ഇരുപത്തിയഞ്ച് വര്‍ഷം തികയുന്ന ടെക്നോപാര്‍ക്ക്- ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും – Nipun Varma

3
  

Author:      Nipun Varma
Company: UST Global
e-Mail:       nipun.varma@ust-global.com

ഇരുപത്തിയഞ്ച് വര്‍ഷം തികയുന്ന ടെക്നോപാര്‍ക്ക്- ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും

യുഗപ്പിറവി

ദൈവത്തിന്‍റെ സ്വന്തം നാട് ഒരിക്കലും നിക്ഷേപകരുടെയും വ്യവസായികളുടെയും പ്രിയ നാടായിരുന്നില്ല. അത് കൊണ്ട് തന്നെ 1990- ല്‍ ഇന്ത്യയിലെ ആദ്യത്തെ ഐ ടി പാര്‍ക്ക്‌ എന്ന ഖ്യാതിയുമായി ടെക്നോപാര്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ അധികമാരും കരുതിയില്ല അതൊരു പുതു യുഗത്തിന്‍റെ തുടക്കമായിരുന്നു എന്ന്. വിമര്‍ശകരെയും ദോഷൈകദൃക്കുകളെയും സ്തബ്ധരാക്കിക്കൊണ്ട് അന്ന് തുടങ്ങിയ വിജയക്കുതിപ്പ് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയിലെ ഏറ്റവും വലിയതും ഏറ്റവും പ്രകൃതി സൌഹാര്‍ദപരവുമായ ഐ ടി പാര്‍ക്കെന്ന പെരുമയുമായി നാല്പ്പതിനായിരത്തോളം ജീവനക്കാര്‍ക്കും നൂറ്റി അന്‍പതിലേറെ കമ്പനികള്‍ക്കും തണലായി പടര്‍ന്നു പന്തലിച്ചു കഴിഞ്ഞു.

വീട്ടിലേക്കുള്ള വഴി

ഒരു കാലത്ത് ഐ ടി മേഖലയില്‍ തൊഴിലവസരങ്ങള്‍ തേടി ബംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങിയ വന്‍നഗരങ്ങളില്‍ ചേക്കേറിയ യുവ തലമുറ ഇന്ന് നാട്ടിലേക്കുള്ള മടങ്ങിവരവ് ആഘോഷിക്കുന്നു. ഏതൊരു ഐ ടി നഗരത്തോടും കിട പിടിക്കുന്ന തരത്തിലുള്ള തൊഴിലവസരങ്ങളുമായി നമ്മുടെ സ്വന്തം ടെക്നോപാര്‍ക്ക് യുവാക്കള്‍ക്ക് തിരികെ വരാനുള്ള വഴി കാട്ടിയാകുന്നു. നമ്മുടെ ഐ ടി തലമുറയെ സംബന്ധിച്ചിടത്തോളം വീട്ടിലേക്കുള്ള വഴി ഒരിക്കലും ഇത്രയും ആകര്‍ഷകമായിരുന്നില്ല.

പ്രതീക്ഷയുടെ കിരണങ്ങള്‍

ബംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങിയ വന്‍നഗരങ്ങള്‍ ഐ ടി രംഗത്തെ  ആഗോള ഉണര്‍വിനൊപ്പം കുതിക്കുകയും അസൂയാവഹമായ വളര്‍ച്ച നേടുകയും ചെയ്തു. എന്നാല്‍ ശരവേഗത്തിലുള്ള വികസനം ഒരു പരിധി കഴിഞ്ഞതോടെ അവയ്ക്ക് തന്നെ വിലങ്ങു തടിയാകുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. ബംഗ്ലൂര്‍ നഗരത്തിന്റെ കാര്യമെടുക്കാം. ഒരു കാലത്ത് വന്‍കിട സൌകര്യങ്ങള്‍ക്കും സുഖശീതളമായ കാലാവസ്ഥയ്ക്കും പേര് കേട്ടിരുന്ന ഈ നഗരം ഇന്ന് അനിയന്ത്രിതമായ ഗതാഗതക്കുരുക്കിനാലും അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണത്തിനാലും വീര്‍പ്പു മുട്ടുകയാണ്. ഈയൊരു സാഹചര്യം രണ്ടാം നിര നഗരങ്ങളിലേക്ക് തങ്ങളുടെ ശ്രദ്ധ പായിക്കാന്‍ ഐ ടി രംഗത്തെ അതികായന്മാരെ പ്രേരിപ്പിക്കുന്നു. ഇന്ത്യന്‍ ഐ ടി രംഗത്തെ പ്രബലസാന്നിധ്യമായ ടെക്നോപാര്‍ക്ക് അത് കൊണ്ട് തന്നെ ഇത്തരം വ്യവസായികള്‍ക്ക് പ്രചോദനമാകുന്നു. കേരളത്തിന്റെ ഐ ടി വിപ്ലവത്തിന് തിരി കൊളുത്തിയ ടെക്നോപാര്‍ക്കിന്റെ ഭാവി തീര്‍ച്ചയായും ശോഭനമാണ്.

മറുപുറം

സമൂഹത്തിലെ സ്വീകാര്യത

ഉയര്‍ന്ന വീട്ടുവാടക, അന്യായമായ ഓട്ടോ-ടാക്സി നിരക്കുകള്‍, സുരക്ഷാസംബന്ധമായ പ്രശ്നങ്ങള്‍, നിലവാരമില്ലാത്ത ഭക്ഷണശാലകള്‍ എന്നിവയാണ് ടെക്നോപാര്‍ക്ക് ജീവനക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. “പ്രതിധ്വനി” പോലുള്ള ടെക്നോപാര്‍ക്ക് കൂട്ടായ്മകളുടെ ശ്രമഫലമായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇവയില്‍ പലതിനും പരിഹാരം കണ്ടു കൊണ്ടുള്ള നടപടികള്‍ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായി.എന്നാല്‍ ഇന്നും പരിഹാരം ഉണ്ടാകാത്തതും മേല്പറഞ്ഞ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ കാരണഹേതുവുമായ ഒരു പ്രധാന കാര്യം പൊതുസമൂഹത്തിനു നമ്മെ കുറിച്ചുള്ള അഭിപ്രായമാണ്.

എന്ത് കൊണ്ടോ നമുക്ക് ചുറ്റുമുള്ള സാധാരണക്കാര്‍ക്ക് ഇന്നും “ടെക്കികള്‍” എന്നാല്‍ ധിക്കാരികളും പണം ധാരാളം ചിലവഴിക്കാന്‍ ശേഷിയുള്ളവരും സദാചാരബോധം കുറഞ്ഞവരുമാണ്. അത് കൊണ്ട് തന്നെ ഐ ടി സമൂഹം ചൂഷണം ചെയ്യപ്പെടേണ്ടതായ ഒന്നാണെന്ന ഒരു തെറ്റിധാരണയും പൊതുവേ ഉണ്ട്. ഈയൊരു ധാരണയെ ശെരി വയ്ക്കുന്ന വിധത്തിലുള്ള സ്വഭാവരീതികള്‍ നമ്മളില്‍ ഒരു ചെറിയ വിഭാഗം പ്രകടമാക്കുന്നുണ്ടാവാം. എങ്കില്‍ പോലും സാധാരണക്കാരായി ജനിച്ചു, പഠനത്തിനു ശേഷം കുടുംബം പോറ്റാനായി ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷത്തിനും ഈയൊരു നിര്‍വചനം തീരെ ചേരില്ല.

പ്രകൃതിയുമായുള്ള സൗഹൃദം

പ്രകൃതിയെ വെല്ലുവിളിച്ചു കൊണ്ടുള്ള വികസനം ഒടുവില്‍ ഒരു വിഘാതമായി മാറുന്ന കാഴ്ചയാണ് നമ്മുടെ മഹാനഗരങ്ങളില്‍ കാണാന്‍ കഴിയുക. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നമ്മുടെ ഈ കൊച്ചു നാടിനു ഇത്തരത്തിലുള്ള ഒരു കടന്നു കയറ്റം ഒരിക്കലും താങ്ങാനാവില്ല. പ്രകൃതിമാതാവ് നമുക്കായി ചുരത്തുന്ന സ്നേഹവാത്സല്യങ്ങള്‍ നിറഞ്ഞ മുലപ്പാല്‍ നുകര്‍ന്നു കൊണ്ടാവണം നാം വളരേണ്ടത്; അല്ലാതെ ആ അമ്മയുടെ മാറ് പിളര്‍ന്നു ചോര കുടിച്ചല്ല.

ഇന്ത്യയിലെ ഏറ്റവും ഹരിതാഭമായ ഐ ടി പാര്‍ക്ക്‌ എന്ന കീര്‍ത്തി എല്ലാക്കാലത്തും നിലനിര്‍ത്തികൊണ്ട് തന്നെ വേണം ടെക്നോപാര്‍ക്കിനു വളരാന്‍.

വിജയമന്ത്രം

“ഉന്നമനം സമൂഹത്തിന്”

അവികസിതമായ ഒരു സമൂഹത്തില്‍ ഒരിക്കലും വ്യാവസായികവിജയം സാധ്യമല്ല. വളക്കൂറുള്ള മണ്ണില്‍ നിന്നേ വിളവെടുക്കാന്‍ കഴിയൂ. ഏതൊരു വ്യവസായത്തിന്റെയും നിലനില്‍പ്പിനും വിജയത്തിനും അത്യന്താപേക്ഷിതമാണ് സമൂഹത്തിന്റെ വികസനം. സമൂഹ നന്മക്കായുള്ള ആത്മാര്‍ത്ഥമായ ചുവടുവയ്പ്പുകള്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടായാല്‍; നമുക്ക് ചുറ്റുമുള്ള സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ നമുക്ക് കഴിഞ്ഞാല്‍, സമൂഹത്തില്‍ നമുക്കുള്ള സ്വീകാര്യത വര്‍ധിക്കും. അതോടൊപ്പം തന്നെ നാം നേരിടുന്ന പല സാമൂഹിക പ്രശ്നങ്ങള്‍ക്കും തനിയെ പരിഹാരം ഉണ്ടാവുകയും ചെയ്യും.

വ്യാവസായിക ഭീമന്മാര്‍ സി.എസ്.ആര്‍ (Corporate Social Responsibility) എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന മാധ്യമ സര്‍ക്കസുകളെക്കാള്‍ ഈ സമൂഹത്തിനാവശ്യം നമ്മുടെ ആത്മാര്‍ത്ഥമായ പരിശ്രമങ്ങളാണ്. ടെക്നോപാര്‍ക്ക് ജീവനക്കാര്‍ ഒത്തുചേര്‍ന്നു ഒരു മനസോടെ സാമൂഹികാവബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ നമുക്ക് ചുറ്റുമുള്ള സമൂഹത്തിനു പ്രയോജനപ്രദമായ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും. ഇക്കാര്യത്തില്‍ “പ്രതിധ്വനി”സൃഷ്ടിക്കുന്ന അലയൊലികളെ നമുക്ക് പിന്തുടരാം.

“നിയന്ത്രണം പ്രകൃതിമലിനീകരണത്തിന്”

എന്നും രാവിലെ നാല് പേര്‍ക്കിരിക്കാവുന്ന വാഹനത്തില്‍ ഒരാള്‍ മാത്രമായി ജോലിക്ക് പോകാനിറങ്ങുമ്പോള്‍ ഒന്നാലോചിക്കുക. നമ്മുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി നാം സാമൂഹികാവബോധത്തെ ബലി കൊടുക്കുകയല്ലേ ചെയ്യുന്നത്? ഒന്നിലധികം ആള്‍ക്കാര്‍ ചേര്‍ന്ന് carpooling നടത്തുകയോ പൊതുഗതാഗതസംവിധാനങ്ങള്‍ പ്രയോജനപ്പെടുതുകയോ ചെയ്‌താല്‍ അത് നമ്മുടെ നാടിനു വേണ്ടി ചെയ്യുന്ന വലിയൊരു കാര്യമായിരിക്കും.

രാത്രി വൈകി ഇറങ്ങുന്ന ജീവനക്കാര്‍ക്കായി ഓരോ മണിക്കൂര്‍ ഇടവിട്ട്‌ ഇരുപത്തിനാല് മണിക്കൂറും ബസ് സര്‍വീസ് നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കാവുന്നതാണ്.

ടെക്നോപാര്‍ക്കിനുള്ളില്‍ ടെക്നോപാര്‍ക്ക് എക്സ്പ്രെസ്സ് മാതൃകയില്‍ സൈക്കിള്‍ അല്ലെങ്കില്‍ ഇലക്ട്രിക്/ബാറ്ററി വാഹനങ്ങള്‍ മാത്രം സര്‍വീസ് നടത്തുന്ന ഒരു രീതിയും വളരെയധികം പ്രയോജനപ്രദമായിരിക്കും. പൊതുഗതാഗതസംവിധാനങ്ങള്‍ ഉപയോഗിച്ച് വരുന്ന ജീവനക്കാര്‍ക്ക് സമീപപ്രദേശങ്ങളില്‍ ബസിറങ്ങി ഇത്തരം സൗകര്യം ഉപയോഗിച്ച് പാര്‍ക്കിന്റെ ഉള്ളിലെത്താം.

ഉബെര്‍/ഓല കാബ് സര്‍വീസ് മാതൃകയില്‍ ടെക്നോപാര്‍ക്കിന്റെ സ്വന്തം ഓണ്‍ലൈന്‍ കാര്‍ സര്‍വീസും ചിന്തിക്കാവുന്ന ഒരു സാധ്യതയാണ്. വേണ്ടത്ര സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കേണ്ടത് അത്യാവശ്യമാണെന്ന് മാത്രം.

“അശ്വമേധം തുടരട്ടെ…!”

കേരളത്തിലെ ഐ ടി യുഗത്തിന് നാന്ദി കുറിച്ച ടെക്നോപാര്‍ക്കിന്റെ ഭാഗമായി ഈ മണ്ണില്‍ ജനിച്ചു ഈ നാടിന്റെ സ്നേഹവാത്സല്യങ്ങള്‍ നുകര്‍ന്ന് അന്താരാഷ്‌ട്ര സൌകര്യങ്ങള്‍ക്ക് നടുവില്‍ ജോലി ചെയ്യാനുള്ള ഭാഗ്യം സിദ്ധിച്ച നാം ഇവയെല്ലാം ഇതേ അളവില്‍ അല്ലെങ്കില്‍ ഇതിലും മികച്ചതാക്കി വരും തലമുറകള്‍ക്ക് നല്‍കാന്‍ ബാധ്യസ്ഥരാണ്.

ഇരുപത്തിയഞ്ചു വര്‍ഷത്തെ വിജയക്കുതിപ്പാഘോഷിക്കുന്ന ഈ വേളയില്‍ നമുക്ക് കൈകോര്‍ത്തു മുന്നേറാം; ഇനിയുമിനിയും വിജയങ്ങള്‍ വെട്ടിപ്പിടിക്കാം;ടെക്നോപാര്‍ക്കിന്റെ, കേരളത്തിന്റെ, ഇന്ത്യയുടെ ഐ ടി അശ്വമേധം തുടരട്ടെ.

Comments

comments