കാമം ജയിക്കുന്ന കാലം – Arun Kumar P

4
  

Author      : Arun Kumar P
Company : Neologix Software Solutions Pvt.Ltd.

കാമം ജയിക്കുന്ന കാലം

ഇരുളിലൊരു പെണ്ണുടലിനെ തിരയുമൊരുവൻ
പകലിലൊരു പൈതലിനെ തിരയുമപരൻ
കാലമുരുളുന്നു കാമവെറി പെരുകുന്നു
വികാരമാ മാനവ വിവേകത്തെ ജയിച്ചിടുന്നു,
പിന്നെയാ മനസ്സിൽ വിഷമേറ്റിടുന്നു
വിലാപ കാവ്യങ്ങൾ ഉയിർത്തിടുന്നു

വികലമാമംഗമുള്ളവനും
അനങ്ങിടാൻ കഴിയാത്തവനും
പെണ്ണുടലുകണ്ടാലുശിരേറിടുന്നു!
അധികാരമുള്ളവനും
തലചായ്ക്കാനിടമില്ലാത്തവനും
തേടിടുന്നു പെണ്ണിനേയും പിഞ്ചിനേയും.

ഒളിച്ചിരുന്നു പിടിച്ചു തിന്നും കാട്ടുപുലിക്കും
ഓടിയൊളിച്ചിടാനാകാത്ത പേടമാനിനും
പര്യായമായിടുന്നു അഭിനവ മാനവനും പാവമിരയും

അറുപതിനേയും ആറിനേയും ഇന്ന്-
പിറന്നു വീണ പൈതലിനേയും
ഭോഗിച്ചിടുന്നു അന്യനും സ്വന്തവും!

രക്ഷയേകിടേണ്ട പിതാവും കൂട്ട്
രക്ഷ നൽകിടേണ്ട സോദരനും
കാമവെറിയാൽ കടിച്ചു കീറിടുന്നു
പിന്നെ വിറ്റിടുന്നു!

ജന്മമേകിയ അമ്മയും
ആ സ്ഥാനമുള്ള ചിറ്റമ്മയും
വെള്ളിക്കാശിനാശയാൽ
കീറിമുറിച്ചിടുന്നു പിഞ്ചുഹൃദയങ്ങളെ

കാലമേ നീ കാണ്മതില്ലേ
കലികാല പേക്കൂത്തുകളെ
കാണ്മുവെങ്കിൽ കണ്ണടച്ചു കൊൾക
ഇനിയൊരവതാരപ്പിറവി നാദം കേട്ടിടും വരെ!

Comments

comments