റിയാലിറ്റി – Anand P

Google+ Pinterest LinkedIn Tumblr +

Author : Anand P.
Company : Qburst Technologies
Email : anandpnrd@gmail.com

റിയാലിറ്റി

ഇന്നെങ്കിലും നേരത്തെ പോകണം, ഷോണ്‍ കരുതി. അതിനാൽ ജോലികളൊക്കെ നേരത്തെ തന്നെ തീർത്തു. ഇനിയും വെറുതെ ഇരുന്നാൽ മനസറിയാതെ പണി കിട്ടും.

ഒരു ഐ ടി ഉദ്യോഗസ്ഥന്റെ മടുപ്പ് അവന്റെ ജോലിയിൽ നിന്ന് ജീവിതത്തിലേക്ക് കടക്കുന്നത്‌ ചിലപ്പോൾ അതിനു അടിമപ്പെട്ട് പോകുമ്പോഴാണ്.താൻ ഒരു അടിമയല്ല. ഓഫീസിൽ നിന്നും ഇറങ്ങി. പാർക്കിംഗ് സ്ലൊട്ടിലെ വാഹനത്തിൽ കയറാൻ പോകവേ ഒരു ഫോണ്‍ കോൾ…

“ഇന്ന് നമ്മൾ പങ്കെടുത്ത എപ്പിസോഡാണ് ടി വി യിൽ, നേരത്തെ വരണം.”

“ഞാൻ ഇറങ്ങിക്കഴിഞ്ഞു……. ” ഷോണ്‍ കോൾ കട്ട് ചെയ്തു.

വീണു തുടങ്ങുന്ന ഇരുട്ടിനെ സ്വാഗതം ചെയ്തു കൊണ്ട് ഒരു ഗസൽ ഒപ്പം..

നഗരത്തിന്റെ തിരക്കുകൾക്കിടയിലൂടെ ചെറിയ മഴയിൽ ആനന്ദം കണ്ടെത്തി അവൻ യാത്ര തുടർന്നു…

വഴിയിലൊക്കെ ഒരുപാട് ചുവരെഴുത്തുകൾ. അവയിലൊക്കെ ചോരയും കണ്ണീരും മാത്രം. “ഈ ലോകത്ത് എവിടെ കലാപം നടന്നാലും നമ്മൾ പ്രതികരിക്കുമല്ലോ. ഇഅവന്മാർക്കൊന്നും വേറെ യാതൊരു പണിയും ഇല്ലേ?” അവൻ ആത്മഗതം പറഞ്ഞു പരിഹസിച്ചു…” കുറേയവന്മാർ മാറ്റം ഉണ്ടാക്കാൻ ഇറങ്ങിയിരിക്കുന്നു, കഷ്ടം!..”

തന്നെ ബാധിക്കാത്ത ഒന്നിനെയും പറ്റി ആകുലതപ്പെടാതെ ഇന്നത്തെ കാലത്തിന്റെ അരാഷ്ട്രീയതയുടെ ഉല്പ്പന്നമായി അവനും യാത്ര തുടർന്നു. ഇരുപതു മിനിറ്റ് യാത്രക്കൊടുവിൽ വീട്ടിലെത്തി.

കാറിന്റെ ഞരക്കം കേട്ടപ്പോഴേക്കും ഭാര്യ ഓടിയെത്തി. പതിവിലും സന്തോഷം ഉണ്ട് ആ മുഖത്ത്.

ഇന്ന് നമ്മളുടെ പരിപാടിയാണ്. ചാനലിൽ നിന്ന് വിളിച്ചിരുന്നു. ഇന്ന് സംപ്രേക്ഷണം ഉണ്ട്. കാണണം എന്ന് പറഞ്ഞു.

“വേഗം വാ ഞാൻ നിങ്ങളെ നോക്കി ഇരിക്കയായിരുന്നു”.

അന്നത്തെ അത്താഴം നേരത്തേയാക്കി അവർ ടി വി തുറന്നു.

അവതാരകയുടെ മുറി വസ്ത്രതോടും മുഷിഞ്ഞ ഭാഷയോടും കൂടിയുള്ള ‘റിയാലിറ്റി’ ഒട്ടുമില്ലാത്ത ഷോ തുടങ്ങി. ഒരു കുടുംബത്തെ മുഴുവൻ പങ്കെടുപ്പിക്കുന്ന പരിപാടി. അന്ന് സ്റ്റുഡിയോയിൽ വച്ച് വലിയ സന്തോഷത്തോടെയാണ് പങ്കെടുത്തത്. മാത്രമല്ല നല്ല പോയിന്റും കിട്ടി. അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു.

“അടുത്തതായി ഷോണും കുടുംബവും…..”. അവതാരകയുടെ കിളിമൊഴി. അതാ തങ്ങൾ ടിവിയിൽ. വളരെ വ്യതസ്തമായി ചില കാര്യങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ. അമ്മയുടെ കണ്ണ് കെട്ടും. എന്നിട്ട് സ്വന്തം കുട്ടിക്കൊപ്പം മറ്റു കുട്ടികളെ സ്റ്റേജിൽ നിർത്തും. കുട്ടികൾ നടക്കാൻ പാകമാകാത്തത് കൊണ്ട് മുട്ടുകാലിൽ ഇഴയും. അമ്മ തന്റെ കുട്ടിയെ കണ്ടുപിടിക്കണം ആ മൂടികെട്ടിയ കണ്ണുമായി….എത്ര മനോഹരം അല്ലെ? ലോകത്തിൽ ഈ മത്സരത്തെക്കാൾ വേണ്ട ഒരമ്മക്ക് ആ വാക്കിന്റെ വില വിളിച്ചു പറയാൻ.

മത്സരം ആരംഭിച്ചു. തന്റെ ഭാര്യ ഈ മത്സരത്തിൽ ജയിക്കണം എന്ന് അവൻ അന്ന് മനസുരുകി പ്രാർത്ഥിച്ചിരുന്നു. അവൾ ഓരോ കുട്ടികളെയും മാറി മാറി സ്പർശിച്ചു നോക്കി. തലമുടിയിലും കണ്ണിലും ചുണ്ടിലും കവിളിലും എല്ലാം. എന്നും തലോടുന്ന കുഞ്ഞിന്നെ തിരിച്ചറിയാൻ ഇങ്ങനെയൊരു മത്സരം. പക്ഷെ ആ ചിന്തകളൊന്നും ഷോണിനു തോന്നിയിട്ടില്ല. മത്സരം മൂന്ന് മിനിറ്റു നിന്നു.ആദ്യ അവസരത്തിൽ തന്നെ അവള്ക്ക് പിഴച്ചു. അമ്മയെന്ന നിലയില ആദ്യ പരാജയം, ഈ ലോകം കാണ്‍കെ. രണ്ടാം അവസരത്തിൽ അവർ വിജയിച്ചു. എങ്കിലും സന്തോഷത്തിനു കുറവില്ല. അവൻ ആർത്ത് വിളിച്ചു. ഏതോ യുദ്ധം ജയിച്ച രാജാവിനെപ്പോലെ. തങ്ങളെ ഈ ലോകം കണ്ടല്ലോ. അടുത്ത തവണ കൂടുതൽ ഭംഗിയായി പ്രകടനം കാഴ്ച വക്കണം.

ഭാര്യ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് പോയി. മാതൃത്വം ചാനലുകാരൽ വിറ്റഴിക്കപ്പെട്ട ഒരു അമ്മയും അതിനു ഇരയാകേണ്ടി വന്ന കുഞ്ഞും. അതിനു കൂട്ട് നിന്ന പിതാവും.

എല്ലാ സന്തോഷങ്ങളും കെട്ടടങ്ങിയപ്പോൾ ഷോണ്‍ ചാനലുകൾ മാറ്റാൻ തുടങ്ങി. മടുപ്പ് തോന്നി ചാനലുകൾ മാറ്റവേ ഒരിടത്തു അവൻ നിർത്തി. ടി വി യിൽ ദൃശ്യങ്ങൾ വ്യക്തമല്ല. ഏതോ വാർത്ത ചാനൽ ആണ്. കാതടിപ്പിക്കുന്ന ശബ്ദങ്ങളും കാഴ്ച്ചയെ മരവിപ്പിക്കുന്ന പൊടിപടലങ്ങളും മാത്രം.

അവൻ സശ്രദ്ധം അത് വീക്ഷിച്ചു. മറ്റൊരമ്മയെ അവൻ അവിടെ കണ്ടു. ഇട്ടിരിക്കുന്ന പർദയിൽ ചോര പുരണ്ടിട്ടുണ്ട്.
വിറങ്ങലിക്കുന്ന കൈകളാൽ അവരും തിരയുകയാണ് എന്തോ. ആ നിലവിളിയിൽ എല്ലാം കരിഞ്ഞു ചാമ്പലാകും. ആ കണ്ണുകൾ തിരയുന്നത് സ്വന്തം കുഞ്ഞിനെയാണ്.

അലങ്കരിച്ച സ്റ്റുഡിയോ തട്ടകമല്ല, ജീവൻ വിലക്ക് വച്ച യുദ്ധഭൂമി…..തങ്ങൾ തങ്ങളാൽ കൊല ചെയ്യപ്പെടുന്ന കുരുക്ഷേത്ര ഭൂമിയിൽ.

അവൻ ആദ്യമായി ഞെട്ടി. ഭീകരതെയും പടക്കോപ്പുകളും കണ്ടിട്ടല്ല, ആ അമ്മയുടെ കണ്ണുകളിലെ ദയനീയതയും ഒന്ന് ശപിക്കാൻ പോലും കഴിയാത്ത നിസ്സഹായതയും.

ഇതാണ് ‘ റിയാലിറ്റി ‘.

മത്സരം ഇല്ലാത്ത നിലനില്പ്പിന്റെ പോരാട്ടം. ചോര പുതപ്പിച്ച ജഡം ആ അമ്മ കണ്ടെത്തി. സ്വന്തം കുഞ്ഞിന്റെ മുഖം തിരിച്ചറിയപ്പെടാതെ ഇരിക്കുമ്പോഴും അവർക്ക് തെറ്റിയില്ല. നെഞ്ചോടു ചേർത്ത് പിടിച്ച ആ ശരീരത്തിൽ ഇത്തിരി ജീവൻ ബാക്കിയുണ്ടായിരുന്നെങ്കിൽ എന്ന് അറിയാതെ അവൻ ആഗ്രഹിച്ചു.

മണിക്കൂറുകൾ മുൻപത്തെ ആഹ്ലാദക്കൊടുമുടിയിൽ നോവിന്റെ പീരങ്കി വർഷം……

അവൻ ടി വി നിർത്തി. കിടക്കുവാൻ മുറിയിലെത്തി. മേശയിൽ ഒരു കത്ത്. അടുത്ത ഷൂട്ടിന്റെ ദിവസവും ചിലവുകളും മറ്റും ഉൾപെടുത്തി ചാനലുകൾ അയച്ചത്. രണ്ടാമതൊന്നു ചിന്തിച്ചില്ല, അവൻ അത് വലിച്ചു കീറി ചവറ്റു കുട്ടയിൽ ഇട്ടു. തെല്ലും കുറ്റബോധമില്ലാത്ത മനുഷ്യനായി, ഒരച്ഛനായി. നിലക്കാത്ത തേങ്ങലുകളും ആ അമ്മയുടെ മുഖവും മാത്രം അവന്റെ ഉറക്കത്തിന്റെ തുടർച്ചയെ വേട്ടയാടി.

അടുത്ത ദിവസം ജോലിക്ക് പോകുമ്പോൾ വഴിയരികിൽ എവിടെയോ പതിച്ച കയ്യൊപ്പു ശേഖരത്തിൽ അവനും ചേർത്തു ‘ സേവ് ഗാസ, സേ നോ ടു വാർ…….’.

Comments

comments

Share.
Gallery