ഡ്യൂക്കിൽ വന്ന ഫ്രീക്കൻ – Praveen Raj BR

Google+ Pinterest LinkedIn Tumblr +
32
  

Author : Praveen Raj BR

Company : Tata Elxsi

ഡ്യൂക്കിൽ വന്ന ഫ്രീക്കൻ 

കൂടെ ജോലി ചെയ്യുന്ന ജോജിൻറെ കല്യാണം ആണു, അടൂർ ഏതോ കാട്ടുമൂലയിൽ ആണെന്നു അറിയാം. കഴിഞ്ഞ ആഴ്ച ഡെലിവെറി ചെയ്തു കിട്ടിയ പുത്തൻ പുതിയ ഹോണ്ടാ സിറ്റി എടുത്തോണ്ട് പോകാം എന്നു ഐഡിയ ഇട്ടതു ഞാൻ തന്നെയാണ്. ബാങ്കിന് അടുത്ത 5 വർഷത്തേക്ക് ഏതാണ്ട് പത്തു ലക്ഷം രൂപ കൊടുക്കാൻ ഉണ്ട്. നമ്മുടെ ആപ്പീസിലെ 2 ചെക്കന്മാർ കൂടി ഉണ്ട്. അടിച്ചുപൊളിച്ചു പോയേക്കാം എന്നു കരുതി.

രാവിലെ കൊട്ടാരക്കരയിൽ കയറി തേങ്ങയും ഉടച്ചു ഉണ്ണിയപ്പവും അടിച്ചു ഞങ്ങൾ മൂന്നു ബാച്ചിലേഴ്‌സ് യാത്ര തുടങ്ങി. അടൂർ നിന്നും ഏതോ കൂതറ വഴി ഒക്കെ കയറി ഒരു ഗ്രാമ വീഥിയിൽ എത്തി. ഗ്രാമം എന്നത്തിന്റെ എല്ലാ സംഫവങ്ങളും ഉണ്ട്.  പച്ചപ്പ്‌, ഹരിതാഭ, ഊഷ്മളത, പ്രകൃതിഫംഗി, അംബാസഡർ കാർ, പെട്ടി കടകൾ, പുല്ലു തിന്നാൻ കെട്ടിയിട്ട പശുക്കൾ, ജോലിയും കൂലിയും ഇല്ലാണ്ട് കവലയിൽ വന്നിരിക്കുന്ന കൊറേ ചേട്ടന്മാർ, ഡ്രസിങും ഹെയർസ്റ്റൈലും കണ്ടാൽ ആണാണോ പെണ്ണാണോ എന്നു മനസ്സിലാവാത്ത കൊറേ ഫ്രീക്കന്മാർ, അവർ ഫോണും കുത്തി കൊണ്ടു റോഡിൻറെ ഏതാണ്ട് നടുക്കായി തന്നെ ബൈക്കിന്റെ മുകളിൽ വഴിയും ബ്ലോക്ക് ചെയ്തു “നിങ്ങ എങ്ങിനെ വേണോ പൊക്കോ ” എന്ന ഫാവത്തിൽ ഇരിക്കുന്നു, അല്ല കിടക്കുന്നു.

ഗ്രാമവീഥി മുന്നേറും തോറും വിജനത കൂടി കൂടി വന്നു. കുറേക്കൂടി മുന്നോട്ടു പോയപ്പോൾ കുത്തനെ ഉള്ള ഒരു ഇറക്കം കണ്ടു. പുതിയ വണ്ടി ആയതു കൊണ്ടു വളരെ സൂക്ഷിച്ചാണ് ഓടിക്കൽ. സീറ്റിന്റെ മേളിൽ ഉള്ള പ്ലാസ്റ്റിക് കവർ പോലും മാറ്റിയിട്ടില്ല, മലയാളികൾ അല്ലെ.

വളരെ പയ്യെ ചവിട്ടി ഇറക്കി ഏതാണ്ട് ആ ഇറക്കത്തിൻറെ പകുതി എത്തിയാപ്പോൾ എന്തോ വന്നു വണ്ടീൽ തട്ടി. ‘ടമാർ പടാർ ‘.ഞാൻ ചവിട്ടി ഇറക്കി സൈഡ് ആക്കി, ഇറങ്ങി നോക്കിയപ്പോ ദേ നേരത്തെ പറഞ്ഞ ഗണത്തിൽപ്പെട്ട ഒരു ഫ്രോക്കെൻ , ക്ഷമിക്കണം ഫ്രീക്കൻ, അവൻ അവന്റെ കെടിഎം ഡ്യൂക്ക് കൊണ്ടു കയറ്റിയതാണ് . എന്റെ വണ്ടീടെ ബമ്പർ, റ്റെയിൽ ലാംപ് ഇതെല്ലാം കംപ്ലീറ്റിലി ഔട്ട്. അവനു ഒരു പരിക്കും ഇല്ല. വണ്ടി ചരിഞ്ഞു കിടപ്പോണ്ട്. എന്നിട്ട് എന്നെ നോക്കി ഒരു ചോദ്യം – “നിങ്ങൾ എന്തു പോക്കാണ് ബ്രോ”

ഏഴാം ക്ലാസ്സിൽ മോറൽസയൻസ് പഠിപ്പിച്ച ലൈല ടീച്ചറോട് മനസ്സിൽ ക്ഷമ ചോദിച്ചു കൊണ്ടു ഞാൻ അലറി – “ആരാടാ മലരേ നിൻറെ ബ്രോ, നിൻറെ കണ്ണിൽ എന്താ കുരു ആയിരുന്നോ, ഇത്രേം സ്പീഡിൽ ഈ ഇറക്കം ഇറങ്ങാൻ നീ ആരാ, ഉമ്മൻ ചാണ്ടിയോ ?”.

ഓഫീസിൽ വളരെ മാന്യനായും കുലീനനായും സദ്ഗുണസമ്പന്നൻ ആയും ഇത്രയും കാലം എന്നെ കണ്ടിരുന്ന കൂടെ ഉള്ളവന്മാർ എൻറെ അക്ഷരശുദ്ധി കണ്ടു കോരിതരിച്ചു പകച്ചു മിണ്ടാട്ടം ഇല്ലാണ്ട് എന്റെ കൂടെ വന്നു സൈഡിൽ സൈഡായി നിന്നു.

“അത് ബ്രോ, ഇതിലെ കൂടി വണ്ടി ഒന്നും അധികം പോകാറില്ല”, അതും പറഞ്ഞു കൊണ്ടു കുണ്ടിയും തടവി ഫ്രീക്കൻ എഴുന്നേറ്റു അവൻറെ വണ്ടി സ്റ്റാൻഡിൽ ഇട്ടു.

വീണ്ടും ബമ്പർ നോക്കി വിഷമിച്ച ഞാൻ അവനെ അടിമുടി നോക്കി. മുടിക്ക് ഒക്കെ ഏഴെട്ട് നിറത്തിൽ ചായം പൂശിയിട്ടുണ്ട്, സ്കൈപ്പ് അല്ല സ്പൈക്ക് ഒക്കെ ചെയ്തിട്ടുണ്ട്. കാലിൽ അത്യാവശ്യം വില മതിക്കുന്ന പ്യൂമയുടെ ഷൂസ്, ക്രോണോ വാച്ച്, ഡ്യൂക് ബൈക്ക്… മെന്റൽ കാൽക്കുലേഷനിൽ അവൻ എന്തായാലും കാശിന്റെ അഹങ്കാരം ഉള്ളവൻ ആണല്ലോ.. കിട്ടുന്നതു മേടിച്ചേക്കാം. “ഒരു ഇരുപതിനായിരം രൂപ തന്നിട്ട് നീ പോയാൽ മതി ” എന്നിലെ വിലപേശൽക്കാരൻ  ഉണർന്നു.

“അയ്യോ ചേട്ടാ എൻറെ കൈയ്യിൽ കാശൊന്നും ഇല്ല, എന്നെ ഒരു അനിയൻ ആയി കരുതി വെറുതെ വിടണം”

“ചേട്ടാ , അനിയാ – ഈ വാക്കൊക്കെ അറിയാമല്ലോ, എന്നിട്ടാണോടാ പുന്നാര #@$#  മോനെ നേരത്തെ നീ ബ്രോ എന്നൊക്കെ ഉണ്ടാക്കിയത് ??” – ഈ തെറി കൂടി കേട്ടപ്പോൾ എന്റെ കൂടെ വന്നവന്മാർ എന്തോ അത്യാവശ്യം വന്നത് പോലെ ഫോണും എടുത്തു ആ ഇറക്കത്തിന്റെ അറ്റം ഉള്ള കലിങ്കിൽ പോയി ഇരിപ്പായി.

“നീ കാശ് തന്നിട്ടേ പോകാത്തൊള്, അടൂർ എസ്ഐ  നമുക്ക് അറിയാവുന്ന ആളാ” – ഞാൻ തള്ളിയതല്ല, പുള്ളി ദിനേശിന്റെ കൂട്ടുകാരൻ അഭിലാഷിന്റെ അനിയൻ അരുണിന്റെ കൂടെ പിഎസ്സി കോച്ചിങ്‌ന് പോയ ബിജുവിന്റെ ആദ്യ ഭാര്യയുടെ അയൽക്കാരൻ ആണ്‌. വേണം എന്നു വെച്ചാൽ ഒരു 15 ഫോൺ കോളിൽ പുള്ളിയെ ഒപ്പിക്കാം.

“ചേട്ടായി ഇത് അടൂർ പരിധി അല്ല , ഇത് ആലപ്പുഴ ജില്ലാ ആണ്”

“കൗണ്ടർ അടിക്കുന്നോടാ സ്‌കൗണ്ട്രൽ, ഏതു ജില്ലാ ആണെങ്കിലും നമുക്ക് പിടിപ്പാട് ഉണ്ട്, നീ കളിക്കാണ്ട് കാശ് എടുക്കെടാ ഫ്രീക്കേ”

ഇത്രയും സംഭവം ഉണ്ടായിട്ടും ഒരു മനുഷ്യകുഞ്ഞു പോലും അതു വഴി വന്നു കണ്ടില്ല. അവന്റെ കയ്യിൽ ഇത്രേം കാശ് ഒന്നും കാണില്ല. എന്താ ചെയ്ക?

“നിന്റെ പേരെന്താ?”

“അലെൻ , അലെൻ ചെറിയാൻ “

“നീ എന്തു ചെയുവാ”

“പഠിക്കുവാ, പ്ലസ് ടു “

“അപ്പൊ നിനക്കു ലൈസെൻസ്ഉം ഇല്ലേ “

“അയ്യോ ചേട്ടാ , ലെർണേഴ്‌സ് ഉണ്ട്, അടുത്ത മാസം കിട്ടും”

“നിനക്കെത്ര വയസ് ഉണ്ട്?”

“18 “

അവൻറെ ലൈസെൻസ് കണ്ടിട്ട് എനിക്കെന്ത് കിട്ടാനാ? നമുക്ക് വേണ്ടത് കാശ്  അല്ലെ കാശ് …

“സമയം പോകുന്നു അലാ, നിന്റെ വീട് എവിടാ?”

“ഇവിടെ അടുത്താ, ഒരു 2കിലോമീറ്റർ  പോണം  “

“ആഹാ , എന്നാ നീ നിന്റെ വീട്ടിൽ വിളിക്കു , കാശും എടുത്തോണ്ട് വരാൻ പറ, ഞങ്ങൾക്ക് വേറെ പണി ഉണ്ട്

“അയ്യോ ചേട്ടാ , വീട്ടിൽ ഒന്നും അറിയിക്കല്ലേ , കലിപ്പാകും”

“ആവണം , നിന്നെ പോലെ കാശിന്റെ അഹങ്കാരത്തിൽ കയറി നിരങ്ങുന്ന പിള്ളേരെ വളർത്തുന്ന തന്തയും തള്ളയും ഒക്കെ അറിയണം നിന്റെ ഒക്കെ പോക്കിന്റെ അവസ്ഥ, നീ ഫോൺ എടുത്തു വീട്ടിൽ വിളിക്കെടാ? “

എന്റെ ഒച്ച കേട്ടു പേടിച്ച അവൻ അപ്പൊ തന്നെ ജീൻസ് പോക്കറ്റിൽ നിന്നും ഏതോ വില കൂടിയ തൊട്ടു വിളിക്കുന്ന ഫോൺ എടുത്തു ആരെയോ വിളിച്ചു. ഞാൻ മറ്റവന്മാരോട് സംസാരിക്കാൻ പോയി, പക്ഷെ ഇവൻ ഫോണിൽ സംസാരിക്കുന്നത് ഞാൻ കേട്ടു.

“ഹലോ , ലില്ലി ചേച്ചി , ഞാൻ അലനാ , ഫോൺ ഒന്നു അപ്പന്റെ കയ്യിൽ കൊടുക്കുമോ?” പിന്നെ ഇച്ചിരി നേരം ഗാപ്. അതു കഴിഞ്ഞപ്പോ അവൻ അപ്പനോട് എന്തൊക്കെയോ പറയുന്ന കേട്ടു. ഞാൻ മൈൻഡ് ചെയ്തില്ല. അവൻ ഫോൺ വെച്ചിട്ട് “അപ്പൻ വരാമെന്ന് പറഞ്ഞു” എന്നു എന്നോട് മൊഴിഞ്ഞു. ഞാൻ അവന്റെ ബൈക്കിന്റെ താക്കോൽ ഊരി കാറിന്റെ മുന്നിൽ ചെന്നു നിന്നു. അവൻ പേടിച്ചു വിറച്ചു , അല്ലേൽ പേടി അഭിനയിച്ചു ബൈക്കിൽ ചാരി നിന്നു. മറ്റവന്മാർ കലിങ്കിന്റെ പുറത്തു ഫോണിൽ ആംഗ്രിബേർഡ്‌സും കളിച്ചോണ്ടും ഇരിന്നു. അപ്പന് വേണ്ടിയുള്ള കാത്തിരിപ്പു തുടങ്ങി.

ഒരു പത്തു മിനുറ്റ് കഴിഞ്ഞപ്പോൾ  ആ വഴിയുടെ അങ്ങേ തലക്കലിൽ നിന്നും ഒരു മെലിഞ്ഞ മനുഷ്യൻ സൈക്കിൾ ചവിട്ടി വരുന്നു. ഏയ്, ഇയാൾക്കു ഇവന്റെ അപ്പൻ ആവാൻ ഉള്ള മിനിമം യോഗ്യത പോലും ഇല്ല. ഡ്യൂക് മേടിക്കാൻ കുറഞ്ഞത് ഒന്നര ലക്ഷം എങ്കിലും വേണം. പുല്ല്, ഇനിയും കാത്തിരിക്കണമല്ലോ? പക്ഷെ പുള്ളി നമ്മളെ തന്നെ ലക്ഷ്യമാക്കി വരുന്നതാവും. ഛെ, ഇവനെ അറിയാവുന്ന ഏതേലും നാട്ടുകാരൻ ആയിരിക്കും. സാധാരണ അപകടം ഉണ്ടാവുമ്പോൾ  ചെറിയ വണ്ടിക്കു സപ്പോർട് ചെയ്യുക എന്നൊരു നാട്ടുനടപ്പ് ഈ നാട്ടുകാർ എന്ന അലവലാതി വിഭാഗത്തിന് ഉണ്ട്. ആഹ് , വരുന്ന പോലെ വരട്ടെ, നമ്മൾ വിട്ടു കൊടുക്കില്ല. തെറ്റ് അവന്റെ ആണ്. കാശ് മേടിച്ചിട്ടേ ഞാൻ പോകൂ. അതിനി സ്വാധീനം ഉപയോഗിച്ചു പൊലീസുകാരെ ഇവിടെ കൊണ്ടുവരേണ്ടി വന്നാലും ശരി.

വന്നപാടെ സൈക്കിൾ സ്റ്റാൻഡ് ഇട്ട് സൈഡിൽ ഒതുക്കി പുള്ളി ആ ഫ്രീക്കൻറെ മുഖത്തു ഒന്നു നോക്കിയിട്ട് എന്റെ മുന്നിൽ വന്നു ഭയഭക്തിബഹുമാനത്തോടെ മൊഴിഞ്ഞു – “സാറേ, ക്ഷമിക്കണം, എനിക്കു ഫോൺ ഇല്ല , വീട്ടിലും ഫോൺ ഇല്ല , അപ്പുറത്തെ വീട്ടിലെ കൊച്ചിന്റെ ഫോണിലാ അവൻ വിളിച്ചതു, അതോണ്ടാ ഇത്രേം താമസിച്ചേ “

“ഹെന്ത് :O”

പുള്ളി പറഞ്ഞതു മലയാളം ആണെങ്കിലും ഏതോ അന്യഭാഷാ ജീവിയുടെ വായിൽ നിന്നും എന്തോ അനർഗ നിർഗ്ഗള  നാദം കേട്ടത് പോലെയാണ് എനിക്കു തോന്നിയത്. സത്യത്തിൽ ഞാൻ ഒരു ഒന്നൊന്നര ഞെട്ടൽ ഞെട്ടി. ആ ഫ്രീക്കന്റെ അച്ഛൻ ആവാൻ ഈ മനുഷ്യന് എങ്ങിനെ പറ്റും?  അച്ഛൻ ആവാൻ പോയിട്ട് ജാരഅച്ഛൻ ആവാൻ പോലും ഇയാൾക്കു അർഹത ഇല്ല. ഫോൺ ഇല്ലാത്ത സൈക്കിളിൽ വരുന്ന ഒരു അച്ഛൻ, അച്ഛൻ ആണത്രേ അച്ഛൻ :/ :/

“അവൻ പോയിക്കോട്ടെ, എന്ത് സമാധാനം വേണേലും നമുക്ക് ഉണ്ടാക്കാം” – എൻറെ വില കുറഞ്ഞ ചിന്തകളെ ഭേദിച്ചു കൊണ്ടു പുള്ളി പറഞ്ഞു. ഇത്രെയും പ്രായം ഉള്ളവർ സാർ എന്ന് വിളിക്കുന്നത് ഇഷ്ടം അല്ലാത്തോണ്ട് ഞാൻ പറഞ്ഞു – “ചേട്ടാ എന്റെ പേര് സുഭാഷ് എന്നാണ്, പേര് വിളിച്ചാൽ മതി”

“ശരി കുഞ്ഞേ, വണ്ടിക്കു എന്തു ചിലവ് വരും ശരിയാക്കാൻ “

ആ കുഞ്ഞേ വിളിയിൽ ഞാൻ വീണു.

“അതിപ്പോ ചേട്ടാ ഇൻഷുറൻസ് ഉണ്ട്. പക്ഷെ നോ ക്ലെയിം ബോൺസ് വിഷയം വരുന്നുണ്ട്. അതോണ്ട് ക്ലെയിം ചെയ്യാണ്ട് റിപ്പയർ ചെയ്യാൻ ഒരു ഇരുപതിനായിരം എങ്കിലും വേണ്ടി വരും”

“അയ്യോ , ഇരുപത്തിനായിരമോ ? ഞാൻ അപ്പുറത്തെ വീട്ടിൽ നിന്നും ആയിരം രൂപ മേടിച്ചോണ്ടാ വന്നത്…. ഉടനെ തന്നെ തരാൻ…ഇച്ചിരി നേരം തന്നാൽ ഞാൻ മേടിച്ചോണ്ടു വരാം , അവൻ പൊയ്ക്കോട്ടേ , ഞാൻ വേണേൽ കടലാസ്സിൽ ഒപ്പിട്ടു തരാം”

എനിക്കൊന്നും മനസ്സിലാകുന്നില്ല. ഇവിടെ എന്താണ് സംഭവിക്കുന്നത്.

“ചേട്ടനു  എന്താ ജോലി?”

“റബ്ബർ വെട്ടൽ ആണ് കുഞ്ഞേ “

“സ്വന്തം റബ്ബർ എസ്റ്റേറ്റ് ആണോ?”

“അയ്യോ അല്ല, വേറെ മുതലാളിമാരുടെ പറമ്പിൽ പണിക്കു പോകുവാ”

“ഈ ബൈക്ക് അവന്റെ അല്ലെ?”

“അതേ , എന്റെ പേരിലാ , അത് എടുക്കുമ്പോൾ അവനു പ്രായപൂർത്തി ആയിട്ടില്ലായിരുന്നു”

“ചോദിക്കുന്നൊണ്ട് ഒന്നും തോന്നരുത് , സൈക്കിളിൽ പോകുന്ന ചേട്ടൻ മോന് ഈ ഒന്നരലക്ഷത്തിന്റെ വണ്ടി മേടിച്ചു കൊടുത്തു എന്നു പറയുമ്പോൾ , അതിനുള്ള വരുമാനം ?”

“അവൻ…. അവൻ ചത്തു കളയും എന്നു പറഞ്ഞു കുഞ്ഞേ , 2 ദിവസം കതക് അടച്ചു ഭക്ഷണം പോലും കഴിക്കാതെ ഈ സ്കൂട്ടർ മേടിച്ചില്ലേൽ ചത്തു കളയും എന്നു പറഞ്ഞു” പുള്ളി സത്യത്തിൽ വിതുമ്പി. അയാളുടെ കണ്ണുകൾ നനഞ്ഞു തുടങ്ങി.

 

“മുതലാളിയുടെ കയ്യിൽ നിന്നും പലിശക്കും ഇളയ മോൾക്ക്‌ വേണ്ടി കരുതി വെച്ചിരുന്ന 5 പവനും വിറ്റിട്ടാ അവനു ഈ സ്കൂട്ടർ മേടിച്ചു കൊടുത്തത്, ഒരു ആൺതരി ഇല്ലേ ഉള്ളൂ, അവൻ ചാകും എന്നു പറഞ്ഞാൽ ഞാൻ എന്തു ചെയ്യാനാ? ഞങ്ങളെ വയസ്സാം കാലത്തു നോക്കാൻ അവൻ ഇല്ലേ കാണൂ സാറേ” – അയാൾ ഷർട്ടിന്റെ കയ്യിൽ കണ്ണീർ തുടച്ചു കൊണ്ടു പറഞ്ഞു…

സാർ അല്ല കുഞ്ഞ് എന്നൊന്നും ഞാൻ തിരുത്താൻ പോയില്ല,, എന്റെ വായിൽ ഒരു ശബ്ദം പോലും വരുന്നില്ല. ഞാൻ ആ ഫ്രീക്കന്റെ മുഖത്തോട്ട് ഒന്നു നോക്കി. ഈ ജന്തു ആണോ ഇവരെ വയസ്സ് കാലത്തു നോക്കാൻ പോകുന്നത്. ഇവന്റെ ഈ പോക്കിന് അടുത്ത വിനയന്റെ സിനിമ ഇറങ്ങുന്നതിനു മുൻപേ ഇവൻ പുഖ ആവും, നോ ഡൗട്ട്. ഫോണേൽ ഗെയിം കളിചോണ്ടിരുന്ന ലവന്മാർ വരെ ഈ കഥന കഥ കേട്ടു ഞെട്ടി പണ്ടാരം അടങ്ങി.

“അപ്പൊ ഈ ഷൂസ്ഉം വാച്ചും ഒക്കെ?”

“കാശ് ചോദിക്കും, അവൻ തന്നെയാ എല്ലാം മേടിക്കുന്നെ, കാശ് ഇല്ലെന്നു പറഞ്ഞാൽ ബഹളം വെയ്ക്കും, ആഹാരം കഴിക്കില്ല, എങ്ങിനെ എങ്കിലും ഒപ്പിച്ചു കൊടുത്തു പോകും. അവനെയും കുറ്റം പറയാൻ പറ്റില്ല , കൂട്ടുകാർക് ഒക്കെ ഉണ്ടാകുമ്പോൾ അവനും ആഗ്രഹം കാണില്ലേ , ഈ സ്കൂട്ടർ അവന്റെ എല്ലാ കൂട്ടുകാർക്കും ഉണ്ട് കുഞ്ഞേ..”

“ഡ്യൂക്കോ ?”

“പേരൊന്നും എനിക്ക് അറീല, വൈകിട്ടു ആ കവലയിൽ ചെന്നാൽ കാണാം, എല്ലാർക്കും ഈ ജാതി വണ്ടികളാണ് ” അവനെ നോക്കീട്ട് അയാൾ തുടർന്നു “അവൻ പൊയ്ക്കോട്ടേ, കാശ് ഞാൻ ഒപ്പിച്ചു തരാം , സത്യം”

“ഇവൻ പഠിക്കുമോ? “

“പ്ലസ് ടു അഞ്ചു പേപ്പർ കൂടിയേ കിട്ടാൻ ഉള്ളൂ എന്നാ പറയുന്നേ “

നമ്മൾ പ്രീഡിഗ്രി ആയോണ്ട് ഇതിന്റെ കണക്കൊന്നും അറിയില്ല . എന്നാലും അവൻ അങ്ങേരെ പറ്റിക്കുവാ എന്നെനിക്കു മനസ്സിലായി. ഇനിയും വീട്ടിലെ കാര്യങ്ങൾ ചോദിച്ചു കൂടുതൽ ഡെസ്പ് ആവണ്ടിരിക്കാൻ ഞാൻ പറഞ്ഞു – “അവൻ പൊയ്ക്കോട്ടേ ” താക്കോൽ ഞാൻ അവന്റെ നേരെ എറിഞ്ഞു കൊടുത്തു.

താക്കോൽ കിട്ടിയപാതി അവൻ ഡ്യൂകും പറപ്പിച്ചോണ്ടു ഒറ്റ പോക്ക്.

“കുഞ്ഞ് ആ കവല വരെ വന്നാൽ മതി , ഞാൻ ആരുടേങ്കിലും കയ്യിൽ നിന്നും കാശ് മേടിച്ചു തരാം, ഞാൻ സൈക്കിളിൽ പോകാം, നിങ്ങൾ പിറകെ വന്നാൽ മതി “

“അത് വേണ്ട ചേട്ടാ , ആൾറെഡി ഞങ്ങൾ താമസിച്ചു , ഒരു കല്യാണത്തിനു ഇറങ്ങിയതാ, അവനോടു വണ്ടി സൂക്ഷിച്ചു ഓടിക്കാൻ പറഞ്ഞാൽ മതി , ഞങ്ങൾ അങ്ങോട്ടു തിരിക്കുവാ” ഇതും പറഞ്ഞു ഞങ്ങൾ വണ്ടിയിൽ കയറി.

ഒരു വലിയ ബാധ്യത തലയിൽ നിന്നു ഒഴിഞ്ഞത് പോലെ ഉള്ള ആഹ്ളാദം ആ മനുഷ്യൻറെ മുഖത്തു ഞാൻ കണ്ടു. “ഈ ആയിരം രൂപ കുഞ്ഞ് മേടിക്കണം, അതെങ്കിലും…”

“വേണ്ട ചേട്ടാ , ഇൻഷുറൻസ് ഉള്ളതു ഇതിനൊക്കെ അല്ലെ, ബമ്പർ ടു ബമ്പർ ആണ് , കാശ്  ഒന്നും ചിലവാകില്ല, അപ്പൊ ശരി , ഞങ്ങൾ പോകുവാ ” ഞാൻ വണ്ടി സ്റ്റാർട് ആക്കി

“ഒരുപ്പാട്‌ നന്ദി ഉണ്ട് സാറന്മാരെ ” – തൊഴുകൈകളോടെയും നിറകണ്ണുകളോടെയും അയാൾ ഞങ്ങളെ നോക്കി. സീൻ ഓവർ ആകണ്ടിരിക്കാൻ ഞാൻ ടാറ്റ പറഞ്ഞു അപ്പോഴേ വണ്ടി എടുത്തു യാത്ര തുടർന്നു.

ആ സൈക്കിളിൽ വന്ന മനുഷ്യൻ കാണിച്ചതും പറഞ്ഞതും ഒക്കെ ഒരു നാടകം ആയിരിക്കണേ എന്ന പ്രാർത്ഥന ആയിരിന്നു ആ ദിവസം മുഴുവൻ. അയാൾ എന്നെ പറ്റിച്ചാലും സാരമില്ല, അയാളുടെ മകൻ അയാളെ പേടിപ്പിച്ചു ഫ്രീക്കൻ ആയി നടക്കരുതേ എന്നു ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.

ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം എന്നത് ശരി ആണെങ്കിലും ഫ്രീക്കൻമ്മാരെ കണ്ടാൽ അറിയില്ലലോ വീട്ടിലെ പഞ്ഞം. ഈ സംഭവം കുറച്ചു കസിൻസുമായി പങ്കു വെച്ചപ്പോൾ ആണ് ഈ ഫ്രീക്കന്മാരിൽ ഭൂരിഭാഗവും വീട്ടിൽ പട്ടിണി ആണെങ്കിലും തന്തയെയും തള്ളയേയും പട്ടിയെ പോലെ പണി എടുപ്പിച്ചു, അവരുടെ കാശും കൊണ്ടാണ് ഈ ഷോ ഒക്കെ കാണിച്ചു നടക്കുന്നത് എന്ന പരസ്യമായ സത്യം ഞാൻ മനസ്സിലാക്കിയത്.

ഇതു ഇങ്ങനത്തെ മക്കളുള്ള സകല മാതാപിതാക്കൾക്കും ഞാൻ ഡെഡികേറ്റ് ചെയുന്നു.

Comments

comments

Share.
Gallery