വിട – Sibin Koshy

0
  

Author      : Sibin Koshy
Company : IBS Software Services

വിട

വറ്റിവരണ്ട പുഴയെ നോക്കി ഞാൻ നെടുവീർപ്പിട്ടു

രാത്രിയുടെ നിശബ്ദതയിൽ
ആ മണൽപ്പരപ്പിൽ കിടന്നു ഞാൻ
ഭൂമിയെ നോക്കി കണ്ണു ചിമ്മുന്ന താരങ്ങളുമായി
സംവദിക്കുമായിരുന്നു

ആ പുഴയുടെ മണിനാദം
എൻ കാതുകളിലൂടെ മനസിന്റെ കാണാക്കയങ്ങളിലേക്ക് ഊളിയിട്ടിറങ്ങുമായിരുന്നു

പുഴക്കരയിലെ പുൽനാമ്പുകളെ പ്രണയിച്ച
മഞ്ഞുത്തുള്ളികൾ എൻ നെറുകയിൽ ചുംബിക്കുമ്പോൾ
ഒരമ്മ തൻ സ്നേഹം ഞാൻ അനുഭവിച്ചിരുന്നു

ആ പുൽനാമ്പുകളെ തഴുകിയെത്തുന്ന
ഇളംകാറ്റ് എൻ കൺപീലികളെ തലോടുമ്പോൾ
അറിയാതെയൊരു മന്ദസ്മിതം എൻ
അധരങ്ങളിൽ വിരിയുന്നതും ഞാനറിഞ്ഞിരുന്നു

ആ നനഞ്ഞ മണൽത്തരികളുടെ കുളിരേറ്റു വാങ്ങിയതെൻ കാലടികളല്ല,
ഹൃദയമായിരുന്നു

അക്കാലമെങ്ങോ പോയിമറഞ്ഞു.

പോയകാല സമൃദ്ധിയുടെ ബാക്കിപത്രമെന്നപോലെ
എവിടെയോ ചില ചെളിക്കുണ്ടുകൾ
ഒരു ദുസ്വപ്നമെന്നപോൽ വേട്ടയാടുമ്പോൾ

അറിയാതെയെപ്പോഴോ ഒരു മിഴിനീരെൻ
കവിളിൽ തഴുകി ഭൂമി തൻ മടിയിലേക്കു വീണു
വിട പറയുന്നു എൻ പുഴ എന്നെന്നേക്കുമായി

Comments

comments