മഴക്കടവ് – Sajeeth Sathyan

Google+ Pinterest LinkedIn Tumblr +

Author :   Sajeeth Sathyan

Company :  Allianz Cornhill

Email :  sajeethsathyan@gmail.com

മഴക്കടവ്

“നല്ല മഴ വരണൊണ്ട് സീതേ, ഇന്ന് നേരത്തെ തോണി അടുപ്പിച്ചേര്”.
മണിയന്‍ മാഷ് കുട നിവര്‍ത്തിപ്പിടിച്ചു. സീത തുഴ വീശിയെറിഞ്ഞു.
“എപ്പളാ നിന്‍റെ കല്യാണം”. മാഷ് ചോദിച്ചു.
സീത ചിരിച്ചു.
“ഒന്നും ആയിട്ടില്ല മാഷെ. കഴിഞ്ഞീസം ഒരു കൂട്ടര്‍ വന്നിരുന്നു. പതിനഞ്ചു പവനില്‍ കച്ചോടം ഉറപ്പിച്ചു. വയറു നിറയെ മീഞ്ചാറും കൂട്ടി ചോറും കഴിച്ചു പോയ പോക്കാ”.
“ന്നിട്ട്”. മാഷ് നെറ്റി ചുളിച്ചു.
സീത ചവച്ചു കൊണ്ടിരുന്ന മുറുക്കാന്‍ വെള്ളത്തിലേക്ക്‌ നീട്ടിത്തുപ്പി.
“ന്നിട്ടെന്താ ഒരനക്കവും ഇല്ല”. സീത പറഞ്ഞു.
“കഷ്ട്ടായല്ലോ”. മാഷ് സങ്കടപ്പെട്ടു.
“എന്ത് കഷ്ട്ടം? ഇതൊക്കെ ആ തരവന്‍ പണിക്കരുടെ ഓരോ സൂത്രങ്ങളല്ലെ മാഷേ. ആഴ്ചയിലാഴ്ചയില് ഓരോ കൊന്തന്മാരേം കൊണ്ട് വരും. നിറയെ തിന്നും. പത്തും അമ്പതും വാങ്ങി, അറിയിക്കാം എന്നുംപറഞ്ഞു പോകും. ഇതും അത് പോലെ കരുതിയാ മതി”.
സീത വളരെ ലളിതമായി സംസാരിച്ചു നിര്‍ത്തി. മണിയന്‍ മാഷ് ദീഘമായി ഒന്ന് നിശ്വസിച്ചു.
” മാഷെ ഞാനൊന്ന് ചോയ്ക്കട്ടെ?”.
വഞ്ചിക്കു പിന്നില്‍ ഇരുന്ന പപ്പന്‍റെ വിളി കേട്ടു മാഷ് തിരിഞ്ഞു നോക്കി. പപ്പന്‍റെ മടിയില്‍  ഒരുകുല പഴവും കൈയ്യില്‍ ഒരു കോഴിയും ഉണ്ടായിരുന്നു.
“ന്താ” മാഷ് താടി ചൊറിഞ്ഞു.
” അല്ലാ , നിങ്ങള്‍ക്ക് രണ്ടു പെണ്‍കുട്ട്യോള് വീട്ടിലിരിപ്പില്ലെ കെട്ടിക്കാന്‍ പരുവത്തിന്. അതുങ്ങടെ കാര്യം കഴിഞ്ഞു പോരെ പുറംപണി?.
വഞ്ചിയില്‍ ഇരുന്നവര്‍ മുഴുവന്‍ ചിരിച്ചു. സീതയുടെ മുഖത്തും ചിരി പടര്‍ന്നു. മാഷിനു അത് അത്ര സുഖിച്ചില്ല.
“കൂടുതല് നീ വെയ്ക്കേണ്ട! ഇവളും എന്‍റെ മോളെ പോലെ തന്നാ. ദെണ്ണം ഉള്ളതുകൊണ്ട് തന്നാ ചോദിച്ചെ. അല്ലാ നെനക്കെന്താ ഇതിനകത്തിപ്പം ഇത്ര കണ്ടു ചൊറിയാന്‍?”
“ഉം! നാട്ടില് കൈയും മെയ്യും വളര്‍ന്ന പെണ്‍കുട്ട്യോളൊക്കെ മാഷിനു മക്കളാ”.
“ഫ്ഭ!” മണിയന്‍ മാഷ്‌ പപ്പനെ ഒന്നാട്ടി!

പപ്പന്‍റെ കയ്യില്‍ നിന്നും കോഴി കുന്തിച്ചു ചാടി. പപ്പന്‍ അതിനെ മുറുകെ പിടിച്ചു വച്ചു.
“ടാ പപ്പാ നീയീ കോഴീം പഴക്കൊലേം കൊണ്ട് പോണത് ഭഗവതി സേവക്കൊന്നും അല്ലാലോ? വെട്ടിക്കോട് വിലാസിനിയുടെ അടുത്തേക്കന്നല്ലേ?

കൂട്ടത്തിലുള്ളവരുടെ ചിരിയില്‍ പപ്പന്‍റെ  മുഖം വളിച്ചുപോയി.

കായലും പരിസരവും ഇരുണ്ടു തുടങ്ങിയിരുന്നു. കാര്‍മേഘം നിറഞ്ഞ മാനം, പെയ്യാന്‍ തുടുത്തു നില്ക്കയായിരുന്നു.  അന്തരീക്ഷം മനസ്സ് കുളിര്‍പ്പിക്കുന്ന ഒരുതരം ഭീകരത സൃഷ്ട്ടിച്ചു.  സീത ആഞ്ഞു തുഴയാന്‍തുടങ്ങി.  വഞ്ചിയിലുണ്ടായിരുന്ന മേസ്തിരിയും, കണാരന്‍ നായരും, ചാക്കോയുമെല്ലാം സൊറ പറഞ്ഞിരുന്നു. പപ്പനും, കോഴിയും, വാഴക്കുലയും നാടകത്തിനു സെറ്റിട്ടപോലെ സ്റ്റില്‍ ആയി ഇരിപ്പുണ്ടായിരുന്നു.സീതയുടെ കാതിനു പിറകില്‍ നിന്നും വിയര്‍പ്പു തുള്ളികള്‍  കഴുത്തിലേക്ക് ‌ഊ‍ര്‍ന്നിറങ്ങി.

സീതയുടെ തൊട്ടു മുന്നിലുണ്ടായിരുന്ന വിനയന്‍ എന്തോ എഴുത്തിലായിരുന്നു. അവന്‍റെ  കയ്യില്‍ ഒരു ചുവന്ന ബയന്‍ഡ് ഉള്ള ഡയറി ഉണ്ടായിരുന്നു-ഒരു ചെറിയ ഡയറി.

വര്‍ഷങ്ങളായി, സീതയുടെ വഞ്ചിയില്‍ വൈകുന്നേരങ്ങളില്‍ സ്ഥിരം മുഖങ്ങളാണ് ഇവരെല്ലാം.

“ഞാന്‍ കെട്ടാമെന്നു പറഞ്ഞപ്പോ നിനക്ക് വലിയ സൂക്കെടായിരുന്നല്ലോ? പപ്പന്‍ കമന്റടിച്ചു.

“പോടാ പോയി നിന്‍റെ  അമ്മയെ കെട്ടിക്കോ.”  സീത ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.
“നിന്നെ ആര് കെട്ടാനാടി? മുപ്പത്തിയൊന്നു വയസായി, മുണ്ടും ബ്ലൗസും ഇട്ട്, മുറുക്കിത്തുപ്പി.  ആര്‍ക്കെങ്കിലും തോന്നണ്ടേ?”.    പപ്പന്‍ വിടാന്‍ തയ്യാറല്ലായിരുന്നു.

“നിന്‍റെ ഉപദേശം ചോദിച്ചോടാ പപ്പാ  ഞാന്‍?  ന്നെ കെട്ടണ൦ന്നു തോന്നുന്നവന്‍ എന്നെങ്കിലും എന്‍റെ  മുന്നില്‍ വരും. അന്ന് ഞാന്‍ ‍കെട്ടും”.

“ഉം നടന്നതു തന്നെ!  നീയിങ്ങനെ അക്കരെയിക്കരെ ട്രിപ്പടിച്ചു നടക്കുന്നത് തന്നെ മിച്ചം.  എന്താ പ്രയോജനം?”.

“ഞാനിങ്ങനെ ട്രിപ്പടിക്കുന്നോണ്ട്  ന്‍റെ  കുടുംബം കഴിയണൊണ്ട്, നെനക്ക് വെട്ടിക്കോട് വിലാസിനിടെ അടുത്തും പോകാം.”

മണിയന്‍ മാഷ്‌ ഉച്ചത്തില്‍ ചിരിച്ചു. പപ്പന് അത് അത്ര സുഖിച്ചില്ല.
“ഇങ്ങേരെ ആരാ മാഷെന്ന് വിളിക്കുന്നതെന്നാ എനിക്ക് മനസിലാവാത്തത്…”

“നിനക്കറിയില്ല കാരണം മാഷ്‌ ആരാന്നറിയണേല്‍ ഉസ്കൂളിന്‍റെ  ബോര്‍ഡെങ്കിലും കാണണം.”  മാഷ്‌ തിരിച്ചടിച്ചു.

“നിങ്ങളെന്നാ മാഷായെ? പിള്ളേരെ പഠിപ്പിക്കണോരല്ലേ മാഷന്മാര്? നിങ്ങളാരെയാ പഠിപ്പിച്ചെ?  ഉച്ചകഞ്ഞി ഉണ്ടാക്കണടത്ത് തീ നീക്കാന്‍ പോയോനാ ഇന്ന് മാഷ്‌!”
പപ്പ‍ന്‍റെ  ശബ്ദം ഉച്ചത്തിലായി.  മണിയന്‍ മാഷ്‌ പിന്നെ മിണ്ടിയില്ല.

പപ്പന്‍ കുറച്ചു നേരം നിശബ്ദനായി.
അന്തരീക്ഷത്തിലെ കറുപ്പ് കൂടിക്കൂടി വന്നു.

“ന്‍റെ  സീതേ.  നിനക്കല്ലേ  ഓരോ ഊമക്കത്ത് വന്നോണ്ടിരുന്നത്?  നെനക്ക് വല്ല കല്യാണാലോചനയും വന്നാല് ഉടന്‍ വരും ഒരു ഊമക്കത്ത്. അവന്‍ ആളുശരിയല്ല,  കള്ളുകുടിക്കും ന്ന് പറഞ്ഞ്, എന്നിട്ട് നീ ആളെക്കണ്ടുപിടിച്ചോ?”.   പപ്പന്‍ ചോദിച്ചു.

പപ്പന്‍റെ  ചോദ്യം സീതയുടെ മുഖത്ത് ചിരി വിടര്‍ത്തി. അവള്‍ അതു കാര്യമാക്കാതെ തുഴയുകയായിരുന്നു.

പപ്പന്‍റെ ചോദ്യം ശരിക്കും താന്‍ തന്നെ പല പ്രാവശ്യം അലോചിച്ചതാണ്. ആരാണ് അങ്ങിനെ ഒരു ഊമക്കത്ത് അയക്കുന്നത്?  അതും ചെക്കന്‍റെ  ദൂഷ്യ സ്വഭാവത്തെപ്പറ്റി.  ഉദ്ദേശം ഇത്രയെ ഉള്ളു. താന്‍ കല്യാണംകഴിക്കരുത്!

“ടാ പപ്പാ ഇനി നീയെങ്ങാനും ആണോ?”

മണിയന്‍ മാഷ്‌ അവസരം പാഴാക്കിയില്ല.

“അതെ! നിങ്ങളല്ലേ എനിക്ക് പെനേം പേപ്പറും വാങ്ങിത്തന്നത്!  ഒന്നുപോ കഞ്ഞി മാഷേ! എന്‍റെ  സംശയം വയസ്കാലത്ത് നിങ്ങള്‍ക്ക് തോന്നണ ഞരമ്പുരോഗം ആണോന്നാ!”  പപ്പന്‍ തിരിച്ചടിച്ചു.

സീതയുടെ മുഖം ഒരുതരം നിര്‍വികാരത കൊണ്ട് നിറഞ്ഞു.   വഞ്ചി ഒരു തുരുത്തില്‍ എത്തി.  പപ്പന് ഇറങ്ങേണ്ട സ്ഥലമായിരുന്നു അത്.  തുരുത്തിനപ്പുറത്താണ് വെട്ടിക്കോട് വിലാസിനിയുടെ വീട്.  വിലാസിനിക്ക്ഭര്‍ത്താവില്ല!  രണ്ടുമക്കളുണ്ട്.  അവര്‍ക്ക് ചെല്ലും ചെലവും കൊടുക്കുന്നത് പപ്പനാണ്.

പപ്പന്‍ വഞ്ചിയില്‍ നിന്ന്‍ ഇറങ്ങിയതും മണിയന്‍ മാഷ് കാറി തുപ്പി.

സീത വഞ്ചി വീണ്ടും തിരിച്ച് തുഴയാന്‍ തുടങ്ങി. അപ്പോള്‍ പിറകില്‍ നിന്നും ഒരു വിളി കേട്ടു.  സീത തിരിഞ്ഞു നോക്കി, തരവന്‍  പണിക്കര്‍!.

“സീതേ.. ഞാന്‍ നിന്‍റെ  വീട്ടിലോട്ട് വരികയായിരുന്നു. ഇനിയിപ്പം വേണ്ടാലോ”

എന്താ പണിക്കരെ കാര്യം? വല്ല പുതിയ ആലോചനയുമാണോ?”.  സീത ചോദിച്ചു.

“ഏയ് അല്ല ! കഴിഞ്ഞാഴ്ച വന്നു കണ്ട ആ പയ്യനില്ലേ? ആ  ഉസ്കൂള്‍ പിയൂണ്‍.  ഓന് നെന്നെ ഇഷ്ടായി. അടുത്താഴ്ച്ച ഒറപ്പീരിനു വരാനിരിക്ക അവര്.  നാളെ അവന്‍റെ അമ്മാവന്‍ വരണ്ണ്ട് നെന്‍റെ  വീട്ടിലേക്ക്.”പണിക്കര്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

സീത മറുപടി പറഞ്ഞില്ലെങ്കിലും എന്തോ ഒരു പ്രതീക്ഷയുടെ ലാഞ്ചന അവളുടെ ഉള്ളില്‍ ഒന്നാടിയുലഞ്ഞു.

“ഉം.. അപ്പൊ ഉടനെ ഒരു ഊമക്കത്ത് പ്രതീക്ഷിക്കാം അല്ലേ സീതേ? ”

മണിയന്‍ മാഷ്‌ കളിയാക്കി.
“ഒന്നുപോ മാഷേ… ഇതൊക്കെ എത്ര കണ്ടതാ”.  സീത വഞ്ചി തുഴഞ്ഞു കൊണ്ട് പറഞ്ഞു.

“ഇനിയെന്താ പ്രശ്നം. എല്ലാം ശരിയായില്ലേ”.

“എന്ത് ശരി. എന്നെ കണ്ട് ഇഷ്ടപെടും, വീട്ടുകാര് വന്നു കണ്ട് കുടുംബം പോരാന്ന്‍ പറഞ്ഞ് പോകും. ഇതെത്ര കണ്ടതാ.”

“ഏയ് ഇത് അങ്ങനെയൊന്നുമല്ല.  ഇത് നടക്കും. എന്‍റെ മനസ് പറയണതതാ!” മണിയന്‍ മാഷ് ഉറപ്പിച്ചു പറഞ്ഞു.

കടവ് അടുത്തപ്പോഴേക്കും അന്തരീക്ഷം മൊത്തം ഇരുട്ട് പരന്നിരുന്നു. മഴ ചാറിത്തുടങ്ങി.

ദൂരെ നിന്നും കനത്ത മഴ ഇരച്ചു വരുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. എല്ലാവരും കടവിറങ്ങി. സീത വഞ്ചി കുറ്റിയില്‍ കെട്ടി. മൂലയില്‍ ഒതുക്കി വച്ചിരുന്ന പാത്രവും സഞ്ചിയും എടുത്തു. കടവ് വിജനം! ഇരുള്‍മൂടിക്കെട്ടിയ കൈതക്കാട് മാത്രം.

വഞ്ചിയില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങവേ അവളുടെ കണ്ണില്‍ അതുപെട്ടു- ഒരു ചുവന്ന ഡയറി!

വിനയന്‍ എഴുതികൊണ്ടിരുന്ന ആ ഡയറി!  അവള്‍ അത് മെല്ലെയെടുത്ത് താളുകള്‍ മറിച്ചു. ഒടുവിലത്തെ താളില്‍ ഇങ്ങനെ എഴുതിയിരുന്നു. ദേഹത്ത് വീഴുന്ന മഴത്തുള്ളികളെ ശ്രദ്ധിക്കാതെ അവള്‍ അത് വായിച്ചു.

“സീതക്ക്,
ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന്‍ പറഞ്ഞാല്‍ എത്രത്തോളം എന്നിലെ ഇഷ്ടം നിന്നെ അറിയിക്കാന്‍ കഴിയും എന്നെനിക്കറിയില്ല.  ഞാന്‍ ഒരു അദ്ധ്യാപകനാണ്, എന്നെ മനസിലാക്കാനും സ്നേഹിക്കുവാനുംനിനക്കാവുമെങ്കില്‍ നമുക്ക് ഈ കടവത്ത് നിന്‍റെ  വഞ്ചിയില്‍ വീണ്ടും കാണാം.  ഒരുമിച്ച് ഒരായിരം കാതം ഇതേ  വഞ്ചിയില്‍ ഒരേ തുഴ തുഴഞ്ഞു ഒരു കടവില്‍ നമുക്ക് തോണിയടുപ്പിക്കാം.
എന്ന്‍
വിനയന്‍!”

മഴ ശക്തി പ്രാപിച്ചിരുന്നു.
സീതയുടെ നിറഞ്ഞ കണ്ണുകളില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ മഴക്കൊപ്പം ഒലിച്ചുപോയി.

Comments

comments

Share.
Gallery