തീർത്ഥയാത്ര – Indu VK

Google+ Pinterest LinkedIn Tumblr +
9
  

Author : Indu VK

Company : IBS

തീർത്ഥയാത്ര

ഹലോ… ടിക്കറ്റ് കൺഫേമല്ലേ?….ഓക്കെ, താങ്ക് യു.”
ഫോൺ താഴെ വച്ച് ബാഗിൽ തുണി കുത്തി തിരുകുന്ന അയാളോട് ഭാര്യ ചോദിച്ചു.

“അല്ല, നിങ്ങളെങ്ങോട്ടാ ?”

” ഒരു തീർത്ഥയാത്ര”, അവജ്ഞയോടെ അയാൾ പറഞ്ഞു.

” നാളെയോ ?!”

“അതെ, എന്താ ?”

‘നിങ്ങൾക്കെന്താ മനുഷ്യാ, നാളെ നിങ്ങളുടെ അനിയത്തിയുടെ മോൾടെ കല്ല്യാണമല്ലേ?’

“അതെ, അതാണല്ലോ, നാളെ തന്നെ തിരഞ്ഞെടുത്തത്. ”

“കഷ്ടം, അവൾ എന്തു തെറ്റാ ചെയ്തെ? അനിയൻ അങ്ങോട്ടു വിളിച്ചപ്പോൾ ആദ്യം പുള്ളിയോട് കല്യാണക്കാര്യം പറഞ്ഞു പോയതോ?”

” നീ ,മിണ്ടാതിരുന്നോ, എൻ്റെ അനിയത്തിയല്ലേ, എനിക്കറിയാം എന്ത് വേണമെന്ന് ”

“നിങ്ങൾ എന്തു വേണമെങ്കിലും തീരുമാനിച്ചോളൂ. പക്ഷെ ഞാൻ പോകും. എൻ്റെ പ്രസവ സമയത്ത് ഇത്തിരി പോന്ന അവളാ അന്ന് എനിക്ക് കൂട്ടുണ്ടായേ. പാവം, അവൾടെ മോളുടെ കല്ല്യാണത്തിന് ഞാൻ ഉണ്ടാവും മുമ്പിൽ.”

“പൊയ്ക്കോ, അല്ലേലും എന്നെ തോൽപ്പിക്കാനാണല്ലോ, എല്ലാർക്കും താൽപര്യം, ആയിക്കോട്ടെ ”

പിന്നീടും ദേഷ്യത്തിൽ അയാൾ എന്തെല്ലാമോ പിറുപിറുത്തു കൊണ്ടിരുന്നു. തല പൊട്ടുന്ന വേദന, ഒരു മരുന്നെടുത്തു കഴിച്ച്, അയാൾ കട്ടിലിലേക്ക് മലർന്നു.

ഒരു പരിചിതമായ ഊന്നുവടിയുടെ ശബ്ദമാണ് അയാളെ മയക്കത്തിൽ നിന്ന് ഉണർത്തിയത്.

” അച്ഛനോ?, എപ്പൊ വന്നു?”

” ഞാനെവിടെ പോകാൻ? അതു പോട്ടെ, നീയെങ്ങോട്ടാ ?”

ആ നോട്ടത്തിൽ തന്നെ അയാൾക്ക് മനസ്സിലായി, എല്ലാം അറിഞ്ഞു കൊണ്ടുള്ള വരവാണ്. മുഖം കൊടുക്കാതെ, അയാൾ ഉത്തരം പറഞ്ഞു: “ഒരു തീർത്ഥയാത്ര.”

” എന്തിന്?.. ”

” അത് പിന്നെ… മോക്ഷത്തിന്..”

” ആഹ, അത് കൊള്ളാല്ലോ? അമ്പലത്തിൽ എടുത്തു വച്ചിരിക്കുവാണോ, നീ ചെല്ലുമ്പോൾ  എടുത്തു തരാൻ .”

“പരിഹസിക്കണ്ട അച്ഛാ, പണ്ട് ബുദ്ധൻ എല്ലാം ത്യജിച്ച് സന്യാസത്തിന് പോയില്ലേ. എൻ്റെ യാത്രയും അങ്ങനെ ആവില്ലെന്ന് ആരു കണ്ടു. ”

“ഹ ഹ.. ബുദ്ധൻ്റെ യാത്ര സത്യാന്വേഷണമായിരുന്നു. അല്ലാതെ കടമകളിൽ നിന്ന് ഒളിച്ചോടാനോ, ആരെയെങ്കിലും തോൽപ്പിക്കാനോ ആയിരുന്നില്ല.”

ഒന്നും പറയാനില്ലാതെ, തറയിൽ നോക്കിയിരുന്ന അയാളോട് അച്ഛൻ തുടർന്നു:
“നീ യാത്ര പോകേണ്ടത്, നിൻ്റെ മനസ്സിലൂടെയാണ്. അവിടെ നിൻ്റെ ചോദ്യങ്ങൾക്കുള്ള ഉത്തരമുണ്ടാവും. ഈ ഒളിച്ചോട്ടത്തിൽ നീ സന്തുഷ്ടനാകുമോ? എല്ലാം കഴിഞ്ഞ ശേഷം, മറ്റുള്ളവരോട് തർക്കിച്ച് തൻ്റെ വശം ന്യായീകരിച്ച്, ശിഷ്ട കാലം കഴിക്കണോ? മനസ്സാണ് ഈശ്വരൻ, അതിനെ വിഷമിപ്പിക്കരുത്, എന്തിനു വേണ്ടിയായാലും, ഏതിനു വേണ്ടിയായാലും. നിനക്ക് അറിയാത്ത കാര്യമല്ല, എന്നേലും പഠിത്തമുള്ളവനല്ലേ? എന്നാലും, നിൻ്റെ അച്ഛനല്ലേ, പറയാതിരിക്കാൻ പറ്റിയില്ല. അവളിന്നലെ എന്നോടെല്ലാം പറഞ്ഞു. അതൊരു പാവാ, കരുതി കൂട്ടിയൊന്നുമല്ല, നിനക്കറിയില്ലേ അവളെ? ഇനി, എല്ലാം നിൻ്റെയിഷ്ടം”

ഒന്നു നിറുത്തിയ ശേഷം അച്ഛൻ തുടർന്നു: “ഒരമ്മയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷവും ഒപ്പം ദുഃഖവുമുള്ള മുഹൂർത്തമാണ് മകളുടെ വിവാഹം. നീ കൂടെയുണ്ടെങ്കിൽ അവൾ ഏറെ സന്തോഷിക്കും. ഒരാളെ ദു:ഖിപ്പിക്കുമ്പോഴല്ല സന്തോഷിപ്പിക്കുമ്പോഴാണ് ശരിക്കുള്ള മനസ്സുഖം ലഭിക്കുക, ശരിയല്ലേ?……..”

” നിങ്ങളെന്താ ഇങ്ങനെ വിയർക്കണെ? ” ഭാര്യ മയക്കത്തിൽ നിന്ന് കുലുക്കിയുണർത്തി. അയാൾ ഭാര്യയോട് ചോദിച്ചു: “അച്ഛൻ പോയോ ?”

” അച്ഛനോ?!! ”

അപ്പോഴാണ് അയാൾ സ്വബോധത്തിലായത്. അച്ഛൻ മരിച്ചിട്ട് മൂന്നു വർഷം കഴിഞ്ഞിരിക്കുന്നു. എല്ലാമൊരു സ്വപ്നമായിരുന്നെന്ന് വിശ്വസിക്കാനയാൾക്ക് ആയില്ല. അച്ഛൻ നെറ്റിയിൽ എപ്പോഴും ധരിക്കാറുള്ള ഭസ്മക്കുറിയുടെ നേർത്ത ഗന്ധം അപ്പോഴുമാ മുറിയിൽ നിറഞ്ഞു നിന്ന പോലെ തോന്നി അയാൾക്ക്. അച്ഛൻ പറഞ്ഞ കാര്യങ്ങൾ വീണ്ടും  വീണ്ടും മനസ്സിലൂടെ ഓടാൻ തുടങ്ങി.

അടുത്ത പ്രഭാതം. അയാൾ ധൃതിയിൽ തയാറായി. പുറത്തിറങ്ങി, കാറിൽ കയറി ഹോണടിച്ചപ്പോൾ, ഭാര്യ ഓടി വന്ന് കയറിയിരുന്നു. ഒന്നും സംസാരിച്ചില്ലെങ്കിലും, അവളുടെ മുഖത്ത് സന്തോഷവും അദ്ഭുതവും അയാൾ കണ്ടു.

കല്ല്യാണമണ്ഡപത്തിൽ തിരക്കു തുടങ്ങിയിരുന്നു. അങ്ങു മുൻവശത്ത് തൻ്റെ അനിയത്തി ആരോടോ സംസാരിച്ചു കൊണ്ട് നിൽപ്പുണ്ട്. അവളുടെ മുഖത്ത് ഒരു മ്ലാനത, സംസാരത്തിനിടയിലും, തിരക്കിനിടയിലേക്ക് പരതുന്ന അവളുടെ കണ്ണുകൾ ഒടുവിൽ അയാളിലെത്തി നിന്നു. അവൾ ഉന്മേഷവതിയായി, ഒരു കൊച്ചു കുട്ടിയെ പോലെ ചിരിച്ചു കൊണ്ട് അയാളുടെ അരികിലേക്ക് ഓടിയെത്തി.

” പലരും പറഞ്ഞു ചേട്ടൻ വരില്ലെന്ന്, പക്ഷെ എനിക്കറിയാമായിരുന്നു വരുമെന്ന്. എന്തേലും തെറ്റു ചെയ്തെങ്കിൽ പൊറുക്കണം, ചേട്ടാ. ചേട്ടൻ്റെ വീട്ടിൽ അന്ന് വന്നപ്പോ, എനിക്കു തോന്നി എന്തോ വിഷമമുണ്ടെന്ന്. പല തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലല്ലോ! ഞാനിന്നലെ അച്ഛൻ്റെ അസ്ഥി തറയിൽ വിളക്കു വച്ച്, പ്രാർത്ഥിച്ചു. എന്തായാലും വന്നല്ലോ… “, ആ കണ്ണുകൾ നിറഞ്ഞിരുന്നു.

” വരാതിരിക്കാൻ നിൻ്റെ ചേട്ടന് പറ്റുമോ?” അതു പറഞ്ഞത് അയാളുടെ ഭാര്യയായിരുന്നു. അയാൾ ഭാര്യയെ അദ്ഭുതത്തോടെ നോക്കി.

ചേട്ടന് പരിഭവമൊന്നുമില്ല മോളേ, എന്ന് പറയണമെന്ന് ആഗ്രഹിച്ചെങ്കിലും, നാവ് പൊന്തിയില്ല.

“വാ ചേട്ടാ, എൻ്റെ സുന്ദരി മോളെ കാണണ്ടേ?” അയാളുടെ കൈകൾ പിടിച്ചു കൊണ്ട് വധു ഒരുങ്ങുന്ന മുറിയിലേക്ക് പോകുമ്പോൾ, മാവിൻ ചില്ലയിലെ കിളിക്കൂട്ടിലെ  മുട്ട കാണിക്കാൻ പണ്ടവൾ കൈ പിടിച്ചു വലിച്ചു കൊണ്ടു പോയതും, വൈക്കോൽ വച്ച് പഴുപ്പിച്ച മാമ്പഴം അനിയനു നൽകാതെ തനിക്കു തന്നിരുന്നതും, ജോലി കിട്ടിയപ്പോൾ താനാദ്യം വാങ്ങി കൊടുത്ത ഹീറോ പെൻ ഒരു നിധിപോലെ സൂക്ഷിച്ച്, ഒടുവിൽ കല്ല്യാണം കഴിഞ്ഞു വീടു വിട്ടിറങ്ങുമ്പോൾ കൂടെയവൾ കൊണ്ടു പോയതും, എല്ലാം അയാൾ  ഓർത്തു പോയി.

അവളെ പോലെ തന്നെ സുന്ദരിയായിരിക്കുന്നു, മകൾ. തനിക്കില്ലാതെ പോയ പുത്രീ ഭാഗ്യം അവൾക്കുണ്ടായപ്പോൾ ഏറെ സന്തോഷിച്ചവനാണ് താൻ, എന്നിട്ടും ഒരു നിമിഷം തെറ്റിദ്ധാരണയുടെ അന്ധത തന്നെ പിടികൂടിയല്ലോ! ഇന്നിവിടെ വന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷെ പിന്നീട് ഒരിക്കലും തന്നോടു തന്നെ തനിക്ക് പൊറുക്കാൻ കഴിയുമായിരുന്നില്ല. ജയവും തോൽവിയുമെല്ലാം സ്വമനസ്സിൻ്റെ കല്പിതങ്ങളാണെന്ന് തെല്ലൊന്ന് വിസ്മരിച്ചു പോയി.

” എല്ലാ മംഗളങ്ങളും ഉണ്ടാവട്ടെ “, അയാൾ മനസ്സു നിറഞ്ഞനുഗ്രഹിച്ചു.

വിവാഹം  കഴിഞ്ഞ്, വളരെ സന്തോഷത്തിൽ ഭാര്യയുമൊത്ത് അയാൾ തിരിച്ചു വീട്ടിലെത്തി. ഫോൺ ബെല്ലടിക്കുന്നു.

“ഹലോ…”

അങ്ങേ തലത്തിൽ: “സർ ഇന്ന് നാലു മണിക്കാണ് വണ്ടി. യാത്ര കൺഫേമല്ലേ?”

” എൻ്റെ തീർത്ഥയാത്ര കഴിഞ്ഞു. പുണ്യദർശനവും, ജ്ഞാന ലബ്ദിയും, മനശ്ശാന്തിയും ഫലം! ഇനിയൊരു യാത്ര അടുത്തെങ്ങുമില്ല.”

“സാർ വ്യക്തമായില്ല…”

” ഒന്നുമില്ല, യാത്ര കാൻസൽ ചെയ്തോളൂ”

അയാൾ ഫോൺ വയ്ച്ചിട്ട്, മനസ്സമാധാനത്തിൻ്റെ ദീർഘനിശ്വാസത്തോടെ ചാരുകസേരയിൽ ചാരി കിടന്നു. അയാളുടെ കണ്ണുകൾ നല്ല മയക്കത്തെ തേടിപ്പോയി.

Comments

comments

Share.
Gallery