ശാന്തിപർ‍വ്വം-VYSHAK.K.V

Google+ Pinterest LinkedIn Tumblr +
2
  

Author : VYSHAK.K.V

Company : YSC ENGINEERING SERVICES

ശാന്തിപർ‍വ്വം

മേഘക്കീറുകളിൽ‍ മഞ്ഞുറയുന്ന മൂന്നാം യാമത്തിൻെറ അന്ത്യത്തിൽ അയാൾ കുനുകുത്തി മലയുടെ നെറുകയിലേക്ക് നടന്നുതുടങ്ങും. കാടിൻെറ വന്യമായ സൗന്ദര്യവും ഇരുട്ട് തളം കെട്ടുന്ന ചോലകളെയും  അയാൾ ‍ ഭയപ്പെട്ടിരുന്നില്ല. വെളിംപ്രദേശങ്ങളിൽ നിലാവ് അയാൾ‍ക്ക് കൂട്ടുനടന്നു. കാടും ആ മനുഷ്യനും തമ്മിൽ അസാധാരണമായ ഒരു ബന്ധം നിലനിന്നിരുന്നു.  ജീവജാലങ്ങളൾക്കിടയിലെ കളങ്കരഹിതമായ സ്നേഹം അയാൾ അവിടെനിന്നാകാം സ്വന്തം ജീവിതത്തിലേയ്ക്ക് ചേർ‍ത്തുവച്ചത്. കിഴക്കിൻെറ ചക്രവാളത്തിൽ സൂര്യൻ പിറക്കുമ്പോൾ കളികൂട്ടുകാരനെ കിട്ടിയ സന്തോഷത്തില്‍ അയാൾ തുള്ളിച്ചാടും.  ശ്യാമരാത്രി പതിയെ മയക്കത്തിൻെറ ആലസ്യത്തിലേക്ക് കടക്കുന്ന നിമിഷത്തിൽ അയാൾ സൂര്യനുദിക്കുന്ന ദിക്കിലേക്ക് ദ്രുതഗതിയിൽ നടന്നുതുടങ്ങും.  എവിടേയ്ക്കോ പോയിമറയും. മധ്യാഹ്നവെയിൽ ഉച്ചസ്ഥായിയിൽ എത്തുമ്പോൾ മടങ്ങിയെത്തും. ഒരത്ഭുതമായി ജീവിക്കുന്ന ആ മനുഷ്യനെ ഞാൻ അറിയുവാൻ ആഗ്രഹിച്ചു.

ഒരു ദിവസം അയാൾ മലമുകളിലേക്ക് നടക്കുന്ന വഴിയിൽ  ഞാൻ കാത്തുനിന്നു.  ഒരു നിമിഷം എന്നെനോക്കി ശങ്കിച്ചു നിന്ന ആ മനുഷ്യനോട് കൂടെനടക്കുവാൻ ഞാൻ അനുവാദം ചോദിച്ചു. അയാളുടെ മുഖത്ത് എല്ലായ്പോഴും ഒരു നിർ‍വികാരത പ്രകടമായിരുന്നു.  യാത്രയ്ക്കിടയിൽ ‍ ഞാൻ പേര് ചോദിച്ചു.

“ഭ്രാന്തൻ‍” അയാൾ പറഞ്ഞു.

എത്രനിഷ്ക്കളങ്കമായ മറുപടി.

“എല്ലാ ദിവസവും നിങ്ങൾ കുനുകുത്തിമല കയറിപ്പോകുന്നത് എവിടേയ്ക്കാണ്”. ഞാൻ ‍ ചോദിച്ചു.

മലയ്ക്കുമുകളിൽ ഒരാൽ‍മരമുണ്ട്…………

ആ മരത്തണലിൽ ധ്യാനനിമഗ്നനായി ഇരിക്കുമ്പോൾ എൻെറ ചോദ്യങ്ങൾ‍ക്ക് ഉത്തരദക്ഷിണായനങ്ങളിലെ വികൃതി കാറ്റിൻെറ കുസൃതി ചോദ്യത്തിനോടെന്നപോലെ ഉത്തരങ്ങൾ ലഭിക്കുന്നു. ഞാൻ പ്രപഞ്ചസത്യങ്ങളെ തിരിച്ചറിയുന്നു.

എനിക്ക് ബോധോദയം ലഭിക്കുന്നു.

അലക്ഷ്യമായി ചിതറിക്കിടക്കുന്ന പാറകഷ്ണങ്ങളുടെയും ഉണങ്ങിവീണ മരച്ചില്ലകളുടെയും മുകളിലൂടെ അയാൾ‍ തന്മയത്വത്തോടെ നടക്കുന്നത് ചിരപരിചിതമായ ഇണക്കം കൊണ്ടാകാം. എൻെറ കാലടികളിൽ കൂർ‍ത്ത പാറകഷ്ണങ്ങൾ വേദന ജനിപ്പിക്കുന്നു.  അറിയാതെ ചവിട്ടപ്പോയ ഒരു മുള്ളിൻെറ വേദനയിൽ ഞാൻ കരഞ്ഞു.

“ഇതാണ് കാടിൻെറ സ്വാഗതരീതി. ഓരോ കാൽവെപ്പിലും ശ്രദ്ധവേണമെന്ന മുന്നറിയിപ്പ്.” അയാൾ ഓർ‍മ്മിപ്പിച്ചു.

അയാളുടെ വരവറിയിച്ചുകൊണ്ടാകാം കിളികൾ കളകളാരവം മുഴക്കി. മുയലുകളുടെ മാളങ്ങളിൽ അനക്കം തട്ടി.  സൂര്യൻ വെള്ളകീറുന്നതും കാടുണരുന്നതും ആ ഭ്രാന്തൻെറ ഇംഗിതത്തിനു വഴങ്ങിയാണ് എന്ന് മനസ്സ് പറയുന്നു.

“നിങ്ങളാണോ മലദൈവം”

“ഇല്ല, ഞാനൊരു ഭ്രാന്തനാണ്, ഭ്രാന്തൻ മാത്രം.”

ദൂരെനിന്നു നോക്കിയപ്പോൾ നിരനിരയായ പാറക്കൂട്ടങ്ങൾ പോലെ തോന്നിച്ച കാട്ടാനകളുടെ ഇടയിലേക്ക് നിസംഗം അയാൾ കടന്നു ചെന്നു. തിരിച്ചറിയുന്ന ഭാവത്തോടെ, അതിലുപരിയായ ഒരു തരം വന്യമായ സ്നേഹത്തോടെ അവരുടെ തുമ്പികൈകൾ ആ മനുഷ്യനെ തൊട്ടുരുമ്മുന്നു. കാടിൻെറ ജൈവസമ്പുഷ്ടിയിൽ നിന്ന് പറിച്ചെടുത്ത പച്ചിലകൾ കൈകളിലിട്ട് പിഴിഞ്ഞ് അയാൾ ഒരു കുട്ടിയാനയുടെ കാൽചുവട്ടിൽ മരുന്നു വെക്കുന്നു.  അവൻെറ ചെവിയിൽ ‍ എന്തോ മന്ത്രിക്കുന്നു.  പിന്നെ ചിരിക്കുന്നു.

ഞങ്ങൾ പിന്നെയും നടന്നു.

ആ ആൽമരച്ചുവട്ടിൽ ഇരുവശത്തായി ഞങ്ങൾ കണ്ണടച്ചിരുന്നു. ആദ്യം ആ ഭ്രാന്തൻെറ മനസ്സിലൂടെ, ആ ആൽമരത്തിൻെറ തണലേകുന്ന ശാന്തതയിലൂടെ ഞാൻ ഭാരമൊഴിഞ്ഞ തൂവൽ‍പോലെ ഒഴുകിനടന്നു. ആ മനുഷ്യൻ തട്ടി ഉണർത്തിയപ്പോഴാണ് ഞാൻ ‍ ഉണർന്നത്.

“എനിക്ക് എന്താണ് സംഭവിച്ചത്” ഞാൻ ചോദിച്ചു.

“നീ നീയല്ലാതായ നിമിഷങ്ങളിലൂടെയാണ്‌ മനസ്സ് കടന്നുപോയത്. നീ നിന്നെമറന്നുപോയ നിമിഷങ്ങൾ.  ഈ സ്വച്ഛന്തത പ്രകൃതി നിൻെറ മുന്നിൽ തുറന്നുവെച്ച പ്രപഞ്ചരഹസ്യമാണ് പ്രപഞ്ചത്തോളം മനസ്സ് വികസിക്കുമ്പോൾ‍ മനുഷ്യനും പ്രപഞ്ചവും രണ്ടാകുന്നില്ല എന്ന സത്യമാണ് ബോധോദയം.” അതൊരു വെളിപാടായിരുന്നു.

തിരികെ മടങ്ങുമ്പോൾ ഞാൻ ഒരു പുഴയായി പരിണമിക്കാൻ തുടങ്ങിയിരുന്നു. കൈവഴികളും, ചതുപ്പുകളും, വയൽ‍പാടങ്ങളും നിറഞ്ഞു കവിയുവാൻ വേണ്ടി കൊതിക്കുന്ന പുഴ.

ആദ്യമൊക്കെ എന്നെ കളിയാക്കിയെങ്കിലും, അവർ എന്ന് ഞാൻ വിശേഷിപ്പിക്കുന്ന എൻെറ സമൂഹം ഞാൻ പറഞ്ഞത് മുഖവിലക്കെടുക്കുകതന്നെ ചെയ്തു.

കുനുകുത്തി മലകയറി മടങ്ങിവന്ന അന്വേഷണ സംഘം ആ ശാന്തിതീരത്തിൻെറ വിപണന സാധ്യതകളെ തിരിച്ചറിഞ്ഞിരിക്കുന്നു. അവർ അവിടെ ഒരു ദൈവത്തെ കണ്ടെത്തിയിരിക്കുന്നു എന്ന സത്യം ഞാനറിയുവാൻ വൈകിയതെന്തായിരിക്കാം.

കുനുകുത്തി മലമുകളിലെ ദൈവസാന്നിധ്യം ഏറ്റെടുത്ത യുവജനവിഭാഗം ഗ്രാമാതിർത്തിയിലെ വാകമരചുവട്ടിൽ ഒരു ഒറ്റകാലിൽ നിൽക്കുന്ന ബോർഡ് സ്ഥാപിച്ചു.

“കുനുകുത്തി മലമുകൾ ക്ഷേത്രത്തിലേക്കുള്ള വഴി”

എൻെറ ഗ്രാമത്തിൽ വഴികൾ വേർ‍തിരിക്കപ്പെടുന്നതിൽ ഞാൻ ദുഃഖിക്കുകയും ഞാൻ കാണാത്ത ദൈവത്തെ മലമുകളിൽ എൻെറ സുഹൃത്തുക്കൾ കണ്ടതിൽ ‍ സന്തോഷിക്കുകയും ചെയ്തു. നഗരത്തിലേക്കുള്ള ബസ്സ് കയറുവാൻ ‍ നിന്ന എൻെറയരുകിൽ വന്നു നിന്നിട്ട് അവർ ‍ചോദിച്ചു.

“കുനുകുത്തി മലയിലെ ക്ഷേത്രനിർമ്മിതി ഫണ്ടിലേക്ക് നിൻെറ പേരിൽ ഒരായിരം എഴുതട്ടെ.”

“ആവാം.” ഞാൻ പറഞ്ഞു.

നഗരത്തിലെ ജോലി സ്ഥലത്തേക്കു മടങ്ങിയ ഞാൻ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മടങ്ങിയെത്തിയത്.  കടന്നുപോയ നാളുകളുടെ പരിക്ഷീണിതമായ അന്തഃസംഘര്‍ഷങ്ങളുമായി ഒരു ദിവസം ഞാൻ ശാന്തിതേടി മലമുകളിലേക്ക് നടന്നു.

സൂര്യൻെറ  ജ്വാലകൾ എന്നിലേക്ക് തീപാറിയെറിയുന്നു.  വഴിയിൽ ക്ഷേത്രപണിയിലേക്കുള്ള സാധനങ്ങളുമായി തൊഴിലാളികളും മലമുകളിൽ നിന്നും മടങ്ങിവരുന്ന തീർ‍ത്ഥാടകരും എന്നെ കടന്നു പോകുന്നു.

കളകൂജനങ്ങൾ കേട്ടില്ല, മയിൽ നടനം കണ്ടില്ല, ആനകൂട്ടങ്ങളെ കണ്ടില്ല. അവരെല്ലാം എവിടെ …..

മലമുകളിലെ ആൽമരചുവട്ടിലേക്ക് കടക്കുവാനാകാത്തവിധം ഒരു ഇരുമ്പുവല നെയ്ത് വെച്ചിരിക്കുന്നു.  ക്ഷേത്രഭാരവാഹികളുടെ ഉത്തരവാദിത്വത്തിൽ നിർ‍മാണതിരക്കിലാണ് എല്ലാവരും. ഞാൻ തിരികെ നടന്നു.  അശാന്തിയുടെ പർവ്വം പേറി ഏകാകിയായി ഞാൻ തിരികെ നടന്നു.

മൂന്നാം യാമത്തിൻെറ അന്ത്യത്തിൽ ഞാൻ ആ മനുഷ്യനെ വീണ്ടും കണ്ടു.  ഞാൻ അയാളുടെ ഒപ്പം നടന്നു.

“നീയെന്തിനാണ് എൻെറ കൂടെ വരുന്നത്?” അയാൾ ചോദിച്ചു.

ഞാൻ ആ ചോദ്യത്തിന് ഉത്തരം നല്‍കിയില്ല.

“മനുഷ്യൻെറ ആത്യന്തികമായ ആവശ്യമെന്താണ്” ഞാൻ ചോദിച്ചു. “സമാധാനം. അത് നാം സൃഷ്ടിക്കുന്നതുതന്നെയാണ്.  അത് നിനക്ക് ഏത് അവസ്ഥയിലും സൃഷ്ടിക്കാം. ബോധോദയം നേടാൻ‍ ആ ആൽ‍മരത്തിൻെറ ചുവട്ടിൽ ‍ ഇരിക്കണമെന്നില്ല. എവിടെയാണെങ്കിലും നിൻെറ മനസ്സ് അതിനുതകുന്ന രീതിയിൽ സജ്ജമാക്കുകയെന്നതാണ് പ്രധാനം”.  അയാൾ ‍ മറുപടി പറഞ്ഞു.

“അങ്ങാരാണ് ?”ഞാൻ ചോദിച്ചു.

“ഞാനൊരു ഭ്രാന്തൻ‍” അയാൾ പറഞ്ഞു.

എനിക്കുറക്കെ പറയണമെന്നുണ്ടായിരുന്നു. “നിങ്ങൾ ഒരു ഗുരുവാണ്. എൻെറ ഗുരു.”

Comments

comments

Share.
Gallery