എന്തുഞാനെഴുതും – Rahul VR

Author       :  Rahul VR

Company  :  IBS

Email   : vrr.krishna@gmail.com, Rahul.Reghuvaran@ibsplc.com

എന്തുഞാനെഴുതും..?

 

ഇതെന്റെ വാക്കുകള്‍ ഇതെന്റെ നോക്കുകള്‍

ഉള്‍ചിന്തയില്‍ പിറന്നൊരക്ഷരക്കൂട്ടുകള്‍.

തൂലികത്തുമ്പില്‍ തുടിച്ചു നില്‍ക്കുന്നൊരാ

മഷിക്കൂട്ടിനറിയുമോ എന്‍ നൊമ്പരം…

കാറ്റുണ്ട് കോളുണ്ട് പൊയ്മുഖം പലതുണ്ട്

വറ്റാത്ത കണ്ണീരിനുറവയുണ്ട്…

എന്തുഞാനെഴുതും…!

കേള്‍ക്കുന്ന കേള്‍വിക്കൊരുള്‍ക്കാംബിന്‍ നൊമ്പരം ബാക്കി നില്‍പ്പൂ…

എന്തുഞാനെഴുതും.. ചോദ്യം ബാക്കി നില്‍പ്പു…

പട്ടിണിപ്പാവങ്ങള്‍ ചത്തൊടുങ്ങുന്നൊരാ

നോവിന്റെ വിഷമ സ്വരുക്കൂട്ടുകള്‍..

ഒരു വറ്റു ചോറിനായ് തന്മേനി വില്ക്കുന്നൊ

രമ്മതന്‍ നൊമ്പരം നോക്കിനിന്ന-

-ക്കരയുന്ന കുഞ്ഞിന്റെ വായ്‌ പൊത്തി മാനുഷന്‍

ആ ദുരിതരാവിന്നലങ്കാരമേകുന്നു…

കൊത്തിപ്പറിക്കേണ്ട  മാനുഷ കബന്ധങ്ങള്‍

ചുറ്റിപ്പിണയുന്നൊരുരഗമായി..

നാക്കിലൂടോടുന്ന വാക്കുകള്‍ കരളിന്റെ

ഉള്‍ക്കാംബിലെവിടെയോ കുത്തിനോവിക്കുന്നു…

എന്തുഞാനെഴുതും.. ചോദ്യം ബാക്കി നില്‍പ്പു…!!

കൂട്ടിപ്പിടിക്കാൻ കൈവെള്ള യില്ലാതെ

കത്തിക്കരിയുന്നോരുണ്ണി തന്റെ

മുന്നിലുള്ളാ പ്പോതി ചവിട്ടിത്തുറന്ന്

ദീനതയാലലറുന്നു ദയനീയമായി..

കയ്യാലൊതുക്കിയ  വിശ്വപ്രസിദ്ധിക്കു

കയ്യിലിരുപ്പു കനലൂട്ടവേ ,

അന്യന്റെ ദുഃഖം ഹാ , അതിന്നെന്തു സുഖം

കീറിമുറിക്കുന്നു കഥാഗതിയായ്

ഒക്കെത്തടുത്തു ഞാൻ നിൽക്കിലും വീണുപോയ്‌

 ഒരുവിലയ്ക്കില്ലാ പാഴ്കടലാസുപോലെ

ആരാണ് വീഴ്ത്തിയതിനുത്തരം വന്നുപോയ്

കാലം നിറഞ്ഞോരാ കലികാലമത്രെ …!

ഭൂതലം തന്നിലമർന്നു  കിടക്കവേ

കേട്ടു ഞാനാ രോദനം

ഭൂമിതന്‍ രോദനം ,

വയറുകീറിപ്പിളര്‍ന്നോരമ്മതന്‍ രോദനം.

എന്തുഞാനെഴുതും.. ചോദ്യം ബാക്കി നില്‍പ്പു…!!!

 

 

 

Comments

comments