മുറ്റത്തെ നെല്ലി – Nisha Payyakkil

Google+ Pinterest LinkedIn Tumblr +
20
  

Author : Nisha Payyakkil

Company : Infosys

മുറ്റത്തെ നെല്ലി

 

“ഇന്നലത്തെ കാറ്റിൽ മുറ്റത്തെ നെല്ലി വീണു” – അമ്മ ഫോണിൽ പറഞ്ഞതു കേട്ട് എനിക്ക് വിശ്വാസം വന്നില്ല. ഒരു ചാച്ചിൽ പോലും ഇല്ലാതിരുന്ന ആ വലിയ മരം    എങ്ങനെ പെട്ടെന്നൊരുകാറ്റിൽ വീഴും?

“കുറേ പഴയ മരം അല്ലേ. അതിന്റെ കടക്കലെ മണ്ണൊക്കെ ഒലിച്ച് പോയിട്ടുണ്ടാവും”  അമ്മ   പറഞ്ഞതു  കേട്ട് എനിക്ക് ദേഷ്യം വന്നു. “എന്നാ പിന്നെ എന്താ അതു  നേരത്തേ തന്നെ നോക്കി എന്തെങ്കിലും  ചെയ്യാഞ്ഞേ? കഷ്ടായിപ്പോയി”

‘പാവം  നെല്ലി…മക്കളുടെ ശ്രദ്ധ വേണ്ടത്ര കിട്ടാത്തതു കൊണ്ട് നേരത്തെ  മരിച്ചു പോയ ഒരു മുത്തച്ഛനെ പോലെ…..’ – കുറച്ചു സമയം നെല്ലിയുടെ ഓർമ്മകളിൽ വേദനിക്കാൻ ഞാൻ ആഗ്രഹിച്ചു. (ഒരാൾ മരിക്കുമ്പോൾ എന്തു കൊണ്ടാണു നമ്മൾ അയാളുടെ ഓർമ്മകൾ വീണ്ടും വീണ്ടും തപ്പിയെടുത്ത് വേദനിക്കുന്നത്? മരണം സൃഷ്ടിക്കുന്ന അജ്ഞാതമായ അകൽച്ച ഓർമ്മകൾക്ക് നികത്താനാവും എന്ന് കരുതിയോ? അതോ നഷ്ടപ്രണയത്തിൽ എന്ന പോലെ,  വേദനിക്കുന്ന ആ ഓർമ്മകളിൽ, സുഖകരമായ എന്തോഒന്ന് ഉള്ളതു കൊണ്ടോ?)

റോഡരികിൽ ആണെങ്കിലും, ഗേറ്റിൽ നിന്ന് ഏകദേശം അമ്പതു മീറ്ററോളം അകത്തോട്ടാണ് ഞങ്ങളുടെ വീട്. ആ വഴിയുടെ നടുക്ക്, അരിക് ചേർന്നാണ് നെല്ലി നിന്നിരുന്നത്. വൈകുന്നേരം മൂന്ന് മുതൽ അഞ്ച് വരെ ആ നെല്ലിച്ചോട്ടിൽ കുട്ടികളുടെ ‘കലപില’യാണ് – സ്കൂൾ വിട്ട് പോകുന്ന വഴി നെല്ലിക്ക പെറുക്കാൻ വരുന്ന പിള്ളേരുടെ ബഹളം.

താഴെ വീണു  കിടക്കുന്ന നെല്ലിക്ക മുഴുവൻ പെറുക്കി കഴിയുമ്പോൾ, ചില കുറുമ്പന്മാർ (കുറുമ്പികളും) കല്ലെറിയാൻ തുടങ്ങും. ഈ കല്ലെറിയലിൽ, പോസ്റ്റിലെ ബൾബ് പൊട്ടൽ, തറവാട് വീടിന്റെ ഓട് പൊട്ടൽ തുടങ്ങി  ഒട്ടനവധി നഷ്ടങ്ങൾ ഉണ്ടാവാറുള്ളതു കൊണ്ട് ഞങ്ങളുടെ ഒരു കണ്ണ് എപ്പോഴും നെല്ലിച്ചോട്ടിൽ കാണും.

അമ്മക്കും പണിക്കാർക്കും ഒഴിവില്ലാത്ത സമയത്ത് പിള്ളേരെ ഓടിക്കേണ്ട കർത്തവ്യം എനിക്കാണ്. ഞാൻ ഒരു സ്യൂഡോ ഫ്യൂഡലിസ്റ്റിന്റെ കള്ളമുഖമണിഞ്ഞ് എന്റെ കുട്ടി ശബ്ദം ആവും വിധം പിച്ച് കൂട്ടി അലറി വിളിക്കും – “എറിയണ്ടാ… .പെറുക്ക്യാ മതീ…. ” എന്റെ ഏകദേശസമപ്രായക്കാരായ അവർ മിക്കവാറും എന്നെ നോക്കി കോക്രി കാണിക്കും.   പിന്നെ ചില പീക്കിരികൾ, ഭാഗ്യവശാൽ, പേടിച്ചോടും.

എങ്കിലും, വെറുതേ നോക്കിയിരിക്കാൻ കൊതിച്ചിരുന്ന, ഇപ്പോഴും കൊതിക്കുന്ന,  മറ്റ് മരങ്ങളോടെന്ന പോലെ തീവ്രം ആയിരുന്നില്ല നെല്ലി എന്ന മരത്തിനോടുള്ള അടുപ്പം. ഒരു പക്ഷേ മറ്റ് മരങ്ങളാൽ മറഞ്ഞിരുന്നതു കൊണ്ടോ, അതോ കായ്ഫലത്തിന്റെ മഹത്വം കൊണ്ടോ,  ചില പഴയ മുത്തശ്ശിമാരുടെ വ്യക്തിത്വം അവരുടെ കൈപ്പുണ്യം മാത്രമായി ചുരുങ്ങുന്നതു പോലെ, നെല്ലിയെന്നാൽ നെല്ലിക്ക തന്നെയായിരുന്നു എനിക്ക് – ആദ്യം കയ്പ്പും പിന്നെ മധുരവും തരുന്ന നല്ല നാടൻ മുതുനെല്ലിക്ക.

മരത്തിൽനിന്ന് പൊട്ടിച്ച വഴി,  കരാറുകാരൻ പറയിൽ അളന്നു ചൊരിയുന്ന നെല്ലിക്ക…..

വലിയ  ഭരണികളിൽ , നെല്ലിക്കയും ശർക്കരയും, കരിയാമ്പൂവും കൂടി അമ്മ ഇട്ട് വെക്കുന്ന നെല്ലിക്കാസവം…

പിന്നെ,  ഗോതമ്പ് കഞ്ഞി കുടിക്കുമ്പോൾ “ആ നെല്ലിക്കാക്കറി ഇശ്ശീം കൂടീ” ന്നു മനസ്സ് നിറഞ്ഞ് പറഞ്ഞിരുന്ന വല്യമ്മാമ…..

നെല്ലിക്ക കടിച്ചു നടന്നിരുന്ന ബാല്യത്തിന്റെ  പഴയ രുചി നാവിൽ ഊറിയപ്പോൾ, നെഞ്ചിൽ അപ്രതീക്ഷിതമായൊരു വിങ്ങൽ തോന്നി. കഴിഞ്ഞ തവണ നാട്ടിൽ നിന്നു കൊണ്ടുവന്ന നെല്ലിക്ക രണ്ടു ദിവസം മുമ്പ് എടുത്ത് കളഞ്ഞത് എത്ര ലളിതമായിട്ടായിരുന്നു.നാട്ടിൽ നിന്ന് കഴിക്കാൻ സമയം കിട്ടാതെ, ഇവിടെ ഫ്രിഡ്ജിൽ ഭദ്രമായി ദിവസങ്ങളോളം സൂക്ഷിച്ച്, ഒടുവിൽ മുഴുവനും നാശം വന്ന് ചവറ്റ്കുട്ടയിലേക്കിട്ടപ്പോൾ വിചാരിച്ചത് ഇങ്ങനെയായിരുന്നു – ‘സാരമില്ല, നെല്ലി അവിടെത്തന്നെയുണ്ടല്ലോ. അടുത്ത പ്രാവശ്യം കഴിക്കാം’

എന്തെങ്കിലും ഭാഗ്യത്തിന്,  ഒരെണ്ണമെങ്കിലും ബാക്കിയുണ്ടോഎന്നറിയാൻ ഞാൻ ഫ്രിഡ്ജ് മുഴുവൻ അരിച്ചു പെറുക്കി .

ഇല്ല, ഇതൊരു ഓർമ്മപ്പെടുത്തൽ ആണ്. ‘ചില അശ്രദ്ധകൾ ഒരിക്കലും പൊറുക്കപ്പെടില്ല’ എന്നതിന്റെ. Some negligence’s would never be forgiven.

കഴിക്കാൻ വിട്ടു പോയ ആ നെല്ലിക്ക, നെല്ലിയെക്കുറിച്ചുള്ള എന്റെ വേദന ഇരട്ടിപ്പിച്ചു. ജീവിതത്തിൽ ചിലതൊക്കെ, മനഃപൂർവം അല്ലെങ്കിൽ പോലുംഎത്ര നിസ്സാരമായാണ് നമ്മൾ മുഖവിലക്കെടുക്കുന്നത്. ഒരു രണ്ടാമൂഴം ബാക്കിയുണ്ടെന്ന അന്ധം (അതോ സൗകര്യപൂർവ്വമോ) ആയ വിശ്വാസങ്ങൾ..  ആ വിശ്വാസത്തിനുള്ള ശിക്ഷയെന്ന വണ്ണം  ഒരിക്കലും നികത്താനാവാത്ത ചില  നഷ്ടങ്ങൾ..

അടുത്ത തവണ നാട്ടിൽ ചെന്നപ്പോൾ ആദ്യം നോക്കിയത് നെല്ലി നിന്ന ഭാഗത്തേക്കാണ്. അമ്മ പറഞ്ഞതു പോലെ, മണ്ണൊലിച്ചു പോയതുകൊണ്ടല്ല – അതൊരു പ്രായാധിക്യം മൂലമുള്ള മരണം തന്നെയായിരുന്നു. കാറ്റിൽ പിടിച്ചു നിൽക്കാനാവാതെ വീണെങ്കിലും ഒരു വലിയ കട അവിടെ ബാക്കി നില്പുണ്ടായിരുന്നു.

ആളൊഴിഞ്ഞ, നെല്ലിക്കയൊഴിഞ്ഞ, നെല്ലിച്ചോടിലേക്ക് നടക്കവേ കുറ്റബോധം കൊണ്ട് എന്റെ മനസ്സ്  നീറി.  എന്നാൽ,അടുത്ത് ചെന്നപ്പോൾ, വീണ്ടും ഒരു അവസരം വെച്ചു നീട്ടുന്ന ജീവിതത്തിന്റെ കാരുണ്യം ഞാൻ കണ്ടു – അതിന്റെ ബാക്കി നില്ക്കുന്ന കടയിൽനിന്നും ഒരു പുതിയ നെല്ലിച്ചെടി.

“എത്ര കാലമെടുക്കും ഇത് കായ്ക്കാൻ?” ഒരു രണ്ടാമൂഴത്തിനുള്ള സാധ്യത അളന്നുകൊണ്ട് ഞാൻ ചോദിച്ചു.

“പഴേ മരത്തിൽ നിന്നായോണ്ട് ചിലപ്പോ പെട്ടെന്ന് കായ്ക്കും. മ്മക്കൊന്നും പറയാൻ പറ്റില്ല” – പണിക്കാരാരോ പറഞ്ഞു.

അതെ, നമുക്കൊന്നും പറയാൻ പറ്റില്ല…വീണ്ടും ആ തിരിച്ചറിവിന്റെ ഓർമ്മപ്പെടുത്തൽ.. മരമായാലും,മനുഷ്യനായാലും ഒരു നാൾ പെട്ടെന്നു വീഴും – അത് ഈ ഞാനായാലും..

അടുത്ത നിമിഷം,  ദൈവസ്പർശമേറ്റിട്ടെന്ന പോലെ നെല്ലിച്ചെടി കാറ്റത്തൊന്നാടി. മനസ്സിന് അനുഗൃഹീതമായൊരു നിറവ് ..

വേണ്ടതു മറ്റൊരു തിരിച്ചറിവു കൂടിയാണ് –  ഈ കൊച്ചു കൊച്ചു അത്ഭുതങ്ങൾ യാദൃശ്ച്ചികം എന്ന് പറഞ്ഞ് തള്ളിക്കളയാനുള്ളവയല്ല..ശുഭാപ്തി വിശ്വാസത്തോടെ നോക്കിക്കാണേണ്ടവ… മുന്നോട്ടുള്ള ജീവിതത്തിൽ കൂടെ കൂട്ടേണ്ടവ..പിന്നെ,  ജീവന്റെ അനന്തമായ സാധ്യതകളെ ഓർമ്മിപ്പിക്കേണ്ടവ.

Comments

comments

Share.
Gallery