ശത്രുവിനെ തേടി – Radhika Sajin

Google+ Pinterest LinkedIn Tumblr +

Author : Radhika Sajin
Company : Allianz Cornhill Information Services
Email: r.radhusajin@gmail.com

ശത്രുവിനെ തേടി

കൈവരികൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന പ്രഭാത കിരണങ്ങൾ ഒട്ടും കൂസാക്കാതെ ആരോടും അനുവാദം ചോദിക്കാതെ എന്റെ മുറിയിലേയ്ക്ക് കടന്നു വന്നു. മുട്ടാതെ അനുവാദം ചോദിക്കാതെ കടന്നു വരുന്ന ആരെയും മുഖവുരയ്ക്കെടുക്കാത്ത ഞാൻ സൂര്യന്റെ പുതിയ വിരുന്നുവരവിൽ ചിരിച്ചു പോയി.

ഇന്നാണ് എൻടെ “വിരമിക്കൽ” ചടങ്ങ്. പള്ളികുടത്തിലെ പ്രധാനധ്യാപകൻ മാറി പുതിയ ആളു വരുന്നത് ഒരു പക്ഷെ എല്ലാവർക്കും സന്തോഷമുളവാക്കും. കർക്കശക്കാരനായ മൂർഖൻ വാദ്ധ്യാർ പുല്ലുവിലയില്ലാത്ത വിശ്രമജീവിതത്തിലേയ്ക്ക് കടക്കുമ്പോൾ പുഛിച്ചു ചിരിക്കുവാൻ മത്സരിക്കുന്ന എന്റെ എല്ലാ സുഹൃത്തുക്കളെയും മനസ്സിൽ ഓർത്തുകൊണ്ട് ഞാൻ തൊടിയിലേയ്ക്കിറങ്ങി.

ഞാൻ എന്നും ഇങ്ങനെയാണ്. വലിയ ജോലിത്തിരക്കുകൾ ഒന്നുമില്ല എങ്കിലും രാവിലെ എഴുന്നേൽക്കും. പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആണേൽ കുളിച്ചു വിളക്ക് കത്തിക്കും. പ്രാർഥന ചിലപ്പോൾ മാത്രം.

പതിവുപോലെ കൃത്യസമയത്ത് തന്നെ വിദ്യാലയത്തിലെത്തി. ഇഷ്ടമില്ലാത്ത വാദ്ധ്യാരുടെ വിടപറയൽ ആകാം സദസ്സ് നിറഞ്ഞു കവിഞ്ഞിരുന്നു. വേദിയിൽ പ്രസംഗം തകർക്കുകയാണ്. അനുശോചന സമ്മേളനത്തിലും വിടപറയലിലും മാത്രം ആരും ആരെയും കുറ്റം പറയുകയില്ല. ആൾ കൂട്ടത്തിനിടയിൽ കോട്ടുവാ ഇടുന്ന എന്റെ മോൾ ഉണ്ണിമായയും ഉണ്ട്.

മറുപടി പ്രസംഗത്തിനായി ഞാൻ എഴുന്നേറ്റു.വാനം മുട്ടെ വാഴ്ത്തപെടുവാൻ ഞാൻ ഒന്നും ചെയ്തിട്ടില്ല. എന്റെ എല്ലാ പ്രവൃത്തികൾക്ക് പിന്നിലും ഒരു ശക്തി ഉണ്ടായിരുന്നു. നൂറുശതമാനം വിജയം ഈ വിദ്യാലയത്തിനു കിട്ടുമോ എന്ന് ഞാൻ ഈ സ്ഥാനം ഏറ്റപ്പോൾ പി.ടി.എ പ്രസിഡന്റ് ചോദിച്ചു. അന്നുമുതൽ ഇന്നുവരെ ഓരോവർഷവും നൂറുശതമാനം മാത്രമല്ല പത്തിനുള്ളിൽ ഒരു റാങ്കു ജേതാവും ഇവിടെ ഉണ്ടായിരുന്നു.

ഇനി എന്നെപറ്റി പറഞ്ഞാൽ, ശംഭു എന്ടെ ഉറ്റ മിത്രമാണ്. വേണമെങ്കിൽ ശത്രുവെന്നും പറയാം. പണ്ട് ഗോവിന്ദൻ മാഷിന്റെ കണക്കുക്ലാസ്സിൽ പൂജ്യം കിട്ടിയതിനു അവൻ എന്നെ മന്ദബുദ്ധി എന്ന് വിളിച്ചതുകൊണ്ട് മാത്രമാണ് ഞാൻ മാഷിന്റെ ക്ലാസ്സിൽ ഒന്നാം സ്ഥാനം വാങ്ങിയത്. ഈ ജല്പനങ്ങൾ കേട്ട് നിങ്ങൾക്കു അസ്വാരസ്യം ഉണ്ടാകാം. പക്ഷെ ഞാൻ പറയുന്നു എനിക്ക് ഈ സ്ഥാനമാനങ്ങൾ കിട്ടിയത് ശത്രുക്കൾ കാരണമാണ്.

ഞാൻ തത്വം ഒന്നുമല്ല പറയുന്നത് കേട്ടോ. സത്യമാണ്.അന്ന് ഗോവിന്ദൻ മാഷിന്റെ ക്ലാസ്സിൽ ഒന്നാം സ്ഥാനം വന്നതുകൊണ്ട് മാത്രമാണ് ആ വർഷം ഉസ്കൂളിൽ ജില്ലാതല സ്ക്കൊലർഷിപ്പിനു ഞാൻ തിരഞ്ഞെടുക്കപ്പെട്ടത്. നിനക്ക് ഒരു പക്ഷെ മാർക്കു വാങ്ങാനാകും പക്ഷെ എന്നെപോലെ പ്രസംഗിക്കുവാൻ അറിയില്ലല്ലോ എന്ന് 8 ബി ലെ ഷൈനി ജോർജ് പുഛിച്ചതു കൊണ്ടാണ് ഞാൻ ഉറക്കമൊഴിഞ്ഞ് സുകുമാർ അഴീകോടിന്ടെ പ്രസംഗപുസ്തകം വായിച്ചു ഒരു ഒന്നാംതരം പ്രസംഗം കാച്ചിയതും ജില്ലാതലത്തിൽ ഒന്നാമനായതും. പിന്നെ എന്ടെ ഓരോ വളർച്ചയിലും കൂട്ടിനു ഒരു ശത്രുവുണ്ടായിരുന്നു. എന്റെ ഓരോ പതക്കങ്ങൾക്ക് പിന്നിലും ഞാൻ അതിന്റെ യഥാർത്ഥ അവകാശിയുടെ പേരെഴുതി വച്ചിട്ടുണ്ട്.

ഒന്നാംവർഷ സാഹിത്യബിരുദത്തിനു ചേർന്ന് മര്യാദയ്ക്ക് പഠിച്ചു തുടങ്ങിയതാണ്. നിനക്ക് പ്രേമിക്കാൻ അറിയില്ലല്ലോ എന്നുള്ള തോമസിന്റെ വെല്ലുവിളി ഒറ്റകാരണമാണ് ഇന്ന് തോമസ്സിന്റെ കാമുകി എന്റെ രണ്ടുമക്കളുടെ അമ്മയായത്. അതുകൊണ്ട് പ്രിയപ്പെട്ട മക്കളെ നിങ്ങൾ ജീവിതത്തിൽ ഒരിക്കലും പരാജയപെടുകയില്ല നിങ്ങൾക്ക് സ്വന്തമായി ഓരോ കാലഘട്ടത്തിലും ഒരു നല്ല ” ശത്രു” വുണ്ടെങ്കിൽ. ഇത്രയും മാത്രമാണ് ഈ അവസരത്തിൽ ഈ വിദ്യാലയത്തിൽ കഴിഞ്ഞ ഏഴ് വർഷമായി പ്രധാനധ്യപകനായി ഇരുന്നു വിരമിക്കുന്ന എനിക്ക് പുതുതലമുറയോട് പറയുവാനുള്ളത്.

ഇന്നത്തെ എന്റെ ശത്രു ഈ വിരമിക്കൽ ചടങ്ങാണ്. ഈ അവസാനവേളയിൽ ഞാൻ പുതിയതായി തുടങ്ങുവാൻ പോകുന്ന “കൃഷി സ്വയം തൊഴിൽ പദ്ധതി ” എന്ന സംരംഭത്തിലേയ്ക്ക് നിങ്ങളെ ഓരോരുത്തരെയും നാളെ എന്റെ വീട്ടിലേയ്ക്ക് ക്ഷണിച്ചുകൊണ്ട് ഈ വേദി മനോഹരമാക്കി തീർക്കാം.

ഒന്നും മനസിലാകാതെ കൈഅടിച്ചെങ്കിലും എല്ലാവുരുടെയും മനസ്സിൽ തന്റെ യഥാർത്ഥ ശത്രുവിനെ തേടിയുള്ള അന്വേഷണം ആരംഭിച്ചിരുന്നു. ഇനി പുഴകൾ ദിശമാറി നീങ്ങിയേക്കാം. കാലം പെമാരിയായെത്തിയേക്കാം. എങ്കിലും ഒരിക്കലും മാറാത്ത ഒരു സത്യം മാത്രം .”ശത്രുവാണ് യാഥാർത്ഥ വഴികാട്ടി”.

അച്ഛന്റെ ഈ പ്രസംഗം കേട്ട് ഉണ്ണിമായ അവളെ തന്നെ ഒന്നപഗ്രഥിച്ചു നോക്കി, ഇനി എങ്കിലും ഒരു നല്ല ശത്രുവിനെ കിട്ടന്നെ എന്ന് പ്രാർഥിച്ചുകൊണ്ട് വീണ്ടും എഫ്. ബി യിൽ പുതിയ അപ്ഡേറ്റ്നു വേണ്ടി പരതി.

Comments

comments

Share.
Gallery