ശാസ്ത്രീയ അവബോധത്തിന് നമ്മുടെ സമൂഹത്തിലുള്ള പ്രസക്തിയും പ്രാധാന്യവും – HEMANTH RETNAKUMAR

86
  

Author : HEMANTH RETNAKUMAR

Company : EXPERION TECHNOLOGIES

 

മനുഷ്യൻ ശാസ്ത്രത്തിലൂടെ

പണ്ട് സ്കൂളിൽ മരത്തണലിൽ ഇരുത്തി മാഷ് ക്ലാസ്സെടുത്തിരുന്ന ഒരു കുട്ടിക്കാലം പലർക്കും ഉണ്ടായിരുന്നു. ആകാശത്തൊരു ഇരമ്പൽ ശബ്ദം കേട്ടാൽ കണ്ണുകൾ ബോർഡിൽനിന്നും നേരെ ആകാശത്തോട്ടു പോകുന്ന ഒരുപറ്റം നിഷ്കളങ്കർ. വിമാനം കുട്ടിക്കാലത്തൊരു അത്ഭുതവസ്തു തന്നെയായിരുന്നു. പക്ഷികളെപ്പോലെ പറക്കുന്ന വാഹനം. റൈറ്റ് സഹോദരന്മാർ നിർമിച്ച ഈ വാഹനത്തിന്റെ ഭംഗിയായിരിക്കും അന്നത്തെ കൂട്ടികൾ ഏറ്റവുമധികം അത്ഭുതത്തോടെ നോക്കിക്കണ്ടിരിക്കുക.

പോകെപ്പോകെ ലെൻസും മിററും അപവർത്തനവും പ്രതിഫലനവും വിസരണവുമൊക്കെ വിഹരിച്ച പഠനം കൂട്ടായപ്പോൾ, പ്രകാശത്തിന്റെ വർണ്ണരശ്മികൾ കണ്ണാടിക്കൂട്ടിൽ പിടിച്ചുനിർത്തുന്ന കാലിഡോസ്കോപ്പിന്റെ അപാരത സുഹൃത്തുക്കളെകാണിച്ച ശാസ്ത്രജ്ഞൻമാരായി നമ്മളിൽ പലരും.

ഓർമയിൽ തങ്ങിനിൽക്കുന്ന ആ കുട്ടിക്കാലം കടന്നു  ഇവിടെയെത്തിനിൽക്കുമ്പോൾ  തോന്നാറുണ്ട്, ശാസ്ത്രം തന്നേക്കാൾ വേഗത്തിലാണ് വളർന്നതെന്നു. ഗ്രൈൻസുള്ള ബ്ലാക്ക് ൻ വൈറ്റ് ടി വിയിൽ ദൂരദർശൻ എന്ന ഒരേയൊരു ചാനലിൽ ശക്‌തിമാനും ജയ് ഹനുമാനുമൊക്കെ കണ്ടിരുന്ന ഞാൻ ഇപ്പൊൾ ഇമ്മിണി വല്യ എൽ ഇ ഡി ടി വി യിൽ ഹെച് ഡി ചാനലുകൾ മാറ്റിമാറ്റിക്കളിക്കുന്നു. ഓലമേഞ്ഞതും ഓടിട്ടതുമായ വീടുകൾ മാറി നൂതന ശൈലിയിലുള്ള ബഹുനിലക്കെട്ടിടങ്ങളായി. എല്ലാവിധത്തിലുള്ള ജോലികളും സാധൂകരിക്കാനുള്ള യന്ത്രങ്ങൾ നിർമ്മിക്കപ്പെട്ടു.എന്തും എവിടെയും എത്തിക്കാൻപോന്ന ഗതാഗത സൗകര്യം പ്രാവർത്തികമായി. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും വരെ വാഹനങ്ങൾ അയച്ചു. മനുഷ്യൻ ആർജിച്ചെടുത്ത ശാസ്ത്രീയ ജ്ഞാനം ഉപയോഗിച്ച് തന്റെ സൃഷ്ടവായ ഈ ലോകത്തെതന്നെ  മനുഷ്യൻ തന്റെ കൈപ്പിടിയിലൊതുക്കുന്നു.

 

ശാസ്ത്രത്തിന്റെ തോളിലേറിയ ഇന്നത്തെ മനുഷ്യന്റെ പരിണാമം

മനുഷ്യൻ എന്ന ജീവി മറ്റുജീവജാലങ്ങളെ അപേക്ഷിച്ചു വത്യസ്തനാകുന്നത് തന്റെ ബുദ്ധിവൈഭവംകൊണ്ടാണെന്നു ശാസ്ത്രം പറയുന്നു. ഈ നേട്ടങ്ങളുടെ കഴകത്തിൽ മനുഷ്യനെത്തിനിൽക്കുന്നതിനുള്ള പ്രധാന കാരണമായി കാണുന്നത് മനുഷ്യന്റെ ദീർഘവീക്ഷണമാണ്.

തമ്മിൽ ആശയവിനിമയം നടത്താൻ ഭാഷകളുണ്ടാക്കിയ മനുഷ്യർ തന്റെ അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചു, വരും തലമുറകൾക്കു കൈമാറി. അനുഭവങ്ങൾ അറിവുകളായി, ഓരോ പ്രവർത്തിയിലേയും ശാസ്ത്രീയത ശാസ്ത്രമായി മാറി. കല്ലിൽ കൊത്തിയും ചിത്രങ്ങൾ വരച്ചും രേഖപ്പെടുത്താൻ തുടങ്ങിയ മനുഷ്യർ പിന്നെ ഒരു സമൂഹം മുഴുവൻ അംഗീകരിക്കുന്ന ലിപി നിർമിച്ച് എല്ലാവരിലും എത്തിച്ചു. പിന്നെ ഓരോ തലമുറയുടെയും ശാസ്ത്രം ലിഖിതമായി. ജ്ഞാനം താളിയോലകളിലും കടാസുകെട്ടുകളിമായി കൈമാറിപ്പോന്നു.  മറ്റു ജീവജാലങ്ങൾ ഒരു ജീവിതം കൊണ്ടുള്ള അറിവുമാത്രം നേടുമ്പോൾ മനുഷ്യൻ ഇതുവരെ ജനിച്ചുമരിച്ച പിതൃക്കന്മാരുടെ മുഴുവൻ അറിവാണ് ആർജിക്കുന്നത്.

മനുഷ്യന്റെ ചരിത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുകയാണെങ്കിൽ കഴിഞ്ഞ രണ്ടു മൂന്നു നൂറ്റാണ്ടുകളായി മനുഷ്യന്റെ ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അതിനു മുൻപു വരെയുള്ള ജനത  നടുവെട്ടിപ്പിടിക്കുന്നതിലുമായിരുന്നു ശ്രദ്ദ കേന്ദ്രികരിച്ചിരുന്നത്. എല്ലായിടത്തും രാജാക്കന്മാരും പടയാളികളും യുദ്ധം ചെയ്തു രാജ്യം വലുതാക്കി. സാധാരണ മനുഷ്യനാകട്ടെ കാടു വെട്ടിപ്പിടിച്ചു. അത് കൃഷിസ്ഥലവും പിന്നെ നാടും നഗരവുമായി വരെ പരിണമിച്ചു. പക്ഷെ കഴിഞ്ഞ കുറെ കാലമായി മനുഷ്യന് അതിലുള്ള താൽപര്യം നഷ്ടപ്പെട്ടിരിക്കുന്നു.

ഇപ്പോൾ മനുഷ്യൻ തന്റെ ജീവിതശൈലി മെച്ചപ്പെടുത്താനും ജോലിഭാരം ലഘൂകരിക്കാനുമുള്ള ശ്രമത്തിലാണ്. 1947 ൽ ഡയോഡ് കണ്ടുപിടിച്ചതോടെ ഇലക്ട്രോണിക്സ് യുഗത്തിന് തുടക്കമായി. പിന്നെ കമ്പ്യൂട്ടർ വിപ്ലവത്തിൽ സ്റ്റീവ് ജോബ്‌സും ബിൽ ഗേറ്റ്സും ചേർന്നപ്പോൾ എല്ലാവിധത്തിലുള്ള ഉൽപാദനമേഖലകളും കാര്യക്ഷമമാകുകയും വിനിമയ ശൃംഖല ശക്തിപ്രാപിക്കുകയും ചെയ്തു. നമ്മളെല്ലാവരും ഇപ്പോൾ ജീവിക്കുന്ന ജീവിതം സാധ്യമായി

 

മനുഷ്യന്റെ ലാഭവും പ്രകൃതിയുടെ നഷ്ടവും

സ്വാർത്ഥലാഭത്തിനുവേണ്ടി മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുന്നുതു കാണാൻ ലോകം ചുറ്റേണ്ട. സ്വന്തം കണ്ണുകൾ തുറന്നുപിടിച്ചാൽമതി. നമ്മുടെ തിരുവന്തപുരത്തെ ടെക്നോപാർക്കിനു ചുറ്റുമുള്ള കാര്യം തന്നെയെടുക്കാം. ഏറ്റവും പുതുതായി നടക്കുന്ന ഒന്നാണ് ബൈപാസ് വികസനം. നാലുവരിപ്പാത നിർമ്മിക്കുന്നതിനായി ദിവസങ്ങൾക്കുള്ളിൽ മുറിച്ചുമാറ്റിയ മരങ്ങൾ എന്റെ കണ്ണിൽ ഇപ്പോളും മാഞ്ഞിട്ടില്ല. നമ്മളെല്ലാവരും പഠിച്ചിട്ടുള്ളതാണ് സസ്യങ്ങൾക്കും ജീവനുണ്ടെന്നു, അതുപോലെതന്നെ ഒരു മരം ഇല്ലാതാകുന്നതോടെ നശിക്കുന്ന ആവാസ വ്യവസ്ഥ ചെറുതല്ല എന്നുള്ളതും അറിയാവുന്നതാണ്. പക്ഷെ ആരും ഉൾക്കൊണ്ടിട്ടില്ല. ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കാത്ത സകലജന്തുക്കൾക്കും ജീവവായു നൽകുന്ന മരങ്ങൾക്കു ചോദിക്കാനും പറയാനും ആരുമില്ല.

മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി റോഡരികുകളിലും പറമ്പുകളിലും തള്ളുന്നവർ വിദ്യാസമ്പന്നരാണ് എന്നുള്ളതാണ് ഏറ്റവും വലിയ വിരോധാഭാസം. നമ്മുടെ ഈ ടെക്നോപാർക്ക് ടെക്കീ സമൂഹം തങ്ങളുടെ ജീവിത ശൈലിയിലൂടെ കുറയ്ക്കുന്നത് അവരവരുടെ തന്നെ ജീവിതകാലയളവാണ്‌. പിന്നെ പണ്ടത്തെ മനുഷ്യരെപ്പോലെ ദീർഘവീക്ഷണമില്ല എന്ന് പറയുന്നതിൽ യാതൊരർത്ഥവുമില്ല.

മനുഷ്യൻ തന്റെ സുഖങ്ങൾ കണ്ടെത്താൻ മാത്രം ശാസ്ത്രമുപയോഗിക്കുന്ന ഈ പ്രവണത ഇതേ രീതിയിൽ മുന്നോട്ടു പോകുകയാണെങ്കിൽ ഒരുപക്ഷെ രണ്ടു മൂന്ന് തലമുറകൾ കഴിയുമ്പോൾ വേണ്ടതെല്ലാം സാധ്യമാക്കും നമ്മൾ. ചിലപ്പോൾ കാർബൺഡൈയോക്സയിഡ് പരിവർത്തനം ചെയ്തു ഓക്സിജൻ ആക്കുന്ന യന്ത്രങ്ങൾ ഓരോ കവലയിലും സ്ഥാപിക്കും. വാഴപ്പഴം നിർമ്മിക്കുന്ന മെഷീൻ നിൽവിൽ വരും. കിടന്നിടത്ത് നിന്നും ഒരാവിശ്യത്തിനും എണീക്കേണ്ടാത്ത അവസ്ഥ. ഭക്ഷണം വായിലെത്തും വിസർജം കോരിമാറ്റും. എന്തിനേറെ പറയാൻ അണ്ഡവും ബീജവും ശേഖരിച്ചു സ്വന്തം ഗര്ഭപാത്രത്തിൽ ചുമന്നു പ്രസവിക്കുന്ന റോബോട്ടിനെവരെ മനുഷ്യൻ നിർമ്മിക്കും. അങ്ങനെ ചെന്ന് ഭാവി ചിന്തിക്കാത്ത വർത്തമാനസമൂഹം ചിലപ്പോൾ  പഴയ ചില പ്രതാപമുള്ള തറവാടുകൾ ക്ഷയിച്ചപോലെ ക്ഷയിച്ചെന്നും വരാം. ഭാവി എപ്പോളും പ്രവചനാതീതമാണ്.

മനുഷ്യൻ ഓരോ കെട്ടിടം നിർമ്മിക്കുമ്പോളും ഭൂമിയിൽ നിന്ന് തുടച്ചുമാറ്റപ്പെടുന്ന ജീവനുകണക്കില്ല. ആവാസ വ്യവസ്ഥയെ പറ്റിയും മരം മുറിക്കുന്നതിന്റെ അനന്തരഫലങ്ങളെ പറ്റിയുമൊക്കെ ചെറിയക്ലാസ്സിൽ തന്നെ പടിക്കുന്നതാണെല്ലാവരും. സ്വന്തം കൈ മുറിഞ്ഞാൽ മാത്രമേ നമ്മുക്ക് നോവു എന്ന പ്രവണതയാണ് പൊതുവേകാണപ്പെടുന്നത്.

 

പ്രകൃതിയുടെ ഓർമ്മപ്പെടുത്തൽ

കഴിഞ്ഞ വേനൽക്കാലത്തു പസഫിക് സമദ്രത്തിലുണ്ടായ “എൽ നിനോ” എന്ന പ്രതിഭാസം നമ്മളെ കുറച്ചൊന്നുമല്ല വലച്ചത്. ഭ്രാന്തുപിടിക്കുന്ന ചൂടായിരുന്നു ചുറ്റിനും. ഹിമാലയത്തിലോ വല്ലതും പോയി മഞ്ഞിൽ മുങ്ങണമെന്ന് തോന്നിപ്പോയിരുന്നു. ഇതുപോലെ അന്തീക്ഷതാപം ഉയരുകയാണെങ്കിൽ ഹിമാലയത്തിൽ ഒരു ഗ്ലേസിയെർ ഔട്ട്ബസ്റ്റ് ഫ്ളഡ് (മഞ്ഞുരുകിയുള്ള വെള്ളപ്പൊക്കം) ഉണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്. 2035 – ഓടെ ഹിമാലയത്തിലെ മഞ്ഞുകട്ടകൾ ഇല്ലാതാകുമെന്നുള്ള കണ്ടെത്തലുകൾ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. വെള്ളപ്പൊക്കം ഉണ്ടാകാതെയാണെകിലും ഹിമാലയത്തിലെ മഞ്ഞില്ലാതായെന്നാൽ ഇന്ത്യയിലെയും നേപ്പാളിലെയും പല ഗ്ലേസിയെർ നദികളും വറ്റി വരൾച്ചയുണ്ടാകും എന്നുള്ളതു ഒരു വസ്തുതയാണ്.

2004 ഡിസംബർ 26ന്  ഉണ്ടായ ഒരു ചെറിയ സുനാമിയുടെ ഓർമ ഇപ്പോളും എല്ലാവരുടെയും മനസ്സിൽ കാണും. കുറച്ചുകൂടി പുറകോട്ടുപോയാൽ 2001 ജനുവരി 26ന് ഉണ്ടായ ഗുജറാത്ത് ഭൂകമ്പം. അമേരിക്കയിലും മറ്റുമുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളെക്കുറിച്ചു വിശദീകരിക്കേണ്ടതില്ലല്ലോ, എപ്പോളും വാർത്തകളിൽ നിറഞ്ഞുനില്ക്കുന്നതല്ലേ. ഭൂമിയൊന്നു ഉറഞ്ഞുതുള്ളിയാൽ തീരാവുന്നതേയുള്ളു ഇവിടത്തെ ജീവിതം.

 

വർത്തമാന സമൂഹത്തിൽ ശാസ്ത്രീയ അവബോധത്തിന്റെ പ്രസക്തി

സ്വന്തം പരിജ്ഞാനത്തിലൂടെ മനുഷ്യൻ ഉന്നതിയിലെത്തി നിൽക്കുമ്പോൾ നമ്മുടെ കൂടെയുണ്ടായിരുന്ന പലദുരാചാരങ്ങളും ഇന്ന് മാഞ്ഞുകൊണ്ടിരിക്കുന്നു. ചിലയിടങ്ങളിൽ ഇപ്പോളും  നിലനിക്കുന്നു എന്ന് കേൾക്കാറുണ്ടെങ്കിലും നമ്മുടെ സാക്ഷരകേരളത്തിൽ ജാതിവ്യവസ്ഥയും അതിര് കവിഞ്ഞ അന്ധവിശ്വാസംമൂലമുണ്ടാകുന്ന ബാലികർമ്മങ്ങളുമൊക്കെ പരമാവധി തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. മനുഷ്യന് വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്തുമുണ്ട്.

ഇനി നമ്മൾ പ്രധാനമായി ശ്രദ്ധാകേന്ദ്രികരിക്കേണ്ടത് നമ്മൾ നമ്മുടെ സ്വാർത്ഥലാഭത്തിനായി ചൂഷണം ചെയ്യുന്ന പ്രകൃതിയുടെ സംരക്ഷണമാണ്. കമ്പ്യൂട്ടറിന്റെ ശാസ്ത്രത്തിലും ഇലക്ട്രോണിക്സിലും എന്തിനു ന്യൂക്ലിയറിന്റെ ശാസ്ത്രത്തിൽ വരെ അഗ്രഗണ്യരാണ് നമ്മൾക്കിടയിലെ പലരും. പക്ഷെ കൃഷിയുടെ ശാസ്ത്രത്തെപറ്റി അവബോധമുള്ള എത്രപേരുണ്ട് നമ്മൾക്കിടയിൽ. ഭൂമിയ്ക്കും തണലാകും മരുന്നടിക്കാത്ത നല്ല വിഭവങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യാം. നമ്മൾ ഭൂമിയെ ചൂഷണം ചെയ്യുന്നതിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന  നമ്മുടെ ഞാറ്റുവേലവും ഇടവപ്പാതിയുമൊക്കെ നിലനിർത്തേണ്ടേ… അതെങ്ങനെ സാധിക്കും എന്നുള്ളതിനെക്കുറിച്ചുള്ള വ്യക്തമായ അവബോധം എനിക്കുമില്ല. അതുള്ളവർ കുറവായതുകൊണ്ടാവും ചിലപ്പോൾ ഇങ്ങനെയൊക്കെ ആയിത്തീർന്നത്.

പക്ഷെ തങ്ങളുടെ പഠനത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും ഇത്രയും സാധ്യമാക്കിയ മനുഷ്യർ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് നിർമ്മാണപ്രവർത്തനങ്ങൾ ചെയ്യുന്ന രീതി പഠിച്ചു പിന്തുടരുകയാണെങ്കിൽ പ്രകൃതിയോടൊപ്പം നമ്മുക്കും ഒരു ശോഭനമായ ഭാവിയുണ്ടാകും.

 

നല്ലൊരു നാളേക്കായി

നമ്മുടെ ബഹുമാനപ്പെട്ട ധനകാര്യമന്ത്രി ഡോക്ടർ തോമസ് ഐസക്, അദ്ദേഹം കഴിഞ്ഞ നിയമസഭാ ഇലക്ഷന് ആലപ്പുഴ മണ്ഡലത്തിൽനിന്ന് ജയിച്ചപ്പോൾ എന്തുചെയ്യുമെന്നാണ് വാഗ്ദാനം ചെയ്തത്, നിറവേറ്റിയത്. ലഭിച്ച  ഓരോ വോട്ടിനും ഓരോ വൃക്ഷത്തൈ നട്ടു അദ്ദേഹം. ഇതുപോലെയുള്ള മഹാന്മാരെയാണ് നമ്മൾ പിന്തുടരേണ്ടത്.

ഗ്രീൻ-ബട്ട് സിഗരെറ്റിനെക്കുറിച്ചു ചിലരെങ്കിലും കേട്ടിട്ടുണ്ടാകുമല്ലോ. നമ്മൾ മാതൃകയാക്കേണ്ട വിധത്തിലാണ് അവർ ശാസ്ത്രത്തെ ഉപയോഗിച്ചിരിക്കുന്നത്. വലിച്ചുപേക്ഷിക്കുന്ന സിഗരറ്റിന്റെ ബട്ടിൽ ഉള്ള വിത്ത് പൊട്ടിമുളച്ച് ഭൂമിക്കൊരു തണലാക്കട്ടെയെന്നു അവർ ആഗ്രഹിക്കുന്നു.

പ്രകൃതിയെകാണാനും ഭംഗി ആസ്വദിക്കാനും മീശപ്പുലിമലയും ഇല്ലിക്കൽകല്ലും അന്വേഷിച്ചുപോകുകയാണ് നമ്മൾ. എക്കോ-ഫ്രണ്ട്‌ലി ആയി ടെക്നോപാര്ക് നിർമ്മിച്ചതിന്റെ പിന്നിൽ പ്രവർത്തിച്ചവ രുടെ  വഴിയേ  സഞ്ചരിച്ച് പ്രകൃതിഭംഗി നമ്മുടെ കൺമുന്നിൽ സൃഷ്ടിക്കുക. മരങ്ങളും ചെടികളും പക്ഷിമൃഗാതികളുമടങ്ങുന്ന നമ്മുടെ സമൂഹത്തിൽ ശാസ്ത്രീയ അവബോധത്തിന്റെ പ്രസക്തി വലുതാണ്, പ്രതേകിച്ചു പ്രകൃതി സംരക്ഷണത്തിന്.

ശാസ്ത്രത്തിലൂടെ നമ്മുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നമ്മൾ വൻവിജയമാണ്. വർത്തമാനകാലത്തെ സ്ഥിതി പരിഗണിക്കുമ്പോൾ നമ്മുടെ ശാസ്ത്രീയ അവബോധത്തിന്റെ ഉപയോഗം പ്രകൃതിസംരക്ഷത്തിൽ അത്യാവിശ്യമാണ്, കാരണം ശാസ്ത്രം ഒരു പരിധിക്കപ്പുറം ഈ വിഷയത്തിൽ കൈകടത്തിയിട്ടില്ല. നമ്മുടെ ശാസ്ത്രീയ ജ്ഞാനം ഉപയോഗിച്ച് ഭൂമിയെ നമ്മുക്ക് സംരക്ഷിക്കാം.

Comments

comments