പുനർജനിമന്ത്രം – Reshma Binny

0
  

Author      : Reshma Binny
Company : Kreara Solutions Private Limited

പുനർജനിമന്ത്രം

അമ്മേ ഓതുക! എൻ കാതുകളിൽ
മധുരമൂറുമെൻ ജന്മദിനത്തിൽ
ഒരു മന്ത്രം പുനർജനിമന്ത്രം.

എൻ പേരല്ല എന്നുടെ നാളല്ല
നിന്നിൽ നിറയും തേങ്ങലുമല്ല
നിൻറെ നിഴലാകും ഭയവുമല്ല
ഭൂവോളം സഹിക്കും സഹനമല്ല.

നിഷ്കളങ്കമാമെൻ ബാല്യത്തിലും
മോഹങ്ങളുണരും കൗമാരത്തിലും
നീയാകും അമ്മയാകും യൗവ്വനത്തിലും
ഞാനെനിക്കു ഭാരമാകും വാർദ്ധക്യത്തിലും
ഓർക്കാൻ എന്നെയറിയാൻ ജീവിക്കാൻ
നിത്യവുമെൻ കാതുകളിൽ മുഴങ്ങാൻ.

നിൻറെ ദേഹിയിൽ, സിരകളിൽ
എന്നോ ത്രസിച്ചിരുന്നോരാശബ്ദം
നിന്നിലെരിഞ്ഞിരുന്നോരാശബ്ദം
കാലവും നിനക്കുചുറ്റുമുള്ളതും
പിന്നൊരിക്കൽ നീ തന്നെയും
നിശബ്ദമായ് സമസ്കരിച്ചൊരാശബ്ദം.

അമ്മേ ഓതുക! എൻ കാതുകളിൽ
മധുരമൂറുമെൻ ജന്മദിനത്തിൽ
‘പ്രതികരിക്കൂ ‘എന്നയാവാക്ക്
മന്ത്രമായ് ഒരു പുനർജനിമന്ത്രമായ്.

പുനർജനിപ്പിക്കട്ടെയാമന്ത്രമെന്നെ
നീയായല്ല,വെറുമൊരു പെണ്ണായല്ല
അഗ്നിയായ്..ജ്വലിക്കുന്ന അഗ്നിയായ്
എന്മേൽ നീളുന്ന കാമകൺകളെ
നിർഭയം ദഹിപ്പിക്കുമൊരഗ്നിയായ്.
പകർന്നു തരൂ എനിക്കു മുന്നേ
മരണം വരെ പോരാടിയവർ –
തൻ വീരവും ആത്മാഭിമാനവും
കാക്കട്ടെയതെൻ മാനവും ജീവനും.

Comments

comments