblr +
15
  

Author     : Aswathy Soman

Company :Infosys Ltd

ഒരു മടക്ക യാത്ര

ഇന്നൊരീ മൂകമാം രാത്രി തൻ യാമത്തിൽ
ജീവന്റെ അന്ത്യ നിശ്വാസം നിലയ്ക്കവേ
ഇല്ല ഒരാളെന്നരികിൽ കണ്ണീർ പൊഴിക്കുവാൻ
ഇല്ലെൻ ചിതയ്ക്കഗ്നി പകരുവാൻ

മൃത്യുവാം സത്യത്തെ പുൽകുമീ വേളയിൽ
മരവിക്കുന്നെൻ കൈകൾ, വിറക്കുന്നെൻ ചുണ്ടുകൾ,
തളരുന്നീ ദേഹവും, ഇല്ല വരിലൊരാൾ പോലുമീ
വൃദ്ധനൊരന്ത്യ യാത്ര മൊഴി ചൊല്ലുവാൻ

പോകുന്നെന്നോർമകൾ കാതങ്ങൾ പിന്നിലോട്ട-
വിടെയീ ഞാനാം മനുഷ്യൻ മദിക്കുന്നൂ
ഞാനെന്ന ഭാവത്തിൽ, ധാർഷ്ട്യത്തിൽ,
യൗവനത്തിൽ വിരാജിക്കും ദിനങ്ങളിൽ

കണ്ടില്ല ഞാനൊന്നും, എൻ ലോകമെൻ
സന്തോഷവും ധനവുമായൊരാ വേളയിൽ
ഇല്ല കണ്ടില്ല ഞാൻ പെറ്റമ്മ തൻ കണ്ണീരും
തീവ്രമാമൊരാ സ്നേഹത്തിന്നാഴവും

അന്ന് നിന്നെ പടിയിറക്കുമ്പോൾ
നോക്കിയില്ല ഞാൻ തിരിഞ്ഞൊന്നു പോലും
നിൻ ചുടുകണ്ണീർ പതിഞ്ഞില്ലെൻ ഹൃദയത്തിൽ
കല്ലായി മാറിയൊരെൻറെയാ ഹൃദയത്തിൽ

പിന്നെ ഏതോ സായാഹ്നത്തിൽ
നിന്നന്ത്യ വർത്തയെൻ കാതിൽ പതിഞ്ഞപ്പോൾ,
ഒരനാഥയായ് നീ എരിഞ്ഞടങ്ങുമ്പോഴും
പൊഴിച്ചില്ല ഞാനൊരു നീർത്തുള്ളി പോലും

മൂഢനാം ഞാനറിഞ്ഞില്ലയാ സത്യം
ഇല്ലയീ മണ്ണിൽ ശാശ്വതമായൊന്നും
ആരോ നിശബ്ദനായന്നെന്നോട്  മന്ത്രിച്ചു
ഇന്ന് ഞാൻ നാളെ നീ, ഞാനത് കേട്ടില്ലയെങ്കിലും

ഇന്നീ രോഗശയ്യയിൽ ഏകനായ് പിടയുമ്പോൾ
ആരുമില്ലൊരു യാത്രാമൊഴിയേകുവാൻ
എൻ മക്കളില്ല, ബന്ധുക്കളില്ല,
ഞാൻ സമ്പാദിച്ചൊരാ നോട്ടുകെട്ടുകൾ മാത്രം

കണ്ടില്ലൊരിക്കലുമമ്മ തൻ നൊമ്പരം ഞാൻ
നീയാം തണൽ മരമേകിയ നന്മയും
അറിയുന്നുവമ്മേ ആ സ്നേഹമിന്ന്
മാപ്പപേക്ഷിക്കുന്നു ഞാനര്ഹനല്ലെങ്കിലും

കൊതിക്കുന്നു ഞാൻ നിൻ കരലാളനമേൽക്കുവാൻ
നിന്റെ മടിയിൽ തല ചായ്ച്ചുറങ്ങുവാൻ
ഇനിയൊരു ജന്മം നിൻ കുഞ്ഞായ് പിറക്കുവാൻ
എൻ സ്നേഹമത്രയും പങ്കു വെയ്ക്കുവാൻ

തെല്ലൊരു കാറ്റെന്നെ തഴുകിടുമ്പോൾ പറയുന്നെൻ-
മനമത് നിൻ നനുത്ത തലോടലാകാം
കേൾക്കുന്നു ഞാൻ കോരി ചൊരിയും മഴ തൻ ശബ്ദം
അത് നിൻ നിശബ്ദമാം തേങ്ങലാകാം

അറിയുന്നു ഞാൻ നിന്റെ സ്നേഹവായ്‌പും
ഹൃദയം നുറുങ്ങുമാ കണ്ണുനീരും
മടങ്ങുന്നൂ ഞാനമ്മേ മൃതിയിലേക്ക്
ഇനിയും നിൻ കുഞ്ഞായ് പിറന്നീടുവാൻ

Comments

comments

Share.
Gallery