കാളി – Rijin MP

Google+ Pinterest LinkedIn Tumblr +
3
  

Author : Rijin MP

Company : UST Global

കാളി

 

കാളിയെ ഞാൻ ആദ്യമായി കാണുന്നത് മുംബൈയിൽ എത്തി പിറ്റേദിവസം ആയിരുന്നു . സുഹൃത്ത് കണ്ടെത്തിത്തന്ന മുറിയിൽ ഏകദേശം സാമാനങ്ങൾ ഒക്കെ ഒന്ന് അടുക്കിപ്പറക്കി സ്വസ്ഥനായി രണ്ടാംദിവസം രാത്രി ഡയറി എഴുതുവാൻ ഇരുന്ന സമയം . ഹിന്ദിക്കാർ തിങ്ങിപ്പാർക്കുന്ന ഒരു പഴയ തെരുവിലെ , വരാന്തയിൽ  വലിയ തൂണുകളും അകത്തു ചെറിയ മുറികളും ഉള്ള ഒരു നരച്ച കെട്ടിടം . അതിലായിരുന്നു എൻറെ  മുറി .ആ തെരുവിലെ ജീവിതങ്ങളും നരച്ചു നിറങ്ങൾ ഇല്ലാത്തതാണ് എന്ന് രണ്ടു ദിവസത്തെ കാഴ്ചകൾ കൊണ്ട് തന്നെ തോന്നിയിരുന്നു .പെട്ടെന്ന് എനിക്കും വയസ്സായതു  പോലെ …

നേരം കുറെ ഏറെ  വൈകിയിരിക്കുന്നു . ഒരു മഴ പെയ്തു തോർന്നതിൻറെ ആലസ്യത്തിൽ ആണ് നഗരം . പെട്ടെന്നാണ് കുറെയധികം പട്ടികളുടെ കലപില ശബ്ദം കേട്ടത് . കലപില എന്ന് തോന്നുവാൻ കാരണം അത് സംഘം ചേർന്നുള്ള കുരയോ ഓരിയിടലോ ആയിരുന്നില്ല എന്നതായിരുന്നു . പകരം പരസ്പരം സ്നേഹിച്ചു , ഓടിക്കളിച്ചു , വാലാട്ടി , കിതക്കുന്നതുപോലെ ശബ്ദം ഉണ്ടാക്കിക്കൊണ്ടു ഒരാളെ ചുറ്റി ഓടി ഒരു സംഘം  . ജനലിലൂടെ നോക്കിയപ്പോൾ ആ തെരുവുനിറഞ്ഞു ഒരു പത്തു ഇരുപതെണ്ണം വരുന്നു . കൂടെ അയാളും ഉണ്ട് . കാളി ! ആ പേര് ഞാൻ പിന്നീടാണറിഞ്ഞത്

. അവിടെയുള്ള കടകളിൽ നിന്നും  ചില്ലറകൾ ആണെന്ന് തോന്നുന്നു , അയാൾക്ക്‌ കൊടുക്കുന്നത് കണ്ടു . ചില കടകളിൽ നിന്നും ഭക്ഷണ സാധനങ്ങളും .അടച്ചു കഴിഞ്ഞ ഒരു കടയുടെ മുന്നിൽ  ഇരുന്നു അയാൾ അത് തൻറെ  കൂടെ വന്ന നായകളുമായി പങ്കുവച്ചു കഴിച്ചു .കടകളെല്ലാം അടച്ചശേഷം അയാളും ആ നായകളും വെളിച്ചമുള്ളിടത്തും ഇരുളിലും എല്ലാം ചുറ്റി നടക്കുന്നതും  വഴിയിൽ കിടക്കുന്നതിലെല്ലാം  ഒക്കെ എന്തൊക്കെയോ പരതുന്നതും  കണ്ടു .  സ്ഥലം മാറിവന്നതിന്റെ ക്ഷീണം കാരണം ആകണം ഉറങ്ങിയതറിഞ്ഞില്ല . പക്ഷെ ഉറക്കത്തിലേക്കു വഴുതി വീഴുമ്പോഴും കാളിയും അയാളുടെ നായകളും എൻ്റെ ചിന്തകളെ ഉണർന്നിരിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു .

അടുത്ത ദിവസം സുഹൃത്ത് പറഞ്ഞു തന്നു കാളിയെക്കുറിച്ച് . മുംബയിലെ തെരുവുകൾക്ക് അപരിചിതമല്ലാത്ത  അനാഥബാല്യത്തിൻറെ കഥ തന്നെയാണ് കാളിക്കും ഉണ്ടായിരുന്നത് . ചവറ്റുകൂനയിൽ നിന്നും അവനെ കണ്ടെടുത്ത  ഒരു കറുത്ത പെൺ പട്ടിയുടെ പേരാണത്രെ ആ തെരുവ് അവനും കൊടുത്തത് . കാളി ! പിന്നീട് പലരുടെയും ദയയിൽ അവൻ വളർന്നു . ആ വളർച്ചയിൽ  തെരുവ് എപ്പോഴോ അവനു ചാർത്തിക്കൊടുത്ത ഉത്തരവാദിത്വമോ  ദയയോ ആയിരുന്നു അന്ന് രാത്രികണ്ട ആ  കാഴ്ചകൾ . ആ തെരുവിൻറെ  കാവൽക്കാരൻ . കടകളിൽ നിന്നും എന്തെങ്കിലും ചില ചില്ലറ തുട്ടുകളും ഭക്ഷണവും . ഉറങ്ങാതെ അവൻ കാവലിരിക്കും  . കൂടെ അവനു ജീവൻ നൽകിയ ആ ജീവികളും  .അവൻ്റെ  ജീവനു  ഈ ലോകത്തെ അതിജീവിക്കുവാൻ പ്രകൃതി കനിഞ്ഞത് ആ ജീവികളിലൂടെ ആയിരുന്നു . ഒരു പക്ഷെ.. അല്ല തീർച്ചയായും  .. അവനെ ഏറ്റവും സ്നേഹിച്ചത് അവറ്റകൾ ആയിരുന്നു . ജീവിതം പതിയെ ആ നഗരത്തിൽ മുന്നേറിക്കൊണ്ടിരിക്കെ കാളി എനിക്കും ഒരത്ഭുതമല്ലാതായി മാറി .

കമ്പനിയുടെ  ഫാമിലി മീറ്റിംഗ് . നല്ല ഒരു ഡിന്നർ പാർട്ടി ആയിരുന്നു . ഗസൽ സന്ധ്യയും പഞ്ചാബി  ദോൽ താളവും ഒക്കെയായി  അടിച്ചു പൊളിച്ചു എന്ന്  തന്നെ പറയാം . ആഹാരത്തിനു കൂപ്പണുകൾ ആയിരുന്നു .കുറെ കൂപ്പണുകൾ സംഘടിപ്പിച്ചു .ക്യൂവിൽ ഒന്നിലധികം തവണ കയറി . അഞ്ചോളം പാക്കറ്റുകൾ വാങ്ങി . കഴിച്ചു കഴിഞ്ഞ ശേഷം ബാക്കി വന്ന പാക്കറ്റുകളും ആയി തിരികെ വീട്ടിലേക്കു പോകുമ്പോൾ  കാളിയെ കുറിച്ചോർത്തു . അവൻ ഒരു കടയുടെ മുന്നിൽ ഉണ്ടായിരുന്നു . ഒരു പാക്കറ്റ്  അവനു നേരെ നീട്ടി . ചിരിക്കുന്നതുപോലെ ഒരാംഗ്യം കാട്ടി ചുമൽ ഒന്നനക്കി അവൻ പറഞ്ഞു . വേണ്ട .  തെരുവിലെ എന്തെല്ലാമോ കഴിച്ചു ജീവിക്കുന്ന അവൻ ഭംഗിയായി പൊതിഞ്ഞ ഈ ഭക്ഷണ പൊതി കാണുമ്പോൾ നന്ദിയോട് കൂടി ഇത് വാങ്ങും എന്ന് കരുതിയ ഞാൻ ഈ മറുപടി കണ്ടു അകമേ ഒന്ന് ഞെട്ടി . ചൂളിപ്പോയി എന്ന് പറയുന്നതാകും ശരി . വീട്ടിലേക്കു നടക്കുമ്പോൾ ഒത്തിരി ചിന്തകൾ എന്നെ അലട്ടി . പാർട്ടിയിൽ കൂപ്പണുകൾ ഒപ്പിച്ചതും . കൂടുതൽ പാക്കറ്റുകൾ ഒപ്പിക്കുവാൻ തിരക്ക് കൂട്ടിയതും . ആരെയൊക്കെയോ പിന്നിലാക്കി വാങ്ങിയതും . എന്നിട്ടു അതിനു തെരുവിലെ അവൻ പോലും ഒരുവിലയും കല്പിച്ചില്ല . അവൻറെ അന്നത്തെ വിശപ്പിനുള്ളത് അവൻ കഴിച്ചിരുന്നിരിക്കണം . അതിനേക്കാൾ എത്ര ഇരട്ടി മികച്ചത് ആയിക്കോട്ടെ അവനെ സംബന്ധിച്ചു അത്  ആവശ്യമില്ല . ഞാൻ ഒരാൾക്കുള്ളത് പോരാതെ ..ശേ .. ചൂളിപ്പോകുന്നത് പോലെ . അവൻ ഒരു അഹങ്കാരിയാണെന്നു വരെ ഒന്ന് തോന്നി . ഒരു നിമിഷം.  അടുത്ത നിമിഷം തന്നെ  കാളിയോട് എനിക്കൊരു ബഹുമാനവും തോന്നിത്തുടങ്ങി എന്നതായിരുന്നു സത്യം .

കാളി ആകെ ദേഷ്യപ്പെട്ടു കണ്ടത് കാളിയുടെ നായകളെ ഒരിക്കൽ ഉപദ്രവിച്ചപ്പോൾ ആയിരുന്നു . അത് കോർപ്പറേഷൻറെ  നായ ശല്യം ഒഴിവാക്കുന്ന നടപടികളുടെ ഭാഗമായി  പട്ടിപിടുത്തക്കാർ എത്തിയപ്പോൾ ആയിരുന്നു . അവനെ കൊന്നാൽ മാത്രമേ ആ നായകളെ തൊടാൻ പറ്റൂ എന്നതായിരുന്നു സ്ഥിതി . ആദ്യമായി കാളി അസാധാരണമായി എന്തെങ്കിലും ഒക്കെ ചെയ്യുന്നത് അന്നായിരുന്നു എല്ലാപേരും കാണുന്നത് . അല്ലെങ്കിൽതന്നെ… തൻറെ ഏറ്റവും പ്രീയപ്പെട്ടതിനെ പറിച്ചെറിയാൻ ആരെങ്കിലും ശ്രമിക്കുമ്പോൾ അസാധാരണമായി പെരുമാറാത്തതു ആരാണ് . പക്ഷെ പ്രീയപ്പെട്ടതു ഇന്നതൊക്കെ ആകണമെന്ന് ഈ സമൂഹത്തിന് ഒരു പൊതുധാരണ ഉണ്ട് . അതിൽ ഉൾപ്പെടാത്തെ എന്തിനെ ആയാലും അധികമായി ഇഷ്ട്ടപ്പെട്ടാൽ,  വില കല്പിച്ചാൽ ,  അത് നഷ്‌ടപെടുമ്പോൾ ഒന്ന് പൊട്ടിത്തെറിച്ചാൽ  വ്യാഖ്യാനങ്ങളും അസാധാരണം ആയിരിക്കും .പക്ഷേ നാട്ടുകാരുടെ ഇടപെടൽ കാരണം തന്നെ കോർപ്പറേഷൻ കാളിയോടൊപ്പം ഉള്ള  നായകളെ തങ്ങളുടെ ലിസ്റ്റിൽ നിന്നും ഒഴിവാക്കി . പക്ഷെ നായകളെ ചില കുത്തിവയ്‌പ്പുകൾ എടുപ്പിച്ചു . അതിനു തന്നെ കളിയെ സമാധാനപ്പെടുത്തി നിർത്തിയത് വളരെ പാടുപെട്ടായിരുന്നു .

അവനെ കൂടുതൽ അറിയുംതോറും ഞാനും അവനെ  ഇഷ്ടപ്പെട്ടു .അങ്ങനെ ഇരിക്കെ ആണ് ആരോ ഒരാൾക്ക് ആ ചിന്ത ഉദിച്ചത് . കാളിയെ പെണ്ണ് കെട്ടിക്കണം .കെട്ടവർക്കെല്ലാം അതെ എന്ന അഭിപ്രായം തന്നെ ആയിരുന്നു . പക്ഷെ നടക്കുമോ എന്ന ചിന്ത ആയിരുന്നു എല്ലാപേർക്കും . പക്ഷെ ഈ ഭൂമിയിൽ നമ്മൾ വിചാരിച്ചാൽ നടക്കാതെന്താണ് . കാളിയെയും പിടിച്ചു കുളിപ്പിച്ചു സുന്ദരാക്കി . പുതിയ വേഷം ഒക്കെ കൊടുത്ത് . നാട്ടുകാർ അവനൊരു ചെറിയ ശമ്പളം കൊടുക്കുവാനും തീരുമാനിച്ചു . ഒരു ഒറ്റമുറി വീടും അവനു തരപ്പെടുത്തി . അവനെ സംബന്ധിച്ചു മുറി ചെറുതായാലും വലിയ ഒരു മുറ്റം വേണമായിരുന്നു . അതിനി വീടിൻ്റെ വാതിൽ തുറക്കുന്നത് നേരെ റോഡിലേക്ക് ആയാലും സാരമില്ല . തൻ്റെ നായകളോടൊപ്പം ഇപ്പോഴും ഒന്നിച്ചിരിക്കാൻ ഒരിടം. പകൽ അവിടെയായി താമസം . വീട് കൊടുത്ത പുള്ളി പ്രത്യേകം പറഞ്ഞു നായകൾ പുറത്തു മതി  . മുറ്റമില്ലാത്ത ആ വീട്ടിൽ കാളിയെ അതും സമ്മതിപ്പിച്ചു .   മനുഷ്യൻ കൂടുതലായി സ്നേഹിച്ചു തുടങ്ങിയപ്പോൾ അവനും മനുഷ്യന്റെ സ്വഭാവം കാട്ടിത്തുടങ്ങി എന്നാണ് ശരി എന്ന് തോന്നി . പക്ഷെ അതവൻറെ  എന്തിനോടും പൊരുത്തപ്പെടാൻ ഉള്ള മനുഷ്യൻറെ നല്ല സ്വഭാവങ്ങൾ സ്വാംശീകരിക്കുന്ന പ്രകൃയയായി വ്യാഖ്യാനിക്കപ്പെട്ടു .

സത്യം പറഞ്ഞാൽ ആളിപ്പോൾ കുട്ടപ്പനായി . വൃത്തിയായപ്പോൾ ഇപ്പോൾ നമ്മളെക്കാളും സുന്ദരനാ കക്ഷി .  കാളിയുടെ ജന്മരഹസ്യം ഏതോ പഞ്ചാബിയുടെ വിക്രിയ ആണെന്നാ എനിക്ക് തോന്നുന്നത്  . അതിനിടയിൽ  ആണ്  ഒരാൾ  കാളിക്ക് ഒരു ബാറിൽ  സെക്യുരിറ്റി പണി സംഘടിപ്പിച്ചു കൊടുത്തത് . യൂണിഫോം ഒക്കെ ഇട്ടു ഒന്നുകൂടെ ഉഷാറായി പുള്ളി . നായകൾ പകൽ കൂടെ നടക്കാറില്ല . വീട്ടിൽ ചെല്ലുമ്പോൾ ആണ് ഇപ്പോൾ ബന്ധമുള്ളത് . എങ്കിലും  അവറ്റകളുടെ സ്നേഹത്തിനു ഒരു മാറ്റവും സംഭവിച്ചിരുന്നില്ല . കാളിയുടേതിനും . പക്ഷെ പഴേ പോലെ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല എന്നതു ശെരിയാണ് . ഇടക്കൊരു പെൺപട്ടി പ്രസവിച്ചു . വെകുന്നേരം വന്ന കാളി കുഞ്ഞുങ്ങളെ തള്ളപ്പട്ടി കാണാതെ ദൂരെ ഒരു ചവറ്റുകൂനയിൽ കൊണ്ട് കളഞ്ഞു . കൃത്യ സമയത്തു നോക്കാനും ശ്രദ്ധിക്കാനും താൻ അടുത്തില്ല . ആഹാരം കൊടുക്കാനും . തള്ളപ്പട്ടിക്ക് നല്ലരീതിയിൽ നോക്കാൻ സാധിക്കും എന്നവന് തോന്നിയില്ല .കൂടാതെ തള്ളപ്പട്ടി പ്രസവത്തോടെ കുറെ ദേഷ്യക്കാരി ആയി .കുരച്ചു അയൽക്കാരെ ശല്യപ്പെടുത്തുന്നതായി പരാതിയും .

.അങ്ങനെ  ഇരിക്കെ അതും സംഭവിച്ചു . കാളിക്ക് പെണ്ണുകിട്ടി . വാർത്ത തെരുവിൽ കാട്ടുതീ പോലെ പടർന്നു . പെൺകുട്ടിയും ആ തെരുവിലെ തന്നെ . അവളുടെ കുടുംബത്തിനും കുറെ കുറവുകളും പ്രാരാബ്ദങ്ങളും ഒക്കെയുണ്ട് . അത് കാളിക്ക് നേട്ടമായി മാറി . കുറച്ചു മാസങ്ങളുടെ കാത്തിരിപ്പ് .  ഇടക്ക് ചില സന്ദർശനങ്ങൾ . വഴിവക്കിൽ വച്ചുള്ള ആകസ്മികമായ ചില കണ്ടുമുട്ടലുകൾ . കുറച്ചുകൂടി വലിയ ഒരു മുറിയും ,അടുക്കളയുള്ള വീടും അവൻ സ്വപ്നം കണ്ടു . പക്ഷെ മുറ്റം ഒരു അത്യന്താപേക്ഷിതമായ ഘടകമായി അവനു തോന്നിയില്ല  .രാത്രി ഉറക്കത്തിൽ നായകളുടെ കലപില അവൻ്റെ  സ്വപ്നങ്ങളെയും ചിന്തകളെയും അലോസരപ്പെടുത്തി .

അങ്ങനെ ആ ദിവസം വന്നെത്തി . കാളിയുടെ വിവാഹം . അടുത്തുള്ള  ഒരു അമ്പലത്തിൽ വച്ച് നാടിൻറെ  ആശിർവ്വാദത്തോടുകൂടി അത് നടത്തെപ്പെട്ടു . രണ്ടു ജീവിതങ്ങൾ ഒന്നായി പുതിയ ഒരു ജീവിതത്തിലേക്ക്  . തെരുവിലെ രണ്ടു ജീവിതങ്ങൾക്ക് ഒരു ജീവിതം കൊടുക്കാൻ സാധിച്ചു എന്ന സന്തോഷത്തിൽ  പെണ്ണിനേയും ചെറുക്കനെയും ആ ഒറ്റമുറി വീട്ടിൽ ആക്കി.  അവനെയും ഒരു കുടുംബത്തിൽ എത്തിച്ചു എന്ന കൃതാർത്ഥതയും ആയി  നാട്ടുകാർ പിൻവാങ്ങി . കാളിയുടെ ദാമ്പത്യജീവിതം ആരംഭിക്കുകയായി .ആദ്യമായി അവനൊരു കുടുംബത്തിൽ  അംഗം ആയിരിക്കുന്നു . മനുഷ്യനും മനുഷ്യനും ചേരുമ്പോൾ മാത്രമാണല്ലോ കുടുംബം  ആകുന്നതു . തങ്ങളുടെ സ്വപ്നങ്ങളും ഇന്നലെകളും ഒക്കെ പരസ്പരം സംസാരിച്ചു അവർ ഇരിക്കുകയാണ് . പുറത്തു കലപില ശബ്ദം ഏറി വരുന്നു . ആ പട്ടികൾ ആണത് . ഇന്ന് അവയെക്കുറിച്ച് അവൻ ഇതുവരെ ആലോചിച്ചിരുന്നില്ല . ആഹാരം കിട്ടിക്കാണുമോ എന്തോ ? സാരമില്ല അവൻ തുടർന്നു . പക്ഷെ കലപില സാവധാനം മുറുമുറുപ്പും ഓരിയിടലും കുരയുമൊക്കെ ആയി മാറിയിരിക്കുന്നു . അവറ്റകൾക്കു  മനസ്സിലായി ആ വീട്ടിനകത്തു പുതിയ ഒരാൾ വന്നിരിക്കുന്നു   .തങ്ങളുടെ പുറത്തുള്ള വാസം അവർ സഹിച്ചിരുന്നു . പക്ഷെ തങ്ങളുടെ സ്ഥാനത്തേക്ക് മറ്റൊരാൾ വന്നതും അവർക്കു സഹിക്കുന്നുണ്ടാകുന്നില്ല  .ആ സാധനം ആയിരിക്കും തങ്ങളുടെ പട്ടിണിയുടെ ഉത്തരവാദിയെന്നും അവ കരുതിക്കാണണം  . അടുത്ത വീട്ടിൽ നിന്നും ശബ്ദം ഉയർന്നു . ഇവറ്റകളുടെ ശല്യം കാരണം ഉറങ്ങാനും പറ്റുന്നില്ലല്ലോ . അതൊരു വെറുംശബ്ദം ആയിരുന്നില്ല . ഒരു പ്രാക്ക് . അതും അവൾ കേൾക്കെ . അവളുടെ മുന്നിൽ വച്ച് . ഒരു നീരസം അവളുടെ ,മുഖത്തും അവൻ കണ്ടു കഴിഞ്ഞു . ഈ പട്ടികൾ … അവൻ്റെ  ക്ഷമ നശിച്ചിരുന്നു . ഇനി വയ്യ .
അവൻ ചാടി പുറത്തിറങ്ങി . അവൻ പൂർണ്ണ മനുഷ്യനാകുകയായിരുന്നു … കുടുംബസ്ഥൻ ആകുകയായിരുന്നു … ആദ്യം കയ്യിൽ കിട്ടിയതിനെ കാലിൽ തൂക്കി എടുത്തു .അതൊരു കറുത്ത പട്ടി ആയിരുന്നു .തറയിലേക്ക് ആഞ്ഞെറിഞ്ഞു . അവറ്റകളുടെ മധ്യത്തിലേക്കു തന്നെ . കുരയും ഓരിയിടലും കിതക്കലും  എല്ലാം ഒരു കൂട്ട നിലവിളിയിലേക്കു മാറി … എല്ലാം ചിതറി ഓടുകയാണ് .ഇരുട്ടിലേക്ക് … കൂടുതൽ ഇരുട്ടിലേക്ക് .. ഏതോ ചവറുകൂനകളുടെ സുരക്ഷിതത്വത്തിലേക്കു  . ഒരുപക്ഷെ ഒരു അപ്പക്കഷ്ണം അവയെ നിർത്തിയേക്കാം..  അല്ലെങ്കിൽ ഒരു കുഞ്ഞിന്റെ നിലവിളി .. കാരണം അവറ്റകൾ മനുഷ്യർ അല്ലല്ലോ ..

Comments

comments

Share.
Gallery