ശാസ്ത്രീയ അവബോധത്തിന് നമ്മുടെ സമൂഹത്തിലുള്ള പ്രസക്തിയും പ്രാധാന്യവും – ANOOP TS

Google+ Pinterest LinkedIn Tumblr +
0
  

Author : ANOOP TS

Company : QUEST GLOBAL

“ഉറക്കത്തിൽ നിങ്ങൾ കാണുന്നതല്ല സ്വപ്‌നങ്ങൾ.
നിങ്ങളെ ഉറങ്ങാൻ പോലും അനുവദിക്കാത്ത ഒന്നാണ് സ്വപ്‌നങ്ങൾ”

ഭാരതം കണ്ട മഹാനായ ശാസ്ത്രജ്ഞനും, നമ്മുടെ മുൻ രാഷ്ട്രപതിയുമായിരുന്ന ഡോക്ടർ എ പി ജെ അബ്ദുൾ കലാമിന്റെ  വാക്കുകൾ ആണിവ. കലാമിനെപ്പോലുള്ള ശാസ്ത്രജ്ഞന്മാർ കണ്ട സ്വപ്നങ്ങളുടെ സാഫല്യം ആണ് ഇന്ന് നാം അനുഭവിക്കുന്ന ഒട്ടുമിക്ക നൂതന സാങ്കേതിക സൗകര്യങ്ങൾ. ദൗർഭാഗ്യകരം എന്ന് പറയട്ടെ, നമ്മുടെ തലമുറയിലുള്ള തൊണ്ണൂറ് ശതമാനത്തിലധികം ആളുകൾക്കും എന്താണ് കലാം ഉദ്ദേശിച്ച സ്വപ്‌നങ്ങൾ എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഒരു പക്ഷെ, ഈ വരികളെക്കുറിച്ച് പ്രസംഗിക്കുന്നവർക്കുപോലും. ശരിയായ ശാസ്ത്രീയ അവബോധമില്ലായ്മയാണ് ഈ അവസ്ഥയുടെ കാരണം.

അതിലേക്ക് കടക്കുന്നതിന് മുൻപായി നമുക്ക് കലാമിന്റെ സ്വപ്നത്തെ പറ്റി അദ്ദേഹം ഒരിക്കൽ വിവരിച്ചത് ശ്രദ്ധിക്കാം. ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും കോർത്തിണക്കിയ ഒരു നെറ്റ്വർക്ക് ശൃംഖല. ഒരു കുട്ടിയുടെ ജനനം മുതൽ മരണം വരെ ഓൺലൈൻ ആയി ഉപഭോക്താവിന് അതിൽ രേഖപ്പെടുത്താൻ പറ്റണം. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ ഓൺലൈൻ ആയി ആ പോർട്ടൽ വഴി നടത്താൻ സാധിക്കണം. ഒരു സ്ഥാനാർഥി അപേക്ഷ കൊടുക്കുമ്പോൾ തന്നെ അയാളുടെ സാമ്പത്തിക നില, ക്രിമിനൽ പശ്ചാത്തലം, വിദ്യാഭ്യാസം, ജോലി തുടങ്ങിയവ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അതേ പോർട്ടലിൽ നിന്ന് നിമിഷങ്ങൾക്കുള്ളിൽ ലഭ്യമാകും. അതേപോലെ തന്നെ വോട്ടർമാർക്കും തങ്ങളുടെ സ്ഥാനാർത്ഥിയെ കുറിച്ച് യഥാർത്ഥമായ വിവരങ്ങൾ ലഭ്യമാക്കാനാകും. അതായത് ബാങ്കിങ്, പോലീസ്, സർവ്വകലാശാലകൾ, വിവിധ സർക്കാർ സർവീസുകൾ എന്നിവയെല്ലാം ഈ പോർട്ടലിൽ ഭാഗമായിരിക്കും.ഇന്ത്യ കോടിക്കണക്കിനു രൂപയാണ് ഓരോ തിരഞ്ഞെടുപ്പുകൾക്കായി ചിലവഴിക്കുന്നത്. ശക്തമായ ഈ ഒരു പോർട്ടലിന്റെ ആവിർഭാവത്തോടെ ആ ചിലവുകൾ നമുക്ക് ഒഴിവാക്കാൻ സാധിക്കും. എല്ലാ ,മേഖലകളിലും അഴിമതിവിമുക്തമാക്കി എല്ലാം സുതാര്യം ആക്കാനും സാധിക്കും. ഗതാഗതം ഉൾപ്പെടെയുള്ള സർക്കാർ സേവനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഏതു സാധാരണക്കാരനും ഉറപ്പുവരുത്താനും, കൃത്യമായി പരാതികൾ ഉന്നയിക്കാനും സാധിക്കും. പാവപ്പെട്ടവരെ ലക്ഷ്യം വെച്ചുള്ള പദ്ധതികൾ അവരിൽ എത്തുന്നുണ്ടെന്ന് ഉറപ്പിക്കാൻ അധികാരികൾക്കും സാധിക്കും.

എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം എന്ന് പറഞ്ഞു പുച്ഛിക്കാൻ വരട്ടെ, എന്തുകൊണ്ട് ഇത് നടക്കുന്നില്ല. ഈ ഒരു പ്രൊജക്റ്റ് നടത്താനുള്ള സാമ്പത്തിക നില ഇന്ത്യക്ക് ഇല്ലാത്തതുകൊണ്ടാണോ? അല്ല. ഇന്ത്യയിൽ അത്രയും ശക്തമായ ഒരു പോർട്ടൽ ഉണ്ടാക്കാൻ കഴിവുള്ള എൻജിനീയർമാർ ഇല്ലാഞ്ഞിട്ടാണോ? ഒരിക്കലുമല്ല. അമേരിക്കയുടെ പെന്റഗൺ വെബ് സൈറ്റ് ഡിസൈനിങ് വരെ നടത്തിയ മിടുക്കന്മാർ ഉണ്ടിവിടെ. പിന്നെ എന്താണ് തടസം? ഇനിയും കമ്പ്യൂട്ടർ എന്തെന്നറിയാത്ത, ഇന്റർനെറ്റ് എന്തെന്നറിയാത്ത, ദശലക്ഷങ്ങൾ ഉണ്ട് ഇവിടെ. അവരുടെ അജ്ഞത നീങ്ങാത്തിടത്തോളം ഈ പദ്ധതി ഒരിക്കലും കലാം ഉദ്ദേശിച്ചപോലെ പ്രാവർത്തികമാകില്ല.

ശാസ്ത്ര സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം ഇല്ലാത്ത ഏതു മേഖലയാണ് ഇന്ന് നമുക്ക് ചുറ്റും ഉള്ളത്? ഏതു മേഖല ആയാലും- കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, മത്സ്യബന്ധനം, ഗതാഗതം, വാണിജ്യം, വ്യവസായം, വാർത്താവിനിമയം എന്ന് വേണ്ട, കല, കായിക, സാഹിത്യ രംഗത്ത് വരെ നൂതന സാങ്കേതിക വിദ്യകൾ സ്ഥാനം പിടിച്ചിരിക്കുന്നു. ഈ ഒരു അവസരത്തിൽ ശാസ്ത്രീയ അവബോധം എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല, അന്നന്നുള്ള അന്നം കണ്ടുപിടിക്കാൻ പാടുപെടുന്നവന് എന്ത് ശാസ്ത്ര അവബോധം? അതൊക്കെ എൻജിനീയർമാർക്കും ഡോക്ടർമാർക്കും ഒക്കെ പറഞ്ഞിട്ടുള്ള കാര്യമല്ലേ? തുടങ്ങിയ മുഷിഞ്ഞ ചിന്താഗതികൾക്ക് സ്ഥാനം ഇല്ല. രാജ്യത്തിന്റെ പുരോഗതിക്ക് പൗരന്മാരുടെ ശാസ്ത്ര അവബോധം അത്യന്താപേക്ഷിതം ആയിരിക്കുന്ന അവസ്ഥ ആണ് സംജാതമായിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന അവസരത്തിൽ ഭരണാധികാരികളുടെ മുന്നിലുള്ള വെല്ലുവിളിയായിരുന്നു ഭാരതീയരുടെ സാക്ഷരതാ നിരക്ക്. പത്തു ശതമാനത്തിന് അടുത്ത് മാത്രം ഉണ്ടായിരുന്ന സാക്ഷരതാനിരക്ക് സ്വാതന്ത്ര്യം കിട്ടി അറുപതു വർഷം പിന്നിടുമ്പോൾ എഴുപത്തിഅഞ്ചോട് അടുത്ത് നിൽക്കുന്നു. ഈ നിലയിൽ എത്തിക്കാൻ ഒരു ഭഗീരഥ പ്രയത്നം തന്നെ നമ്മുടെ ഭരണാധികാരികൾക്ക് നടത്തേണ്ടി വന്നിട്ടുണ്ട്. നാല്പതുകളിൽ സാക്ഷരത ഉയർത്താൻ ശ്രമിച്ച അതേ പ്രാധാന്യം തന്നെ ഇപ്പോൾ ശാസ്ത്രീയ അവബോധം പൗരന്മാരിൽ ഉണ്ടാക്കാൻ ഭരണാധികാരികൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രസക്തമായ ഒരു കാര്യം, അത് എല്ലാവരിലും എത്തിക്കാൻ അധികം സമയം നമുക്കില്ല എന്നതാണ്. എത്ര പെട്ടെന്ന് ആ ബോധം പൗരന്മാരിൽ എത്തിക്കുന്നോ, അത്ര എളുപ്പത്തിൽ ആയിരിക്കും ഭാരതത്തിന്റെ വളർച്ച.

വിവിധ മേഖലകളിൽ സമീപകാലങ്ങളിൽ ഉണ്ടായ ചില സംഭവങ്ങൾ ഇവിടെ ഉദാഹരിക്കുന്നത് ഉചിതമായിരിക്കും. 2004 ഇൽ ഇന്ത്യ ഉൾപ്പെടെ പതിന്നാല് രാജ്യങ്ങളിൽ ആഞ്ഞടിച്ച സുനാമിയിൽ ഏകദേശം രണ്ടര ലക്ഷത്തോളം ജീവനുകളാണ് നഷ്ടമായത്. നാശ നഷ്ടങ്ങളുടെ കണക്കെടുത്താൽ ശത കോടികൾ വരും. മിക്ക രാജ്യങ്ങളും ഇപ്പോളും അതുണ്ടാക്കിയ നാശനഷ്ടങ്ങളിൽ നിന്നും പൂർണ്ണമായും മുക്തി നേടിയിട്ടില്ല എന്നുള്ളതാണ് ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത. 2011 ഇൽ ജപ്പാനിൽ സമാനമായ ഒരു സുനാമി നാശനഷ്ടങ്ങളും, ജീവഹാനികളും ഉണ്ടാക്കുകയുണ്ടായി. എന്നാൽ കൃത്യം ഒരു വർഷത്തിന് ശേഷം ആ സ്ഥലങ്ങൾ മുൻപുണ്ടായിരുന്നതിനേക്കാൾ മനോഹരമായി അവർ പുനർനിർമ്മിച്ചു. ഒരു വികസിത രാഷ്ട്രത്തിന്റെ സമ്പന്നത കാരണമാണ് അവർ അത് സാധ്യമാക്കിയത് എന്ന് കരുതിയെങ്കിൽ തെറ്റി. ഈ പതിന്നാല് രാജ്യങ്ങളിൽ, ഇന്ത്യ മാത്രം ചിലവഴിച്ച തുകയുടെ അത്ര പോലും ജപ്പാൻ അവരുടെ പുനഃ നിർമ്മാണത്തിന് ചിലവഴിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. പിന്നെ എങ്ങനെ? എന്ന ചോദ്യത്തിന്റെ ഉത്തരം ലളിതമാണ്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സമർത്ഥമായ ഉപയോഗം.

2001ഇൽ 7.7 തീവ്രതയിൽ ഗുജറാത്തിൽ ഉണ്ടായ ഭൂകമ്പത്തിൽ ഒരു ഗ്രാമം തന്നെ ഇല്ലാതായി. പതിനഞ്ചു വർഷങ്ങൾക്കിപ്പുറം ഇന്നും ആ ഗ്രാമം ഒരു പ്രേതഭൂമി പോലെ അവിടെ നിലകൊള്ളുന്നു. ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ ഇതേ തീവ്രതയിൽ ധാരാളം ഭൂകമ്പങ്ങൾ മാസത്തിൽ അല്ലെങ്കിൽ ആഴ്ചയിൽ ഒന്ന് എന്ന നിലയിൽ ഇപ്പോളും സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ അത് മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾ നാമ മാത്രം ആണ്. കെട്ടിട നിർമ്മാണ വിദ്യയിൽ അവർ ഉപയോഗിക്കുന്ന സാങ്കേതികതയും, ഭൂകമ്പ പ്രവചന സംവിധാനങ്ങളുടെ കാര്യക്ഷമതയും മാത്രമല്ല, ഈ സൗകര്യങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്ന അവിടുത്തെ പൗരന്മാരുടെ ശാസ്ത്ര അവബോധം കൂടിയാണ് അവരെ ലക്ഷ്യ പ്രാപ്തിയിലെത്താൻ സഹായിച്ചത്. അടിയന്തിര ഘട്ടങ്ങളിൽ ഒരു ഹാം റേഡിയോ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണം എന്നറിയാത്ത ഒരു ജപ്പാൻകാരൻ പോലും ഉണ്ടാകില്ല എന്ന് നിസ്സംശയം പറയാം.

120 കോടിയിലേറെ ജനങ്ങൾ ഉള്ള ഇന്ത്യയ്ക്ക് എടുത്തുപറയാൻ സമീപകാലത്ത് ചില ക്രിക്കറ് വിജയങ്ങൾ ഒഴിച്ച് കായിക മേഖലയിൽ വലിയ നേട്ടങ്ങൾ ഒന്നും തന്നെ കൈവശം ഇല്ല. ഈ ഒരു പരമാർത്ഥത്തിലേക്ക് സൂക്ഷിച്ചു നോക്കിയാൽ കായിക മേഖലയിൽ ഉണ്ടായിരിക്കേണ്ട ശാസ്ത്രീയ ബോധവൽക്കരണത്തെക്കുറിച്ച് മനസ്സിലാക്കിയെടുക്കാൻ സാധിക്കും. അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഈ മേഖലയിൽ സാങ്കേതിക വിദഗ്ദ്ധരുടെ സേവനം എങ്ങനെ വിനിയോഗിക്കാം എന്നത് ലോകത്തിന് കാണിച്ചു കൊടുത്തിട്ടുള്ളവരാണ്. ക്രിക്കറ്റിൽ ആസ്ട്രേലിയയുടെ വൻ വിജയങ്ങൾക്ക് പിന്നിൽ ഒരു സംഘം സാങ്കേതിക വിദഗ്ദ്ധരുടെ സേവനം കൂടെ എടുത്തുപറയേണ്ടതായിട്ടുണ്ട്. കഴിവിൽ നമ്മുടെ സച്ചിനും, ദ്രാവിഡിനും ഒപ്പം നിൽക്കാൻ ഉള്ള കളിക്കാർ ഇല്ലായിരുന്നിട്ടും നമുക്ക് സാധിക്കാതിരുന്ന ലോകകപ്പ് വിജയങ്ങൾ തുടർച്ചയായി കൈക്കലാക്കാൻ അവരുടെ ഈ സമീപനം സഹായിച്ചു. ഇതിൽ നിന്നും പാഠം ഉൾക്കൊണ്ട ഇന്ത്യയ്ക്ക് പിന്നീട് അതേ മാർഗത്തിലൂടെ വിശ്വ വിജയികളാകാൻ സാധിച്ചു എന്നത് ചരിത്രം. പക്ഷെ ക്രിക്കറ്റ് ഒഴികെയുള്ള കായിക മേഖലകൾ ഇപ്പോളും ആ പാഠം ഉൾക്കൊണ്ട് മുന്നേറാൻ മറക്കുന്നു. കായികമേഖല, പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് ഉള്ളതാണ് എന്ന നമ്മുടെ മനോഭാവം ഈ അജ്ഞതയിൽ നിന്നും ഉരുത്തിരിഞ്ഞുണ്ടായിട്ടുള്ളതാണ്.

സമീപകാലത്തായി നാം സ്ഥിരം കാണാറുള്ള ഒരു കാഴ്ചയാണ്, ഒരു കുറ്റകൃത്യം നടന്നുകഴിഞ്ഞാൽ ആ സ്ഥലത്തേക്കുള്ള ആളുകളുടെ തള്ളിക്കയറ്റം. കുറ്റാന്വേഷണ രംഗത്ത് ഇന്ന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അജ്ഞതയാണ് ഈ ഒരു തള്ളിക്കയറ്റത്തിന്റെ കാരണം. അതുണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അവർ തികച്ചും അജ്ഞരാണ്. അതിനാൽ തന്നെ ശാസ്ത്ര സാങ്കേതിക അവബോധം സാധാരണക്കാരിൽ ഉണ്ടാക്കിയെടുക്കേണ്ടത് വളരെ അത്യാവശ്യമായിരിക്കുന്നു. “ഇത് എന്നെ സംബന്ധിക്കുന്നതല്ല” എന്ന് ഒഴിവാകാൻ സമൂഹജീവി എന്ന നിലയ്ക്ക് ആർക്കും സാധിക്കുന്നില്ല. അങ്ങനെ ഒഴിവാകുന്ന ഒരു വ്യക്തി ഒരു പക്ഷെ ആ സമൂഹവ്യവസ്ഥിതിയെ, ഫലപ്രദമായി ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ നിന്നും മനഃപൂർവമല്ലാത്ത തടസ്സം സൃഷ്ടിക്കുവാൻ ഇടയാക്കുന്നു.

ഒരു രാജ്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതം ആണ് ആ രാജ്യത്തിന്റെ കാർഷികരംഗം. എന്നാൽ വർഷങ്ങൾ കഴിയുന്തോറും ഇന്ത്യയിലെ കാർഷികരംഗം പിന്നിലേക്കും, കർഷക ആത്മഹത്യാനിരക്ക് മുന്നിലേക്കും പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ശാസ്ത്രീയ അവബോധം സധാരണക്കാരായ കർഷകരിൽ എത്തേണ്ടതിന്റെ ആവശ്യകത ആണ് ഈ അവസ്ഥ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിൽ സാങ്കേതികവിദ്യ അത്യാവശ്യം നല്ല നിലയിൽത്തന്നെ മുന്നേറിയിട്ടുണ്ട്. മെച്ചപ്പെട്ട കൃഷി വിളകളും, നല്ല വളങ്ങളും, ജലസേചന സൗകര്യങ്ങളും, ആധുനിക കൃഷി ഉപകരണങ്ങളും, പരിസ്ഥിതിക്ക് അനുയോജ്യമായ കൃഷി സംവിധാനങ്ങളും ഇന്ന് ഇന്ത്യയിൽ എവിടെയും ലഭ്യമാണ്. എന്നാലും കർഷക ആത്മഹത്യകൾ കൂടുന്നെങ്കിൽ ഈ സൗകര്യങ്ങൾ ഫലപ്രദമായി കർഷകരിൽ എത്തുന്നില്ല എന്ന് തന്നെ അനുമാനിക്കേണ്ടി വരുന്നു.

കൃഷിയോടൊപ്പം തന്നെ തുല്യ പ്രാധാന്യമർഹിക്കുന്നതാണ് വ്യവസായ രംഗം. അതി വിപുലമായ പ്രകൃതി സ്രോതസ്സിന്റെ ഉടമയാണ് ഭാരതം. അത്യാധുനിക കൃത്രിമോപഗ്രഹസംവിധാനങ്ങളിലൂടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും ഉള്ള ധാതു സമ്പത്ത് കൃത്യമായി കണ്ടുപിടിക്കാൻ ഇന്ന് നിഷ്പ്രയാസം സാധിക്കും. അങ്ങനെയുള്ളപ്പോൾ, താത്കാലിക ലാഭങ്ങൾക്ക് പുറകെ പോയി പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് തുരങ്കം വെക്കുന്നതിനേക്കാൾ, ഖനനം ചെയ്യാൻ പോകുന്നതിന്റെ കൃത്യമായ അളവുകൾ മനസ്സിലാക്കി, അത് പരിസ്ഥിതിയെ എപ്രകാരം ബാധിക്കും എന്ന വിലയിരുത്തൽ നടത്തി മുന്നോട്ട് പോകാൻ സാധിക്കും. സാധാരണക്കാർ ഇപ്പോളും പ്രകൃതിയെയും ഭാവി ഭവിഷ്യത്തുകളെയും പറ്റി ചിന്തിക്കാതെ ചുറ്റുപാടുകളെ ചൂഷണം ചെയ്യുന്ന കാഴ്ച്ച നമുക്കുചുറ്റും സർവ്വസാധാരണമാണ്. നമ്മുടെ നാട്ടിൽ തന്നെ എത്ര അനധികൃത കരിങ്കൽ ക്വാറികളും മണലൂറ്റ് കേന്ദ്രങ്ങളും ആണ് ഉള്ളത്?. രാജ്യത്ത് ലഭ്യമായ ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് ബോധവാനായ ഒരു പൗരന് തീർച്ചയായും സമൂഹത്തിന് കോട്ടം വരാത്ത രീതിയിൽ പ്രകൃതിവിഭവങ്ങളെ വിനിയോഗിക്കാൻ സാധിക്കും. ഒരു വ്യവസായം നാട്ടിൽ വരുന്നതിന്റെ ഗുണങ്ങൾ സാധാരണക്കാരിൽ മനസ്സിലാക്കി കൊടുക്കുന്നതിനും ശാസ്ത്ര അവബോധം കൊണ്ട് സാധിക്കും. വൻകിട വ്യവസായശാലകൾ ഇന്ത്യയിൽ മുതൽമുടക്കാൻ മടിക്കുന്നതിന്റെ ഒരു കാരണം ഈ അജ്ഞതയാണ്. ബംഗാളിലെ സിംഗൂരിൽ ടാറ്റായുടെ കാർ നിർമ്മാണശാല നിർമ്മിക്കാനുണ്ടായ തടസ്സങ്ങൾ ഉദാഹരണമാണ്. ശാസ്ത്ര അവബോധം ഇല്ലാത്ത ഒരു ജനതയെ വികസനത്തിന് എതിരായി ഒരു ചട്ടുകമാക്കാൻ ഇവിടുള്ള രാഷ്ട്രീയക്കാരും തുനിഞ്ഞിറങ്ങുന്നു എന്നത് ദുഃഖകരമായ കാഴ്ച്ചയാണ്.

സാധാരണക്കാരിൽ ശാസ്ത്ര അവബോധം വലിയ വലിയ വ്യതിയാനങ്ങൾ ഉണ്ടാക്കിയേക്കാവുന്ന മറ്റൊരു മേഖലയാണ് ആരോഗ്യമേഖല. അവയവ ദാനങ്ങളെക്കുറിച്ച് ധാരാളം വാർത്തകൾ ഇപ്പോൾ കേൾക്കാറുണ്ട്. എല്ലാവരിലും അതിന്റെ പ്രാധാന്യവും പ്രസക്തിയും എത്തിക്കേണ്ടതിന്റെ ആവശ്യകത അവയവദാനത്തെക്കുറിച്ചുള്ള സാധാരണക്കാരിലെ തെറ്റിദ്ധാരണകൾ മാറ്റാൻ സഹായിക്കും. രോഗങ്ങൾ പകരാതിരിക്കുന്നതിനും, നേരത്തെ രോഗ നിർണ്ണയം നടത്തുന്നതിനും, ചികിത്സാ രംഗത്തെ ചൂഷണങ്ങളിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കുന്നതിനും ആരോഗ്യമേഖലയിലെ ശാസ്ത്ര സാങ്കേതിക പുരോഗതികളെക്കുറിച്ച് എല്ലാവരിലും അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.

ദിനംപ്രതി നൂതന സാങ്കേതികവിദ്യകൾ പരീക്ഷിക്കപ്പെടുന്ന മറ്റൊരു മേഖലയാണ് ഗതാഗത മേഖല. ഈ പരീക്ഷണങ്ങൾ തീർച്ചയായും അത് ഉപയോഗിക്കേണ്ട സാധാരണക്കാരുടെ സുരക്ഷയ്ക്കും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരാതിരിക്കുന്നതിനും വേണ്ടിയുള്ളതാണ്. അതിനാൽ തന്നെ അതിനെക്കുറിച്ചുള്ള അവബോധം സാധാരണക്കാരിൽ ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വേഗത ആവശ്യപ്പെടുന്ന ഒരു ലോകമാണ് നമുക്ക് ചുറ്റിനും ഉള്ളത്. ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് മിക്കവരും മനസ്സിലാക്കുന്നത് അവരുടെ യാത്രകളുമായി ബന്ധപ്പെട്ടതായിരിക്കും. പരമാവധി വേഗത്തിലും സുരക്ഷിതമായും എത്തിച്ചേരുന്നതിന് ഏതൊക്കെ സാങ്കേതികവിദ്യകളാണ് ഉപയോഗപ്പെടുത്തേണ്ടിവരുന്നത് എന്ന് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം തന്നെ അല്ലേ?

നമ്മുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളിൽ ഭൂരിപക്ഷവും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. പാരമ്പര്യമായി ആ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ആ തൊഴിലാളികളിൽ ശാസ്ത്ര അവബോധം ഉണ്ടാക്കിയെടുക്കുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. തത്ഫലമായി കടലിൽ ഉള്ള അപകടങ്ങൾ ഗണ്യമായ തോതിൽ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ കടലിൽ മൽസ്യ സമ്പത്തിന്റെ സാന്നിദ്ധ്യം കൃത്യമായി മനസ്സിലാക്കുന്നതിനും ഇപ്പോൾ ഉള്ള സാങ്കേതികവിദ്യകൾ അവർക്ക് ഉപയോഗിക്കാവുന്നതാണ്. രാജ്യത്തുടനീളമുള്ള ഗവേഷണശാലകൾ വഴി വികസിപ്പിച്ചെടുത്തിട്ടുള്ള കൃഷിചെയ്യാൻ പറ്റിയ മൽസ്യഇനങ്ങളെ പറ്റി കർഷകരിൽ അവബോധം സൃഷ്ടിക്കുകവഴി ആ മേഖലയിൽ നിന്നുള്ള വരുമാനം പതിന്മടങ്ങായി വർദ്ധിപ്പിക്കാവുന്നതാണ്.

ശാസ്ത്ര സാങ്കേതിക മേഖലയിലെ മുന്നേറ്റം ഇനിയും കൂടുതൽ ഉപയോഗപ്പെടുത്തേണ്ട മറ്റൊരു മേഖലയാണ് വിദ്യാഭ്യാസ മേഖല. ലോകത്ത് വിദ്യാഭ്യാസത്തിനായി ഒരു കൃത്രിമോപഗ്രഹം വിക്ഷേപിച്ച ആദ്യ രാജ്യമാണ് ഇന്ത്യ. എന്നാൽ ആ മേഖലയിൽ ഇനിയും നാം വളരെയേറെ മുന്നേറാൻ ഉണ്ട്. ഉൾനാടൻ പ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെ കുറിച്ചുള്ള ഒരു വാർത്ത ഈയിടെ വായിച്ചതോർമ്മ വരുന്നു.ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഉപയോഗത്തെക്കുറിച്ച് സാധാരണക്കാരിൽ ഒരു അവബോധം സൃഷ്ടിക്കാനുള്ള മാധ്യമം കൂടെയാണ് വിദ്യാഭ്യാസമേഖല. ആ നിലയ്ക്ക് ആ മേഖലയിൽ നാം എല്ലാവിധ സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇ ലേർണിംഗ്, ഇ ലൈബ്രറി തുടങ്ങിയ സംവിധാനങ്ങളിലൂടെ ലോകത്ത് ലഭ്യമായ ഏതു കോഴ്സുകളും ബുക്കുകളും ഇപ്പോൾ വിരൽത്തുമ്പിൽ ലഭ്യമാണ്. അത് ഉപയോഗിക്കുക എന്നത് മാത്രമാണ് നാം ഇനി ചെയ്യാനുള്ളത്.

വാർത്താ വിനിമയ മേഖല, വാണിജ്യ മേഖല തുടങ്ങിയ രംഗങ്ങളിൽ അഭൂതപൂർവ്വമായ പുരോഗതിയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ആ മേഖലകളിൽ ഉണ്ടാകുന്ന ആ പുരോഗതികളെക്കുറിച്ചുള്ള അവബോധം എല്ലാവരിലും എത്തേണ്ടത് ആ മേഖലയുടെ തന്നെ വളർച്ചയ്ക്ക് ആവശ്യമാണ്.

വിവര സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഫലമായി ഇപ്പോൾ കുറഞ്ഞ ചിലവിൽ മൊബൈൽ, സ്മാർട്ട് ഫോൺ തുടങ്ങിയ സംവിധാനങ്ങൾ ഇപ്പോൾ സാധാരണക്കാർക്കും ലഭ്യമാണ്. സൂക്ഷ്മമായ ഉപഗ്രഹ സംവിധാനങ്ങളിലൂടെ ഇന്ത്യയുടെ മുക്കിലും മൂലയിലും വരെ അത്യാധുനിക വിനിമയ ഉപാധികൾ ലഭ്യമാണ്. ഇതെല്ലാം ഫലപ്രദമായി വിനിയോഗിക്കാൻ എല്ലാവരും തയ്യാറാകുന്നതോടെ ഭാരതത്തിന് വികസിത രാജ്യങ്ങളെ വരെ കവച്ചുവെക്കാൻ പറ്റുന്ന പുരോഗതി എല്ലാ മേഖലയിലും കൈവരിക്കാൻ സാധിക്കുമെന്ന് നിസ്സംശയം പറയാൻ സാധിക്കും.

 

Comments

comments

Share.
Gallery