ഓർമ്മയിലെ വർണ്ണക്കാറ്റ് – Anu Lil Koshy

Author : Anu Lil Koshy
Company : McFadyen Solutions
Email : koshyanulil@gmail.com

ഓർമ്മയിലെ വർണ്ണക്കാറ്റ്

പുലരിക്കു ചന്ദനം ചാർത്തി
ഒരു കുഞ്ഞുപൂവിനെ തൊട്ടുണർത്തി
എവിടേയോ പോയി മറഞ്ഞൊരാ കാറ്റിനു
തിരികെ എത്താൻ ആശ ഇല്ലയെന്നൊ
ഇളം മഞ്ഞുതുള്ളികൾ വീണു നനുപ്പിച്ചെൻ
ഓർമ്മകളിൽ നിറയുന്നതിന്നും
ആ വർണ്ണക്കാറ്റു മാത്രം
ഒരു പൂവട്ടി നിറയെ പൂക്കൾ തന്ന
ഓണക്കാറ്റു മാത്രം

തൊടിയിലെ പൂക്കളേക്കണ്ടന്ന്
അതിയായ മോഹം ഉണ്ടായെങ്കിലും
ഇറുത്തില്ല ഞാൻ അവയിൽ ഒന്നിനെയും
പൂക്കളിൽ നിന്നും പൂക്കളെക്കാൾ
നിറമാർന്ന ശലഭങ്ങൾ ഉയരുന്നതിന്നും
എന്നിൽ നിറമുള്ള ഓർമ്മയായി മാറുന്നു

അന്നാ തിരുവോണ നാളിൽ
എത്താക്കൊബിലെ പൂക്കളേ നോക്കി
എത്രയൊ വട്ടം വിളിച്ചു നിന്നെ
ഒരു ചെറു ചിരിയുമായി നീ തന്ന പൂക്കളാൽ
അന്നെൻ മുറ്റം നിറഞ്ഞത് നിനക്ക് ഓർമ്മയില്ലെ
എന്റെ തിരുമുറ്റം നിറഞ്ഞത് നിനക്ക് ഓർമയില്ലെ

ഇന്നിതാ വീണ്ടും വിളിക്കുന്നു എങ്കിലും
എന്തെ നീ വൈകുന്നിത്ര നേരം
ഇപ്പോൾ മരങ്ങളില്ല ഓണനാളുമില്ല
എല്ലാം പോയി മറഞ്ഞൊരാ കിനാവു മാത്രം
ഒരു പൂക്കാലമത്രയും കൈകളിൽ തന്ന്
വഴി മാറിയ ബാല്യത്തിൻ ഓർമ്മകൾക്കെന്നും
വിടരുന്ന പൂവിന്റെ സൗരഭ്യമാണ്
എങ്കിലും മനസ്സിലെ പൂക്കളം നിറയുന്നതിന്നും
നീ തന്ന പൂക്കളാൽ തന്നെ

Comments

comments