തെറ്റ് – Indu VK

Google+ Pinterest LinkedIn Tumblr +
5
  

Author      : Indu V.K.
Company : IBS Software Services Pvt. Ltd.

തെറ്റ്

താതനാം സൂര്യൻ്റെ വാത്സല്ല്യച്ചൂടേറ്റും
ഭൂമിയാം അമ്മതൻ ആർദ്ര വാത്സല്യമേറ്റും
ഉറങ്ങുകയായിരുന്നു ഞാൻ
ബാഹ്യലോക കോലാഹലമൊന്നുമറിയാതെ.

ഉറങ്ങുമെൻ കാതുകളിലമ്മ മന്ത്രിച്ചു,
ഉറക്കമുണരൂ നീയെൻ തങ്കക്കനിയേ,
കാണേണ്ടേ നിനക്കീ സുന്ദരമാം ലോകം,
കേൾക്കേണ്ടേ നിനക്കീ കിളികൾ തൻ കൊഞ്ചലുകൾ.

ഓർക്കു നീ മകളെ നിന്നെ കാത്തിരിക്കുമീ ഭൂമിയിൽ,
പിശാചുക്കളുമുണ്ട്, ചോര കുടിക്കുന്നവർ,
രാത്രി തൻ ഇരുട്ടിനെ കൂട്ടു കൂടിയവർ,
പൂന്തേൻ കുടിക്കുവാൻ ആർത്തി പൂണ്ടവർ.

ഇരുട്ടിൻ്റെ വേളയിൽ നീ കണ്ണടച്ചീടുക,
എന്നോട്ടു ചേർന്ന് ഉറക്കത്തിലാഴുക.
എന്നിൽ നിന്നു നിന്നെ പറിച്ചു കൊണ്ടോവാൻ
പാർത്തിരിക്കുന്നുണ്ട് നിശാചരർ പലരിവർ.

പാതി ഭയത്താലും പാതി ആശങ്കയാലു-
മെൻ കൺകൾ ഞാൻ മെല്ലെ തുറക്കെ,
വാരിപ്പുണർന്നൊരെൻ അച്ഛനെ കണ്ടു ഞാൻ
ഇക്കിളി കൂട്ടുന്ന സോദരൻ തെന്നലിനേയും.

അമ്മ തൻ മടിത്തട്ടിൽ വളർന്നു തുടങ്ങി ഞാൻ,
മൊട്ടിട്ടെന്നിൽ ഒരായിരം മോഹപുഷ്പങ്ങളും.
ഇനിയും വളരണം, മുൻഗാമികൾ പോയ വഴികൾ നടക്കണം,
അച്ഛനുമമ്മയ്ക്കും തണലായ് മാറണം.

കുളിരുന്നൊരാ രാവിൽ നിശാഗന്ധി തൻ വാക്കുകളിൽ ,
മിന്നുന്ന മിന്നാമിനുങ്ങിനെ
കാണുവാൻ തോന്നിയതെന്തിനാണോ?
ഈ കാമഭ്രാന്തരാൽ ചവിട്ടിയരക്കുവാനോ?

അമ്മയിൽ നിന്നെന്നെ പറിച്ചെടുത്ത്
കാമവെറിയാൽ പിച്ചിച്ചീന്തുമ്പോളവർ,
വിളിച്ചു പലകുറി അഭിസാരികയെന്ന്
അവർ നടപ്പാക്കുവതെന്നുടെ ശിക്ഷയെന്ന്.

ചവച്ചെറിഞ്ഞൊരെന്നുടലിൽ ഇത്തിരി
ജീവനവശേഷിപ്പിച്ചവർ യാത്രയായി.
മരണക്കുപ്പായമണിയുമ്മുമ്പേ ശങ്കിച്ചു ഞാൻ,
പെൺപൂവായ് പിറന്നതോയെൻ്റെ തെറ്റ്?

Comments

comments

Share.
Gallery