ശാസ്ത്രീയ അവബോധത്തിന് നമ്മുടെ സമൂഹത്തിലുള്ള പ്രസക്തിയും പ്രാധാന്യവും – NIPUN VARMA

0
  

Author : NIPUN VARMA

Company : UST GLOBAL

ശാസ്ത്രീയ അവബോധത്തിന് നമ്മുടെ സമൂഹത്തിലുള്ള പ്രസക്തിയും പ്രാധാന്യവും

 

“അനന്തം, അജ്ഞാതം, അവർണനീയം ഈ ലോകഗോളം തിരിയുന്ന മാർഗം;

അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?”

–   നാലപ്പാട്ട്‌ നാരായണ മേനോൻ

 

മനുഷ്യോല്പത്തിയും ശാസ്ത്രവും

 

പ്രപഞ്ചരഹസ്യങ്ങളുടെ കുരുക്കഴിക്കുവാനും അത് വഴി അറിവ് നേടി മുന്നേറാനുമുള്ള മനുഷ്യന്റെ അഭിവാഞ്ഛയാണ്  കേവലം ഒരു ഇരുകാലി മൃഗം എന്ന നിലയിൽ നിന്നും ലോകത്തിലെ ഏറ്റവും വിവേചനബുദ്ധിയുള്ള ജീവി എന്ന നിലയിലേക്ക് അവനെ എത്തിച്ചത്. തങ്ങൾക്കു അനുകൂലമായ സാഹചര്യങ്ങളിൽ മാത്രം ഒതുങ്ങിക്കൂടുക എന്നത് ഏതാണ്ടെല്ലാ ജീവജാലങ്ങളിലും കണ്ടു വരുന്ന ഒരു പൊതു സ്വഭാവമാണ്.

 

എന്നാൽ മനുഷ്യന് തൻ്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറിയതു കൊണ്ട് മാത്രം തൃപ്തിപ്പെടാനാവുമായിരുന്നില്ല. കാണാത്തതു കാണാനും, കേൾക്കാത്തത് കേൾക്കാനും, കീഴടക്കാൻ കഴിയാത്തതു എന്ത് വില കൊടുത്തും കീഴടക്കാനും ഉള്ള ത്വര മുന്നോട്ടുള്ള യാത്രയിൽ അവനു ഊർജം പകർന്നു.

തീയുടെ കണ്ടുപിടിത്തവും അതിനെ നിയന്ത്രിക്കുവാനുള്ള കഴിവും ലോകത്തെ ഏറ്റവും ശക്തിശാലിയായ ജീവി എന്ന സ്ഥാനം മനുഷ്യന് നൽകി.

കാലക്രമേണ സമൂഹങ്ങൾ ഉണ്ടാവുകയും മനുഷ്യൻ സമൂഹത്തെ അനുസരിച്ചു ജീവിക്കാൻ തുടങ്ങുകയും ചെയ്‌തു. വേട്ടയാടി ജീവിക്കുന്ന മൃഗം എന്ന നിലയിൽ നിന്നും ഒരു സമൂഹജീവിയായി മനുഷ്യൻ മാറിയപ്പോഴും കൂടുതൽ അറിയാനും കൂടുതൽ നേടാനുമുള്ള അദമ്യമായ ആഗ്രഹം അവനിൽ സജീവമായിരുന്നു.

 

ഈ ആഗ്രഹം, ശാസ്ത്രം എന്ന പഠനശാഖയുടെ ഉദ്ഭവത്തിനു കാരണമായി. അന്ധവിശ്വാസങ്ങളും ഊഹാപോഹങ്ങളും ഐതിഹ്യങ്ങളും ചേർന്ന തീർത്തും ബലഹീനമായ അടിത്തറയിന്മേലാണ് രൂപം കൊണ്ടതെങ്കിലും ക്രമേണ ശാസ്ത്രം വളർന്നു. ഇത് വരെ അറിഞ്ഞതിൽ പലതും തെറ്റായിരുന്നുവെന്നും ഇനി അറിയാൻ ഒരുപാടുണ്ടെന്നും ശാസ്ത്രം മനുഷ്യനെ പഠിപ്പിച്ചു.

 

ശാസ്ത്രപുരോഗതിയും സാമൂഹികവളർച്ചയും

 

പിന്നീടങ്ങോട്ട് ശാസ്ത്രത്തിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു. ചില പ്രത്യേക ഭൂപ്രദേശങ്ങളും സമൂഹങ്ങളും കേന്ദ്രീകരിച്ചു ശാസ്ത്രവും സാങ്കേതികതയും വളർന്നപ്പോൾ മറ്റു പല സമൂഹങ്ങളും ബഹുദൂരം പിന്നിലായി. സമൂഹവും ശാസ്ത്രവും തമ്മിൽ വലിയ ഒരു വിടവുണ്ടാകാൻ ഇത് കാരണമായി.

ഈ വിടവ് ഏറ്റവുമധികം പ്രകടമായിരുന്ന സമൂഹങ്ങളിലെ അംഗങ്ങളും മറ്റെല്ലാവരെയും പോലെ പ്രപഞ്ചരഹസ്യങ്ങൾക്കുത്തരം തേടിക്കൊണ്ടിരുന്നു. ശാസ്ത്രീയമായ അറിവിന്റെ അഭാവവും സാങ്കേതികതയിൽ മറ്റു സമൂഹങ്ങൾക്ക് ഒപ്പമെത്താൻ കഴിയാത്ത അവസ്ഥയും ഇത്തരം ജനങ്ങളെ മറ്റു വഴികളിലേക്ക് തിരിയാൻ നിർബന്ധിതരാക്കി. മതം, അന്ധവിശ്വാസങ്ങൾ, ഐതിഹ്യങ്ങൾ എന്നിവ ഇത്തരക്കാർക്ക് ഉത്തരങ്ങൾ നൽകി. അവയിൽ പലതും അശാസ്ത്രീയമായ അറിവുകളായിരുന്നുവെങ്കിൽ പോലും ജനങ്ങൾ ക്രമേണ അവയെല്ലാം ശരിയാണെന്നു വിശ്വസിച്ചു.

 

വിവേകമതികളും വികാരജീവികളും

 

ഈയൊരു വിശ്വാസം പിന്നീട് ഭ്രാന്തമായ മുൻവിധികളും വാശികളുമായി മാറി. പിന്നീടങ്ങോട്ട് മനുഷ്യരാശി രണ്ടായി പിരിഞ്ഞു, ശാസ്ത്രത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന വിവേകമതികൾ ഒരു വശത്തും അന്ധവിശ്വാസങ്ങൾ കാഴ്ചയെത്തന്നെ മറച്ച വികാരജീവികൾ മറുവശത്തും. വിവേകത്തിനു പകരം വികാരം നിയന്ത്രിച്ചിരുന്ന രണ്ടാമത്തെ വിഭാഗം തങ്ങളുടെ കാഴ്ചപാടുകൾ ശരിയെന്നു സ്ഥാപിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറായി.

ഈയൊരു വേർതിരിവ് തന്നെയാണ് ഇന്നത്തെ സമൂഹവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

 

സമൂഹം നേരിടുന്ന വെല്ലുവിളികൾ

 

വിവേചനബുദ്ധിയില്ലാതെ കേവലം മതങ്ങളുടെയും രാഷ്ട്രീയത്തിന്റെയും പിന്നെ മറ്റു പലതിന്റെയും പേരിൽ മനുഷ്യൻ മനുഷ്യനെത്തന്നെ ഇരയാക്കുന്ന ഭീകരമായ സ്ഥിതിവിശേഷമാണ് ഇന്നുള്ളത്.

 

നമുക്ക് മുന്നിൽ ഉയർന്നിരിക്കുന്ന വലിയ ഒരു ചോദ്യം ഇതാണ്.

 

ശാസ്ത്രം വളർന്നു കഴിഞ്ഞു. നമ്മളോ?

 

ശാസ്ത്രാവബോധത്തിന്റെ അഭാവം ഏറ്റവുമധികം പ്രതിഫലിക്കുന്ന, നമുക്ക് ചുറ്റുമുള്ള ചില മേഖലകളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

 

  1. ആരോഗ്യസംരക്ഷണം

 

പിന്നോക്കമേഖലകളിൽ ജീവിക്കുന്ന ജനങ്ങൾ ഇന്നും ശരിയായ രീതിയിലുള്ള ആരോഗ്യപരിപാലനത്തിനും സംരക്ഷണത്തിനും പ്രാധാന്യം നൽകുന്നില്ല എന്നത് ദുഖകരമായ ഒരു വസ്തുതയാണ്. ചിലയിടത്തു മികച്ച രീതിയിലുള്ള ചികിത്സാസംവിധാനങ്ങളുടെ അഭാവമാണ് പ്രശ്നമെങ്കിൽ മറ്റു സ്ഥലങ്ങളിൽ, ലഭ്യമായ ചികിത്സാസൗകര്യങ്ങളുടെ പ്രാധാന്യത്തെകുറിച്ചുള്ള അജ്ഞതയാണ് പ്രശ്നം. ഇത്തരം സ്ഥലങ്ങളിൽ ആശ്വാസത്തിനായി ജനങ്ങൾ സമീപിക്കുന്നത് മുറിവൈദ്യന്മാരെയും കപട ആൾ ദൈവങ്ങളെയുമാണ്.

 

70 ശതമാനത്തിലേറെ ജനങ്ങളും ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്ന ഇന്ത്യ പോലെ ഒരു രാജ്യത്തു മികച്ച രീതിയിലുള്ള ആരോഗ്യപരിപാലനസംവിധാനങ്ങൾ ചെലവേറിയതും ദുർലഭവുമാണ്. ഇതിനാൽ തന്നെ ഇത്തരം ജനവിഭാഗങ്ങളെ നമ്മുടെ ശാസ്ത്രപുരോഗതിക്കൊപ്പമെത്തിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

 

 

  1. മത-രാഷ്ട്രീയ തീവ്രവാദപ്രവർത്തനങ്ങൾ

 

ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രധാനമായും പിന്നോക്കമേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നാണെന്ന് കരുതാം, എന്നാൽ ജാതിമതരാഷ്ട്രീയ തീവ്രവാദം എന്നത് ഡെമോക്ലിസിന്റെ വാള് പോലെ മനുഷ്യകുലത്തിനൊന്നാകെ ഭീഷണിയായി നിൽക്കുന്ന ഒന്നാണ്.

 

വിദ്യാഭ്യാസവും വിവേകവും ആവോളമുള്ള ഉന്നതർ പോലും ഇത്തരം വിധ്വംസകപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്നത് ഞെട്ടിക്കുന്ന ഒരു വസ്തുതയാണ്. ശാസ്ത്രാവബോധം ഇല്ലാത്തതാണ് ഒരു വശത്തു പ്രശ്നമെങ്കിൽ, മറുവശത്തു അറിവിനെ തെറ്റായ രീതിയിൽ കുല്സിതപ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്നതാണ് പ്രശ്നം.

 

  1. വിവരാതിസാരം

 

അധികമായാൽ അമൃതും വിഷം എന്നപോലെ വിവരാതിസാരം മൂലമുള്ള പ്രശ്നങ്ങൾ നമുക്ക് ചുറ്റും ധാരാളമുണ്ട്. സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ജനങ്ങളുടെ ഇന്നത്തെ പ്രധാന വിവരശ്രോതസ്സു എന്ന് പറയുന്നത് ഇന്റർനെറ്റ് ആണ്. എന്തിനും ഏതിനും ഉത്തരം നൽകാൻ കെൽപ്പുള്ള ഒരു അക്ഷയഖനിയായി ഇന്റർനെറ്റ് നിലനിൽക്കുമ്പോൾ അവിടെ നിന്നും കിട്ടുന്ന ഉത്തരങ്ങളുടെ വിശ്വാസ്യത അല്ലെങ്കിൽ ആധികാരികത ആരും ശ്രദ്ധിക്കുന്നില്ല എന്നതാണ് വാസ്തവം.

 

പലപ്പോഴും ജീവിതത്തിലെ പല സുപ്രധാന തീരുമാനങ്ങളും ഇത്തരുണത്തിൽ കിട്ടുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി എടുക്കുന്നതിനാൽ ജീവിതം തന്നെ ദുരന്തത്തിൽ കലാശിച്ച യുവത്വങ്ങൾ ഒരുപാടുണ്ട്.

 

ശാസ്ത്രം- അവബോധം- വിവേകം

 

ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളുടെ പരിഹാരം ശരിയായ രീതിയിലുള്ള ശാസ്ത്രാവബോധം മാത്രമാണോ എന്നൊന്ന് പരിശോധിക്കാം.

 

“ശാസ്ത്രാവബോധം എല്ലാവർക്കും”

 

ഒരിക്കലും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമല്ല ഇത്. മറിച്ചു പ്രശ്നപരിഹാരനടപടികളിൽ ഏറ്റവും ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതും ആണ്. വിവരസാങ്കേതികവിപ്ലവത്തിന്റെ ഈ കാലത്തു ജീവിച്ചിരിക്കുന്ന നമുക്ക് ലോകമെമ്പാടും അറിവ് പകർന്നു നൽകുക എന്നത് വളരെ ലളിതമായ കാര്യമാണ്. മനുഷ്യന് അല്ലെങ്കിൽ അവൻറെ സന്ദേശവാഹകർക്കു എത്തിച്ചേരാൻ കഴിയാത്ത സ്ഥലങ്ങൾ ഈ ഭൂമിയിൽ ഇല്ല എന്ന് തന്നെ പറയാം. എന്നാൽ ഈയൊരു സൗകര്യം നാം വേണ്ട വിധത്തിൽ ഉപയോഗിക്കുന്നുണ്ടോ എന്നതാണ് ചോദ്യം.

 

ജാതിമതരാഷ്ട്രീയസ്പർദ്ധകളാലും കച്ചവടതാല്പര്യങ്ങളാലും സ്വാധീനിക്കപ്പെട്ട മാധ്യമഭീമന്മാരെയും കച്ചവടക്കണ്ണുമായി മണ്ണിനെ വിറ്റുകാശാക്കുന്ന കഴുകന്മാരെയും തുരത്തിക്കൊണ്ടു ശാസ്ത്രസാങ്കേതികതയുടെ പുരോഗതിയെ, അത് മുന്നോട്ടു വയ്ക്കുന്ന അറിവിനെ, അതുകൊണ്ടുണ്ടാകുന്ന വികസനങ്ങളെ ലോകത്തിൻറെ എല്ലാ മുക്കിലും മൂലയിലും എത്തിക്കുക എന്നതാണ് നാം ചെയ്യേണ്ടത്. എല്ലാ സമൂഹങ്ങളും ജനവിഭാഗങ്ങളും മുന്നോട്ടുള്ള പ്രയാണത്തിൽ ഒന്നിച്ചു നിൽക്കട്ടെ.

 

“കീഴടക്കാനല്ല, ഒന്നിച്ചു വളരാൻ”

 

ഇവിടെ നമുക്ക് ആരെയും, ഒന്നിനെയും കീഴടക്കാനില്ല. വളർച്ചയുടെയും വികസനത്തിൻറെയും പേരിൽ ഭൂമിയെ കൊള്ളയടിക്കുന്നതിനു ന്യായീകരണവുമില്ല. നമ്മുടെ ജ്ഞാനം ഭൂമിയെ അറിഞ്ഞു കൊണ്ട്, ഭൂമിയെ സ്നേഹിച്ചു വളരാൻ നമ്മെ സഹായിക്കണം.പുതുസാങ്കേതികവിദ്യകൾ ഭൂമിക്കും തണലായി മാറട്ടെ. പ്രകൃതിയുടെ മാറ് പിളർന്നു രക്തം കുടിച്ചല്ല, ആ മാതാവ് സ്നേഹത്തോടെ ചുരത്തുന്ന മുലപ്പാൽ നുകർന്ന് നമുക്ക് വളരാം.

 

“വിവേകത്തിന്റെ ഭാഷയിൽ സംവദിക്കാം”

 

ശാസ്ത്രാവബോധം നമുക്ക് നൽകുന്ന അറിവുകൾ വളരെ പ്രധാനമാണ്. എന്നാൽ വിവേകം എന്ന അടിത്തറയ്ക്കു മേലായിരിക്കണം നമ്മുടെ അറിവിൻറെ സൗധം പടുത്തുയർത്തേണ്ടത്. ജാതിമതരാഷ്ട്രീയങ്ങൾ തീർക്കുന്ന വേലിക്കെട്ടുകൾ കേവലം ജലരേഖകൾ മാത്രമാണെന്ന് നാം എന്നും ഓർക്കണം. അറിവിനൊപ്പം നമ്മുടെ വിവേകവും വളരട്ടെ. ശാസ്ത്രവും സമൂഹവും തമ്മിലുള്ള അന്തരം മുതലെടുത്തു ജീവിക്കുന്ന പരാന്നഭോജികളെ നിർമാർജനം ചെയ്യാൻ ഈ വിവേകം നമുക്ക് കരുത്താവട്ടെ.

 

“ജ്ഞാനോദയമായി ശാസ്ത്രാവബോധം”

 

നമ്മെത്തന്നെ അറിയാനുള്ള ആദ്യ പടിയാണ് ശാസ്ത്രാവബോധം. പ്രപഞ്ചമെന്ന അദ്‌ഭുതങ്ങളുടെ മഹാമേരുവിനു മുന്നിൽ നാമെത്ര ചെറുതാണെന്ന സന്ദേശമാണ് ശാസ്ത്രം നമുക്ക് പകർന്നു നൽകുന്നത്.

 

വിശ്വാസങ്ങൾ പലതാകട്ടെ, വിവേകത്തോടെ, വിദ്വേഷമേതുമില്ലാതെ കൂടുതൽ അറിവ് നേടാനുള്ള ഈ മഹാ യാത്രയിൽ നമുക്കൊന്നിച്ചു നിൽക്കാം. ഇനി വരാൻ പോകുന്ന തലമുറകൾക്കു ഏറ്റവും നല്ലതു മാത്രം നൽകാൻ നമുക്ക് കഴിയട്ടെ. വിവേകമതികളും, വിജ്ഞാനകുതുകികളുമായ ഒരു ഭാവി തലമുറയെ വാർത്തെടുക്കാൻ, നേട്ടങ്ങളുടെ പുതിയ കൊടുമുടികൾ കീഴടക്കാൻ, ശാസ്ത്രവും അത് പകർന്നു നൽകുന്ന അറിവും നമുക്ക് കരുത്താകട്ടെ.

 

“അനേകസംശയോഛേദി, പരോക്ഷാർഥസ്യ ദർശകം

സർവസ്യ ലോചനം ശാസ്ത്രം, യസ്യ നാസ്ത്യന്ധ ഏവ സ:”

 

Comments

comments