മാനസാന്തരം – Dhaneesh Devasia

Google+ Pinterest LinkedIn Tumblr +

Author : Dhaneesh Devasia
Company : QBurst Technologies
Email : dhaneesh88@gmail.com

മാനസാന്തരം

ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം! – അങ്ങനെയാണ്‌ കോളേജ് ജീവിതത്തെ എല്ലാവരും വിശേഷിപ്പിക്കുന്നത് . മാതാപിതാക്കളുടെ സംരക്ഷണവലയത്തിൽ നിന്ന് മാറി നമ്മുടെതായ ഒരു ലോകം കെട്ടിപ്പൊക്കാൻ വെമ്പൽ കൊള്ളുന്ന സമയം. മുന്നോട്ടുള്ള ജീവിതം എങ്ങനെ ആകണമെന്നുള്ളതിനു വലിയ പങ്ക് വഹിക്കുന്ന കാലം. എന്റെ കാര്യത്തിലും സ്ഥിതി മറിച്ചല്ല.

കോളേജ് എന്ന് പറഞ്ഞാൽ കൂട്ടുകാരും അദ്ധ്യാപകരും മുതൽ ഗേറ്റിൽ നിൽക്കുന്ന സെക്യൂരിറ്റി വരെ ഒരു പക്ഷെ ഈ സമയം നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയേക്കാം. ചിലർ താത്കാലികമായും മറ്റു ചിലർ ജീവിതാവസാനം വരെയും അറ്റുപോകാത്ത സുഹൃത്ത്‌ ബന്ധത്തിന്റെ കണ്ണികളായി കോർക്കപ്പെട്ടേക്കാം. നമ്മൾ അവരിലൂടെ ലോകത്തെ തൊട്ടറിയുകയും ജീവിത യാഥാർത്ഥ്യങ്ങളെ അനുഭവിച്ചറിയുകയും ചെയ്യും.

എനിക്കും ഉണ്ടായിരുന്നു ഇത് പോലെ കുറെ സുഹൃത്തുക്കൾ. എല്ലാ ഗ്യാങ്ങിലും ഉള്ള പോലെ എന്റെ ഗ്രൂപ്പിലും ഉണ്ടായിരുന്നു കുറെ റോമാൻസ് കുമാരന്മാരും, ബുദ്ധി ജീവികളും, ബഡായി വീരന്മാരും, പിന്നെ എന്നെ പോലെ എന്തിനും ഏതിനും നിശബ്ദമായി സപ്പോർട്ട് ചെയുന്ന കുറെ കിങ്കരന്മാരും. അങ്ങനെയുള്ള ഞങ്ങളുടെ ഗ്രൂപ്പിലെ ഒരു താരമായിരുന്നു മച്ചു. വെറും താരമല്ല, മിന്നും താരം. അവനെ ഞങ്ങൾ ചിലപ്പോൾ ആരാധനയോടും ചിലപ്പോള്‍ പുച്ചത്തോടും മറ്റു ചിലപ്പോള്‍ ഒരു വലിയ രാജ്യം കീഴടക്കിയ യോദ്ധാവിനെപോലെയും നോക്കി കണ്ടിരുന്നു. അവനെ ജാക്കി ഷറഫെന്നും സ്നേഹത്തോടെ ചിലപ്പോള്‍ ജാക്കി ചാൻ എന്നും വിളിച്ചു പോന്നു. പലപ്പോഴും അവന്റെ വീര സാഹസിക ജാക്കി കഥകൾ കേട്ട് ഞങ്ങൾ പുളകം കൊള്ളാറുണ്ട്‌ .

സമരത്തിന്റെ കോലാഹലങ്ങളും സിന്ദാബാദ് വിളികളും ഒക്കെ കഴിഞ്ഞ് ശൂന്യമായ കോളേജിലെ ഒരു ദിവസം. പെണ്‍ കിടാങ്ങളെല്ലാം തിരിച്ചു കൂടുകളിൽ ചേക്കേറി എന്നു മനസിലായപ്പോൾ ഞാൻ ഞങ്ങളുടെ സ്ഥിരം സ്ഥലമായ ഗ്രൌണ്ടിന്റെ മൂലക്കുള്ള മാവിൻ ചോട്ടിലേക്ക് വച്ചുപിടിച്ചു. അവിടെ എത്തിയപ്പോള്‍, മീന്‍ കുട്ടയുടെ ചുറ്റും പൂച്ചകൾ ഇരിക്കുന്നപോലെ വായും പൊളിച്ച് എല്ലാവരും നമ്മുടെ കഥാ നായകന്റെ ചുറ്റും ഇരുന്ന് അവന്റെ പുതിയ സാഹസിക കഥ കേൾക്കുന്നു . എന്നും എപ്പോഴും എരുതീയിൽ എണ്ണ ഒഴിച്ചു മാറി നിൽക്കാറുള്ള ഞാൻ അന്നും അവനെ ഒന്നു സ്ക്രൂ കേറ്റി.

“അളിയാ നീ വന്‍ സംഭവം തന്നെ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. നമുക്കും കൂടി ഒന്നു പഠിപ്പിച്ചുതാടാ. “

“അതു പിന്നെ സോമു അളീ, ഇതിനൊക്കെ ഒരു ടെക്നീക് ഉണ്ട്‌. ആദ്യം നല്ല തിരക്കുള്ള ബസ് നോക്കി കേറണം. പിന്നീട് പരിചയക്കാർ ആരും ഇല്ല എന്നു ഉറപ്പ് വരുത്തണം. എന്നിട്ടു പതുക്കെ ബസിന്റെ താളത്തിനൊത്ത് പണി തുടങ്ങണം. ചിലര്‍ കണ്ണ് ഉരുട്ടി പേടിപ്പിക്കും , മറ്റു ചിലര്‍ ദേഷ്യത്തിന്റെ ആംഗ്യ ഭാഷയൊക്കെ കാണിക്കും . അങ്ങനെ ഉള്ളവരെ പരമാവധി ഒഴിവാക്കണം.വേറെ ചിലര്‍ ഒന്നും മിണ്ടാതെ മൗനമായി നില്‍ക്കും. മൗനം സമ്മതം എന്നാണല്ലോ. അവർ തൽപരകക്ഷികളാണെന്നു കരുതി തുടരുക……”

“അളിയാ ഇത് വല്ലതും നടക്കുമോ?”

“നീ ഈ മാഗസിൻ ഒന്നും വായിക്കാറില്ലേ? അവരുടെ സർവ്വേ അനുസരിച്ച് കേരളത്തിൽ കൂടുതലും അതൃപ്തകളാണ്‌. എന്റെ ഇത്രയും കാലത്തേ അനുഭവം വെച്ച് മനസ്സിലായിട്ടുള്ളത്‌, ആരും കാണുന്നില്ല എന്ന് കണ്ടാൽ ഇവളുമാരൊക്കെ സഹകരിക്കും മോനെ!”

“ഒന്ന് പോടാപ്പാ. അതൊക്കെ അവർ സർക്കുലേഷൻ കൂട്ടാൻ വേണ്ടി ചുമ്മാ അടിച്ചിറക്കുന്നതല്ലേ. എന്നെങ്കിലും നിനക്ക് ഇവളുമാരുടെ കയ്യിൽ നിന്നു കിട്ടുമ്പോൾ പഠിക്കും.”

അങ്ങനെ ദിവസങ്ങളും മാസങ്ങളും പകൽ കിനാവ് പോലെ കടന്നു പോയി. സപ്പ്ലി കാലം. ക്വസ്റ്റ്യൻ പേപ്പർറിനേയും സാറിനെയും ഒന്നു പുച്ചിച്ചിട്ടു അര മണിക്കൂറിനുള്ളിൽ എക്സാം ഹാൾ വിട്ടു ഞാൻ ഞങ്ങളുടെ സ്ഥിരം സ്ഥലത്ത് എത്തി. ദൂരെ നിന്ന് തന്നെ മച്ചു മരത്തിൻറെ ചോട്ടില്‍ ഇരിക്കുന്നത് കണ്ടു. ഞാൻ വന്ന പാടേ ചോദിച്ചു

“ഇന്നു ആരെ പിഴപ്പിച്ചിട്ടാണ് വന്നിരിക്കുന്നേ? “

അവന്‍ ഒന്നും മിണ്ടുന്നില്ല.

“അളി!!! എന്തു പറ്റി? ലവളുമാരുടെ ചെരുപ്പിന്റെ ചൂട് അറിഞ്ഞോ?”

“അതായിരുന്നെങ്കില്‍ കുഴപ്പം ഇല്ലായിരുന്നു. ഇതു പക്ഷേ…..”

“എന്തു പറ്റിയെടാ? നീ കാര്യം പറ. നമുക്ക് സമാധാനം ഉണ്ടാക്കാം.”

“ഇന്നു ബസില്‍ വന്നപ്പോൾ ഒരു സംഭവം ഉണ്ടായി. പതിവു പോലെ ഞാൻ ലേഡീസിന്റെ ഭാഗത്തേക്ക്‌ തിക്കി തിരക്കി കേറാൻ നോക്കി. പക്ഷേ നിന്ന് തിരിയാന്‍ പറ്റാത്ത വിധം തിരക്കായിരുന്നു. അങ്ങനെ ഒരു ചാൻസ് മിസ്സ്‌ ആയല്ലോ എന്ന് കരുതി കുണ്ടിതപ്പെട്ട് നിൽക്കുമ്പോൾ പുറകില്‍ നില്‍ക്കുന്ന മനുഷ്യൻ ഇടക്ക് ഇടക്ക് തട്ടുന്നു. തിരക്കല്ലേ എന്ന് കരുതി ഞാൻ മൈൻഡ് ചെയ്തില്ല.”

“പക്ഷെ പതുക്കെ അയാളുടെ ശല്യം കൂടി കൂടി വന്നു. ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ഒരു വയസ്സൻ അപ്പൂപ്പൻ. പ്രായം ഉള്ളയാളല്ലേ നില്‍ക്കാൻ ബുദ്ധിമുട്ടായിരിക്കും എന്നു കരുതി ഞാൻ ഒന്ന് നീങ്ങിനിന്ന് നോക്കി. എന്നിട്ടും അയാൾ വിടുന്ന ലക്ഷണം ഇല്ല.”

“തിരിഞ്ഞ് നിന്ന് അയാളുടെ കരണത്ത്‌ അടിച്ചു മാറി നിൽക്കെടാ എന്നു പറയണം എന്നു ഉണ്ടായിരുന്നു പക്ഷേ എന്റെ കൂട്ടുകാരെയും ചില പരിചയക്കാരെയും ആ ബസില്‍ കണ്ടു. അവരുടെ മുന്‍പില്‍ ഞാൻ അവഹേളിതനാകുമോ എന്ന ഭയം എന്നെ വേട്ടയാടി. ഓരോ സെക്കന്റും ഓരോ യുഗങ്ങളായും, ഓരോ മിനിറ്റും ഓരോ നൂറ്റാണ്ടുകളുമായി തോന്നി. എതിരെ വരുന്ന പാണ്ടി ലോറി എന്നെയും ബസിനെയും ചതച്ചരച്ചു കടന്നു പോകണേ എന്നു വരെ ഒരു നിമിഷം ആഗ്രഹിച്ചു പോയി. അല്ലെങ്കിലും ആഗ്രഹിക്കുമ്പോള്‍ നിർഭാഗ്യങ്ങൾ പോലും നമ്മളെ തേടി വരാൻ മടിക്കുന്നത് എത്ര വിരോധാഭാസം ആണല്ലേ? എന്റെ ജീവിതത്തില്‍ ഇത്രയും വെറുത്ത നിമിഷങ്ങൾ ഇതിനു മുൻപ് ഉണ്ടായിട്ടില്ല…”

“അളിയാ, അപ്പോ അവളുമാരും ഇതേ അവസ്ഥയിലൂടെ അല്ലേ കടന്ന് പോയിട്ടുണ്ടാകുക? സമൂഹത്തില്‍ അവഹേളിക്കപ്പെടും എന്നു കരുതി അവരും പ്രതികരിക്കാതിരിക്കുന്നതായിരിക്കും അല്ലേ? ആ നിമിഷത്തിൽ അവർക്കും ജീവിതത്തോടു വെറുപ്പും സങ്കടവും തോന്നി കാണുമല്ലേ? അവരുടെ മൗനം നിസ്സഹായ അവസ്ഥയുടെയും ഉൽഭീതിയുടെയും നിശബ്ദമായ പോർ വിളികള്‍ ആയിരുന്നിരിക്കും അല്ലേ?”

ഇതും പറഞ്ഞ് അവനെ നോക്കിയപ്പോള്‍ അവന്റെ കണ്‍കോണുകളിൽ നിന്ന് രണ്ടു ഇറ്റ്‌ കണ്ണുനീര്‍ വീഴൂന്നത് കണ്ടു…..

Comments

comments

Share.
Gallery