മാറുന്ന പ്രകൃതി – Vineetha R

Google+ Pinterest LinkedIn Tumblr +

Author  : Vineetha R.
Company : NeST
Email   : vineetha2002@gmail.com

മാറുന്ന പ്രകൃതി

ഓർമ്മയിലിന്നും ഭൂമി.. നീയൊരു നവവധു…
പൊട്ടിച്ചിരിയുടെ പൂത്തിരി കത്തിച്ചു,
മണികിലുക്കം നിറച്ചു തോരാതെ മഴത്തുള്ളിയും…
വർണ്ണപുഷ്പഹാരം ചാർത്തിയ ആരാമങ്ങളും..
ഒരു മൗനസംഗീതം പോലെ നിറഞ്ഞ പുഴയും
ഏതോ ഒരു വിസ്മൃത ഹരിത സ്വപ്നം പോലെ!!

സർവ്വംസഹയായ ഭൂമീ നീ…
പെയ്തൊഴിയാത്ത നോവത്രയും നെഞ്ചിലേറ്റി..
മാനുഷർ മാറ് പിളർക്കുന്നതും…
മണൽ ഊറ്റി, വിഷപ്പുക ചീറ്റി,
മാലിന്യത്താൽ കറുപ്പിക്കുന്നതും….
നിശബ്ദയായ് നോക്കി നിന്നു….
തീരാ നഷ്ടങ്ങൾക്കൊടുവിൽ,
ഒരു അസ്തമയ സൂര്യൻ മാത്രം നിന്നു കത്തുന്നു..
സിന്ധൂര രേഖയിൽ ഇനിയും കെട്ടുപോകാതെ,
നിന്നെ മംഗല്യവതിയാക്കുന്നു…..

സഹനത്തിനൊടുവിൽ ഭൂമീ നീ..
പ്രതിഷേധാഗ്നി പൊഴിക്കുന്നുവോ??
കാറ്റിൻറെ ശീൽക്കാരത്തിനു പോലും തകർച്ചയുടെ മാറ്റൊലിയോ??
വറ്റി വരണ്ട പുഴയും, എരിയും വേനലും,
തളർന്നു തരിശായ പാടവും…നിൻറെ ശീതസമരമുറകളോ??
അലറി ആർത്തിരമ്പുന്ന തിരമാലകളും, സംഹാര താണ്ടവം ആടുന്ന പേമാരിയും
ഒരു നിമിഷം കൊണ്ടെല്ലാം തച്ചുടക്കും… നിൻറെ ഒളിപ്പോരമ്പുകളോ??

ഇല്ലാത്ത അസ്തിത്വത്തിൻറെ പേരിൽ…
ഞാനെന്നഭാവത്തോടെ എല്ലാം മറക്കുന്ന മനുഷ്യാ…
നന്മയുടെ കണിക ഉപേക്ഷിച്ചു, മനസ്സിനെ കണ്ടില്ലെന്നു നടിച്ചു…
ആരെയും നോക്കാതെ നടന്നകലുന്ന മനുഷ്യാ…..
ഓർക്കുക..നാലു നാൾ മാത്രമാണു ആയുസ്സ്..
ഒരു കാറ്റേൽക്കുമ്പോൾ തളർന്നു വീഴുകയായ്…
ഒരു മഴ തോരുമ്പോൾ മണ്ണോടു ചേരുകയായ്…
മാറുന്ന പ്രകൃതിയെ മനസ്സിലാക്കൂ…
തിരിച്ചറിവിന്‍റെ പാത സ്വന്തമാക്കൂ…
കയ്യിൽന്നിന്നു ഊർന്നു വീഴുന്ന പച്ച മണ്ണിനെ…
വരും ബാല്യത്തിനായ്…കാത്തു സംരക്ഷിക്കൂ………

Comments

comments

Share.
Gallery