വാൻഗോഗ് ഗ്വേർണിക്ക എഴുതുമ്പോൾ – Vinod Appu P. G

Author : Vinod Appu P. G.
Company : NeST
Email   : vinodappu.vmw@gmail.com

വാൻഗോഗ് ഗ്വേർണിക്ക എഴുതുമ്പോൾ

ഒന്നാം ദിവസം,
കുതിരകൾക്ക് പകരം ടാങ്കറുകളും,
വാളുകൾക്കു  പകരം തോക്കുകളും
വരച്ചു.

രണ്ടാമത്തെ പകൽ മുതൽ
ശവങ്ങൾ വരയ്ക്കാൻ തുടങ്ങി,
പച്ച തുണിയിൽ  പൊതിഞ്ഞ,
ഒന്നരയടി  മുതൽ ആറടി വരെ-
നീളമുള്ള ഒരുപാടെണ്ണം.
ആകാശത്തിലൂടെ പറവകൾ
കൂട് തേടി പറക്കുന്നതുവരെ
അതു തുടർന്നു…

അടുത്ത പ്രഭാതത്തിൽ,
പച്ച കടലിൽ  തിരമാലകളുയരും പോലെ-
ശവങ്ങൾ കലപില കൂട്ടുന്ന കാൻവാസിൽ,
പൊടുന്നനെ എന്തോ ഓർത്തിട്ടെന്നവണ്ണം,
ഒരു വശത്ത്‌  അറക്കപ്പെടുന്ന  മാടുകളേയും,
മറുവശത്ത്‌ കരഞ്ഞു കലങ്ങിയ ബാല്യവും വരച്ചു.

ഇന്നും, ഭൂഗർഭത്തിൽ ചുട്ടുപഴുത്തു കിടക്കുന്ന-
‘നാലാമത്തെ ആണി’  വരയ്ക്കുവാൻ മാത്രമേ
നാലാം ദിവസം കഴിഞ്ഞുള്ളു.

അഞ്ചാം ദിവസം,
അത്താഴം വിളമ്പി കാത്തിരിക്കുന്ന അമ്മക്ക് പകരം-
കണ്ണുകെട്ടി വിലപിക്കുന്ന പതിവ്രതയുടെയും,
കണ്ണല്ലാതെല്ലാം മൂടിയ നൂറ്റിയൊന്നു പേക്കോലങ്ങളും വരച്ചു.

ആറാം ദിവസത്തിന്റെ അവസാന യാമത്തിൽ,
ചന്ദ്രക്കലയും നക്ഷത്രങ്ങളുമുള്ള ആകാശത്തിൽ,
വട്ടമിട്ടു പറക്കുന്ന അമ്മപ്പരുന്തിനെയും,
ചുറ്റും  ആർത്തലക്കുന്ന കാക്ക കൂട്ടത്തെയും, പിന്നെ,
കാക്കകൾ കപ്പം കൊടുക്കുന്ന
കുരുടനായ  മൂങ്ങയെയും വരച്ചു.

ശേഷം, അറുക്കപെട്ട ഇടത്‌ ചെവി
ചോരവാർക്കുന്നതറിയാതെ,
അയാൾ അവശനായി കിടന്നു.
ചായം ഉണങ്ങാത്ത  ബ്രഷിൽ നിന്നും,
ഇന്നും മോക്ഷം കിട്ടാത്ത ഒരു അണ്ണാൻ കുഞ്ഞിന്റെ നിലവിളി-
ഉറക്കെ ഉറക്കെ ഉയർന്നുകൊണ്ടിരുന്നു.

അതെ,
വാൻഗോഗ് ഇവിടെ-
ഗ്വേർണിക്ക  എഴുതുകയാണ്‌ …

                                ***********************************************

Reference:

1. ‘നാലാമത്തെ ആണി’  –  Short story (Anand).

Comments

comments