ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ.. – Rahul Blathur

Google+ Pinterest LinkedIn Tumblr +

Author :   Rahul Blathur

Company :  Suntec Business siolutions

Email :   rahublathur@gmail.com

ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ..

നോക്കിയ വൺ വൺ ഡബിൾ സീറോയിൽ കൂട്ടമണിയടി തുടങ്ങി, സ്നൂസ് അമർത്തി പിന്നെയും കിടന്നു. അൽപ്പ സമയത്തിനകം ദോ പിന്നേം..
കണ്ണു തുറന്നു.  സമയം എട്ടര. അപ്പുറത്തെ കട്ടിൽ ഖാലി, താഴെ പായ ഖാലി. റൂം മെം കോയി നഹി. പരട്ടകളെല്ലാം രാവിലെ എഴുന്നേറ്റ് ഗോളേജിലേക്ക് കെട്ടിയെടുത്തിരിക്കയാണ്. നന്നാവില്ല, ഒരിക്കലും നന്നാവില്ല. പഠിച്ചിട്ട് നന്നായ എത്ര പേരുണ്ട് ലോകചരിത്രത്തിൽ?
മേശപ്പുറത്ത് പേസ്റ്റിന്റെ ട്യൂബ് മലർന്നു കിടപ്പുണ്ട്, നാലു ദിവസമായി അതിനെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവനൊക്കെ വല്ല പോലീസ്-സ്റ്റേഷനിലും വച്ച് ഉരുട്ടലിനു പ്രാക്റ്റീസ് കിട്ടിയിട്ടുണ്ടോ? ഉരുട്ടലുകൊണ്ടൊന്നും ഇനി പ്രയോജനമില്ല, ആവശ്യമുള്ളത് പുറത്ത് വരണമെങ്കിൽ നാലാം മുറ പ്രയോഗിക്കണം.
കതകിന്റെ ഇടയിൽ വച്ച് ഒന്നു അമുക്കി നോക്കി, രക്ഷയില്ലാ..  കോൾഗേറ്റ് ദൈവങ്ങളേ മാപ്പ് തരണേ, അടുത്തതൊരു കടുംകൈയാണ്. ബ്ലേഡ് എടുത്ത് നടുവേ കീറി. യേസ്.. സക്സസ് , ബ്രഷിനു മണപ്പിക്കാൻ പാകത്തിൽ അല്പം. ബ്രഷേ , നീ ഇത്തവണ എന്നോട് ക്ഷമി, ഒരു ദിവസം ഞാൻ നിന്നെ പേസ്റ്റ് കൊണ്ട് മൂടും.(ദീർഘനിശ്വാസം)
പല്ലുതേപ്പ് കഴിഞ്ഞ് കണ്ണാടിയിൽ ദന്തനിരയുടെ ചന്തം നോക്കി. ആഹാ .. ഒന്നാന്തരം ക്ലോസറ്റ് പുഞ്ചിരി.
കുളിക്കണോ?
കുളിച്ചാൽ അലക്കിയ ഡ്രെസ്സിടണം, അത് പണ്ടേ ഉള്ള നിർബന്ധമാണു. അവസാനത്തെ അലക്ക് കഴിഞ്ഞിട്ടിപ്പൊ മാസം ഒന്നു കഴിയാറായി. കലികാലം അല്ലാണ്ട്എന്താ പറയ്യാ..
ഷർട്ടെടുത്തിട്ട ശേഷം അലുമിനിയത്തിന്റെ മണമുള്ള ഏതാണ്ടൊരു പൗഡർ എടുത്ത്(അതിന്റെ ബ്രാന്ഡ് ഏതാണെന്ന് ആർക്കും അറിഞ്ഞൂട, കാലപ്പഴക്കത്താൽ കവറിലെ എഴുത്തൊക്കെ മാഞ്ഞ് പോയി!) , പിറകിൽ കോളറൊന്ന് പൊന്തിച്ച്,ഷർട്ടിനടിയിലേയ്ക്ക് തട്ടി. ആഹാ നവോന്മേഷം.
കോളെജിലേക്ക് പോവുന്നവഴിക്ക് നാരായണവിലാസത്തിൽ ഒന്നു കേറി. വേറെ എന്തൊക്കെ വേണ്ടെന്നു വച്ചാലും, ജീവിതത്തിൽ വിട്ടുപോവാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്-
നാരാണേട്ടന്റെ അപ്പവും മൊട്ടക്കറിയും.
കഴിച്ച് കഴിഞ്ഞ് പറ്റ്ബുക്കിനു ചോദിച്ചപ്പോ നാരാണേട്ടൻ പറഞ്ഞ ഡയലോഗ് മാത്രം എനിക്കത്ര ദഹിച്ചില്ല.
“പറ്റെഴുതിക്കോ പക്ഷേ പറ്റിക്കാനാകരുതെന്നു മാത്രം”.

ഇപ്പൊ സമയം പത്തരയാവാറായി, ഒന്നാമത്തെ അവറിനും രണ്ടാമത്തെ അവറിനും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ക്ലാസിനുള്ളിലേയ്ക്ക് കയറണം, ശബ്ദമുണ്ടാക്കരുത്, അവസാനത്തെ നിരയിൽ കുത്തിയിരിക്കുന്ന ഏതെങ്കിലും ഒരുത്തൻ നടു നിവർത്താൻ ഒന്നെഴുന്നേൽക്കും, അവൻ തിരിച്ച് വരുന്നതിനും പ്രഫസർ ക്ലാസ്സിലേയ്ക്ക് വരുന്നതിനും ഇടയിലൂള്ള ആ ഒരു നിമിഷം , അതെങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണു ഇത്രയും കാലം പഠിച്ച എഞ്ചിനീയറിങ്ങിന്റെ എഫക്റ്റീവ്നെസ്സ് മുഴുവനുമിരിക്കുന്നത്.
റൊമാൻസ് കുമാരൻ സാർ ക്ലാസിലേയ്ക്ക് കയറി വന്നു. പിന്നിലത്തെ ബഞ്ചിൽ പൊരിഞ്ഞ് തള്ള് നടക്കുന്നു. പാറമേക്കാവ് മുന്നിലെത്തുമോ അതോ തിരുവമ്പാടിയോ? ഇഞ്ചോടിഞ്ച് പോരാട്ടം.
ഒടുവിൽ റഫറി ഇടപെട്ടു. വളരെനല്ല സ്വഭാവവിശേഷങ്ങളുടെ സംവരണത്തിന്റെ ആനുകൂല്യത്തിൽ പിറകിലെ സീറ്റ് എനിക്ക് തന്നെ അനുവദിച്ചു കിട്ടി. ഇതിനു പണി പിന്നെ തന്നോളാമെന്നു പറഞ്ഞ്, ചൂതുകളിയിൽ തോറ്റ യുധിഷ്ഠിരാദികളുടെ ഭാവത്തോടെ പ്രജീഷ് മുൻബെഞ്ച് വാസത്തിനായി പുറപ്പെട്ടു.
ലേറ്റായി വന്ന്ത് കൊണ്ട് ഒരവർ നേരത്തേ തന്നെ ക്ലാസ് വിട്ടിറങ്ങി. ഫസ്റ്റ് ഇയർ ജൂനിയേർസിന് ഒരവർ നേരത്തേ തന്നെ ക്ലാസ് തുടങ്ങും, ഒരവർ നേരത്തേ ക്ലാസ്സ് അവസാനിക്കുകയും ചെയ്യും. അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാനും ഇവിടെ ആളുവേണമല്ലൊ, ബസ്-സ്റ്റോപ്പിൽ ചെന്ന് കുറ്റിയടിച്ചു. ഇനി അഞ്ച് വരെ ട്രാഫിക്കിലാണു ഡ്യൂട്ടി. ഈ ചെറിയ പ്രായത്തിൽ തന്നെ എന്തൊക്കെ ഭാരിച്ച ഉത്തരവാദിത്ത്വങ്ങളാണ്..
“ഡാ”
സ്വരാഗ് എന്നെ മെല്ലെയൊന്നു തട്ടി,  കണ്ണ് , താടിയെല്ല്,കഴുത്ത്, പുരികം എന്നിവ സംയോജിപ്പിച്ച് ഒരു മൂവ്മെന്റ്. ഞാൻ സന്ദേശം ഡീകോഡ് ചെയ്തു.  വലത്തേക്കൊന്നു പാളിനോക്കി.
ആക്സിന്റെ പരസ്യത്തിലല്ലാതെ ഞാനൊരു മാലാഖയെ കാണുകയാണ്. നെറ്റിയിലേയ്ക്ക് വീണുകിടക്കുന്ന മുടി. തിളങ്ങുന്ന കണ്ണുകൾ. വെണ്ണിലാവിന്റെ നിറം.  എന്റെ സങ്കൽപ്പത്തിലെ പെൺകുട്ടി, അതെ അവൾ ഇവളാണു. എന്റെ ഇനിയുള്ള ജീവിതം നിനക്ക് വേണ്ടി മാത്രമുള്ളതാണു. നിനക്ക് വേണ്ടി മാത്രം.
(ഡ്യൂയറ്റ്)

“ഒന്നു മയത്തില് നോക്കെടാ പട്ടീ………”
ആ അശരീരി എന്നെ ഉണർത്തി. ഞാൻ സ്വരാഗിന്റെ മുഖത്തേക്ക് നോക്കി.മെല്ലെ പറഞ്ഞു,
“അളിയാ നീ ഇന്നു മുതല് എന്റെ അളിയനാണു, ദോ അവള് നിന്റെ പെങ്ങളാണു. ഞങ്ങളെ ഒന്നിപ്പിക്കേണ്ട കടമ നിന്റേതാണു..”

“അതിനിത്തിരി ചെലവൊക്കെ വേണ്ടി വരും”

രണ്ട് ദിവസത്തെ ചെലവിനുള്ള കാശ് ഷേക്കായി സ്വരാഗിന്റെ വയറ്റിലേക്കിറങ്ങി.

പിറ്റെ ദിവസം  രാവിലെ ഏഴ് മണിക്ക് അലാറം അടിച്ചു. എട്ടര മണിക്ക് കോളേജിൽ ഹാജരായി.
കണ്ടില്ല.
വൈകുന്നേരം , ആറര വരെ ബസ്-സ്റ്റോപ്പിൽ.
കണ്ടില്ല.

രണ്ടാം ദിവസം.
ക്ലാസ്സിൽ ശ്രദ്ധിക്കാനേ വയ്യ, മനസ്സ് എവിടെയോയൊക്കെ അലഞ്ഞ് തിരിയുകയാണ് (അപ്പൊ ഇത്ര നാളും ശ്രദ്ധിച്ചോണ്ടായിരുന്നോ ഇരിപ്പ് എന്നു ചോദിച്ച് ശവത്തിൽ കുത്തരുത്, പ്ലീസ് .അറ്റ്ലീസ്റ്റ് മനസ്സമാധാനത്തോടെ ഉറങ്ങുകയെങ്കിലും ചെയ്തിരുന്നു).
” എന്റെ മനസ്സിന്റെ മരുഫൂമിയിലേക്ക് മഴയായി നീ പെയ്തിറങ്ങി, ഒടുവിൽ ഒരു കണ്ണീർച്ചാലും ബാക്കിയാക്കി നീ അകലുകയാണോ??”
ഫേസ്ബുക്കിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞപ്പോ കുറച്ച് ആശ്വാസം .

ഉച്ചയ്ക്ക് ഊണ് കഴിക്കാൻ തോന്നിയില്ല.
വേണ്ടെന്നു വച്ചു.
പകരം നാല് പൊറോട്ടയും മീൻ കറിയും കഴിച്ചു. ശേഷം ക്ലാസിലേക്ക് വന്ന് ഇയർഫോൺ ചെവിയിൽ തിരുകി ശോകഗാനങ്ങളും കേട്ടിരുന്നു. ഉച്ചയ്ക്ക് ശേഷം ഇനി ‘ലാബ്’ ആണ്, എല്ലാറും ‘റെക്കോർഡ്’ എഴുതുന്ന തിരക്കിലാണ്, തീർന്നവർ സ്റ്റാഫ്-റൂമിൽ ചെന്ന് ഒപ്പും വാങ്ങി വരുന്നു. എഴുതാത്തവരെ ലാബിൽ നിന്ന് ഔട്ടടിക്കും. എനിക്കെന്തായാലും പേടിക്കാനില്ല , കാരണം ഈ സെമസ്റ്ററിൽ റെക്കോർഡ് ബുക്കു പോലും വാങ്ങിയിട്ടില്ലാ!

ഞാനങ്ങനെ ചിന്തയിൽ മുഴുകി ഇരിക്കുമ്പോൾ , വാലിനു തീ പിടിച്ച മട്ടിൽ സ്വരാഗ് ക്ലാസ്സിലേക്ക് കേറി വന്നു.

“ഡാ അവള് സ്റ്റാഫ്-റൂമില്”
എനിക്കൊരു നിമിഷത്തേയ്ക്ക് വാക്കുകൾ കിട്ടിയില്ല.
“നീ ശെരിക്കും കണ്ടോ?”
“അങ്ങോട്ട് കേറിപ്പോവണ കണ്ടു. ഇപ്പൊ പോയാൽ കാണാം”

അപ്പോ സ്റ്റാഫ്-റൂമിലേയ്ക്ക് പോകണം. പോലീസ്-സ്റ്റേഷനിലേയ്ക്ക് പോവണം എന്നു പറഞ്ഞാൽ നെഞ്ചും വിരിച്ച് ഇറങ്ങിത്തിരിച്ചെനെ. ഇതിപ്പൊ..
ക്ലിങ്… ഒരു ബൾബ് മിന്നി.
“ഡാ നിന്റെ റെക്കോർഡിൽ സൈൻ മേടിച്ചോ?”

“പിന്നേയ്.. ഇന്നലെത്തന്നെ മേടിച്ചു. ഒന്നു പോടാ..”

ചുറ്റിലും കണ്ണോടിച്ചു. മുന്നിലത്തെ ഡെസ്കിൽ അനാഥമായൊരു റെക്കോർഡ് കിടപ്പുണ്ട്.അതും കൈക്കലാക്കി നേരെ സ്റ്റാഫ്-റൂമിലേയ്ക്ക് ..
തോമസ് സാറിന്റെ മേശയ്ക്കു ചുറ്റും ഒരാൾക്കൂട്ടം , സീരീസ് എക്സാമിന്റെ ഉത്തരപേപ്പർ വാങ്ങാനുള്ള തിരക്കാണു.  ഹ്മ്.. തുടക്കത്തിൽ ഇങ്ങനെ ആവേശമൊക്കെ കാണും മക്കളേ .അത് പ്രായത്തിന്റെതാണു. പതിയേ മാറിക്കോളും. അതാ ആ കൂട്ടത്തിൽ അവളും ..
കളശ്ശേരി കോളേജിന്റെ സ്റ്റാഫ്-റൂമിൽ ഞാൻ അവളെയും നോക്കി നിന്നു.   സ്റ്റാഫ്-റൂമിൽ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേകതരം കാറ്റുണ്ട് ( ഉഷാഫാനിന്റെ ) , അത്  അവളുടെ മുടിയിലും ഷാളിലും ഒക്കെ തട്ടിത്തടഞ്ഞ് പോവുന്നുണ്ടായിരുന്നു. ഓരോ തവണ നോക്കുന്തോറും പെണ്ണിന്റെ മൊഞ്ച് കൂടിക്കൂടി വന്നു.  അപ്പൊത്തന്നെ ഞാൻ മനസ്സിലുറപ്പിച്ചു , മറ്റൊരു തെണ്ടിക്കും ഇവളെ വിട്ടുകൊടുക്കില്ലാന്നു.. ഈ.. ഈ.. ഉമ്മച്ചിയോ നായരോ നസ്രാണിയൊ ഏതാണ്ടൊരു വകുപ്പിൽപെട്ട കുട്ടി, ഇവൾ എന്റേതാണെന്നു.
തൊമ്മന്റെ (തോമസ് സർ) സീറ്റിന്റെ തൊട്ടടുത്താണു അടുത്ത ലാബിന്റെ മേൽനോട്ടം വഹിക്കുന്ന ബിനോയ് സർ ഇരിക്കുന്നത്. റെക്കോർഡ് ബുക്കും കയ്യിൽ പിടിച്ച് കുറച്ചെണ്ണം അവീടെയും കൂട്ടം കൂടി നിൽപ്പുണ്ട്. അവരുടെ കൂട്ടത്തിൽ ഞാനും ചേർന്നു, കണ്ണും കാതും ഇപ്പുറത്ത്.
അപ്പുറത്ത് ഓരോരുത്തർക്കും പേരു ചോദിച്ച് ഉത്തരപേപ്പർ കൊടുക്കുന്നുണ്ട്. അടുത്തത് അവളാണ്.
“പേരെന്താ.?”
“അമല”
അമല -എന്ത് മനോഹരമായ പേര്.

ഇതിനിടയിൽ എന്റെ കയ്യിൽക്കിടന്ന ബുക്ക് ബിനോയ് സർ കൈ നീട്ടി വാങ്ങിക്കഴിഞ്ഞു. അവിടെ ബാക്കിയുള്ളത് ഞാൻ മാത്രമാണു.
“ഡോ.. പേരെന്താ?”
“അമല”
“അമലയോ!? തന്റെ പേരും പിന്നെയും  മാറ്റിയൊ? ഒറിജിനൽ പേര് രാഹുൽ, ഈ റെക്കോർഡിൽ പേര് അഖിലേഷ് , ഇതിലാണെങ്കിൽ ഒന്നും എഴുതീട്ടുമില്ല!”

വൃത്തികെട്ടവനേ…. ,അഖിലേഷേ അറ്റ്ലീസ്റ്റ് ഒരു പേജെങ്കിലും അതിൽ എഴുതിയിട്ടുകൂടായിരുന്നൊ. ഓരോരുത്തൻ  രാവിലെ കുളിച്ചൊരുങ്ങി  കോളേജിൽ വരും, ഒരു മണ്ണാങ്കട്ടയും ചെയ്യത്തുമില്ല. ഏതായലും പണി പാളി.ഇന്നു മാനം കപ്പലു കേറും.

“അത് സാർ… ഞാൻ.. റെക്കോർഡ്- ഗ്രാഫുള്ളത് വേണോ അതോ ഇത് മതിയൊ ന്ന് ചോദിക്കാൻ വേണ്ടി വന്നതാ..”
“സെമസ്റ്റർ തുടങ്ങീട്ട് ഒന്നൊന്നര മാസം കഴിഞ്ഞപ്പഴാണോടോ ഇതിന്റെയൊക്കെ ബോധം വരുന്നത് , എഹ്?”
“സോറി സാർ”
അവിടെ നിന്നു മെല്ലെ തലയൂരി. എന്തായാലെന്താ അവളുടെ പേരു മനസ്സിലായല്ലൊ, അതുമതി.

ഞാൻ നന്നായി!
ഒരു മണിക്കൂർ മുൻപേ കോളെജിലെത്തിത്തുടങ്ങി.
എല്ലാ റെക്കോർഡ് ബുക്കുകളും മുഴുവനായി എഴുതിതുടങ്ങി.
യൂണിയൻ പ്രവർത്തനങ്ങളിൽ പ്രത്യേകതാല്പര്യം കാണിച്ചു, അവളുടെ ക്ലാസ്സിൽ കയറാനുള്ള ഒരവസരവും പാഴാക്കിയില്ല. ഉച്ചനേരത്ത് അവിടെ ചുറ്റിപ്പറ്റി നടന്നു.
ഒരു മാസം വഴിയരികിലും, ബസ്സ്സ്റ്റോപ്പിലും  നിശബ്ദപ്രണയം തുടർന്നു.
ഒരു ദിവസം , അതൊരു വെള്ളിയാഴ്ച് ആയിരുന്നോ എന്നെനിക്കോർമ്മയില്ല. ഞാനും സ്വരാഗും പ്രവീണും  കോളേജ് കാൻടീനിന്റെ ഒരു മൂലയിൽ സൊറയും പറഞ്ഞ് കുത്തിയിരിക്കുന്നു. കിളികൾ പറക്കുന്നു. കാക്കകൾ കരയുന്നു. എല്ലാം പതിവ് പോലെ .ശാന്തം, സ്വസ്ഥം.

“ഡാ അവൾ ദോ വരുന്നു”
സ്വരാഗ് അറിയിപ്പ് തന്നു.
“വരും , മനപ്പൊരുത്തമുള്ളവരങ്ങനെയാ..”
“ഡാ അവളിങ്ങോട്ടാ വരുന്നത്”
“ഇങ്ങോട്ടോ! എന്തിനു?”
“ആ..”

അതെ അമല എന്റെ നേർക്കാണു വരുന്നത്. ഒരു സ്വപ്നത്തിലെന്നവണ്ണം അവൾ മന്ദം മന്ദം ഒഴുകി വരികയാണു..
ഇന്നാണു ആ സുദിനം, ഇന്നത് തുറന്നു പറയണം.
“ഐ ലവ് യൂ..”
“ഞാൻ നിന്നെ പ്രേമിക്കുന്നു”
“നാൻ ഉന്നൈ കാതിലിറുക്കുറേൻ”
“നിന്നു പ്രേമിസ്റ്റു നാനു”
“മെം തുംസെ പ്യാർ കർത്താ ഹൂം”

അവൾ എന്റെ തൊട്ടടുത്തെത്തി.

“ഞാൻ കുറെ നാളായി ശ്രദ്ധിക്കുന്നു, ചേട്ടനെന്താ വേണ്ടേ?”

ഞാൻ പുട്ട് തൊണ്ടയിൽക്കുരുങ്ങിയ പൊട്ടനെപ്പോലെ മിഴുങ്ങ്സ്സ്യാന്നു ഇരിക്കുക്കയാണ്.

സ്വരാഗ് മേശക്കടിയിലൂടെ എന്റെ കാലിനിട്ടൊരു ചവിട്ട് തന്നു.

“ബ്ലക് റ്റ്ലഗ് വ്ദ്ക്ക്വ്പ്ർമ്ഫ്ദൊഗു അഎവ്ദ്[ഫ്ല്ദ്ദ്ക്കഫ്മ്ഫ്വെ”

വാക്കുകളൊന്നും നേരാം വണ്ണം പുറത്ത് വരുന്നില്ല.

പിന്നേം ഒരു ചവിട്ട് കൂടെ.

“അത്..

അത്.. കുട്ടിയെക്കണ്ടപ്പോ എന്റെ കൂടെ പ്ലസ്റ്റൂവിൽ പഠിച്ച ജമാലിന്റെ അനിയത്തിയെപ്പോലെ തോന്നി, ആണൊ?

ജമാൽ ഇപ്പൊ എന്ത് ചെയ്യുന്നു?

ഞാൻ അന്വേഷിച്ചൂന്നു പറഞ്ഞേക്ക്”

ഒരൊറ്റ ശ്വാസത്തിൽ പറഞ്ഞുതീർത്തു.

“ഞാനാരുടേം അനിയത്തീം അല്ല ചേച്ചീം അല്ല, പോരേ..”

“മതി”

അമല തിരിഞ്ഞ് നടന്നു.

“ആരാടാ ഈ ജമാല്?”

“ജമാലാ ഏത് ജമാൽ?”

“നീ ഇപ്പ പറഞ്ഞ ജമാൽ”

“ഓ, അതോ അതൊരു ജമാല്”

“നീ എന്താ അവളോട് ഇഷ്ടാണെന്നു പറയാഞ്ഞത്”

“അത്.. അത്..

അവൾടെ വലത്തേ കവ്വിളിൽ ഒരു മറുക് ശ്രെദ്ധിച്ചാ?, എനിക്കീ കവിളില് മറുകുള്ള പെമ്പിള്ളാരെ കാണുന്നതേ കലിയാ..”

“കിട്ടാത്ത മുന്തിരി പുളിക്കും

പുളിച്ചുകൊണ്ടിരിക്കും”

പ്രവീൺ ഏതോ പാട്ട് മൂളി.

ഒരാഴ്ച് കഴിഞ്ഞു.

ഞാനും സ്വരാഗും ബസ്-സ്റ്റോപ്പിൽ ഇരിക്കയാണു.

“ഡാ”

സ്വരാഗ് എന്നെ മെല്ലെയൊന്നു തട്ടി,  കണ്ണ് , താടിയെല്ല്,കഴുത്ത്, പുരികം എന്നിവ സംയോജിപ്പിച്ച് ഒരു മൂവ്മെന്റ്. ഞാൻ സന്ദേശം ഡീകോഡ് ചെയ്തു.  വലത്തേക്കൊന്നു പാളിനോക്കി.

ആക്സിന്റെ പരസ്യത്തിലല്ലാതെ ഞാനൊരു മാലാഖയെ കാണുകയാണ്. നെറ്റിയിലേയ്ക്ക് വീണുകിടക്കുന്ന മുടി. തിളങ്ങുന്ന കണ്ണുകൾ. വെണ്ണിലാവിന്റെ നിറം.  എന്റെ സങ്കൽപ്പത്തിലെ പെൺകുട്ടി, അതെ അവൾ ഇവളാണു. എന്റെ ഇനിയുള്ള ജീവിതം നിനക്ക് വേണ്ടി മാത്രമുള്ളതാണു. നിനക്ക് വേണ്ടി മാത്രം.

(ഡ്യൂയറ്റ്)

Comments

comments

Share.
Gallery