ശാസ്ത്രീയ അവബോധത്തിന് നമ്മുടെ സമൂഹത്തിലുള്ള പ്രസക്തിയും പ്രാധാന്യവും – ABY ANTONY PARAMBY

1
  

Author : ABY ANTONY PARAMBY

Company : IBS SOFTWARE SERVICES

 

ശാസ്ത്രീയ അവബോധത്തിന് നമ്മുടെ സമൂഹത്തിലുള്ള പ്രസക്തിയും പ്രാധാന്യവും

ശാസ്‌ത്രീയ അവബോധത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യം ഓർമ്മയിലേക്ക് വരുന്നത് ‘വിദ്യാധനം സർവ്വധനാൽ പ്രധാനം’ എന്ന ചൊല്ലാണ്. വിദ്യ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് വിവിധ ശാസ്‌ത്രങ്ങളെ ആണല്ലോ. നാം വളരെ ചെറുപ്പം മുതലേ കേട്ടിട്ടുള്ള ഈ ചൊല്ല് ഒരുപാട് ആളുകളുടെ അനുഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നിട്ടുള്ള മഹത്തായ ഒരു വാക്യമാണ്. അനേകം തലമുറകളുടെ വിവിധങ്ങളായ ധനങ്ങളെക്കുറിച്ചുള്ള നിരീക്ഷണം ഇതിനു പിന്നിലുണ്ട്. പണം, വസ്തുക്കൾ, ആരോഗ്യം, അറിവ് എന്നിവയെല്ലാം താരതമ്യം ചെയ്യുമ്പോൾ അറിവാണ് മഹത്തരം എന്നാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്. വിദ്യ എന്നത് ഭൗതികശാസ്‌ത്രമോ തത്വശാസ്‌ത്രമോ സാമ്പത്തികശാസ്‌ത്രമോ മനഃശാസ്‌ത്രമോ ജീവശാസ്‌ത്രമോ മറ്റേതു ശാസ്‌ത്രമോ ആകാം. ഈ ഒരു ചൊല്ലിൽ നിന്നു തന്നെ ശാസ്‌ത്രത്തിൻ്റെ പ്രാധാന്യവും അതിനു നൽകേണ്ട പ്രസക്തിയും നമുക്ക് മനസ്സിലാക്കാം.

 

എന്താണ് ശാസ്‌ത്രീയ അവബോധം? ശാസ്‌ത്രത്തെക്കുറിച്ചുള്ള അറിവാണ് ശാസ്‌ത്രീയ അവബോധം. നമ്മുടെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ചും അവയുടെ പിന്നിലുള്ള ശാസ്‌ത്ര വശങ്ങളെക്കുറിച്ചുള്ള അറിവിനെയുമാണ് പൊതുവെ ശാസ്‌ത്രീയ അവബോധം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അത് ഒരുപക്ഷേ, നമ്മുടെ നേരിട്ടുള്ള അനുഭവം ആകണമെന്നില്ല. ലോകത്തിൻ്റെ നാനാ ഭാഗങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളെല്ലാം നമ്മുടെ നേരിട്ടുള്ള അനുഭവമാകണമെന്നു നിർബന്ധം പിടിക്കാനാകില്ലല്ലോ. അപ്പോൾ, വിവിധ മാധ്യമങ്ങളിൽക്കൂടി നമ്മുടെ മുന്നിൽ അവതരിപ്പിക്കപ്പെടുന്ന, ശാസ്‌ത്ര ലോകത്തെ മാറ്റങ്ങളെയും മുന്നേറ്റങ്ങളെയും കുറിച്ചുള്ള അറിവിനെയും ശാസ്‌ത്രീയ അവബോധമായി കണക്കാക്കാം. മറ്റൊരു തരത്തിൽ, ശാസ്‌ത്ര ലോകത്തെക്കുറിച്ചുള്ള പൊതുവിജ്ഞാനത്തെ ശാസ്‌ത്രീയ അവബോധമായി പറയാം. ഈ രീതിയിലുള്ള പൊതുവിജ്ഞാനം ഒരു സമൂഹത്തിലെ ഒരുപാട് പേർക്കുണ്ടെങ്കിൽ അതിൽ ആർക്കെങ്കിലുമൊക്കെ ആ അറിവുവച്ചു പുതിയ കാര്യങ്ങൾ കണ്ടെത്താനാകും എന്ന കാര്യത്തിൽ സംശയമില്ല. ചിന്തിക്കുന്ന ഒരുപാടുപേർ ഉണ്ടാകുന്നത് ഒന്നോ രണ്ടോ പേർ ചിന്തിക്കുന്നതിനേക്കാൾ നല്ലതാണ്. ആയതുകൊണ്ട്, ശാസ്‌ത്രീയ അവബോധമുള്ള സമൂഹങ്ങൾ മാനവരാശിക്ക് മുതൽക്കൂട്ടാണ്. ശാസ്‌ത്രത്തെക്കുറിച്ചുള്ള ജിജ്ഞാസയിൽ നിന്നാണ് ശാസ്‌ത്രീയ അവബോധം തുടങ്ങുന്നത്.

 

നമ്മുടെയെല്ലാം അനുദിന ജീവിതം ശാസ്‌ത്രവുമായി വളരെയധികം ബന്ധപ്പെട്ടാണ് കിടക്കുന്നത്. പണ്ട് കോഴി കൂവുന്നതു കേട്ടുണർന്നിരുന്ന മനുഷ്യൻ ഇന്ന് അലാറം കേട്ടുണരുന്നു. പല സ്ഥലങ്ങളിലായി താമസിക്കുന്ന നമ്മുടെ വേണ്ടപ്പെട്ടവരുടെ വിവരങ്ങൾ നിമിഷങ്ങൾക്കുള്ളിൽ നമ്മുടെ മുൻപിൽ ഫോൺ കോളുകൾ, എസ്എംഎസ്സുകൾ  അല്ലെങ്കിൽ മറ്റു തരത്തിലുള്ള സന്ദേശങ്ങളായി എത്തുന്നു. ദൂര സ്ഥലങ്ങളിലുള്ള കൃഷിയിടങ്ങളിലേക്കും പണിസ്ഥലങ്ങളിലേക്കും കാൽനടയായി പോയിരുന്നവർ ഇന്ന് വളരെ കുറഞ്ഞ സമയത്തിൽ എത്തുന്നു. നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ കൃത്രിമ മരുന്നുകളും മറ്റു ചികിത്സാ ഉപകരണങ്ങളും ലഭ്യമായിരിക്കുന്നു. ചൂടിനേയും തണുപ്പിനെയും യഥേഷ്ട്ടം ക്രമീകരിക്കാനും പ്രതിരോധിക്കാനും കഴിയുന്ന മുറികളും വസ്ത്രങ്ങളും, കൃത്രിമമായി വെളിച്ചം തരാൻ ബൾബുകൾ, നമുക്കാവശ്യമായ ഊർജം ഉൽപാദിപ്പിക്കാൻ എണ്ണക്കിണറുകൾ, ആണവ നിലയങ്ങൾ, ബഹിരാകാശത്തിലേക്കും അന്യ ഗ്രഹങ്ങളിലേക്കും പോകാൻ റോക്കറ്റുകളും പ്രത്യേക പേടകങ്ങളും, കാലാവസ്ഥാ പ്രവചനത്തിനും വിവര കൈമാറ്റത്തിനും കൃത്രിമ ഉപഗ്രഹങ്ങൾ… പലപ്പോഴും നാം അറിയുന്നില്ലെങ്കിലും (അല്ലെങ്കിൽ ശ്രദ്ധിക്കുന്നില്ലെങ്കിലും)  ജീവിത ക്ലേശങ്ങളെ വളരെ എളുപ്പത്തിൽ നേരിടാൻ നമ്മെ പ്രാപ്തരാക്കുന്ന ഉപകരണങ്ങൾ  ഓരോരോ കാലഘട്ടത്തിലെയും മനുഷ്യൻ്റെ ശാസ്‌ത്രീയ  അവബോധത്തിൽ നിന്നും ഉണ്ടായിട്ടുള്ളതാണ്. ഇതിൽ നിന്നെല്ലാം ശാസ്‌ത്രത്തെക്കുറിച്ചുള്ള അവബോധം എത്ര വിലപ്പെട്ടതാണെന്നു മനസ്സിലാക്കാം.

 

ശാസ്‌ത്രത്തെ മുറുകെപ്പിടിച്ചാണ് ഓരോ മനുഷ്യസമൂഹവും വളർന്നു വന്നത് എന്ന് ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാൻ കഴിയും. ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് കാട്ടു ചെടികളും കിഴങ്ങും കഴിച്ചു ജീവിച്ചിരുന്ന മനുഷ്യൻ തീയും ചക്രങ്ങളും കണ്ടുപിടിച്ചതോടെ വളർച്ചയുടെ വൻ പടവുകളാണ് കയറിയത്. അത്തരം ചില ആകസ്മിക കണ്ടുപിടിത്തങ്ങൾ മനുഷ്യനെ അവയുടെ പിന്നിലുള്ള ശാസ്‌ത്രത്തെക്കുറിച്ചു ചിന്തിക്കാൻ കൂടുതൽ പ്രേരിപ്പിച്ചു. ആ ചിന്തകൾ കൂടുതൽ ഉൽകൃഷ്ടമായ കാര്യങ്ങളിലേക്കു അവനെ നയിച്ചു. ഭൗതികശാസ്‌ത്രത്തിലും രസതന്ത്രത്തിലും കൂടുതൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങിയതോടു കൂടി അവൻ്റെ ജീവിതം വളരെയേറെ മുന്നേറി. ലോഹങ്ങൾ കണ്ടുപിടിച്ചതോടുകൂടി അവൻ കൂടുതൽ ശക്തനായി. പതിയെപ്പതിയെ, ശാസ്‌ത്ര ബോധം വളർത്തേണ്ടതിൻ്റെ ആവശ്യകത അവനു ബോധ്യപ്പെട്ടു.

 

ലോകത്തിൻറെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന സമൂഹങ്ങളിൽ ചിലതിനു വളർച്ചയും ചിലതിനു വലിയ മാറ്റമൊന്നുമില്ലാത്ത അവസ്ഥയുമായിരുന്നെന്നു കാണാൻ കഴിയും. അത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചാൽ നാം മിക്കവാറും ചെന്നെത്തുക ശാസ്‌ത്രത്തെക്കുറിക്കുള്ള അവബോധത്തിൻ്റെ ഏറ്റക്കുറച്ചിലുകളിലേക്കായിരിക്കും. ശാസ്‌ത്രത്തെ മുറുകെപ്പിടിച്ചു മുന്നേറിയവർ മറ്റു സമൂഹങ്ങളുടെ മേൽ  അധീശ്വത്വം നേടുകയും അവരുടെ വിഭവങ്ങളെ ഉപയോഗിക്കുകയും ചെയ്തു. ശാസ്‌ത്രം  അറിയാത്തവർ ചെറുത്തു നിൽക്കാൻ കഴിവില്ലാതെ തങ്ങളുടെ മേൽ അധികാരം പ്രയോഗിക്കുന്നത് കണ്ടു നിന്നു. മഹാന്മാരായിരുന്ന പല രാജാക്കന്മാരും തങ്ങളുടെ അതിർത്തികൾ കടന്നു യുദ്ധം നയിച്ചതും വിജയങ്ങൾ നേടിയതും ശാസ്‌ത്രത്തെ കൂട്ടുപിടിച്ചായിരുന്നു. ആ രാജാക്കന്മാർക്ക് അതിനു തക്ക ശാസ്‌ത്ര അവബോധമുള്ള മന്ത്രിമാരും പ്രജകളും ഉണ്ടായിരുന്നു. പിൽക്കാലങ്ങളിൽ ബ്രിട്ടീഷ് സാമ്രാജ്യം പല രാജ്യങ്ങളെ വരുതിയിലാക്കിയതും ഭരണം നിയന്ത്രിച്ചതും ശാസ്‌ത്രം അവർക്കു നൽകിയ മികച്ച പടക്കോപ്പുകളും വെടിക്കോപ്പുകളും വച്ചാണ്.

 

മേൽപ്പറഞ്ഞ കാര്യങ്ങളിൽ നിന്നെല്ലാം ശാസ്‌ത്രീയ അവബോധത്തിൻ്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാം. ഓരോ സമൂഹത്തിലും കുറച്ചു പേർക്കെങ്കിലും ശാസ്‌ത്രത്തിൻ്റെ പ്രാധാന്യം അറിവുണ്ടായിരുന്നതു മൂലമാണ് നാം ഇന്ന് കാണുന്ന പല സൗകര്യങ്ങളും ഉണ്ടായത്. ഓരോ ജന സമൂഹവും ഏതു വിഷയങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത് എന്നത് അതാത് സമൂഹങ്ങളുടെ ജീവിത സാഹചര്യങ്ങൾക്കനുസരിച്ചാണ്. ഒരു വിഷയത്തിനു ഒരു സമൂഹം കൊടുക്കുന്ന പ്രസക്തി ആവണമെന്നില്ല അതേ വിഷയത്തിനു മറ്റൊരു സമൂഹം കൊടുക്കുന്നത്. ഒരു ഉദാഹരണത്തിന്, ഭക്ഷ്യ വിഭവങ്ങളുടെ കുറവുകൊണ്ടു ബുദ്ധിമുട്ടുന്ന ഒരു സമൂഹത്തോട് നിങ്ങൾ ശാസ്‌ത്രം ഉപയോഗിച്ചു വളരൂ എന്ന് പറഞ്ഞാൽ അവർ അതു ചെവിക്കൊണ്ടു എന്നു വരില്ല. വിശപ്പടക്കുന്ന കാര്യത്തിലാകും അവർ കൂടുതൽ ശ്രദ്ധിക്കുക. വിശപ്പടക്കിയ ശേഷം അവരിൽ ശാസ്‌ത്രീയ അവബോധം വളർത്താൻ നോക്കിയാൽ അത് കൂടുതൽ ഫലം ചെയ്യും. അതുപോലെ തന്നെയായിരിക്കും യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ജനതയോട് ശാസ്‌ത്ര സംബന്ധിയായ കാര്യങ്ങൾ പറഞ്ഞാൽ. മാനസികമായി ഒരുങ്ങിയാലും ഭൗതിക സാഹചര്യങ്ങൾ അതിനനുസരിച്ചല്ല എങ്കിൽ ശാസ്‌ത്രപരമായി വളരാൻ ബുദ്ധിമുട്ടായിരിക്കും. ശാസ്‌ത്ര ഗവേഷണങ്ങൾക്കുള്ള ഭീമമായ സാമ്പത്തിക ചെലവ് താങ്ങാൻ പറ്റാത്ത രാജ്യങ്ങൾക്കും ശാസ്‌ത്രീയ  അവബോധം താരതമേന്യ കുറവായിരിക്കും.

 

തത്വശാസ്‌ത്രം, ആരോഗ്യശാസ്‌ത്രം, വാസ്തുശാസ്‌ത്രം, ആദ്ധ്യാത്മികശാസ്‌ത്രം, ജ്യോതിശാസ്‌ത്രം മുതലായ ശാസ്‌ത്ര മേഖലകളിൽ ഇന്ത്യയിലെ ചില സമൂഹങ്ങൾ അതീവ താത്‌പര്യം കാണിച്ചിരുന്നു. പുരാണങ്ങളിലും, പുരാതന നൂറ്റാണ്ടുകളിൽ നിലനിന്നിരുന്ന സിന്ധു നദീതട സംസ്കാരങ്ങളിലും അതിനുള്ള തെളിവുകൾ കാണാം. നളന്ദ, തക്ഷശില തുടങ്ങിയ സർവ്വകലാശാലകൾ ഭാരത സമൂഹത്തിൻ്റെ ശാസ്‌ത്ര അവബോധത്തിൻറെ ഉദാഹരണങ്ങളാണ്. കൂടാതെ വിവിധ ശാസ്‌ത്രങ്ങളെക്കുറിച്ചുള്ള അനേകം റഫറൻസ് ഗ്രന്ഥങ്ങൾ ഭാരതീയ പണ്ഡിതരുടേതായുണ്ട്. സുശ്രുത സംഹിത, അർഥശാസ്‌ത്രം എന്നിവ അവയിൽ ചിലതു മാത്രം. ആയുർവേദം ഇന്നും ഭാരതത്തിൻ്റെ മഹത്തായ ഒരു സംഭാവനയായി നിലകൊള്ളുന്നു. അതുപോലെ തന്നെ, സംഘ്യശാസ്‌ത്രത്തിലെ നമ്മുടെ സംഭാവനകൾ അവിസ്മരണീയങ്ങളാണ്.

 

രാജ ഭരണ കാലഘട്ടങ്ങളിൽ ഭാരതീയ ജന സമൂഹം ശാസ്‌ത്രത്തിനു നല്ല പ്രസക്തി കൊടുത്തിരുന്നെങ്കിലും പിൽക്കാലങ്ങളിൽ അത് അത്ര പ്രസക്തമല്ലാതായി. കൃഷിയിലൂന്നി ജീവിച്ചിരുന്ന സമൂഹമായിരുന്നെങ്കിലും ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്താൻ അവർ സമയം കണ്ടെത്തിയിരുന്നു. ഇന്ന് ഭൂരിപക്ഷം പേരും സ്വന്തം കാര്യം നോക്കുന്ന തിരക്കിലാണ്. ശാസ്‌ത്ര മേഖലയിലൂടെ തങ്ങൾക്കു സമൂഹത്തിനു നൽകാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ചൊന്നും പലരും ചിന്തിക്കുന്നുപോലുമില്ല. ശാസ്‌ത്ര  വിഷയങ്ങളിൽ ഗവേഷണം നടത്തുന്നവർക്ക് ലഭിക്കുന്ന പ്രതിഫലവും സമൂഹം നൽകുന്ന അംഗീകാരവും മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയിൽ കുറവാണ്. ശാസ്ത്രജ്ഞർക്കു സമൂഹത്തിൽ വിലയുണ്ടെങ്കിലേ കൂടുതൽ പേർ ശാസ്‌ത്ര ഗവേഷണങ്ങൾക്കു തയ്യാറാകുകയുള്ളു. അതിനു ശാസ്‌ത്രം എന്താണെന്നും അതിൻറെ ഗുണങ്ങൾ എന്താണെന്നും എല്ലാവരും അറിയണം. വിദ്യാഭ്യാസത്തിൻ്റെ  പ്രാരംഭ ഘട്ടം മുതലേ ശാസ്‌ത്ര കാര്യങ്ങളിൽ താൽപര്യമുള്ളവരാക്കി പുതു തലമുറയെ വളർത്തിയാലേ യൗവ്വനകാലത്തിലും തുടർന്നും ശാസ്‌ത്ര കാര്യങ്ങളിൽ അവർ താൽപര്യം കാണിക്കു. ശാസ്‌ത്ര പഠനത്തിനു വേണ്ടി നടത്തപ്പെടുന്ന യാത്രകൾ പലപ്പോഴും വിനോദയാത്രകളായി മാറുന്നതായി കാണാറുണ്ട്. പഠനം പലപ്പോഴും അരോചകമാണെങ്കിലും അതിനെ താൽപര്യമുള്ള ഒരു വിഷയമാക്കി മാറ്റാൻ പാഠ്യപദ്ധതിയിൽ വേണ്ട മാറ്റങ്ങൾ ശാസ്‌ത്ര രംഗത്ത് പ്രവർത്തിക്കുന്നവരുമായി ചർച്ച ചെയ്തു വരുത്തേണ്ടതാണ്. പുസ്തകത്തിൽ അച്ചടിച്ചിരിക്കുന്നതു മാത്രമല്ല പഠിക്കേണ്ടതെന്നും അതിലുപരി പരീക്ഷണ നിരീക്ഷണങ്ങളിലൂടെയുള്ള അനുഭവങ്ങളാണ് കൂടുതൽ നല്ലതെന്നും എല്ലാവർക്കും അറിയാം. ചെറുപ്പം മുതലേ ശാസ്‌ത്ര അഭിനിവേശമുള്ളവരായി വളരണമെങ്കിൽ ഓരോ വിദ്യാലയത്തിലും അതിനനുസരിച്ചുള്ള ലാബുകളും മറ്റു സൗകര്യങ്ങളും ഒരുക്കണം. സ്കൂൾ പ്രവർത്തി പരിചയ മേളകളും ശാസ്‌ത്ര മേളകളും കുട്ടികൾക്ക് എപ്പോഴും ഒരു പ്രചോദനമാണ്. വീടുകളിൽ ശാസ്‌ത്ര മാസികകളും പുസ്‌തകങ്ങളും വരുത്തി, കാലിക പ്രസക്തമായ വിഷയങ്ങളിൽ കുട്ടികളെ നമുക്കു അവബോധമുള്ളവരാക്കാം.

 

ശാസ്‌ത്ര മേഖലകളിൽ അംഗീകാരവും മികച്ച പ്രതിഫലവും ലഭിക്കുന്ന രാജ്യങ്ങളിലേക്ക് നമ്മുടെ രാജ്യത്തു നിന്നും ആളുകൾ പോകുന്നു. അത് തന്നെ കാണിക്കുന്നത്, ആ രാജ്യങ്ങളിലെ ആളുകളുടെ ശാസ്‌ത്രീയ അവബോധത്തെയാണ്. മികച്ച ഗവേഷണ സൗകര്യങ്ങളുടെ നമ്മുടെ നാട്ടിലെ അഭാവവും ഈ ഒഴുക്കിനു ഒരു കാരണമാണ്. അവരിൽ നിന്നും നേരിട്ടല്ലായെങ്കിൽക്കൂടി, മനുഷ്യകുലത്തിനു മൊത്തത്തിൽ ലഭിക്കുന്ന ശാസ്‌ത്ര സംഭാവനകൾ ഇന്ത്യയിലും എത്തുന്നു. അത് കാണുമ്പോൾ ചിലപ്പോഴെങ്കിലും നമ്മിൽ പലരും അത്തരം കണ്ടെത്തലുകൾ എന്തുകൊണ്ട് ഇവിടെ ഉണ്ടായിക്കൂടാ എന്ന് ചിന്തിക്കുന്നവരാണ്. മികച്ച സൗകര്യങ്ങളും അതിനെ പിന്തുണക്കാൻ ഭരണകൂടങ്ങളുടെ സാമ്പത്തികവും മറ്റു തരത്തിലുമുള്ള സഹായങ്ങളും ഉണ്ടായാൽ തീർച്ചയായും നമ്മുടെ നാട്ടിലെ യുവാക്കളും ശാസ്‌ത്ര മേഖലകളിലേക്കു തിരിയും. നാം പലപ്പോഴും വിലപിക്കുന്നത് പോലെ പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള നമ്മുടെ ബൗദ്ധിക സ്വത്തിൻ്റെ ഒഴുക്ക് ഒരു പരിധി വരെ കുറയ്ക്കാനും സാധിക്കും.

 

ഇന്നത്തെക്കാലത്തു നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന ചില ശാസ്‌ത്ര നേട്ടങ്ങൾ ലോകത്തിൻ്റെ  തന്നെ മൊത്തം ശ്രദ്ധ ആകർഷിക്കാൻ പോന്നതാണ് . ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം ഈ അടുത്ത കാലത്തായി ചന്ദ്രനിലേക്കും ചൊവ്വാഗ്രഹത്തിലേക്കും നടത്തിയ വിക്ഷേപണങ്ങൾ ആരെയും അസൂയാലുക്കളാക്കും. അതുപോലെ തന്നെ, മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ നാം പിഴവുകളില്ലാതെ ഭ്രമണപഥങ്ങളിലെത്തിക്കുന്നു. അമേരിക്കയുടെ ജിപിഎസ് സംവിധാനത്തെ കടത്തിവെട്ടുന്ന സംവിധാനങ്ങൾ ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്തു. അത്തരം നേട്ടങ്ങൾ ഇവിടത്തെ സാധാരണക്കാരായ ആളുകളിൽ ശാസ്‌ത്രത്തിലുള്ള താത്‌പര്യം വളർത്തുന്നുന്നുണ്ട്. അതുപോലെ, ഇന്ത്യയിലെ ചില മരുന്ന് ഗവേഷണ സ്ഥാപനങ്ങൾ മികച്ച മരുന്നുകൾ കണ്ടുപിടിക്കുന്നതും പലപ്പോഴും സമൂഹത്തിൽ ചർച്ചയാകുന്നുണ്ട്. ജനങ്ങൾക്കിടയിലേക്കു ഇറങ്ങിച്ചെല്ലുന്ന കണ്ടുപിടിത്തങ്ങൾ പെട്ടന്ന് വാർത്തയാവുകയും അതിൻ്റെ പിന്നിലെ ശാസ്‌ത്രം മറ്റു പല വാതായനങ്ങളും തുറക്കുകയും ചെയ്യും. അൽപമെങ്കിലും ശാസ്‌ത്ര താൽപര്യം ഉള്ള ആളുകളെ ഇത്തരം വാർത്തകൾ കൂടുതൽ ഉത്സാഹികളാക്കി മാറ്റും. മനുഷ്യന് പ്രത്യക്ഷമായി നേട്ടങ്ങളില്ലാത്ത ശാസ്‌ത്ര നേട്ടങ്ങൾ പലപ്പോഴും നാട്ടിൻപുറങ്ങളിലും സൗഹൃദ സംഭാഷണങ്ങളിലും ചർച്ചയാകാറുണ്ടെങ്കിലും അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് കൂടുതൽ നേട്ടങ്ങൾ ഉണ്ടാകുക കുറവാണ്. ചായക്കടകളിലെ ചർച്ചാവിഷയങ്ങളായി അവ അവസാനിക്കുന്നതായി കാണാം.

 

ഇന്ത്യയിൽ നടക്കുന്ന പല ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും പലപ്പോഴും പുറംലോകം അറിയുന്നില്ല. സർക്കാരിൻ്റെ സഹായമില്ലെങ്കിലും, സ്വകാര്യ മേഖലയിൽ നല്ല നിലയിൽ ശാസ്‌ത്ര ഗവേഷണങ്ങൾ നടത്തുന്ന വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ നമുക്കുണ്ട്. നമ്മുടെ വ്യവസായ മേഖല അതിനു വേണ്ട പ്രോത്സാഹനവും നൽകുന്നുണ്ട്. ശാസ്‌ത്രത്തെക്കുറിച്ചു ദീർഘവീക്ഷണമുള്ള ചില ആളുകളെങ്കിലും ഉള്ളതുകൊണ്ടാണ് അത്രയെങ്കിലും നടക്കുന്നത്. പരസ്പരം പോരടിക്കുന്നതിലും കരിവാരിത്തേക്കുന്നതിലും മുഴുകിയിരിക്കുന്ന രാഷ്ട്രീയ നേതാക്കൾക്ക് ശാസ്‌ത്ര കാര്യങ്ങൾക്കു വേണ്ടി മാറ്റി വയ്ക്കാൻ സമയം കുറവായിരിക്കും. ഇന്നത്തെക്കാലത്തു രാജ്യം വളരണമെങ്കിൽ നല്ല ശാസ്‌ത്രീയ  അവബോധമുള്ള പൗരന്മാർ ഉണ്ടാകുകയും അതുവഴി കൂടുതൽ കണ്ടുപിടിത്തങ്ങൾ ഉണ്ടാകുകയും വേണം. അങ്ങിനെ ഒരു ബോധ്യം രാഷ്ട്രീയക്കാർക്ക് ഉണ്ടായാൽ ഇന്ന് നാം കാണുന്നതിൽനിന്നും പതിന്മടങ്ങു നമ്മുടെ രാജ്യം വളരും. അതി സമർത്ഥരായ പല ആളുകളും, അവരെ വേണ്ട രീതിയിൽ പ്രോത്സാഹിപ്പിക്കാൻ ആളില്ലാത്തതുകൊണ്ടു മാത്രം ശാസ്‌ത്ര മേഖലയിൽ നിന്നും മാറി നിൽക്കുന്നതും കാണാം.

 

നൂറു ശതമാനം സാക്ഷരത നേടിയ നാടാണ് കേരളം. കേരള സംസ്ഥാനം സാക്ഷരതയിൽ മുന്നിലാണെങ്കിലും ശാസ്‌ത്ര അവബോധത്തിൻ്റെ കാര്യത്തിൽ മുന്നിലാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒട്ടേറെ മികച്ച ശാസ്ത്രജ്ഞർ കേരളത്തിൽനിന്നും ഉണ്ടായിട്ടുണ്ടെങ്കിലും അവരിൽ മിക്കവരും കേരളത്തിനു വെളിയിൽ പ്രവർത്തിച്ചവരാണ്. കേരളത്തിൽ പ്രവർത്തിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിൽ നാം പരാജയപ്പെട്ടു എന്നു പറയേണ്ടി വരും. ഗവേഷണ സ്ഥാപനങ്ങൾക്ക് വേണ്ടി സ്ഥലമെടുപ്പിനു ചെന്നാൽ പലപ്പോഴും അനാവശ്യമായ ചെറുത്തു നിൽപ്പും കേസും പ്രശ്നങ്ങളുമായി കാര്യങ്ങൾ നടക്കാതെ പോകുന്നു. എന്തു തരത്തിലുള്ള പ്രവർത്തനങ്ങളാണ് അല്ലെങ്കിൽ  ഗവേഷണങ്ങളാണ് നടക്കാൻ പോകുന്നതെന്നോ അവയുടെ പ്രസക്തി എന്തെന്നോ അറിയാത്തതു കൊണ്ടാണ്  പലപ്പോഴും  ഇത്തരം ചെറുത്തു നിൽപ്പുകൾ ഉണ്ടാകുന്നത്. അപ്പോൾ, കൂടുതൽ ബോധവൽക്കരണവും മറ്റും നടത്തേണ്ടിയും വരുന്നു. അത് സാമ്പത്തിക ചിലവും സമയനഷ്ടവും കൂട്ടുന്നു. നല്ല ശാസ്‌ത്രീയ  അവബോധമുള്ള ആളുകളാണെങ്കിൽ അനാവശ്യ കാര്യങ്ങളുടെ പേരിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ഗവേഷണ സൗകര്യങ്ങൾ വേഗത്തിൽ ഉണ്ടാക്കിയെടുക്കാനും കഴിയും. നേരത്തെ സൂചിപ്പിച്ചതുപോലെ, ശാസ്‌ത്രപരമായി സമൂഹത്തിനു ഗുണകരമായതും രാജ്യത്തിനു നേട്ടമുള്ളതുമായ കാര്യങ്ങളാണെന്നുള്ള ബോധ്യമുണ്ടെങ്കിൽ അല്പമൊക്കെ നഷ്ടവും അസൗകര്യങ്ങളും സഹിച്ചും ആളുകൾ ഗവേഷണ പദ്ധതികൾക്ക് വേഗം സാഹചര്യമൊരുക്കും.

 

പല ശാസ്‍ത്ര മേഖലകളും ദീർഘകാലത്തെ ഗവേഷണങ്ങൾക്കൊടുവിലാണ്  സമൂഹത്തിനു സംഭാവനകൾ നൽകുന്നത്. മിക്കവാറും ഗവേഷണങ്ങൾ ഒരുപാട് സമയമെടുക്കുന്നവയുമാണ്. തോമസ് അൽവാ എഡിസൺ പോലും അനേകം തവണ ശ്രമിച്ചു പരാജയപ്പെട്ട ശേഷമാണ് ഇലക്ട്രിക്ക് ബൾബ് കണ്ടുപിടിച്ചത്. സാധാരണക്കാരുടെ തിരക്കേറിയ ജീവിതത്തിനിടയിൽ വളരെ സാവധാനം മുന്നേറുന്ന ശാസ്‌ത്രത്തെക്കുറിച്ചു ചിന്തിക്കാൻ സമയം കുറവായിരിക്കും. ഗവേഷകർക്കുണ്ടാകുന്ന ക്ഷമ പൊതുസമൂഹത്തിനു കാണണമെന്നില്ല. അതുകൊണ്ടു തന്നെ ഗവേഷണ വാർത്തകൾ പിന്തുടരാൻ ആളുകൾക്ക് താല്പര്യവും കുറവായിരിക്കും. ഈ അവസ്ഥ മാറ്റാൻ ബോധപൂർവമായ ചില ശ്രമങ്ങൾ നടത്തേണ്ടി വരും. മിക്കവാറും ഗവേഷണങ്ങളുടെ ഏറ്റവും ഒടുവിലാണ് ഫലം പുറത്തറിയിക്കുക. എന്നാൽ  ഗവേഷണ പുരോഗതിയെ ബാധിക്കാത്ത, ഗവേഷണങ്ങളുടെ അപ്പപ്പോൾ ഉള്ള ഫലങ്ങൾ ഇടയ്ക്കിടെ പുറത്തു വിട്ടാൽ സമൂഹത്തിൽ ഓളങ്ങൾ ഉണ്ടാക്കാനും അതുവഴി ആളുകൾക്ക് ആ ശാസ്‌ത്രത്തിൽ അവബോധം വളരുവാനും കാരണമാകും. ഇത് എത്രത്തോളം സാധിക്കുമെന്ന് പറയാനാകില്ല. കാരണം, രാജ്യ സുരക്ഷയെ കരുതിയും വാണിജ്യ താൽപര്യങ്ങളെ കരുതിയും പല ശാസ്‌ത്ര ഗവേഷണങ്ങളുടെയും ഫലങ്ങളും നേട്ടങ്ങളും വളരെ വൈകിയേ സമൂഹം അറിയാറുള്ളു.

 

അന്ധവിശ്വാസങ്ങളെ മാറ്റിയെടുക്കുന്നതിൽ ശരിയായ ശാസ്‌ത്ര അവബോധം ഒരു വലിയ പങ്കു വഹിക്കുന്നു. സൂര്യൻ ഭൂമിക്കു ചുറ്റും കറങ്ങുന്നു എന്ന വിശ്വാസം ഗലീലിയോ ശാസ്‌ത്രീയ അടിസ്ഥാനത്തിൽ മാറ്റിയെഴുതി. ഗലീലിയോക്കുണ്ടായിരുന്ന ശാസ്‌ത്രീയ അവബോധം മറ്റുള്ളവരിലേക്ക് പകർന്നു നൽകപ്പെട്ടപ്പോൾ ഭൂമിയാണ് സൂര്യന് ചുറ്റും കറങ്ങുന്നതെന്ന വാസ്‌തവം എല്ലാവരും തിരിച്ചറിഞ്ഞു. അതുപോലെ തന്നെ ഭൂമി പരന്നതാണെന്ന വിശ്വാസവും മാറ്റിയഴുതപ്പെട്ടു. തങ്ങൾക്കു അറിവില്ലാത്തതും പേടിപ്പെടുത്തുന്നതുമായ പ്രതിഭാസങ്ങളെ ദൈവമെന്നു വിളിച്ചു ആരാധിക്കുന്നവർ ഉണ്ട്. ഇടിമിന്നലിനെയും സൂര്യ ചന്ദ്രന്മാരെയും നക്ഷത്രങ്ങളെയും മറ്റും ദൈവമായി കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ശാസ്‌ത്ര അവബോധം വന്നപ്പോൾ അവയെല്ലാം എന്താണെന്നും ഒരു പരിധി വരെ അവയുടെ സ്വഭാവം എങ്ങനെയെന്നും മനുഷ്യന് മനസ്സിലാക്കാനായി. കാര്യസാധ്യത്തിനു വേണ്ടി മൃഗബലിയും മനുഷ്യക്കുരുതിയും നടത്തുന്നത് യാതൊരു ശാസ്‌ത്ര പിൻബലവുമില്ലാത്ത കാര്യമാണെന്നു മനസ്സിലാക്കിയതോടു കൂടി അത്തരം കാര്യങ്ങൾ വളരെ കുറഞ്ഞിട്ടുണ്ട്. എന്നാൽ ശാസ്‌ത്ര അവബോധം കുറവുള്ള, ശാസ്‌ത്രം ഇനിയും കടന്നു ചെന്നിട്ടില്ലാത്ത ചില മനുഷ്യ സമൂഹങ്ങളിൽ അവ ഇപ്പോഴും തുടരുന്നുണ്ട്. അവരേയും ശാസ്‌ത്രത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. ഇനിയും ശാസ്‌ത്രം വളരുംതോറും ഒരുപാട് കാര്യങ്ങൾ നമുക്കും മനസ്സിലാക്കാനുണ്ടാകും.

 

ശാസ്‌ത്ര അവബോധം അതിരുകടന്നും ആകരുത്. ചില ആളുകൾ ശാസ്‌ത്രത്തെ മാത്രം അംഗീകരിക്കുന്നവരാണ്. ശാസ്‌ത്ര പിൻബലമില്ലാത്ത തത്വങ്ങളെയും വിശ്വാസങ്ങളെയും അവർ തള്ളിപ്പറയുന്നു. യുക്തിവാദികൾ എന്ന പേരിലറിയപ്പെടുന്ന ഇക്കൂട്ടർ എല്ലാത്തിനും ശാസ്‌ത്ര പിൻബലം തേടുന്നവരാണ്. അവർ പലപ്പോഴും തങ്ങളുടെയും മറ്റുള്ളവരുടെയും ശാസ്‌ത്ര അവബോധത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. ഉത്തരം കിട്ടാത്ത മത വിശ്വാസങ്ങളെയും വികാരങ്ങളെയും അവർ നിരന്തരം ചോദ്യം ചെയ്യുന്നു. പലരെയും നിരീശ്വരവാദികളാക്കി മാറ്റാനും  ഇക്കൂട്ടർക്ക് കഴിയുന്നു. ഇത്തരം തെറ്റായ രീതിയിലുള്ള അല്ലെങ്കിൽ അതിരുകടന്നുള്ള ശാസ്‌ത്ര അവബോധം പല സാമൂഹ്യ വിരുദ്ധ സംഘടനകൾക്കും കാരണമാകാറുണ്ട്. ചില രാജ്യദ്രോഹ ശക്തികൾ മനഃപൂർവം ഇത്തരം തെറ്റായ ശാസ്‌ത്രീയ വ്യാഖ്യാനങ്ങൾ നൽകുന്നുമുണ്ട്. അവ ശരിയാണോ തെറ്റാണോ എന്ന് മനസ്സിലാക്കാൻ കഴിയാത്ത വിദ്യാഭ്യാസം കുറഞ്ഞ ആളുകൾ അവരുടെ വലയിൽ വീണു പോകുന്നു.

 

ശാസ്‌ത്രീയ അവബോധം വളർത്തുന്നതിൽ ഈ അടുത്ത കാലത്തായി ഇൻെറർനെറ്റും  സമൂഹമാധ്യമങ്ങളും നല്ല പങ്കു വഹിച്ചു തുടങ്ങിയിരിക്കുന്നു. അത് സ്ളാഘനീയവുമാണ്. വളരെ പണ്ടും ഈ അടുത്ത കാലങ്ങളിലും ലോകം നേടിയിട്ടുള്ള ശാസ്‌ത്ര നേട്ടങ്ങളെക്കുറിച്ചും മറ്റും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്ന വളരെ രസകരങ്ങളായ വീഡിയോകളും ചിത്രങ്ങളും നമ്മുടെ ശാസ്‌ത്രീയ അവബോധത്തെ നാം അറിയാതെ തന്നെ വളർത്തുന്നവയാണ്. വിവിധ ഉപകരണങ്ങളുടെ പ്രവർത്തന രീതികളും ശാസ്‌ത്ര തത്വങ്ങളുടെ ലഘുവായ ചിത്രീകരണങ്ങളും കാണുമ്പോൾ നമ്മുടെ മനസ്സിലുള്ള പല ധാരണകളെയും അവ മാറ്റുന്നു. നാം ധരിച്ചുവച്ചിട്ടുള്ള പല മിഥ്യാ ധാരണകളെയും ഇന്ന് ഇൻെറർനെറ്റ് ഇല്ലാതാക്കുന്നു. അവ കാണുമ്പോൾ പലപ്പോഴും ഇത്തരം കാര്യങ്ങൾ ശാസ്‌ത്രം ചെയ്‌തിട്ടുണ്ടോ, അല്ലെങ്കിൽ ശാസ്‌ത്രം ഇത്രയും വളർന്നോ എന്ന് നാം ചിന്തിക്കാറുണ്ട്. പണ്ടെല്ലാം പത്ര വാർത്തകളിലൂടെയും റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും വന്നിരുന്ന വാർത്തകൾ ഇന്ന് ഇൻെറർനെറ്റിലൂടെയും മറ്റും നമ്മുടെ കൺമുൻപിൽ എത്തുമ്പോൾ അവ വളരെപ്പെട്ടെന്നു നമ്മുടെ ബോധമനസ്സിനെയും ഉപബോധമനസ്സിനെയും സ്വാധീനിക്കുന്നു. വേണമെങ്കിൽ ആ വാർത്തകൾ വീണ്ടും കാണാനും കേൾക്കാനും അവയുടെ പിറകിലുള്ള കാര്യങ്ങൾ വിശദമായി അറിയാനും കൂടുതൽ അന്വേഷണങ്ങൾ നടത്താനും ഇൻെറർനെറ്റ് നമ്മെ സഹായിക്കുന്നു. നാം ദിവസവും ചെയ്യുന്ന പല കാര്യങ്ങളും ചെയ്യേണ്ട രീതിയിലല്ല ചെയ്യുന്നത് എന്ന സത്യം ശാസ്‌ത്രത്തിൻ്റെ അകമ്പടിയോടുകൂടി നമ്മുടെ മുന്നിൽ അവതരിപ്പിക്കപ്പെടുമ്പോൾ അവയെ അവഗണിക്കാൻ നമുക്ക് കഴിയാതെ വരുന്നു. അബദ്ധ ധാരണകൾ മാറുമ്പോൾ നമ്മുടെ മനസ്സ് തെളിയുകയും ബുദ്ധി ഉണർന്നു പ്രവർത്തിക്കുകയും ചെയ്യും.

 

നല്ല ശാസ്‌ത്രീയ അവബോധമുള്ള ഒരു സമൂഹമാണ് നമുക്ക് ആവശ്യം. ജാതിയുടെയും മതത്തിൻ്റെയും മറ്റും പേരിൽ തമ്മിലടിക്കാതെ ശാസ്‌ത്രത്തെ മുൻനിറുത്തി മുന്നേറുമ്പോഴാണ്‌ സമൂഹം ഉന്നതിയിലേക്കെത്തുന്നത്. അതിനായി, ഇനിയുള്ള തലമുറകളെയെങ്കിലും ശാസ്‌ത്രീയ അവബോധമുള്ളവരായി നമുക്ക് വളർത്തിയെടുക്കാം. അവർ ശാസ്‌ത്രത്തെക്കുറിച്ചു ചിന്തിച്ചെങ്കിൽ മാത്രമേ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയുള്ളു. അന്ധവിശ്വാസങ്ങളും മിഥ്യാ ധാരണകളും തെറ്റായ ശാസ്‌ത്രങ്ങളും മാറി നേരിൻ്റെ വഴിയിലൂടെയുള്ള പുരോഗതിയിലേക്കു അവരുടെ ശാസ്‌ത്രീയ അവബോധം അവരെ നയിക്കുമെന്നു നമുക്കു പ്രത്യാശിക്കാം.

Comments

comments