റെസ്റ് ഇൻ പീസ് – ഹരീഷ് മോഹൻ

Google+ Pinterest LinkedIn Tumblr +
35
  

Author : ഹരീഷ് മോഹൻ

Company : Performatix

റെസ്റ് ഇൻ പീസ്

കുട്ടിക്കാനത്തെ കുന്നിൻചെരിവിലുള്ള ആ കൊച്ചു വീട് തേടി അവിടേക്ക് ആദ്യമായി വഴി ചോദിച്ചു വന്നത് അവരായിരുന്നു – ശിവനും, ഹരിയും. അതും ആംബുലൻസിൽ. ഹൈറേഞ്ചിലെ തണിപ്പിനോട് പിടിച്ചു നില്കാനായി അടിച്ച റമ്മിന്റെ സുഖം അപ്പോഴും വിട്ടുമാറിയിരുന്നില്ല. ‘ആർമി വില്ല’ എന്ന വിചിത്രമായ പേരുള്ള ആ വീടിന്റെ ഗേറ്റ് കടന്ന് അവർ ആംബുലൻസ് നിർത്തി. അവർ എന്തിനാണ് വന്നത് എന്ന് മനസ്സിലായ പോലെ കൂട്ടിൽ കിടന്ന ഡോബർമാൻ ഇനത്തിൽപ്പെട്ട നായ നിർത്താതെ കുരയ്ക്കുന്നുണ്ടായിരുന്നു. വീടിനു മുന്നിൽ കൂടിനിന്ന പതിനഞ്ചോളം പേരുടെ ഇടയിലൂടെ അവർ വീടിനകത്തേക്ക് പോയി. കേണൽ കൃഷ്ണൻ നമ്പ്യാർക്ക് ആ നാട്ടിൽ ആകെയുണ്ടായിരുന്ന പരിചയക്കാർ എല്ലാവരും അവിടെ എത്തിയിരുന്നു. അകത്തെ വെളുത്ത മാർബിൾ തറയിൽ, കത്തിച്ചു വച്ച വിളക്കിന് മുന്നിൽ, കൊതിപ്പിക്കുന്ന ശാന്തതയോടെ കേണൽ നമ്പ്യാർ കണ്ണടച്ചു കിടക്കുകയായിരുന്നു. സ്ത്രീകളുടെ അഭാവം കാരണം മറ്റൊരു മരണവീടിനും അവകാശപ്പെടാനാകാത്ത ഒരു നിശബ്ദത അവിടെ തങ്ങി നിന്നിരുന്നു . കാര്യസ്‌ഥാനായ ശങ്കരൻകുട്ടിയോട് കാര്യങ്ങൾ തിരക്കിയ ശേഷം അവർ പുറത്തേക്ക് പോയി വണ്ടിയിൽ നിന്നും സ്‌ട്രെച്ചർ എടുത്തുകൊണ്ടു വന്നു. അൽപ സമയത്തിനകം അവരുടെ കൈകളിലേറി കേണൽ പുറത്തേക്ക് വന്നു. ആരുടെയും മുഖത്തു ഒരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. നായ മാത്രം അപ്പോഴും നിർത്താതെ കുരച്ചുകൊണ്ടിരുന്നു. ആംബുലൻസിൽ കേറാൻ ശ്രമിച്ച ശങ്കരൻകുട്ടിയെ അവർ തടഞ്ഞു. വണ്ടിയിൽ ബോഡിയല്ലാതെ മറ്റാരെയും കയറ്റരുതെന്ന് കർശന നിർദ്ദേശമുണ്ടെന്നു അവർ ഒരു കള്ളം പറഞ്ഞു. ശുദ്ധഗതിക്കാരനായ ശങ്കരൻകുട്ടി അതു വിശ്വസിച്ചു. താൻ ബസിൽ അങ്ങു എത്തിക്കൊള്ളാം എന്നു പറഞ്ഞു അവരെ യാത്രയാക്കി

കേണൽ നമ്പ്യാർ ചെറുപ്പം മുതൽ തന്നെ ഒരു കർക്കശക്കാരനായിരുന്നു. തനിക്ക് ശരിയെന്നു തോന്നിയത് മാത്രം ചെയ്തു. ആരെയും വകവച്ചില്ല. അയാളുടെ കൂടെ പൊരുത്തപ്പെടാൻ ഒരാൾക്ക് മാത്രമേ സാധിക്കുമായിരുന്നുള്ളൂ – സഹധര്മിണിയായിരുന്ന കലാവതി ടീച്ചർക്ക് . അവർ തന്റെ ക്‌ളാസിലെ കുട്ടികളെപ്പോലെ അയാളെയും സഹിച്ചു. കേണലിന്റെ ഷഷ്ടിപൂർത്തിയുടെ അടുത്ത നാൾ, അയാളെ തനിച്ചാക്കി ടീച്ചർ യാത്രയായി. അമേരിക്കയിൽ ആയിരുന്ന ഏകമകൻ ദീപക്കിന് വിസയുടെ പ്രശ്നം കാരണം അമ്മയുടെ മരണത്തിനു പോലും വരാൻ കഴിഞ്ഞില്ല. ഒറ്റക്കായതോടെ, ദീപക്കിനോട് നാട്ടിലേക്ക് മടങ്ങി വരാൻ അയാൾ നിർബന്ധിച്ചു. പക്ഷെ അങ്ങനെ പെട്ടെന്ന് വരാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല ദീപക്. അവൻ അച്ഛനെ അമേരിക്കയിലേക്ക് ചെല്ലാൻ നിർബന്ധിച്ചു. മകൻ വരാത്തതിൽ പ്രതിഷേധിച്ചു, കേണൽ കുടുംബവീടും സ്ഥലവും വിറ്റു. കിട്ടിയ പൈസ കൊണ്ട് കുട്ടിക്കാനത്തെ ഈ വീടും പറമ്പും മേടിച്ചു, കാര്യസ്ഥൻ ശങ്കരന്കുട്ടിക്കൊപ്പം താമസമായി. താൻ മരിച്ചാൽ പോലും വന്നു പോകരുതെന്ന് മകനെ വിലക്കി.

റിട്ടയർമെന്റ് ജീവിതത്തിലെ ഏകാന്തത മാറ്റാൻ കേണൽ കൃഷിയിലേക്കും, ആത്മീയതയിലേക്കും , ജ്യോതിഷത്തിലേക്കുമൊക്കെ തിരിഞ്ഞു. ജ്യോതിഷത്തിലാണ്  കേണലിന്  പ്രതേക താല്പര്യം തോന്നിയത്. അങ്ങനെ കുടമാളൂർ ശർമ്മാജിയുടെ അടുത്ത് ചെന്ന് ജ്യോതിഷം പഠിച്ചു. പഠനം പൂർത്തിയാക്കിയ കേണൽ ആദ്യം ഗണിച്ചു നോക്കിയത്  സ്വന്തം മരണമായിരുന്നു. തനിക്ക് ഏതാണ്ട് ഒരു വർഷം കൂടി മാത്രമേ ആയുസുള്ളൂ എന്നറിഞ്ഞു അയാൾ വീണ്ടും വീണ്ടും ഗണിച്ചു നോക്കി. എന്നാൽ ഓരോ തവണയും കണക്കുകൾ ഏറെക്കുറെ ശരിയായിരുന്നു. കേണൽ ശർമ്മാജിയോട്  കാര്യം പറഞ്ഞു. സ്വന്തം മരണദിവസം സ്വയം ഗണിച്ചു നോക്കുന്നത് ജ്യോതിഷ പ്രമാണങ്ങൾക്ക് എതിരാണെന്ന് പറഞ്ഞു ഗുരു ശിഷ്യനെ വിലക്കി. പക്ഷെ കേണൽ തന്റെ ഗണനം വിശ്വസിച്ചിരുന്നു. അന്ന് മുതൽ മരണം വരെ ചെയ്യാനുള്ള കാര്യങ്ങളുടെ ഒരു പട്ടിക കേണൽ തയ്യാറാക്കി. മാറ്റി വച്ച യാത്രകൾക്കും , ബാക്കി വച്ച ആഗ്രഹങ്ങൾക്കും ഒപ്പം പ്രധാനമായി പ്ലാൻ ചെയ്യേണ്ട ഒന്നായിരുന്നു കേണലിനു തന്റെ ശവസംസ്‌കാരം. ജ്യോതിഷ വിധി പ്രകാരം, മരണ ശേഷം ആത്മാവിനു ശാന്തി ലഭിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ കേണൽ മുൻകൂട്ടി ആസൂത്രണം ചെയ്തു.

ആയിടയ്ക്കാണ് തിരുവില്വാമല ക്ഷേത്രത്തിനടുത്തു , ഭാരതപുഴയുടെ തീരത്തുള്ള ശാന്തികവാടം എന്ന ഹിന്ദു ശ്മശാനത്തെ കുറിച്ചും അതിന്റെ മാഹാത്മ്യത്തെ കുറിച്ചും കേണൽ കേട്ടത്. ശാന്തികവാടം നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഹിന്ദു ശ്മശാനമാണ് . മരണശേഷം അവിടെ സംസ്കരിച്ചാൽ ആത്മാവിനു മോക്ഷം ലഭിക്കും എന്നു കാലാകാലങ്ങളായി ഹിന്ദുക്കൾ വിശ്വസിച്ചു പോന്നു. ഇടയ്ക്കു വച്ചു വിസ്മ്രിതിയിലാണ്ടുപോയ ആ പ്രദേശം വീണ്ടും പ്രസിദ്ധിയാർജ്ജിച്ചതു തമിഴകത്തെ ഒരു സൂപ്പർ സ്റ്റാറിന്റെ മൃതദേഹം അവിടെ സംസ്കരിച്ചതോടെയാണ്. അന്ന് ആരാധകരും പത്രക്കാരും ഉൾപ്പടെ നാളിതു വരെ അവിടുത്തെ നാട്ടുകാർ കണ്ടിട്ടില്ലാത്ത ഒരു വൻ ജനാവലി അവിടേക്ക് ഒഴുകി. അന്നത്തെ ന്യൂസ് കവറേജ്  മുതലാക്കി പിന്നീട് ജ്യോത്സ്യന്മാർ ഭക്തരോട് സ്ഥിരമായി ശാന്തികവാടം ശുപാർശ ചെയ്തു തുടങ്ങി. അങ്ങനെ ദിനം പ്രതി നൂറു കണ്ടക്കിനു ശവങ്ങൾ അവിടേക്ക് വരുന്നത് പതിവായി .

ശാന്തികവാടത്തിൽ ശവസംസ്ക്കാരം നടത്താൻ വരുന്നവർക്ക് എല്ലാ ഏർപ്പാടുകളും ചെയ്തു കൊടുത്തിരുന്ന ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു – വിശ്വനാഥൻ. അവിടം പ്രസിദ്ധയമായതോടെ മുപ്പതോളം ജീവനക്കാരുള്ള ഒരു പ്രസ്ഥാനമായി അയാൾ വളർന്നു. ആംബുലൻസ് മുതൽ , മരണാന്തര ക്രിയകൾ വരെ എല്ലാം ഒരു കുടക്കീഴിൽ ഒരുക്കുന്ന ഒരു സംവിധാനമായിരുന്നു റെസ്റ് ഇൻ പീസ് എന്ന പേരിൽ വിശ്വനാഥൻ നടത്തിയിരുന്ന ആ സ്ഥാപനം. വിശ്വനാഥന് മരണത്തിന്റെ മണമായിരുന്നു. ലോകത്തു ഏറ്റവും കൂടുതൽ ശവങ്ങൾ സംസ്കരിച്ചതിന്റെ ഗിന്നസ് റെക്കോർഡ് അയാളുടെ പേരിലായിരുന്നു. അയാളുടെ റിങ് ടോൺ പോലും മരണമണിയുടെ ശബ്ദമായിരുന്നു, മുഖത്തു എന്തെന്നില്ലാത്ത നിർവികാരതയും. ശാന്തികവാടത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ കൂടി വന്നപ്പോൾ, പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ, മരണാന്തര ക്രിയകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഒരു പരിപാടി അയാൾ  ആരംഭിച്ചു. മരണാനന്തര ക്രിയകളടക്കം, മരിച്ചു കഴിഞ്ഞു ചെയ്യണം എന്നാഗ്രഹിക്കുന്ന എന്തും മുൻകൂട്ടി പണമടച്ചു ബുക്ക്  ചെയ്യാം. വിശ്വനാഥന്റെ ഫോൺ നമ്പറിൽ ഒന്നു വിളിച്ചറിയിച്ചാൽ മാത്രം മതി – ആംബുലൻസ്‌ എത്തി  മൃതദേഹം കൊണ്ടു പോകും, എല്ലാ ചടങ്ങുകളും മുറ പോലെ നടക്കും. ഇതിനെക്കുറിച്ചു അറിഞ്ഞിട്ടാണ് കേണൽ, വിശ്വനാഥനെ കാണാൻ പുറപ്പെട്ടത്. മരണാനന്തരം നടത്തേണ്ട പൂജകൾ മുതൽ ശ്രാദ്ധത്തിനു നടത്തേണ്ട സദ്യ വരെ വിശദമായ ലിസ്റ് കൊടുത്തു പണവുമടച്ചിട്ടാണ് കേണൽ അവിടെ നിന്നും മടങ്ങിയത്

കേണലിനെയും കൊണ്ടു ശിവനും ഹരിയും മലയിറങ്ങി വരികയായിരുന്നു. നേരം വെളുത്തു വരുന്നതേയുള്ളു. തണുപ്പ് മാറ്റാനായി അവർ ഇടയ്ക്കിടെ റമ്മിന്റെ കുപ്പി വായിലേക്ക് കമഴ്‌ത്തിക്കൊ ണ്ടിരുന്നു . കേണൽ സ്വസ്ഥമായി പുറകിൽ കിടക്കുന്നുണ്ടായിരുന്നു. അവർ കേണലിനെപ്പറ്റി ചിന്തിച്ചതേയില്ല. എല്ലാ മലയാളികളെയും പോലെ, റമ്മിന്റെ പിടിത്തത്തിൽ അവർ രാഷ്രീയവും സിനിമയും ചര്ച്ച ചെയ്തുകൊണ്ടിരുന്നു. ഇടയ്ക്ക് റോഡരികിലെ ഒരു വെള്ളച്ചാട്ടം കണ്ട് അവിടെ വണ്ടി നിർത്തി. വെള്ളച്ചാട്ടത്തിൽ കുളിച്ചു, ബാക്കിയുണ്ടായിരുന്ന റമ്മും കാലിയാക്കി. ശവം കൊണ്ടുവരാൻ പോകുന്ന ഓരോ യാത്രയും അവർക്ക് വിനോദയാത്രകളായിരുന്നു. അതിനാൽ തന്നെ ജീവനുള്ള ആരെയും അവർ വണ്ടിയിൽ കയറ്റിയില്ല. വണ്ടിയിൽ ഉണ്ടായിരുന്നവർ ഒരിക്കലും തിരക്കു കൂട്ടിയുമില്ല.

വെള്ളച്ചാട്ടത്തിലെ കുളിക്കു ശേഷം അവർ കൂടുതൽ ഉഷാറായി. വണ്ടിയുടെ വേഗത കൂടി. ഹൈറേഞ്ചിലെ വളവുകളെപ്പോലും വകവയ്ക്കാതെ അവർ മുന്നോട്ടു നീങ്ങി. ചർച്ചകൾ സ്ത്രീകളെക്കുറിച്ചായി. അതോടെ ചർച്ചകളിലേക്കുള്ള ശ്രദ്ധ കൂടി, റോഡിലേക്ക് ഇടയ്ക്കൊക്കെ ഒന്നു നോക്കിയാലായി. എണ്പത്തിയാറു ഹെയർപിൻ വളവുകളുള്ളതിൽ , മുപ്പത്തിയഞ്ചാമത്തെ വളവിൽ വച്ചു എതിരെ വന്ന സൂപ്പർഫാസ്റ് വണ്ടി അവർ വൈകിയാണ് കണ്ടത്. അവസാന നിമിഷം സ്റ്റീയറിങ് വെട്ടിത്തിരിച്ച ശിവന് വണ്ടി തിരിച്ചു റോഡിലേക്ക് കയറ്റാൻ കഴിഞ്ഞില്ല. വലതു വശത്തെ താഴ്ചയിലേക്ക് ഒരു വെള്ളച്ചാട്ടം പോലെ ആ വണ്ടി കുതിച്ചു പാഞ്ഞു.

ഉൾവനത്തിലെ ആ ആൽമരത്തിന്റെ ഏറ്റവും താഴത്തെ ചില്ലയിൽ നിന്നും ആ ആംബുലൻസ് താഴേക്ക് പതിച്ചു . വീഴ്ചയുടെ ആഘാതത്തിൽ ശിവനും ഹരിയും നിലത്തേക്ക് വീണു. ശരീരത്തിലെ മുറിവുകൾ വേദനിപ്പിക്കുന്നുണ്ടായിരുന്നുവെങ്കിലും, കൊടും കൊക്കയിലേക്ക് വീഴ്ന്നിട്ടും മരിക്കാത്തതിലുള്ള ആശ്ചര്യവും സന്തോഷവും അവർക്ക് അടക്കാനായില്ല. അവർ പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു, പിന്നെ കെട്ടിപ്പിടിച്ചു ആഹ്ലാദം പങ്കു വച്ചു. തകർന്നു തരിപ്പണമായ ആ ആംബുലൻസിൽ പക്ഷെ കേണൽ നമ്പ്യാർ ഉണ്ടായിരുന്നില്ല !

വീഴ്‌ച്ചയുടെയും രക്ഷപ്പെടലിന്റെയും നടുക്കത്തിന് ശേഷം അവർ ആ കൊടുംകാട്ടിൽ കേണലിന്റെ ശരീരം തപ്പി നടന്നു. അതു കിട്ടാതെ ശാന്തികവാടത്തിലേക്ക് തിരികെ പോകുന്നത് അവർക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. വിശ്വനാഥന്റെ മുഖം ഓർത്തിട്ടു തന്നെ അവർക്ക് പേടിയായി നേരം പുലർന്നിട്ടും ആ ഉൾവനത്തിൽ ഇരുട്ടായിരുന്നു. ഒട്ടും പരിചിതമല്ലാത്ത പലവിധ ഒച്ചകൾ അവരെ ഭയപ്പെടുത്തികൊണ്ടിരുന്നു.

ആ തിരച്ചിലിനിടയിൽ അവർ വളരെ അവിചാരിതമായി ആ ഉൾവനത്തിൽ വച്ചു ഒരു മൂവർ സംഘത്തെ കണ്ടു. ആദ്യത്തെ ഞെട്ടലിനു ശേഷം അവർ പരിചയപ്പെട്ടു – സന്ദീപ് ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആണ്. കൂടുയുള്ളതു മെറിനും റോഷനും. അവർ ഒരു സാഹസികയാത്രക്കായി സന്ദീപിനോടൊപ്പം ഇറങ്ങി തിരിച്ചതാണ്. ശിവന്റെയും ഹരിയുടെയും കഥ അവർ ആദ്യം വിശ്വസിച്ചില്ല. ഒടുവിൽ അവർക്ക് ആംബുലൻസ് കാണിച്ചു കൊടുക്കേണ്ടിവന്നു. ഇത്രയും താഴ്ചയുള്ള കൊക്കയിലേക്ക് വീഴ്ന്നിട്ടും രക്ഷപ്പെട്ടതിൽ അവർക്ക്  അത്ഭുതം അടക്കാൻ കഴിഞ്ഞില്ല. കേണലിന്റെ ബോഡി കണ്ടെത്താൻ അവരും ഒപ്പം കൂടി. പല വിഷയങ്ങളെ കുറിച്ചും സംസാരിച്ചു കൊണ്ടു അവർ ആ കൊടും കാട്ടിൽ കേണലിനെയും തപ്പി നടന്നു.

വന്യ മൃഗങ്ങളുടെ ശബ്ദങ്ങളും, കാടിന്റെ വന്യതയും അവരെ പലപ്പോഴും പേടിപ്പിച്ചു. സ്ഥിരം വനയാത്രക്കാരനായ സന്ദീപിന്റെ സാന്നിധ്യമായിരുന്നു അവരുടെ ഏക ധൈര്യം. മെറിൻ ഒരു  സുന്ദരിയായിരുന്നു. ആ കാടിന്റെ ഇരുട്ടിലും അവളുടെ മുഖം ഒരു ദേവതയുടേത് പോലെ തിളങ്ങുന്നുണ്ടായിരുന്നു. റോഷന്റെ ഭാര്യയാണെന്ന് അറിയാമായിരുന്നിട്ടും കൂടി അവളെ ഇടയ്ക്കിടയ്ക്ക് നോക്കാതിരിക്കാൻ ഹരിക്കും ശിവനും കഴിഞ്ഞില്ല.

തന്നെ ആരോ പിന്തുടരുന്ന പോലെ മെറിന് തോന്നി.  അവൾക്ക് സംശയം തോന്നിയപ്പോഴൊക്കെ റോഷനും സന്ദീപും അവിടെയെല്ലാം നോക്കിയെങ്കിലും ആരെയും കണ്ടില്ല. തന്റെ പിന്നിൽ ആരോ ഉണ്ട് എന്നു അവൾക്ക് ഉറപ്പായിരുന്നു. അവളുടെ സംശയം കൂടിക്കൂടി വന്നു. ഒരു സ്ഥലത്തു എത്തിയപ്പോൾ അവൾ തിരിഞ്ഞു നോക്കി, ആരോ ഓടി മറഞ്ഞ പോലെ തോന്നി. ഇത്തവണ ഹരിയും ശിവനും നോക്കാമെന്നേറ്റു. അവർ മെല്ലെ അവൾ പറഞ്ഞ ദിശയിലേക്ക് നടന്നു. കാട്ടു പാതയിലൂടെ ആരോ നടന്നു പോകുന്ന പോലെ അവർക്ക് തോന്നി. ഉള്ളിലെ ഭയം മറച്ചു വച് അവർ ആ വഴിയിലൂടെ മുന്നോട്ടു പോയി. കുറച്ചു ദൂരം ചെന്നപ്പോൾ അവർ ആളെ കണ്ടു. അവരുടെ വിളി കേട്ട്  അയാൾ തിരിഞ്ഞു നോക്കി – സാക്ഷാൽ കേണൽ നമ്പ്യാർ ! പിന്നീട് എന്താണ് സംഭവിച്ചത് എന്ന് അവർക്ക് കൃത്യമായി ഓർമയില്ല. കുറച്ചു നേരം അവർ ശ്വാസം കിട്ടാതെ സ്തംഭിച്ചു നിന്നു. പിന്നീട് ജീവനും കൊണ്ട് തിരിച്ചോടി. കേണൽ പുറകെ വരുന്നത് പോലെ അവർക്ക് തോന്നി. ഓട്ടത്തിന്റെ തിടുക്കത്തിനിടയിൽ അവർ പല തവണ നിലത്തു വീണു . ഭയം കാരണം ഓരോ തവണയും എഴുന്നേറ്റോടി ഒടുവിൽ മെറിൻ നിന്ന സ്ഥലത്തെത്തി. പക്ഷെ അവർ മൂന്നു പേരെയും അവിടെ കണ്ടില്ല. അവർ മെറിന്റെയും, സന്ദീപിന്റെയും, റോഷന്റേയും പേരുകൾ മാറി മാറി വിളിച്ചു അവിടെയൊക്കെ തേടി നടന്നു. പക്ഷെ എങ്ങും അവരെ കണ്ടില്ല . കേണൽ വീണ്ടും പുറകെ വരുന്ന പോലെ തോന്നി, അവർ മുന്നിൽ കണ്ട വഴികളിലൂടെ എങ്ങോട്ടെന്നില്ലതെ ഓടാൻ തുടങ്ങി

എത്ര നേരം ഓടിയെന്നു ഓർമയില്ല , പക്ഷെ അവർ തീരെ തളർന്നിരുന്നു. ഇനി ഒരടി പോലും ഓടാനുള്ള ഊർജം ബാക്കിയില്ല. അവിടെ കണ്ട ഒരു പാറക്കെട്ടിനു മുകളിൽ അവർ തളർന്നിരുന്നു. ആരെങ്കിലും പുറകെ വരുന്നുണ്ടോയെന്ന് ഇടയ്ക്കിടെ നോക്കി. പെട്ടെന്ന് ആരോ നടന്നു വരുന്ന ഒരൊച്ച കേട്ട് അവർ പാറക്കെട്ടിനു പുറകിൽ ഒളിച്ചു. മറഞ്ഞു നിന്നു നോക്കിയപ്പോൾ രണ്ടു പേർ ദൂരെ നിന്നും നടന്നു വരുന്നത് കണ്ടു. അവരുടെ കയ്യിൽ ഒരു സ്‌ട്രെച്ചർ ഉണ്ടായിരുന്നു. അവർ അതുമായി സാവധാനം നടന്നകന്നു പോയി. അതു കേണലിന്റെ ശരീരമാണോയെന്നു അവർക്കൊരു സംശയം തോന്നി. അവർ മെല്ലെ സ്‌ട്രെച്ചറിനെ പിന്തുടർന്നു. ശിവനും ഹരിയും നടന്നുനടന്ന് അവരുടെ തൊട്ടടുത്ത് എത്തിയിട്ടും അവർ ഒന്നും അറിയുന്നുണ്ടായിരുന്നില്ല്ല. സ്‌ട്രെച്ചറിലെ ശരീരം ആരാണെന്നറിയാനുള്ള ആകാംക്ഷയിൽ ഹരി സ്‌ട്രെച്ചർ പിടിച്ചിരുന്ന ആളിന്റെ പുറകിലൂടെ എത്തി നോക്കി. ഒറ്റ നോട്ടത്തിൽ കണ്ട കാഴ്ച അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൻ അടുത്തേക്ക് എത്തി വീണ്ടും വീണ്ടും നോക്കി. അതു ശിവന്റെ ശരീരമായിരുന്നു! . തിരിഞ്ഞു നോക്കിയപ്പോൾ ഒന്നും സംഭവിക്കാത്ത മട്ടിൽ ശിവൻ ദാ പുറകിൽ നിൽക്കുന്നു. ഹരിയുടെ മുഖഭാവം കണ്ടു ശിവൻ കാര്യം തിരക്കി, അവൻ ഒന്നും മിണ്ടിയില്ല. എന്തു പറയണം എന്നവന് അറിയില്ലായിരുന്നു. വാക്കുകൾ ഒന്നും പുറത്തേക്ക് വന്നില്ല. അവർ പോകുന്നതിനു മുന്നിലായി മറ്റൊരു സംഘം പോകുന്നത് അപ്പോഴാണ് ഹരി ശ്രദ്ധിച്ചത്. എന്തോ മനസിലായ പോലെ അവൻ ശിവനെയും കൂട്ടി അങ്ങോട്ടേക്ക് ഓടി. അവരുടെ കയ്യിൽ മറ്റൊരു സ്‌ട്രെച്ചർ ഉണ്ടായിരുന്നു. അതിൽ ഹരിയുടെ ശരീരവും. ഒരു ഭൂകമ്പത്തിൽ പെട്ട് , ഒറ്റ നിമിഷം കൊണ്ടു അനാഥരായവരെ പോലെ അവർ പരസ്പരം നോക്കി നിന്നു.

ആംബുലൻസ് കൊക്കയിലേക്ക് മറിഞ്ഞതറിഞ്ഞു പോലീസും, മറ്റു ആംബുലൻസുകളും സ്ഥലത്തു എത്തിയിരുന്നു. ഇടുങ്ങിയ വഴിയിൽ വണ്ടികൾ പാർക്ക് ചെയ്തത് കാരണം റോഡ് മുഴുവൻ ബ്ലോക്ക് ആയി. ബ്ലോക്കിൽ കിടക്കുന്ന വണ്ടികളിൽ ഒന്നിൽ കാര്യസ്ഥൻ ശങ്കരൻകുട്ടി ബ്ലോക്ക് മാറാനായി അക്ഷമനായി കാത്തിരിക്കുന്നുണ്ടായിരുന്നു. ഇനിയും വൈകിയാൽ കേണൽ ശകാരിക്കും എന്ന്  ഒരു തവണ അയാൾ അറിയാതെ വിചാരിച്ചു പോയി. പിന്നീട് അതാലോചിച്ചു അയാൾക്ക് തന്നെ ചിരി വന്നു. അയാൾ പല തവണ ഫോണിൽ വിശ്വനാഥനോടു കാര്യങ്ങൾ തിരക്കി. ആംബുലൻസ് വന്നുകൊണ്ടിരിക്കുകയാണ് എന്നാണ് ഓരോ തവണയും അയാൾ പറഞ്ഞത്.

വിശ്വനാഥൻ ശിവനെയും ഹരിയേയും മാറി മാറി ഫോൺ വിളിച്ചുകൊണ്ടിരുന്നു. പക്ഷെ ഫോൺ ആരും എടുക്കുന്നുണ്ടായിരുന്നില്ല. കുറച്ചു നേരത്തിനു ശേഷം ശിവനെയും, ഹരിയേയും കൊണ്ടു മറ്റൊരു ആംബുലൻസ് ശാന്തികവാടത്തിൽ എത്തി. അന്നാദ്യമായി ഒരു ബോഡി കണ്ടിട്ട് അവിടെയുള്ളവർ കരഞ്ഞു. വിശ്വനാഥനും കരച്ചിൽ വന്നെങ്കിലും അയാൾക്ക് കരയാൻ കഴിഞ്ഞില്ല. തൊഴിൽപരമായി കൈവന്ന മനക്കട്ടി അയാളുടെ കരയാനുള്ള കഴിവിനെ പോലും ഇല്ലാതാക്കിയിരുന്നു. അന്ന് വൈകുന്നേരം അവിടെ സംസ്കരിച്ച അഞ്ചോളം മൃതദേഹങ്ങളിൽ ശിവനും ഹരിയും ഉണ്ടായിരുന്നു. വളരെ വൈകി അവിടെയെത്തിയ കാര്യസ്ഥൻ ശങ്കരൻകുട്ടിയോട്  എന്ത് പറയണം എന്നറിയാതെ വിശ്വനാഥനും കൂട്ടരും വിഷമിച്ചു. അവർക്ക് സത്യം പറയാൻ തോന്നിയില്ല. കേണലിന്റെ ആഗ്രഹം പോലെ മരണാനന്തര ക്രിയകൾ കൃത്യമായി നടത്തി. ചടങ്ങുകൾക്ക് ശേഷം കേണലിന്റെ ചിതാഭസ്മവുമായി ശങ്കരൻകുട്ടി സംതൃപ്തിയോടെ ബസിൽ കയറി കുട്ടിക്കാനത്തേക്ക് തിരിച്ചു. ബസിൽ കണ്ട പരിചയക്കാരനോട് അയാൾ കാര്യങ്ങൾ വിവരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു – ‘ ഒരു കണക്കിന് നോക്കിയാൽ കേണൽ സാർ ഭാഗ്യം ചെയ്തയാളാ. സ്വന്തം മരണം മുൻ കൂട്ടി കണ്ട മഹാൻ. മരണാന്തര ക്രിയകൾ വരെ പ്ലാൻ ചെയ്തു വച്ചിട്ടല്ലേ പോയത്. എല്ലാം അദ്ദേഹത്തിന്റെ ആഗ്രഹം പോലെ മംഗളമായി നടന്നു. അദ്ദേഹത്തിന്റെ ആത്മാവ് സ്വർഗത്തിലിരുന്ന് സന്തോഷിക്കുന്നുണ്ടാവും “  ബസ് പോകുന്ന വഴിയുടെ താഴെയായി ഉൾവനത്തിലെ കാട്ടരുവിയിൽ കേണലിന്റെ ശരീരം മലർന്നു കിടന്ന് ഒഴുകുന്നുണ്ടായിരുന്നു. അപ്പോഴും കേണലിന്റെ മുഖത്തു ഒരു പുഞ്ചിരി മായാതെ നിന്നു   – എല്ലാം മംഗളമായി നടന്നത് കൊണ്ടാവണം !

ശുഭം

Comments

comments

Share.
Gallery