ജന്മം – VYSHAK.K.V

1
  

Author     : VYSHAK.K.V

Company :YSC ENGINEERING SERVICES

ജന്മം

അമ്മേ,
            എൻെറ ജന്മാന്തരങ്ങളിലേക്ക് ഒഴുകിയെത്തിയ-
            നദിയായിരുന്നു നീ
            ജലമർമ്മരങ്ങളിൽ  മുഖമാഴ്ത്തി
            നിൻ ഗർഭഗേഹത്തിൻ ശാന്തമാം
            ഓംകാര മന്ത്രധ്വനിയിൽ
            സുഖശീതളമൊരു മയിൽ‍പ്പീലിപോൽ
            ഞാനുറങ്ങിക്കിടന്നതെത്രയോ രാവുകൾ.
            ഒടുവിൽ തീരങ്ങളെ പുണരാതെ
            അനശ്വരസംഗീതമായി ഒഴുകിയൊഴുകി
            നീ മറഞ്ഞതേതൊരു സമുദ്രത്തിലേക്ക്
    അമ്മേ,
            നീ തന്നൊരാവാത്സല്യം
            വ്യർ‍ത്ഥമൊഴുകി ഞാനറിയാതെയെൻ
            കവിൾത്തടത്തിലൂടെ
            അറിയാതെപോയൊരാ മാധുര്യം
            നുകരുവാൻ ഇനിഞാൻ കാലങ്ങളെത്ര,
            യുഗങ്ങളെത്ര, സൂര്യവർഷങ്ങളെത്ര
            തപസ്സുചെയ്തീടണം
            നീ പകർ‍ന്നുതന്നൊരു നന്മയിൽ ‍
            ലയിക്കാതെപോയി പതിരായൊരെൻെറ ജന്മം
            തെയ്യങ്ങളാടും കാവും
            മഞ്ഞവെയിലാൽ ‍ കുളിച്ച നെൽ‍വയലുകളും
            കരിന്തിരി കത്താത്ത കൽവിളക്കും
            ഉണ്മയെ വെല്ലുന്ന സൗന്ദര്യമാണെന്ന-
            റിയാതെപോയൊരു ബാല്യത്തിലെന്നോ
            ഇടറിത്തുടങ്ങിയതാണെൻെറ ശിരോലിഖിതങ്ങളൾ.
            മയക്കി കിടത്തി ഞാൻ കടലാഴത്തിൽ ‍
            ഗുരുതന്നൊരറിവിനെ.
            പിന്നെ, മഷിപുരണ്ട രൂപങ്ങളായി
            രാത്രിയുടെ മറപറ്റിസഞ്ചരിച്ചതെത്രയോ ദിനരാത്രങ്ങൾ
            ഇല്ലയിനിയൊരു ചില്ല ബാക്കി
            നിലാപക്ഷിയ്ക്കു ചേക്കേറീടുവാൻ
            കടലിരമ്പിത്തുടങ്ങി
            പകലുകൾക്കിനി ഒരു തിരി ദൂരം മാത്രം.
            ഉണരാതെവയ്യ ഇനിയൊരു നിമിഷംപോലും
            രാകോലങ്ങൾ‍ക്ക് ചിലമ്പിട്ടാടുവാനിനിയില്ല-
            സന്ധ്യകളെൻെറയുള്ളിൽ ‍
            ഇടവഴിയിലെ കനത്ത നിശബ്ദതയിലും
            ഇടിമുഴങ്ങും തുലാവർ‍ഷരാത്രിയിലും
            അലിഞ്ഞതാം തേങ്ങലുകളെ തേടിയലയണം.
            ഓർ‍മ്മകൾ‍ക്കപ്പുറത്തെങ്ങോ കേട്ടു-
            മറന്നൊരു നാമജപങ്ങളിൽ‍ പിച്ചവെച്ചീടണം
            പിതൃക്കളെ ബലിയൂട്ടണം
            നഷ്ടങ്ങളെയും തേടി ജനിമൃതികൾ‍കടന്ന്
            കാത്തിരിക്കണം.
            മൃതിയെ വിസ്മൃതിയിൽ‍ ബന്ധിച്ചീടണം.
            ഇനിയും പിറക്കാത്ത പുലരിതൻ ‍
            ആദ്യകിരണം ചുംബിക്കുവാൻ
            ഇവിടെ ജീവിച്ചീടണം
            ഇതെൻെറ ജന്മമാണ്
            എന്‍റെ ജന്മം.

Comments

comments