തീരം – Shankarraj Nair

1
  

Author      : Shankarraj Nair R.
Company : Speridian Technologies

തീരം

എൻ്റെ പേര് തീരം.
ജന്മദിനം ഞാനോർക്കുന്നില്ല.
എന്നാണ് സമുദ്രങ്ങളുണ്ടായത്?
എന്നായാലും അന്നു മുതൽ ഞാനുണ്ട്.

ഞാൻ ഒരു സാക്ഷിയാണ്, ആദിസാക്ഷി.
ജലം ജീവൻ്റെ തുടിപ്പുകളേറ്റു വാങ്ങിയതു ഞാൻ കണ്ടു. ജലപ്രാണികളുടെ വളർച്ച ഞാൻ കണ്ടു.

അവ വളർന്ന് കരപ്രാണികളാകുന്നതും ഞാൻ കണ്ടു.
കരപ്രാണികൾ കരപ്രമാണികളായ മനുഷ്യനായതും ഞാൻ കണ്ടു.

അവൻ ജലസഞ്ചാരിയായതും എന്നിൽ നിന്ന്.
ചെറുവഞ്ചികളും വൻനൗകകളും തകർന്നാൽ,
മൃതമാകുന്ന അവൻ്റെ ദേഹം വന്നടിയുന്നതും എന്നിലാണ്.

ധാന്യം നൽകാനും ധനം നേടാനും
പ്രത്യയശാസ്ത്രപ്രചാരണത്തിനും അവൻ പല കരകൾ തേടിയിറങ്ങി.
മഗല്ലന്റെയും ഗാമയുടെയും വിശുദ്ധ തോമസിന്റെയും യാത്രകളുടെ ആരംഭവും അവസാനവും എന്നിലായിരുന്നു.

ചിലപ്പോഴെങ്കിലും സമുദ്രം രൗദ്രരൂപിയാകുന്നതിനും ഞാൻ സാക്ഷി.
കൃഷ്ണൻ്റെ ദ്വാരകയും, അലക്സാണ്ടറുടെ അലക്സാൺഡ്രിയയും
ഇങ്ങനെ ആഴങ്ങളിൽ മറഞ്ഞത് എൻ്റെ ഓർമകളിലുണ്ട്.

അതിരു കടന്ന സമുദ്രകോപമായ സുനാമിത്തിരകൾക്കും
പാവം ഞാൻ തന്നെ സാക്ഷി.
അപ്പോൾ ബാക്കി വരുന്നതെല്ലാം എന്നിൽ തന്നെ തങ്ങുന്നു.

ഒരുപാട് കാഴ്ചകൾ ഞാൻ ഇനിയും പ്രതീക്ഷിക്കുന്നു.
ഞാനെന്ന മൂകനായ ആദിസാക്ഷി.

Comments

comments