തൂക്കിലേറ്റപ്പെട്ടവർ – NISHAD TN

102
  

Author     : NISHAD TN

Company : TATA ELXSI

തൂക്കിലേറ്റപ്പെട്ടവർ

ഈച്ചയാണു ഞാൻ
തൂക്കിലേറ്റപ്പെട്ട ഈച്ച
വലിയൊരു പാതകം കണ്ടിട്ടുമെതിർക്കാഞ്ഞതിനാൽ
തൂക്കിലേറ്റപ്പെട്ട ഈച്ച
കാലം കുറച്ച് മുമ്പാണീ കഥ,കാതടപ്പിക്കുന്നു ട്രെയിനിരമ്പം
പാതകളോരോന്ന് പിന്നിട്ട് ട്രെയിനിൽ,പാവം ഞാൻ പാതിയുറങ്ങിയിരിക്കെ
പെട്ടെന്നൊരാരവം കേട്ടു ഞാൻ കൺമിഴിക്കെ
പൊട്ടി വീണൊരു മഴത്തുള്ളി പോലവളെൻ മുന്നിൽ
അലറിക്കരഞ്ഞു കൊണ്ടോടയാണവൾ
നില തെറ്റിയ പോൽ പ്രാണവായുവിനായ്
കൊല വിളിച്ചവനുമുണ്ടവൾക്ക് പിന്നിൽ
പലകുറി പിടിച്ചു പിടിച്ചില്ലായെന്ന മട്ടിൽ
നിലവിളിച്ചോടിയെങ്കിലും തല തല്ലി
വീണുപോയവൾ മാംസഭോജിയവന്റെ മുന്നിൽ
വാതിലടഞ്ഞു ഇരുൾ പടർന്നു
കാണാൻ കരുത്തില്ലാതെ ഞാൻ കണ്ണുമടച്ചു
ട്രെയിനിരമ്പത്തോട് തോറ്റ് മൂകമായാ അലർച്ചയും
പെയ്തിറങ്ങിപ്പോയ മഴ പോലെ നേർത്തു
പട്ടിണിക്കിട്ട സ്വപ്നങ്ങളാൽ ജീവിതച്ചോർച്ചയടക്കാൻ പാടുപെട്ടവൾ
പിച്ചിച്ചീന്തപ്പെടവെ,ഹതഭാഗ്യൻ ഞാൻ സാക്ഷി
ക്രൌര്യതയിൽ നിൻ ജീവൻ പിടയവെ
കണ്ണിൽ ചോര പൊടിയവെ
കരൾ കഴുകൻ കൊത്തിപ്പറിക്കവെ
അഴുകിയിരുന്നു പോയ് ഞാനാ ഭിത്തി മേൽ
ഉടഞ്ഞു പോയ നിൻ സ്വപ്നങ്ങളും നീയും
ഒടിഞ്ഞു കിടക്കുന്നുവെൻ മുന്നിൽ
കണ്ണിൽ കനൽ കിടന്നെരിയുന്നു
കാലിടറി താഴെ വീണു ഞാനും
ബോധമില്ലാതാ ട്രെയിൻ ബോഗിയിൽ
ഏറെ നേരം കിടന്നു
കൺതുറന്നത് പിന്നെ കോടതിമുറിക്കുള്ളിൽ
നിങ്ങൾ മനുഷ്യരുടെ കോടതിയല്ല
ഞങ്ങൾ ഈച്ചകളുടെ കോടതി
തെറ്റെന്തെന്നറിയാതെന്തൊക്കെയോ പുലമ്പവെ ജഡ്ജി ചോദിക്കുന്നിങ്ങനെ
“ആറു കൈയ്യുള്ള നീ നോക്കി നിൽക്കെ ഒരു കൈയ്യനിങ്ങനെ ചെയ്താൽ
അവൻ മാത്രമോ തെറ്റുകാരൻ”
തെല്ല് നേരം പകച്ചു നിന്നുപോയ് ഞാൻ
വില്ലിൽ നിന്നടർന്ന പോലാ ചോദ്യമെൻ മുന്നിൽ
കണ്ണിൽ തെളിയുന്നു നിൻ മുഖം,കാതടപ്പിക്കുന്നലർച്ചയെൻ കാതിലും
മൗനിയായ് ഞാൻ തല താഴ്ത്തി നിൽക്കവെ
വന്നു കോടതി വിധിയെന്നെ തൂക്കിലേറ്റുവാൻ.
മാപ്പുസാക്ഷിയാവാൻ കാശ് കൊടുക്കില്ല നിൻ
മാനത്തിന് മേൽ വില പറയില്ല ഞാൻ
ഏറ്റുവാങ്ങുമീ ശിക്ഷ,കാലം
മാപ്പ്തരട്ടെയെനിക്കും.
കാലമേറെ കഴിഞ്ഞു,നിൻ ശവം ദ്രവിച്ചു
വേറെ കോളു തേടിപ്പോയീ മാധ്യമ ഹിജഡകൾ
ഒടുവിലൊരു കൈയ്യന്റെ വിചാരണ ദിനമെത്തി
വെറുതെ വിട്ടവനെ നിങ്ങളും നിയമവും
തൂക്കിലേറ്റപ്പെട്ടു ഞാനുമവളും,
രണ്ടശു ജീവികൾ
നീതി ദേവതയുടെ കണ്ണ് കറുത്ത
നാടയാൽ മൂടപ്പെട്ടിരിക്കുന്നുവെന്നും
നിൻ കല്ലറയ്ക്കരികിലമ്മ തെളിക്കുമത്തിരി
യേകട്ടെയിത്തിരി ശാന്തിയും വെളിച്ചവും
പിന്നെ ഞാൻ …
ഞാനീച്ചയല്ലേ,ഒന്നും കാണാത്ത
ഒന്നിനോടും പ്രതികരിക്കാത്ത
തൂക്കിലേറ്റപ്പെടേണ്ട ഈച്ച.

Comments

comments