നായുലകം – Jyothish Kumar.C.S

6
  

Author     :Jyothish Kumar.C.S

Company :RM Education Solutions India Pvt. Ltd

നായുലകം

ഇരുട്ടിന്റെ മറ വേണ്ട
പകലൊട്ടുമറപ്പില്ല…

കൂർത്ത നാക്ക്, ക്രുദ്ധമാം നോക്ക്,
പക രാകിയ പല്ല്,  പേ പുഴുത്ത വാക്ക് .
വളയാത്ത വാല്, വെറി പൂത്ത  തോല് ,
വായിൽ, വഴുക്കുന്ന രുധിരത്തിൻ നൂല്…

വെളിച്ചത്തിലേക്ക് ചാടി വീഴുന്നു
തെന്നിവീണ ശവം കടിക്കുന്നു.
തുരുതുരാ വെട്ടിമാറുമ്പോൾ
എണ്ണമെടുക്കാനെത്തുന്നു ചിലർ.
ചാനലിൽ ചർച്ച,
ഇലക്ഷനിൽ വോട്ട്.
വിറ്റുപോകാത്തിക്കഥകളെ പുസ്തകങ്ങളിൽ
ചോര ചേർത്ത് എഴുതി വയ്ക്കുന്നു.

മൃഗമാണ് ജൻമം,
മാംസം മനുഷ്യന്റേതായാൽ മതി.
ഗുരുത്വക്കേടിന്റെ വചനം  വീണ്ടും
ഉച്ചത്തിൽ ഉദ്ഘോഷിക്കുന്നു,
മനുഷ്യനേതായാലും
മാംസം നന്നായാൽ മതി.

ഇരുട്ടിന്റെ മറ വേണ്ട
പകലിപ്പോളറപ്പല്ല.

പകലത്താണ്, അവളിരന്ന മാനം
ഉടലൂരിയറുത്തെറിഞ്ഞത്.
പകലത്താണാ ധവള പുഷ്പം, നായ
വെറിയുടെ ശുക്ലനീരിൽ മുങ്ങിക്കിടന്നത്.
കൊടിയ വിഷത്തിനാൽ കൂർപ്പിച്ച പല്ലുകൾ
അഭിരമിക്കുന്നൂ, ശവം
ചർച്ചയ്ക്ക് വച്ചു നീട്ടുന്നു.
ദളിത വർണ്ണം കലങ്ങുന്നു ചാനലിൽ
മുഴുത്ത മീനിനായ് മുങ്ങിപ്പൊങ്ങുന്നു…

തീവണ്ടിമുറികളിൽ ഏക  ബാഹൂ,  പിന്നിൽ
കാണാത്തൊരായിരം കൈകൾ.
ആർത്തി പെറ്റ ഉടലാണ്,
ഉടയ്ക്കും ശിരസ്സും സ്ത്രീത്വവും
മാർ പിളർന്നുയിരെടുക്കും വരെ…

ജാരന്റെ ചൂടിനായ്   കൊടിച്ചി
പതിയെ, പിഞ്ചുകുഞ്ഞിനെ
കൊല്ലാൻകണ്ണടയ്ക്കുന്നു,
കാമുകൻ ദണ്ഡുമായി പതിയിരിക്കുന്നു…
കൂറുമാറുന്നവൻ കൂട്ടുകാരന്റെ
കരളു തിന്നുന്നത് രാജനീതി.
വീട്ടിൽക്കയറുന്നു, കുഞ്ഞിന്ന്
കൊടുക്കും മുലകളെ കടിച്ചു പോകുന്നു.
സ്കൂളിൽ കയറുന്നു, കുഞ്ഞിന്ന്
പഠിക്കും പുസ്തകം കീറിയെറിയുന്നു.
ഈറ്റില്ലം മാന്തി പുറത്തെടുക്കുമ്പോൾ
കുഞ്ഞിന്റെ ഉദരത്തിൽ
പിതാവിൻ
ചലിക്കുന്ന രക്തബീജങ്ങൾ..

ഇരുട്ടിന്റെ മറ വേണ്ട,
പക്ഷേ പകലിന്റെ തണലത്തിങ്ങനെ,
പനിക്കഥകളോരോന്നും പറഞ്ഞിരിക്കാറുണ്ട്,
ചില ഒഴിവു നേരങ്ങളിൽ

Comments

comments