സദാചാര പൊലീസിനാല്‍ വലയുന്ന ടെക്കികള്‍

moralpolice

സദാചാര പൊലീസിനാല്‍ വലയുന്ന ടെക്കികള്‍

———————————————————————————

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഒരു രാത്രിയില്‍ ടെക്നോപാര്‍ക്കിലെ ഒരു കമ്പനിയില്‍ ജോലിഭാരത്താല്‍ വൈകി ഇരിക്കേണ്ടി വന്ന ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ക്ക് സംഭവിച്ച ഒരു അന്യായമാണ് ഈ കുറിപ്പിന് പ്രേരണയായത്. ആ സുഹൃത്തിനെ സൌകര്യപൂര്‍വ്വം നമുക്ക് പ്രമോദ് എന്നു വിളിക്കാം. അയാളുടെ കൂടെ ജോലിചെയ്യുന്ന ഒരു യുവതി രാത്രിയിലെ കമ്പനി വക കാബ് കിട്ടാതെ വന്നതിനാല്‍ തന്നെ ഒന്നു ഹോസ്റ്റലിലാക്കി തരാന്‍ സഹായമഭ്യര്‍ത്ഥിക്കുന്നു. മാനുഷിക പരിഗണനയാല്‍, പ്രമോദ് ആ സഹപ്രവര്‍ത്തകയെ അവളുടെ ഹോസ്റ്റലിലാക്കുവാന്‍ തന്റെ വാഹനത്തില്‍ പോകുകയും യാത്രാമദ്ധ്യെ ഏതാനും ചെറുപ്പക്കാര്‍ അവരെ വഴി തടയുകയും ചെയ്യുന്നു. അവരതിനെ അനാശാസ്യമായി ചിത്രീകരിച്ച് പ്രമോദിനെയും സഹപ്രവര്‍ത്തകയെയും മാനസികമായും ശാരീരികമായും അതിക്രമത്തിനു തുനിയുകയും ചെയ്തു. ഒരു വിധത്തില്‍ അവരില്‍ നിന്നും രക്ഷപ്പെട്ട് തന്റെ സഹപ്രവര്‍ത്തകയെ ഹോസ്റ്റലിലാക്കിയ പ്രമോദ് തങ്ങള്‍ക്ക് നേരിടെണ്ടി വന്ന അതിക്രമത്തെക്കുറിച്ച് പൊലീസില്‍ പരാതിപ്പെടുകയുണ്ടായി. പക്ഷേ, പൊലീസും മുന്‍ വിധികളോടെ ആ പ്രശ്നത്തെ നോക്കിക്കാണുകയും പെണ്‍കുട്ടിയെ രാത്രി അനുഗമിക്കുന്നത് തെറ്റാണെന്നും അതിന് പൊലീസ് ഉണ്ടെന്നും പറഞ്ഞ് പ്രതികളൊടെന്ന പോലെ പ്രമോദിനെ താക്കീതു ചെയ്യാനും മുതിരുകയും ചെയ്തു.

ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികള്‍ക്ക് നേരിടെണ്ടി വരുന്ന പലവിധത്തിലുള്ള അവഹേളനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഒരുദാഹരണം മാത്രമാണ് മുകളിലുദ്ധരിച്ച സംഭവം. പുരോഗമന വാദികളെന്നു മേനി നടിക്കുന്ന നമ്മുടെ പൊതു സമൂഹം എത്ര വികൃതവും വികലവുമായ കണ്ണുകളോടെയാണ് രാത്രികാലങ്ങളില്‍ ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീകളെ നോക്കിക്കാണുന്നതെന്നത് ഇതു പോലെയുള്ള സംഭവങ്ങളില്‍ നിന്നും വ്യക്തമാവുന്നതാണ്. രാത്രികാലങ്ങളില്‍ ജോലി ചെയ്യാനുള്ള അമിതമായ താത്പര്യം കൊണ്ടൊന്നുമല്ല സ്ത്രീകള്‍ ടെക്നൊപാര്‍ക്കില്‍ രാത്രി ജോലിക്ക് തയ്യാറാകുന്നതെന്നും ഈ കോര്‍പ്പറെറ്റ് സമൂഹത്തില്‍ അതിജീവനത്തിനായി അപ്രകാരം രാത്രി വൈകി ജോലി ചെയ്യുവാന്‍ നിര്‍ബന്ധിതരായിപ്പോകുന്നതാണെന്നും നമ്മുടെ പൊതു സമൂഹം തിരിച്ചറിയേണ്ടതുണ്ട്. 8 മണിക്കൂര്‍ നേരമെന്ന് ജോലിസമയത്തെ ആഗോളവ്യാപകമായി ക്ലിപ്തപ്പെടുത്തിയിട്ടുണ്ടെങ്കിലും IT മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മിക്കപ്പോഴുമത് സ്വപ്നം കാണുവാന്‍ പോലുമാകാത്ത വിഷയമാകുന്നതും ഒപ്പം ഈ അധികനേരത്തെ അദ്ധ്വാനത്തിന് അധിക വേതനമെന്നത് ഇതുവരെയും സാദ്ധ്യമാകാത്ത ഒരു തൊഴില്‍മേഖലയാണിത് എന്നതും കൂടി ഇത്തരുണത്തില്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന വസ്തുതയാണ്.

രാത്രി വൈകുന്നതു വരെ ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികളെ വീട്ടിലെത്തിക്കുവാനായി കാബ് സംവിധാനങ്ങള്‍ പല കമ്പനികളും ഒരുക്കിയിട്ടുണ്ട്. ഇത്തരം സംവിധാനങ്ങളൊന്നും തന്നെ അനുവദിക്കാത്ത കമ്പനികളും ഏറെയുണ്ട് എന്ന കാര്യവും ഇതിനൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്. നിശ്ചിതമായ ഇടവേളകളിലോ നിശ്ചിതമായ ഒരു ആളെണ്ണം തികയുന്നതു വരെയോ കാത്തു നിന്നതിനു ശെഷം മാത്രം ഗതാഗത സംവിധാനം ഏര്‍പ്പെടുത്തുന്ന രീതിയാണ് പല കമ്പനികളും അനുവര്‍ത്തിക്കുന്നത്. അത്രയും നേരം അധികമായി കാത്തു നില്‍ക്കുകയും അതു മൂലം കൂടുതല്‍ താമസിച്ച് വീട്ടിലോ ഹോസ്റ്റലിലോ അല്ലെങ്കില്‍ സ്വന്തം താമസസ്ഥലത്തോ എത്തിച്ചേരേണ്ടി വരുന്നവരാണ് അധികം പേരും. അതില്‍ തന്നെ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയും സുരക്ഷയും നല്‍കുകയോ താമസസ്ഥലത്തേക്ക് ഇടവഴികളിലൂടെ യാത്ര ചെയ്യേണ്ടി വരുന്നവരെ വഴിയരുകില്‍ ഉപേക്ഷിക്കാതെ സുരക്ഷിതമായി വീട്ടിലെത്തിക്കുവാന്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡിനെ അനുഗമിക്കുവാന്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുന്ന സംവിധാനം വളരെ വിരളമാണെന്നു കൂടി പറയേണ്ടി വരുന്നു.

മുകളില്‍ പറഞ്ഞ കാരണങ്ങളാലും സര്‍വ്വോപരി അമിതമായ ജോലിഭാരം നിമിത്തവും രാത്രി വൈകി വീട്ടിലെത്തേണ്ടി വരുന്ന വനിതകളൊടായിരിക്കും സദാചാര പൊലീസ് ചമയുന്നവരുടെ മുഷ്ക് അതിരു വിടുന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് ഒരു സ്ത്രീയെ തനിച്ചു കിട്ടിയാല്‍ അശ്ലീല പദാവലികളാല്‍ അഭിഷേകം നടത്താനും വേണ്ടി വന്നാല്‍ കയ്യേറ്റത്തിനും മടിക്കാത്ത അതേ സാമൂഹിക വിരുദ്ധര്‍ തന്നെയാണ് ഒരു സ്ത്രീയെ വീട്ടിലാക്കാന്‍ കൂട്ട് വരുന്നവനെതിരെ സദാചാരത്തിന്റെ വാളൊങ്ങി നില്‍ക്കുന്നതെന്ന വിരോധാഭാസം കൂടി കാണാതിരിക്കുവാന്‍ കഴിയില്ല. പാരമ്പര്യത്തിന്റെയും സദാചാരത്തിന്റെയും പേരു പറഞ്ഞ് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുകയും ഓരോ വ്യക്തിയും ഇന്നയിന്ന രീതിയിൽ ജീവിക്കുകയും പരമ്പരാഗത വസ്ത്രധാരണ രീതികൾ പിന്തുടരുകയും ചെയ്യണമെന്ന് കർശനമായി വ്യവസ്ഥ ചെയ്യാനുറച്ച് ഭാരതമൊട്ടാകെ നടന്നു വരുന്ന ആസൂത്രിത നീക്കങ്ങളുടെ ചുവടു പിടിച്ചാണ് മിക്കപ്പോഴും ഇത്തരം സദാചാര പൊലീസുകളും ആടിത്തിമിർക്കുന്നത്.

ടെക്നൊപാര്‍ക്കില്‍ ജോലി ചെയ്യുന്നവരെല്ലാം തന്നെ അനുശാന്തിയുടെ ക്ലൊണുകള്‍ ആണെന്നും ജോലിഭാരം നിമിത്തം വൈകി വരുന്നവരെല്ലാം തങ്ങളുടെ സ്വൈര വിഹാരത്തിനു ശേഷം തിരിച്ചെത്തുന്നവരാണെന്നുമുള്ള അബദ്ധവും വികലവുമായ ധാരണകളും പേറി, ഇതിനൊക്കെ തന്നെ കടിഞ്ഞാണിടാന്‍ ചുമതലപ്പെട്ടവരായി ചെങ്കോല്‍ കയ്യിലേല്‍ക്കുന്ന പുരുഷ കേസരികളുടെയും പാരമ്പര്യത്തിന്റെ കാവല്‍ ഭടന്മാരുടെയും എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇവരുടെ അതിക്രമങ്ങള്‍ കാരണം പൊറുതി മുട്ടുന്ന ടെക്നൊപാര്‍ക്ക് ജീവനക്കാരുടെ എണ്ണവും ഏറിവരുന്നു. ടെക്നൊപാര്‍ക്കിന്റെ പരിസരപ്രദേശങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന ഇത്തരം സംഭവങ്ങള്‍ അനന്തപുരിയുടെ മൊത്തത്തിലുള്ള ഖ്യാതിയ്ക്ക് തന്നെ കളങ്കമേല്‍പ്പിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിലകപ്പെടുന്നവരിലേറിയ പങ്കും സ്വാഭാവികമായ അസൌകര്യങ്ങളാലും നമ്മുടെ സമൂഹത്തിന്റെ ഇനിയും മാറിയിട്ടില്ലാത്ത കാഴ്ചപ്പാടുകള്‍ നിമിത്തവും അതിനെപ്പറ്റി പരാതിപ്പെടാന്‍ മുതിരാറില്ല എന്ന വസ്തുത ഇതിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ഒപ്പം അക്രമികള്‍ക്ക് തങ്ങളുടെ സദാചാരാഭാസങ്ങള്‍ നിര്‍ബാധം തുടരാന്‍ വളമായിത്തീരുകയും ചെയ്യുന്നു. എണ്ണപ്പെട്ട സംഭവങ്ങളില്‍ പരാതികള്‍ ഉണ്ടായാല്‍ തന്നെ ബന്ധപ്പെട്ട അധികാരികളില്‍ നിന്നോ പൊലീസില്‍ നിന്നോ കര്‍ശനവും നീതിയുക്തവുമായ നടപടികളുണ്ടാകാറില്ല എന്നതാണു വാസ്തവം. അക്രമികളെ കസ്റ്റഡിയിലെടുത്ത് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനു പകരം വാദിയെ പ്രതിയാക്കുന്ന സമീപനമാണ് മിക്കപ്പോഴും ബന്ധപ്പെട്ട പൊലീസ് അധികാരികളില്‍ നിന്നുമുണ്ടാകാറുള്ളത്. സദാചാരത്തിന്റെ കാവലാളുകളായി വേഷം കെട്ടുന്ന മനോരോഗികളുടെ അതേ മാനസിക ഘടന തന്നെയാണോ പൊലീസിനുമുള്ളതെന്ന് വരെ സംശയിച്ചു പോകും അവരുടെ വിചിത്രമായ സമീപനം കണ്ടാല്‍.

ടെക്നോപാര്‍ക്കിന്റെ വികസനം പ്രാന്തപ്രദേശങ്ങളെയാകെ പുഷ്കലമാക്കി എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ടെക്കികള്‍ക്ക് താമസ സൌകര്യമൊരുക്കിയും ഭക്ഷണം വെച്ചു കൊടുത്തും കച്ചവടം ചെയ്തുമൊക്കെ തദ്ദേശവാസികളുടെ വരുമാന മാര്‍ഗ്ഗമായി മാറിയ ടെക്നൊപാര്‍ക്കിനെയും ടെക്കികളെയും ഇത്തരം വികൃത നേത്രങ്ങളാല്‍ നോക്കിക്കാണുകയും അതിക്രമങ്ങള്‍ക്കു മുതിരുകയും ചെയ്യുന്നത് തീര്‍ത്തും അനഭിലഷണീയവും അപലപനീയവുമാണ്. ഇത്തരം ദുഷ്പ്രവണതകള്‍ക്കെതിരെ ശക്തമായ പൊതുജനങ്ങളുടെയും രാഷ്ട്രീയ-സാംസ്കാരിക രംഗത്തുള്ളവരുടെയും കൂട്ടായ പ്രതിഷേധമുയരുകയും ഒപ്പം ബന്ധപ്പെട്ട അധികാരികളില്‍ നിന്നും കര്‍ശനമായ നടപടികളുണ്ടാകുകയും ചെയ്യേണ്ടതാണ്. കാലപ്രവാഹത്തില്‍ ഒരു വനരോദനമായി മാറാതെ, മാതൃകാപരമായ നടപടികള്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

–ബിമല്‍ രാജ് വര്‍ക്കല.- പ്രതിധ്വനി — at Technopark, Trivandrum.

sadacharamThanks to METRO MANORAMA for publishing this article on 29th October 2014.

Comments

comments