സ്വാര്‍ത്ഥനായ മനുഷ്യന്‍ – Akhila A R

Google+ Pinterest LinkedIn Tumblr +

Author : Akhila A R

Company :   Park Centre

Email : akhilaar.vipin2015@gmail.com

സ്വാര്‍ത്ഥനായ മനുഷ്യന്‍
തോരാതെ പെയ്യുന്ന പെരു മഴയത്ത് ആസ്പത്രി ഷെഡ്ഡില്‍ ഇരിന്നു കൊണ്ട് ചായ കുടിക്കുമ്പോള്‍ ഉണ്ണി തന്റെ ഓര്‍മ്മകള്‍ ഓരോന്നായി അയവിറക്കുകയായിരിന്നു. അന്ന്, ഇതു പോലൊരു പെരുമഴക്കാലത്താണ് അവള്‍, ജാനു ഇല്ലത്ത് കയറി വന്നത്.
പ്രഭാതത്തില്‍ മഴത്തുള്ളികള്‍ അരിച്ചിറങ്ങുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നത്. കണ്ണുകള്‍ രണ്ടും തിരുമ്മിക്കൊണ്ട് അടുക്കളയിലേക്ക് നടന്നു. അമ്മ പ്രാതല്‍ ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ്. എന്നെ കണ്ടതും അമ്മ പറഞ്ഞു. ഉണ്ണീ പോയി പല്ലു തേച്ചു വരൂ, അമ്മ മോന് പ്രാതല്‍ തരാം. അട്ക്കളത്തിണ്ണയിലെ ചുമരില്‍ തൂക്കിയിട്ടിരുന്ന വക്കു പൊട്ടിയ കലത്തില്‍ നിന്നും ഉമിക്കരിയുമെടുത്ത് ഞാന്‍ ഉമ്മറത്തെക്ക് നടന്നു.
അന്നാദ്യമായി ഞാന്‍ അവളെക്കണ്ടു. ഉമ്മറപ്പടിക്കല്‍ തളര്‍ന്ന് ഉറങ്ങുകയായിരിന്നു, വെള്ളത്തിലിട്ട പയര്‍ മണി പോലെ ആകെ നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. ഞാന്‍ ഓടിപ്പോയി അമ്മയെയും ഉറങ്ങിക്കിടന്നിരുന്ന അച്ഛനെയും വിളിച്ചു കൊണ്ടു വന്നു. അച്ഛന്‍ ആ കുട്ടിയെ വിളിച്ചുണര്‍ത്തി ചോദിച്ചു. നീ ആരാണ്? ഇവിടെ എങനെ എത്തി? എന്നൊക്കെ അച്ഛനും അമ്മയും മാറി മാറി ചോദിച്ചു കൊണ്ടെയിരുന്നു……
അവള്‍ തന്റെ മുഖമുയര്‍ത്തി ഇടറിയ സ്വരത്തില്‍ പറഞ്ഞു. ഞാന്‍ ജാനു, വടക്കേതിലെ ശങ്കരന്റെ മകളാണ്. അച്ഛന്‍ കുറച്ചു നാള്‍ മുന്‍പ് മരിച്ചു പോയി. അമ്മ തളര്‍വാതം വന്നു കിടപ്പിലായിരിന്നു. ഇന്നലെ എന്റെ അമ്മയും മരിച്ചു പോയി. തോരാതെ പെയ്ത മഴയില്‍ എന്റെ കുടിലും ഒലിച്ചു പോയി. എനിക്കിനി ആരുമില്ല. പേടിയുടെ പരക്കം പാച്ചിലിനിടയില്‍ ഓടിക്കയറിയതാണ്. ഇവിടെ എന്നോട് ക്ഷമിക്കണം……
അവള്‍ പറഞ്ഞത് കേട്ടപ്പോള്‍ എനിക്കവളോട് സഹതാപം തോന്നി. അച്ഛന്‍ പറഞ്ഞു കുട്ടിക്കാരുമില്ലെന്ന്, കുട്ടിക്ക് ഞങ്ങളുണ്ട്. കുറച്ചു നാള്‍ മുന്‍പ് വരെ ശങ്കരനായിരിന്നു ഇവിടത്തെ തെങ്ങില്‍ നിന്നും തേങ്ങ വെട്ടിയിരിന്നത്. പിന്നെ അയാള്‍ക്ക് അസുഖം പിടിപെട്ടപ്പോള്‍ വരണ്ടായെന്ന് ഞാനയാളോട്  പറഞ്ഞിരിന്നു. പക്ഷേ, ഇത്രയും കഷ്ടത്തിലാണ് ശങ്കരന്റെ കുടുംബം എന്ന് ഞാനറിഞ്ഞിരുന്നില്ല. … മോളു വരൂ… അമ്മ അവളെ വിളിച്ചു കൊണ്ടു പോയി, അവള്‍ക്കും എനിക്കും കഴിക്കാന്‍ പ്രാതല്‍ തന്നു. അങ്ങനെ അവള്‍ ഞങ്ങളുടെ വീട്ടിലെ ഒരംഗമായി….
ഒരാഴ്ച കഴിഞ്ഞപ്പോള്‍ സ്കൂള്‍ തുറന്നു. ഞാന്‍ രണ്ടാം തരം പാസ്സായി മൂന്നാം തരത്തിലെക്ക് കടക്കുകയാണ്. എല്ലാക്കൊല്ലത്തെയും പോലെ അച്ഛന്‍ സ്കൂള്‍ സാമഗ്രികള്‍ വാങ്ങിക്കൊണ്ട് വന്നു. എന്നാല്‍ അച്ഛന്‍ പതിവില്‍ കൂടുതല്‍ സാമഗ്രികള്‍ വാങ്ങിച്ചിരിന്നു. ഞാന്‍ അച്ഛനോട് ചോദിച്ചു അച്ഛന്‍ എന്തിനാണ് ഇത്രയും സാമഗ്രികള്‍ വാങ്ങിയത്. അച്ഛന്‍ പറഞ്ഞു, ഇക്കൊല്ലം ജാനുവിനെ കൂടി സ്കൂളില്‍ ചേര്‍ക്കണം, അവളും പഠിക്കട്ടെ. അതു കേട്ടപ്പോല്‍ എന്നിലെ സ്വാര്‍ത്ഥത കാരണം എന്തെന്നില്ലാത്ത ദേഷ്യം തോന്നി. എന്നിട്ടും ഞാനൊന്നും മിണ്ടിയില്ല…
അങ്ങനെ അച്ഛന്‍ അവളെ സ്കൂളില്‍ ചേര്‍ത്തു. എന്റെ കൂട്ടുകാരെല്ലാം എന്നോട് വന്നു ചോദിക്കുമായിരിന്നു. അവള്‍ ആരാണ്? എന്റെ അനുജത്തിയാണോ? എന്നൊക്കെ. അപ്പോള്‍ ഞാന്‍ പറയുമായിരിന്നു, വീട്ടില്‍ തേങ്ങ ഇടാന്‍ വരുന്നയാളുടെ മകളാണെന്ന്. ഇതു കേട്ടപ്പോള്‍ കൂട്ടുകാര്‍ എന്നെ കളിയാക്കാന്‍ തുടങ്ങി. അത് എന്നില്‍ അവളൊടുള്ള ദേഷ്യവും അറപ്പും വെറുപ്പും പതിന്മടങ്ങായി കൂടിക്കൂടി വന്നു.
കാലം കടന്നു പോയത് ഞാനറിഞ്ഞിരുന്നില്ല. അങ്ങനെ ഞാന്‍ പത്താം തരത്തിലെത്തി, പരീക്ഷ എഴുതി. എന്നാല്‍ ഞാന്‍ പാസ്സായില്ല. അതിനാല്‍ അച്ഛന്‍ എന്റെ പഠിത്തം നിര്‍ത്തി. രണ്ടു കൊല്ലം തേരാപ്പാരാ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ആ സമയത്ത് അവള്‍ പത്താം തരത്തിലെത്തി. അവിടെ നിന്നും ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി. എനിക്കതില്‍ അവളൊട് ദേഷ്യം തോന്നി. അച്ഛനും അമ്മയും അവളെ വാനോളം പുകഴ്ത്തി. അതു കേട്ടപ്പോള്‍ ഞാന്‍ അവരോടും കലഹിച്ചു. സഹിക്കവയ്യാതെ ഞാന്‍ എന്റെ അച്ഛനെയും അമ്മയെയും തള്ളിപ്പറഞ്ഞു. എനിക്കു കിട്ടാനുള്ള സ്നേഹം മുഴുവന്‍ തട്ടിയെടുത്തതില്‍ ഞാന്‍ അവളൊട് കെറുവിച്ചു കൊണ്ട് ഇല്ലത്തു നിന്നുമിറങ്ങി പോകാന്‍ പറഞ്ഞു. ഇതു കേട്ട അച്ഛന്‍ എന്നെ പൊതിരെ തല്ലി. അന്നു രാത്രി അവള്‍ ആരുമറിയാതെ ഇല്ലത്തു നിന്നും എങ്ങോട്ടോ ഇറങ്ങിപ്പോയി. അതോടെ അച്ഛനും അമ്മയും എന്നെ വെറുക്കാന്‍ തുടങ്ങി. എനിക്കു കൂടപ്പിറപ്പായി ഒരു അനുജത്തി ഇല്ലാത്തതു കൊണ്ടാകാം ഇരുവരും അവളെ ഇത്രയേറെ സ്നേഹിച്ചിരുന്നത്. ഓരോ നിമിഷവും എന്നെ കാണുമ്പോള്‍ അമ്മ പറയുമായിരിന്നു, എനിക്കു നിന്നെ കാണണ്ട, നീ ദുഷ്ടനാണ് എന്നൊക്കെ. ഞാനതിന് മറുത്തൊന്നും പറഞ്ഞിട്ടില്ല.
അങ്ങനെ ഓരോ കൊല്ലവും പൊയ്ക്കൊണ്ടിരിന്നു. അമ്മയ്ക്ക് സുഖമില്ലാതെ കിടപ്പായി. ദീനം കലശ്ശലാണ്. അച്ഛന് വൈദ്യന്‍ കുറിച്ചു കൊടുത്ത മരുന്നു ശീട്ടും കൊണ്ട് ടൌണിലേക്ക് പോയിരിക്കയാണ്. നേരം ഏറെ വൈകിയിട്ടും അച്ഛന്‍ തിരികെ ഇല്ലത്തെക്ക് വന്നില്ല, അടുത്ത വീട്ടിലെ ദാക്ഷായണിത്തള്ളയെ കൂട്ടിരുത്തിയിട്ട് ഞാന്‍ അച്ഛനെ തിരക്കിയിറങ്ങി….
ടൌണിലെ ഓരോ മരുന്നുശാലയിലും ഞാന്‍ അന്വേഷിച്ചു. എന്നാല്‍ ഒരു വിവരവും കിട്ടിയില്ല. എന്നാലും ഞാന്‍ എന്റെ അന്വേഷണം തുടര്‍ന്നു കൊണ്ടെയിരുന്നു. അപ്പോഴാണ് ഞാനറിഞ്ഞത് മരുന്നു ശാലയില്‍ നിന്നും മരുന്നു വാങ്ങിയിറങ്ങിയ ഒരാള്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആസ്പത്രിയിലാക്കിയെന്ന്. സംശയം തോന്നിയ ഞാന്‍ നേരെ ആസ്പത്രിയിലെത്തി. …
അവിടെ ദീര്‍ഘ ശ്വാസം വലിക്കുന്ന ബോധമില്ലാത്ത അച്ഛനെയാണ് ഞാന്‍ കണ്ടത്. ആ കാഴ്ച എന്നെ ആകെ തളര്‍ത്തി. പരിഭ്രാന്തിയോടെ ഞാന്‍ ഡോക്ടറുടെ മുറിയിലേക്ക് ഓടിച്ചെന്നു. ഒരു ലേഡി ഡൊക്ടറായിരിന്നു അവിടെയുണ്ടായിരിന്നത്. എവിടെയോ കണ്ടു മറന്ന മുഖം പോലെ തോന്നി. ഞാനവരോട് അച്ഛനെ രക്ഷിക്കണമെന്ന് കേണപേക്ഷിച്ചു….
സാരമില്ല. അമ്മാവനൊന്നുമില്ല ഉണ്ണിയേട്ടാ… ആ സ്വരം എന്റെ ചെവിയില്‍ പ്രതിധ്വനിച്ചു കൊണ്ടെയിരുന്നു. മുന്‍പ് എവിടെയോ കേട്ടു മറന്നതു പോലെ………
അത്… അത് അവള്‍ തന്നെ ജാനു. ഞാന്‍ അന്തിച്ചു പോയി. അവള്‍ തന്നെയാണൊ ഇത്. അതെ, ജാനു തന്നെയാണിത്. എന്റെ അവബോധ മണ്ഡലത്തില്‍ വിളക്കുകള്‍ കത്തിയണയും പോലെ. ഞാന്‍ കാരണമല്ലേ അവള്‍ അനാഥയായത്. എന്നിലെ കുറ്റബോധം മെല്ലെയുണര്‍ന്നു….
എന്നോട് ക്ഷമിക്കൂ ജാനു ക്ഷമിക്കൂ… പൊറുക്കാന്‍ പറ്റാത്ത തെറ്റാണ് ഞാന്‍ ചെയ്തത്. എന്നിലെ സ്വാര്‍ത്ഥതയാണ് എന്നെ ഒരു ദുഷ്ടനാക്കി മാറ്റിയത്.
അതിന് ഉണ്ണിയേട്ടന്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. എല്ലാം എന്റെ വിധിയാണ്. ഞാന്‍ ചെയ്ത തെറ്റിന് അവള്‍ വിധിയെ പഴി പറഞ്ഞു. അപ്പോഴാണ് ഒരു സിസ്റ്റര്‍ ഓടി വന്നു പറഞ്ഞത് അച്ഛന് ബോധം വന്നിട്ടിട്ടുണ്ടെന്ന്. അതു കേട്ട ഞാനും ജാനുവും കൂടി അച്ഛന്റെ അടുത്തേക്കു ചെന്നു. അവള്‍ അച്ഛന്റെ തലയില്‍ മെല്ലെ തലോടിക്കോണ്ട് പറഞ്ഞു സുഖം തോന്നുന്നുണ്ടോ അമ്മാവാ…. ആ വിളി കേട്ട അച്ഛന്റെ പാതിയടഞ്ഞ കണ്ണുകള്‍ പുഷ്പം പോലെ വിടര്‍ന്നു…
ഞാന്‍ …… ഞാന്‍ അങ്ങയുടെ പഴയ ജാനുവാണ്. അതു കേട്ട അദ്ദേഹം നടുങ്ങി. തന്റെ ജാനു ഒരു ഡോക്ടറോ…. മോളെ ജാനു നീ ഇല്ലത്തു നിന്നും ഇറങ്ങിപ്പോയതു ഞങ്ങളെ ദു:ഖത്തിലാഴ്ത്തി. ഉണ്ണിയുടെ അമ്മ ദീനം വന്നു കിടപ്പിലുമാണ്. അതു കൊണ്ട് കഴിഞ്ഞതെല്ലാം മറന്ന് നീ ഇന്നു തന്നെ ഇല്ലത്തേക്കു മടങ്ങി വരണം. നിന്നെ കാണുമ്പോള്‍ അവളുടെ ദീനമെല്ലാം മാറും. തീര്‍ച്ച. ഇത് എന്റെ അപേക്ഷയാണ്…..
അവള്‍ സങ്കടത്തോടെ പറഞ്ഞു. ക്ഷമിക്കണം അമ്മാവാ… എനിക്ക് പെട്ടെന്ന് വരാന്‍ പറ്റില്ല. കാരണം ഞാനിന്ന് കുടുംബിനിയാണ്. ഒരു കുഞ്ഞിന്റെ അമ്മയുമാണ്. എന്റെ ഭര്‍ത്താവ് എന്നെ ജീവനേക്കാല്‍ ഏറെ സ്നേഹിക്കുന്നു. അന്ന് ഇല്ലം വിട്ടിറങ്ങിയപ്പോള്‍ എന്നെ സംരക്ഷിച്ചതും ഈ നിലയിലാക്കിയതും അദ്ദേഹമാണ്. കൃഷിക്കാരനായ അദ്ദേഹത്തിന്റെ വിയര്‍പ്പിന്റെ വിലയാണ് ഇന്നു കാണുന്ന എന്റെ ഈ ഡോക്ടര്‍ പദവി. ഞാനദ്ദേഹത്തോട് അനുവാദം വാങ്ങി ഞങ്ങള്‍ ഒരുമിച്ച് വരാം. അച്ഛന് എന്തെന്നിലാത്ത സന്തോഷമായി. ഞാന്‍ വളരെയേറെ പശ്ചാത്തപിച്ചു. അങ്ങനെ ഞാനും അച്ഛനും കൂടി ഇല്ലത്തെക്കു മടങ്ങി.
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ജാനുവും ഭര്‍ത്താവും വന്നു, കൂടെ കുഞ്ഞുമുണ്ടായിരിന്നു. അവളെ കണ്ടപ്പോള്‍ തന്നെ അമ്മയുടെ ദീനം പകുതിയും മാറി. ഞാന്‍ അമ്മയുടെ മാപ്പിരന്നിരിന്നു. ജാനുവിന്റെ നിര്‍ബന്ധപ്രകാരം അമ്മ എനിക്ക് മാപ്പു തന്നു. എന്റെ ദയനീയമായ അവസ്ഥ കണ്ട് ജാനു എനില്ല് ആസ്പത്രിയില്‍ വാചറുടെ ജോലി വാങ്ങിത്തന്നു. അന്നു മുതല്‍ ഞാന്‍ ഒരു നല്ല മനുഷ്യനായി ജീവിക്കാന്‍ ശ്രമിക്കുകയാണ്.
പഴയ കാര്യങ്ങള്‍ ഓര്‍മ്മയില്‍ മിന്നിത്തെളിഞ്ഞപ്പോള്‍ സമയം പോയതറിഞ്ഞില്ല. ആസ്പത്രി ജോലി സമയം കഴിഞ്ഞപ്പോള്‍ ജാനു വന്നു എന്നെ മെല്ലെ തൊട്ടുണര്‍ത്തി. എന്നിട്ട് പറഞ്ഞു വാ… ഏട്ടാ നമുക്ക് പോകാം. അപ്പോഴേക്കും ജാനുവിന്റെ ഭര്‍ത്താവ് കാറുമായി എത്തിയിരിന്നു. അതില്‍ കയറി ഞങ്ങള്‍ ഇല്ലത്തെക്ക് യാത്ര തിരിച്ചു.

 

 

Comments

comments

Share.
Gallery