സെൽഫി(ഷ്) സ്റ്റിക്കുകൾ – Mahesh U

Author      : Mahesh U
Company : QuEST Global
Email        : maheshu@gmail.com

സെൽഫി(ഷ്) സ്റ്റിക്കുകൾ

മണ്ണിന്റെ മണമെനിക്ക് മടുത്തുതുടങ്ങിയിരുന്നു

മണ്ണിലേക്ക് നോക്കാൻ ഞാൻ മറന്നുപോയിരുന്നു

ഉയർത്തിപ്പിടിച്ച സെൽഫിസ്റ്റിക്കിൽ മാത്രമായിരുന്നു എന്റെ കണ്ണുകൾ

ഒടുവിലത്തെ മരവും വെട്ടിവീഴ്ത്തപ്പെട്ടതും

അവശേഷിച്ച നാൽക്കാലിയും ചത്തുവീണതും

ചിറകടിയൊച്ചകൾ വെറുമൊരോർമ്മയായ് തീർന്നതും

ഞാനറിഞ്ഞിരുന്നില്ല

ഞാനെന്റെ സ്വപ്നസൗധങ്ങൾ പണിതുയർത്തുന്ന തിരക്കിലായിരുന്നു

അവസാനതുള്ളി ജലവും വറ്റിത്തീർന്നതും

അവസാനപുൽനാമ്പൂം കരിഞ്ഞുണങ്ങിയതും

ലോകം വലിയൊരു മരുഭൂമിയായ് മാറിയതും

ഞാനറിഞ്ഞിരുന്നില്ല

ഞാനെന്റെ സുഖലോലുപതയുടെ ശീതളിമയിൽ മയങ്ങുകയായിരുന്നു

ജീവവായുവിൽ വിഷം കലർന്നതും

കൂടപ്പിറപ്പുകൾ ചത്തൊടുങ്ങിയതും

ശവപ്പറമ്പുകൾ ചീഞ്ഞുനാറിയതും

ഞാനറിഞ്ഞിരുന്നില്ല

ഞാനെന്റെ ആയുധപ്പുരയുടെ ആഴമളക്കുന്നതിൽ മുഴുകിയിരുന്നു

ഇന്ന് ഞാനവശനായ് തീർന്നിരിക്കുന്നു

എന്റെ സമ്പാദ്യപ്പെട്ടി ശൂന്യമായിരിക്കുന്നു

എന്റെ ദേഹം ചുക്കിച്ചുളിഞ്ഞിരിക്കുന്നു

ഞാൻ മണ്ണിലേക്ക് വീണുതുടങ്ങിയിരിക്കുന്നു

നേട്ടങ്ങളായ് കണ്ടതൊന്നും കൂട്ടിനില്ലെന്നുഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു

വേച്ചുപോയ എന്നെ താങ്ങിനിർത്താൻ പക്ഷേ

എന്റെ സെൽഫിസ്റ്റിക്കിന് കെൽപ്പില്ലായിരുന്നു

ചുറ്റുമുള്ളവരെല്ലാം എനിക്കന്യരായിരുന്നു

ഒരു കൈത്താങ്ങിനായ് പോലും ആരുമില്ലാത്തവിധം

ഞാനീ വലിയ ലോകത്ത് ഒറ്റപ്പെട്ടുകഴിഞ്ഞിരുന്നു

എന്റെ വീഴ്ചയിലാരും സഹതപിച്ചില്ല

എന്റെ നിലവിളികളാരെയും സങ്കടപ്പെടുത്തിയില്ല

മണ്ണിൽ വീണുകിടന്ന എന്നെയാരും  കണ്ടിരുന്നില്ല

അടഞ്ഞുകൊണ്ടിരുന്ന കണ്ണുകളുടെ മങ്ങിക്കാഴ്ചയിലൂടെ

എനിക്കുപക്ഷേ അവരെ കാണാമായിരുന്നു

അവരിൽ പകുതിപ്പേർ യുദ്ധം ചെയ്യുകയായിരുന്നു

ദാഹജലത്തിനും പ്രാണവായുവിനും വേണ്ടി

നാളെയൊരുപക്ഷേ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലുകളിൽ

ആ യുദ്ധത്തിന്റെ കാരണക്കാരൻ ഞാനായിരിക്കും

ഞാൻ മാത്രമായിരിക്കും…!!!

ഇനിയൊരു പകുതി, സെൽഫിയെടുക്കുന്ന തിരക്കിലായിരുന്നു

സ്വാർത്ഥമോഹങ്ങളുടെ സെൽഫി…!!!

അവരുടെ കൈകൾ ആകാശത്തേക്കുയർത്തിപ്പിടിച്ചിരുന്നു

അവരുടെ കണ്ണുകൾ, ഉയർത്തിപ്പിടിച്ച സെൽഫി സ്റ്റിക്കുകളിലായിരുന്നു

അവരിലെല്ലാം ഞാൻ കണ്ടത് എന്നെത്തന്നെയായിരുന്നു….!!!

Comments

comments