എവറസ്റ്റ് പറയുന്നത് – Meera M S

Author : Meera M. S.
Company : RPTECHSOFT International Pvt. Ltd
Email :meerams6444@gmail.com

എവറസ്റ്റ് പറയുന്നത്

ഞാൻ എവറസ്റ്റ്
ഏതൊരു ഋതുവിലും വിടരാതെ, അടരാതെ
മേഘം മുഖം നോക്കി നില്ക്കുമൊരു വെളുത്ത പൂമൊട്ട്  .

ആകാശമെത്താതെ മുറിഞ്ഞു പോയൊരു
വാക്കിന്റെ ബാക്കി ഞാൻ എവറസ്റ്റ്.
രണ്ടു  രാജ്യങ്ങൾക്കിടയിൽ വീണൊരു ഹിമകണം .

ഉയരത്തിൽ മുന്പനെന്നഭിമാനവും പേറി
ശിരസ്സുയർത്താൻ നോക്കുമ്പോഴൊക്കെ  കണ്ടതോ
ചുമലിൽ ജീവശ്വാസവും ഏന്തി നീയെന്നിലേയ്ക്ക്
അടിവച്ചു നടന്നടക്കുന്നതും .

വിശ്വമുനമ്പിലെയ്ക്കു വരുന്ന പർവതാരോഹകാ
നിന്റെ ഉയരമില്ലായ്മയെ നീ എന്നിലൂടെ കീഴടക്കുമ്പോൾ
ഇനിയും കീഴടക്കുവാൻ വരുന്നവനോട് ,
എനിക്ക് പറയുവാനേറെ .

കീഴടക്കുന്നവൻ അറിയാതെ പോകുന്ന
കീഴടക്കപ്പെട്ടവന്റെ വ്യഥകളെക്കുറിച്ചു  ,
ഒഴുകുവാൻ കഴിയാതെ എന്നിലുറഞ്ഞു തീരുന്ന
കണ്ണീരിനെക്കുറിച്ചു ,
ഇടയ്ക്കെവിടെയോ വഴി നഷ്ടപ്പെട്ടു പോയവരെ
ഇപ്പോഴും  ജീർന്ണിക്കാതെ സൂക്ഷിക്കുന്ന
എന്റെ കനിവിനെക്കുറിച്ചു .

എങ്കിലും നീ അറിയുക നിന്റെ യാത്രകൾ സഫലമാകുമ്പോൾ
എന്റെ നെറുകയിൽ നീ നാട്ടുന്ന കൊടികൾ പാറുമ്പോൾ
ഞാനും ചിരിക്കുന്നുവെന്ന് .
ദിശാസൂചികൾ നോക്കി കപ്പലോട്ടിയവനെപ്പോലെ ,

ഇരുണ്ട ഭൂഖണ്ഡങ്ങളിലേയ്ക്ക് കപ്പൽ പായയ്ക്കു കാറ്റു –
പിടിക്കുന്നതു കണ്ടു നിറഞ്ഞ നാവികനെപോലെ ,
ഞാനും ചിരിക്കുന്നുവെന്ന് .

ഒടുവിൽ നീ ഹിമമുടിയിറങ്ങുബോഴും
തുടങ്ങിയ ഇടം തന്നെ നീ എത്തുംവരെ
ആരോഹണത്തിൽ മാത്രമല്ല അവരോഹണത്തിലും
നിൻ കൂടെയുണ്ടെന്റെ  തണുപ്പും
പ്രാർത്ഥനകളുമെന്നറിക നീ .

എന്റെ തോൽവിയിലും നിന്റെ ജയത്തിലൂടെ
ഞാൻ ആഹ്ലാദിക്കുന്നു
കാരണം  ഞാനൊരു മനുഷ്യനല്ലല്ലോ .
ഞാൻ വെറും എവറസ്റ്റ് മാത്രമാണല്ലോ .
കടലും കപ്പലും സ്വന്തമായില്ലാത്ത
കപ്പിത്താനെപ്പോലെ ,
ഭൂമിയും  വാനവും സ്വന്തമായില്ലാത്ത
മഞ്ഞിന്റെ മേരു  ഞാൻ എവറസ്റ്റ്  .

Comments

comments