കൊക്കും കുളവും – Jitesh R V

0
  

Author      : Jitesh R.V.
Company : Oracle India Pvt Ltd

കൊക്കും കുളവും

കൊക്ക് ഒരു സൂചികയാണ്.
നീണ്ട കൊക്കു കൊണ്ട് ദിക്കു കാണിച്ച്
വിടർന്ന ചിറകുകൾ കൊണ്ട് ദൂരം അടയാളപ്പെടുത്തി
ഒരു മൈൽക്കുറ്റി പോലെ കൊക്ക്.

കൊക്ക് ഒരു തുരുത്താണ്.
എത്രമാത്രം ജലവും ജലജീവികളും ആണ്
ഒഴുക്കിന്റെ ആഴത്തിൽ കാലൂന്നി നിൽക്കുന്ന ഒരു കൊക്കിന് ചുറ്റിനും.

കൊക്ക് ഒരു നാട്ടുക്കൂട്ടമാണ്.
വഴി തെറ്റിയതും വഴി പിഴച്ചതും വേറിട്ട് ചിന്തിക്കുന്നതും പിടയുന്നുണ്ട്,
കൊക്കിന്റെ ന്യായചിന്തയിൽ ശ്വാസം കിട്ടാതെ.

കൊക്ക് ഒരു യക്ഷിയാണ്.
ശുഭ്ര വസ്ത്രമണിഞ്ഞ യക്ഷിയെ
നിലച്ച ഉറവകളിലും വറ്റിയ ഒഴുക്കിലും ആണിയിൽ തറച്ചിട്ടിരിക്കുന്നു.

കൊക്ക് ഒരു പൊങ്ങച്ചമാണ്.
കണ്ടു തീർത്ത കുളങ്ങൾ,
മുറുക്കിക്കെട്ടിയ ഒരു വിഴുപ്പു ഭാണ്ഡമായി ആത്മരതിയുടെ ആകാശത്തു പറക്കുമ്പോഴെല്ലാം അതിന്റെ
കൊക്കിന്റെ അറ്റത്തു തൂങ്ങിയാടുന്നുണ്ട്.

കൊക്ക് ഒരു അന്വേഷണമാണ്.
ഉറവിടങ്ങൾ തേടിയുള്ള അലച്ചിലിൽ അല്പ പ്രാണനായ് പിടയുന്ന ദഹന ചിന്ത.
ഉമിനീരിന്റെ അറ്റത്തു മാത്രം ബാക്കി വന്ന ജലത്തിന്റെ ശേഷിച്ച അവസാന കണിക.
കുളങ്ങൾ മൂടി പോയപ്പോൾ നാക്കു നീട്ടിയ അവശേഷിപ്പെന്ന തിരു അറിവ്.
പടുത്തടുത്തു വെച്ച പുതിയ സൗധങ്ങളിൽ തൂങ്ങിയാടുന്ന കബന്ധങ്ങൾ.

കണ്ട കുളങ്ങളെയൊന്നും ഓർമിച്ചെടുക്കാൻ കഴിയാതെ,
മറന്നു പോയതോ ഇല്ലാതെ ആയതോ എന്ന വിഭ്രമത്തിന്റെ ചിതറിത്തെറിയിൽ കൊക്ക് ആകാശത്തു ഒരു കുമിളയായി ഒടുക്കം മറയുന്നു.

കൊക്ക് ഒരു സൂചികയാണ്.

Comments

comments