ഒരു അഭയാർത്ഥി പെൺകുട്ടി – Suvas Surendran

5
  

Author     : Suvas Surendran

Company : Infosys

ഒരു അഭയാർത്ഥി പെൺകുട്ടി 

അഭയാർത്ഥിയായ് ഞാൻ
തെരുവിൽ അലഞ്ഞേറെ നാൾ
അറിയാത്ത വഴികളിലൂടെ
എൻറെ തളരുന്ന കാൽപ്പാട് താണ്ടി

പതിനാറു തികയാത്ത പ്രായത്തിൽ
ഉദരത്തിൽ വളരുന്ന ജീവനും പേറി
മലിനമായൊഴുകുന്നൊരരുവിയെപോലെ
അലഞ്ഞു ഞാൻ ഇവിടെ വന്നെത്തി

വെയിലിൻ പുതപ്പും പുതച്ച്
മണ്ണിന്റെ മാറിലെ ചൂടറിഞ്ഞ്
ഇവിടെ മയങ്ങട്ടെ ഞാൻ
ഇനി ഉണരാതുറങ്ങട്ടെ ഞാൻ

തളർന്നു വീഴുമ്പോഴും
താങ്ങായ് നിഴൽ മാത്രം
കണ്ണടയ്ക്കുമ്പോഴും
ഓർമ്മതൻ തിരയേറ്റം

നിറമുള്ള ഓർമ്മകൾ ഇന്നെൻ മനസ്സിലേയ്ക്ക്
അവസാനമായും വരാൻ മടിക്കേ
ഭീതിതൻ നാളുകൾ ഓർമ്മകളായ് മാറി
ഇരുളു പടർത്തി വരാൻ തുടങ്ങി

തെളിയുന്ന ഓർമ്മയിൽ ഇരുളിൽ തനിച്ചു ഞാൻ
പക്ഷികൾ കൊത്തിപ്പറിച്ച പഴം പോലെ
സ്വപ്നങ്ങൾ കത്തിയമർന്ന മനസ്സുമായ്
എവിടെയോ തളർന്നുറങ്ങുന്നു

വിളിച്ച ദൈവങ്ങൾ കാതടച്ചപ്പോൾ
കൊതിച്ച ജീവിതം വീണുടഞ്ഞപ്പോൾ
ആരോ തെളിച്ച വഴിയിലൂടെ
ഇന്നിവിടെ വന്നെത്തി ഞാൻ

ഇനിയും മുന്നോട്ടൊഴുകുവാൻ വയ്യ
ഇവിടെ മയങ്ങട്ടെ ഞാൻ
ഇനി ഉണരാതുറങ്ങട്ടെ ഞാൻ
ഇനി ഉണരാതുറങ്ങട്ടെ ഞാൻ

Comments

comments