കരു ധർമ്മം – Adeeb A Karim

0
  

Author      : Adeeb A Karim
Company : McFadyen Consulting

കരു ധർമ്മം

അതിരുകാത്തൊരു വീരൻ ഞാൻ ,
അതിരു താണ്ടി പൊരുതിയോൻ.
എതിരിനോടൊക്കെ പൊരുതിയോൻ,
വരുതിയിലാക്കി കിതച്ചുനിന്നോൻ.

ഇന്നലത്തെ ചുടു തീയുണ്ടയെൻ,
നെഞ്ചിലൂടെ പാഞ്ഞൂ, മിന്നല്പോൽ.
കട്ടികൂടിയോരെൻ ദേഹമാ തറയിൽ,
കുട്ടിയെപ്പോൽ തളർന്നുറങ്ങുന്നു.

അതിരുമില്ലെനിക്ക് എതിരുമില്ലിന്നു,
കരുതിവെക്കുവാനേതുമില്ലാ.
തരുണിയവളും എൻകുരുന്നു പയ്തലും,
കരുണ തേടി കരഞ്ഞു നില്കുന്നു.

സത്യ ബിന്ദുവായ് അകലെ ഞാൻ നിൽക്കവേ,
അരികിൽ കണ്ടു ഞാൻ പ്രിയനോരെതിരിയെ.
കരു ധർമ്മമല്ലോ പൊരുതലെന്നോതി,
ഒരുമയോടെ പരം പെരുമയിലലിയുന്നു.

വീരനെൻ പുകൾ പിന്നെയും പരന്നുവോ ?
കാര്യമെൻ പ്രിയർ നേടിയെടുത്തുവോ ?
കാരണങ്ങൾ കുഴഞ്ഞു മറിഞ്ഞുവോ ?
ഏതുമറിയില്ല, അന്യനാണിന്നു ഞാൻ.

വീരഗാഥകൾ പാടി പുലർക്കുവോർ,
വീരനെന്നെ ആയുധം ധരിപ്പിച്ചോർ,
കരു ധർമ്മമല്ലോ മഹാ ധർമ്മമെന്നോതി,
പുതു കരു തേടിയലയുന്നു, അതിരുകളില്ലാതെ.

ലാഭ ഗാഥകൾ, സായുധ ഗാഥകൾ,
വീര ഗാഥകൾ, പ്രസ്ഥാന ഗാഥകൾ,
ഇര ധർമ്മമോ കരു ധർമ്മമെന്നറിയാതെ,
തെരുവിൽനിന്നിന്നും പതഞ്ഞു പൊങ്ങുന്നു.

Comments

comments