തെരുവുനായ – Raji Menon

44
  

Author      : Raji Menon
Company : IBS SOFTWARE SERVICES

തെരുവുനായ

സമയമായ് ഒരു കുഞ്ഞു പുതു ജീവനീ ഭൂമിയുടെ മാറിൽ പിറന്നു വീഴാൻ
പിടയുന്നു വിങ്ങുന്നു മുരളുന്നു ശ്വാന സ്ത്രി, പിറവിയുടെ നോവുന്ന മധു നുകരുവാൻ .
അതി കുടില മൃദു രഹിത ലോകമേ, നിന്നെയിന്നാദ്യമായ് കാണുവാൻ പേടി കൊണ്ടോ
അവൻ ചെറുകണ്ണിറുമ്മിയടച്ചു തനു കൊണ്ടോളിച്ചമ്മയെ ചേർന്നണച്ചു.
നാളൊട്ടു നീങ്ങീല്ല കാലന്റെ പാശക്കുരുക്കിൽ പിടഞ്ഞമ്മപോയി .
കണ്ണുമിഴിച്ചു വലംവെച്ചു നിൽക്കുമ്പോൾ അന്നാദ്യമായ് വന്നാപ്പിടച്ചിൽ
പിന്നെന്നും ഒടുങ്ങാതെ ഉള്ളം വയറ്റിൽ കടന്ന തീപുകച്ചിൽ .

ഉലകത്തിൽ വന്നു പിറക്കുന്ന നേരത്തു അറിയുന്ന ഏക വികാരം, സകല ജീവനും ഒന്നാണു സ്നേഹം .
അതുമാത്രമറിഞ്ഞ ചെറു നായ നിനച്ചു മനുഷ്യൻ തൻ സുഹൃത്തെന്ന്.
വിശക്കുന്ന നേരത്തു വാലിളക്കി, അവൻ നാവുനീട്ടിക്കൊണ്ടു സ്നേഹം കാട്ടി.
വഴി പോയവർ തെല്ലൊന്നു നോക്കി,കുലുങ്ങാതെ പോയവർ പിന്നെയും ബാക്കി.
ശ്വാന കുലത്തിലും ഉന്നതനല്ലാത്ത ആ നായക്കുണ്ടോ സഹതാപത്തിനർഹം ?
കൊടുത്തൊന്ന് ഉന്നത്തിൽ, കല്ലുപ്രഹരം പിടഞ്ഞു നനുത്ത ശരീരം .
പിന്നങ്ങോട്ട് നേടിയത് കല്ലിൻ മഴകളും കുത്തുന്ന വാക്കുകളും ക്രൂരപ്രഹരവും .
ആരെങ്കിലുമൊന്നു കൂടൊന്നു കൂട്ടുവാൻ ഏറെകൊതിച്ചവൻ കാത്തു, വഴി പോയ ആ മർത്യരെയേറെ.

അങ്ങനെ ചെന്നൊരാ വീടിന്റെ മുറ്റത്തു കണ്ടതോ സന്തോഷ സംഗീത വാദ്യം.
ഉള്ളിൽകിടന്നു തിളയ്ക്കുന്ന തീപ്പൊരി ആളിച്ചു പുതു സുഖ ഗന്ധം .
എങ്ങും നിറങ്ങളും ഉത്സവ ലഹരിയും എല്ലാ മുഖത്തും പ്രകാശം .
ഉണ്ണി പിറന്നിരിക്കുന്നു ചന്തത്തിലൊരുണ്ണി പിറന്നിരിക്കുന്നു.
ചോരക്കവിളുള്ള പഞ്ഞിക്കുടത്തിനെ കണ്ടു നായ്ക്കുഞ്ഞൊന്നു നിന്നു.
ചെറു മന്ദഹാസം പൊഴിച്ചാർക്കും ഗ്രഹിക്കാത്ത ഭാഷയിൽ ഇരുവരും ചേർന്നു.
പെരുമ്പറ കൊട്ടുന്ന ആക്രോശ ശബ്ദം പൊടുന്നനെ ചെകിട്ടത്തു തല്ലി.
കൊല്ലവനേ ,കുഞ്ഞിനടുത്തൊരു തെരുവുനായ് കൊന്നിടുക ബാക്കി വയ്ക്കാതെ ശവത്തിനെ .
തെല്ലൊരു രക്ഷയുണ്ടായീല്ല ,തല്ലിച്ചതച്ചുടച്ചാർക്കുന്ന നേരത്തു
തെല്ലും നിനവുണ്ടായീല്ല മനുജർക്കു കണ്ണിൽ പൊടിഞ്ഞ ചുടു ചോരയും കണ്ടിട്ട്.

ചന്ദത്തിൽ തന്നെ മനുഷ്യക്കുഞ്ഞു വളർന്നു ,അവൻ ഇമ്പത്തിൽ അമ്മയുടെ വമ്പനായ്
വീടിന്റെ താളമായ് വീട്ടർക്കു കണ്ണിലുണ്ണിയായ്.
കുട്ടിക്കുറുമ്പുകൾ കാട്ടുന്ന നേരത്തു പട്ടിയെ കല്ലെറിയുന്നോരു നേരത്തു
ആരും തടഞ്ഞില്ല കാരണമവനൊരു മാനവ പുത്രനല്ലേ , ഉലകിൻ മന്നവൻ.

ശ്വാനക്കിടാവും വളർന്നു ,കൂടെയാ പേരും തെരുവുനായ് .
മരണത്തിൽ നിന്നുമെഴുന്നേറ്റ ശ്വാനനു വിധി വെച്ചിരുന്നു അതി കഠിനമാം ജീവിതം .
കാലൊന്നോടിഞ്ഞു ഒരു കണ്ണും മറഞ്ഞു, കാലത്തിനൊപ്പം ഒരു കനൽ കണ്ണിലെരിഞ്ഞു.
സ്നേഹവും മാഞ്ഞു,മനസ്സിൽ പകയുടെ നോവുന്ന വേവുന്ന കനലുകൾ മാത്രമായ് .
ആദ്യാദ്യമൊക്കെ വിശക്കുന്ന വയറുശമിക്കുവാനെച്ചിലിനു കടിപിടി കൂടിയും
പിന്നെ കലഹം ജയിക്കുവാൻ ,കണ്ണിലെ കനലിനെ കത്തിജ്വലിപ്പിച്ചു ശ്വാനകൻ .
ഞൊണ്ടിയും തെണ്ടിയും ഒറ്റക്കണ്ണിൽ കണ്ടാൽ വിറയ്ക്കുന്ന കോലമായ് ,തെരുവുനായ് പൂർണമായ്.

ഓർമ്മകളുടെ കനൽ നിന്നെരിഞ്ഞോരു നേരത്തു തെരുവുനായ് വീണ്ടും നടന്നു ആ വഴികളിൽ
വർഷങ്ങൾ മൂന്നു കഴിഞ്ഞിരുന്നു ,പക്ഷെ ഓർമകൾ ഉദിച്ചാടി നിന്നു .
ആർക്കും ഗ്രഹിക്കാത്ത ഭാഷയൊന്നും തന്നെ വീണ്ടും ഉണ്ടായീല്ലവർക്കിടക്ക് .
കുഞ്ഞു മുഖത്തു കടിച്ചു , പിന്നൊരു കണ്ണും എടുത്തോണ്ടു പോന്നു നായ.

ഉണ്ടായി വീണപ്പോൾ കണ്ടാൽ കൊതിക്കുന്ന പൊന്നോമന ശ്വാനനായിരുന്നവനും .
തെരുവിനെറിഞ്ഞു കൊടുത്തിരുന്നില്ലെങ്കിൽ ,ഒരുപക്ഷേ കുഞ്ഞിന്റെ രക്ഷകനവൻ .
തെരുവിൽ വളരുന്ന ഏതൊരു ജീവനും തെരുവിന്റെ സന്തതിയായി മാറും .
അവൻ കനൽ കണ്ണിലെരിയിച്ചു ഇരുളിന്റെ മറയത്തു പക പോക്കുവാനായി നാളെണ്ണിടും.

Comments

comments