ഉണ്ണിയുടെ സ്വന്തം ഓപ്പോൾ – Jinisha Nair

Author :   Jinisha Nair

Company :  SunTec Business Solution Pvt. Ltd

Email :  jinisha.nair@gmail.com

ഉണ്ണിയുടെ സ്വന്തം ഓപ്പോൾ

 

ഓപ്പോളേ!! ഓപ്പോളേ !! ഉണ്ണി വിളിക്കുന്നത്‌ കേട്ടു.
തലമുറകളായി  കൈമാറി വന്ന ആ ആചാരം മുടക്കണ്ട എന്ന് കരുതി തെക്കേ കോണിലെ അസ്ഥിത്തറയിൽ വിളക്ക് വച്ചു മടങ്ങി ഞാൻ . നേരം ഇരുട്ടി . ഇന്ന്  അമ്മയിൽ നിന്ന് ശകാരം ഉറപ്പാ. എന്തിനും എരി കേറ്റി കൊടുക്കാൻ ഉണ്ണിയും കൂടും.
ഓ! ഉണ്ണി ആരാണെന്നു പറഞ്ഞില്ലല്ലേ . ഉണ്ണിയെ പറ്റി പറയാൻ ആണെങ്കിൽ ഒത്തിരി ഉണ്ട്. എന്റെ നല്ല ഓർമകളിൽ എല്ലാം ഉണ്ണിയുണ്ട്. മണ്ണപ്പം ചുടാനും, പാടത്തു കളിക്കാനും, എല്ലാ കുസൃതികൾക്കും ഉണ്ണി വേണം . ഉണ്ണിക്ക് ഓപ്പോൾ  തന്നെ  ആണ് എല്ലാം.
തൃസന്ധ്യക്ക് അച്ഛന്റെ ശബ്ദം കേട്ടാൽ മതി ഓടി ഒളിക്കുമായിരുന്നു  ഞാനും ഉണ്ണിയും. പിന്നാമ്പുറത്ത് ചിതലരിച്ച ഒരു ജനാലയിൽ കൂടി എത്തി നോകീട്ടു ഉണ്ണി പറയും അച്ഛന്റെ കണ്ണ് ചുവന്നിട്ടില്ല. ഇന്ന് മുട്ടായിപ്പൊതി കാണുമെന്നു .വല്യപാടത്തെ അമ്മിണി പറയും നാല് കാലിലാ അച്ഛന്റെ വരവെന്ന് . പലപ്പോഴും ഭയം ആയിർന്നു ആ വരവ്, പിന്നെ അത് അമ്മയോടുള്ള സഹതാപം ആയി. താരാട്ടിൽ മയങ്ങേണ്ട ബാല്യത്തിൽ അമ്മയുടെയും അച്ഛന്റെയും ചീത്ത വിളി കേട്ടും, അമ്മയുടെ ചുടു കണ്ണീർ നിനവിലും ആയിരുന്നു എന്റെയും ഉണ്ണിയുടെയും ഉറക്കം.
കഴിഞ്ഞ ഓണത്തിനു ദെവപ്പൻ എടുത്തുതന്ന കുപ്പായവും ഇട്ടു ഞാനും ഉണ്ണിയും അമ്പലത്തിൽ പോയി. പാടവരമ്പത്തൂടെ നടക്കുമ്പോൾ ഉണ്ണി പറഞ്ഞു അമ്മയുടെ തേങ്ങൽ പോലെ മുഴങ്ങുന്നു ഉണ്ണിയുടെ കാതിൽ എന്ന് . മാടൻതമ്പുരാന് നേർന്ന വെടി വഴിപാട് ഉണ്ണിയുടെ കാതിലാണോ പൊട്ടിയെ എന്ന് ചോദിച്ച് പരിഹസിച്ചു ഞാൻ . പീടിക വഴി കഴിഞ്ഞു ഉമ്മറത്ത്‌ എത്തിയപ്പോൾ ഒരു ആൾകൂട്ടം . രമണി വാരസ്യാർ   പറയണ കേട്ടു അപ്പു മാഷ്‌ പറഞ്ഞുന്ന് ഉള്ളിലെ വെള്ളം ആളെ കൊണ്ടുപോയി എന്ന്. തെക്കിനിയിൽ മരവിച്ചു കിടക്കുന്ന അച്ഛനെ കണ്ടു. പാവം അമ്മ , തേങ്ങൽ മാത്രേ ഉള്ളു .” ഓപ്പോളേ” ,എന്ന് വിളിച്ചു ഉണ്ണി എടുക്കാനായി കൈ ഉയർത്തി. ഒരു നോക്ക്  കണ്ട് തൊഴുതു വണങ്ങി ഉണ്ണിയേം ഒക്കത്ത് എടുത്തുകൊണ്ട്    ഞാൻ പിന്നാംപുറത്തെയ്ക്കു ഓടി.  “ഓപ്പോളേ! നമ്മുടെ അച്ഛൻ എന്താ അനങ്ങാത്തേ” ഉണ്ണി പിരികം ചുളിച്ചു ചോദിച്ചു.”ഒന്നുല്യടാ കണ്ണാ, മാടബ്രാൻ കൂട്യോണ്ട് പോയി” ന്നു പറഞ്ഞു .
മുത്തശ്ശി പറയണത് കേട്ടിടുണ്ട് ആണ്‍തുണ ഇല്ല്യാണ്ടായാൽ വല്യ ബുദ്ധിമുട്ടാണെന്ന്. അമ്മയ്ക്ക് പിന്നെ എല്ലാം ഏകാന്തതയായി, ഒന്നിനും ഒരു ഉത്തരവും ഇല്ല. അസ്പത്രിന്നു ഒരു ഡവറ നിറയെ മരുന്ന് കുറിച്ചിട്ടുണ്ട്. പക്ഷെ കുറവൊന്നും കാണ്മാനില്ല . നാളെ വീണ്ടും നേരത്തെ എണീക്കണം , മുറ്റം അടിച്ചു തെളിച്ചിട്ടു വേണം പശുവിനെ കറന്നു, നാഴി അരി അടുപ്പത്തിടാൻ .ഉണ്ണിക്കു നാളെയും കൂടിയേ പരീക്ഷ ഉള്ളു , പിന്നെ സ്കൂൾ പൂട്ടുകയായി.  ഇതൊക്കെ ഓർത്ത് കിടന്നങ്ങ് മയങ്ങി .
വീണ്ടും പതിവ് പോലെ ഞെട്ടി ഉണർന്നു. ദുരിതങ്ങൾ മാത്രം ബാക്കി ആയി നിൽക്കുന്ന എനിക്ക് , എല്ലാ നിറങ്ങളും സ്വപ്നങ്ങളിൽ മാത്രം ആയിരുന്നു. മുത്തശ്ശി പറഞ്ഞു കേട്ടിടുണ്ട് സ്വപ്നങ്ങളിൽ ഗന്ധർവ്വൻ വരുമെന്ന്. ഇന്ന് അരികെ വന്ന് നിന്നിട്ടാണ് മറഞ്ഞത് ..
ഞാൻ ജീവിക്കാൻ മറന്നു പോയ ജീവിതവും, എന്റെ  ആശകളും പ്രതീക്ഷകളു എലാം ഉണ്ണിയിൽ ആയിരുന്നു.ഉള്ളതെല്ലാം വിറ്റുപെറുക്കി ,അച്ഛൻ ഒലാട്ട് മനക്കേന്നു കൊണ്ടുവന്ന നന്ദിനി പശുവും, തറവാട് ഇരിക്കുന്ന നാലര സെനറ്റ്‌ സ്ഥലവും. ഇത് മാത്രമായി ഉണ്ണിക്ക്യും ഓപ്പോൾക്കും സ്വന്തം എന്ന പറയാൻ. കർക്കിടക മാരി  തകർത്തു പെയ്ത ഒരു രാത്രി ഏകാന്തതയിൽ നിന്നും അമ്മയും വിടവാങ്ങി .ഉണ്ണിയേം നെഞ്ചോടു  ചേർത്ത് പിടിച് അമ്മയെയും നോക്കി ഞാൻ  ഒരു ജീവച്ഛവമായി അങ്ങിരുന്നുപോയി .ഒരു മുഴം കയറും വടക്കോത്തെ കിണറും ഈ രണ്ടു വഴിയേ ഉണ്ണിക്കും എനിക്കും തുണയായി അപ്പൊ തോന്നിയുള്ളൂ.ഓപ്പോളേ മതി !!!അച്ഛനും അമ്മയും നമ്മളെ തനിച്ചാക്കി പോയിടത്തു് നമ്മുക്ക് ഇനി നില്ക്കണ്ട എന്ന പറഞ്ഞ് ഉണ്ണി പൊട്ടി കരഞ്ഞു . അയ്യേ  ആണ്‍ ട്ട്യൊൾ കരയ്യേ ??എന്ന് പറഞ്ഞ് ഉണ്ണിയേം ചേർത് പിടിച്ചിരുന്നു.കാലചക്രം  വീണ്ടും കറങ്ങി ,വിധിയെ പഴിചാരി കളഞ്ഞൂട ഈ ജീവിതം എന്ന്  ഞാൻ ഉറപ്പിച്ചു .
കഴിയും വിധം ഉണ്ണിയെ പഠിപ്പിച്ചു. നാളെ ഉണ്ണിയുടെ കോളേജിലെ ആദ്യ ദിവസം. ഒന്നിനും ഒരു കുറവും അവനു വരരുതേ എന്ന് ഓർത്ത് എല്ലാം ഞാൻ ആദ്യമേ ഒരുക്കി.ഉറങ്ങാൻ നേരം ഉണ്ണി ചോദിച്ചു , “ഉണ്ണി പോയാൽ ഓപ്പോൾക്ക്‌ ആരാ ” ഒരു ചിരി മാത്രം ഉത്തരം ആയി കൊടുത്ത്  , അവന്റെ ഷർട്ടിൻ കീശയിൽ കുറച്ചു പണവും വച്ച്  ഉറങ്ങാൻ കിടന്നു ഞാൻ.  ഇറങ്ങാൻ നേരം വിളക്ക് വച്ച് അച്ഛനെയും അമ്മയെയും മനസ്സിൽ ധ്യാനിച്ച്‌ ആശിർവാദം വാങ്ങി അവൻ ഇറങ്ങി . നിറകണ്ണ്കളോടെ  അവനെ ഞാൻ യാത്രയാക്കി. ഒപ്പോളിന്റെ പാവാട തുമ്പും പിടിച്ചു നടന്ന ചെറുക്കൻ ഇന്ന് അങ്ങ് ദൂരെ പട്ടണത്തിലെ കോളേജിലാ പഠിക്കാൻ പോകുന്നെ! എന്തോ ഒരു ആധി . ആദ്യായി അവനെ വിട്ടു പിരിയുന്നതിൽ ഉള്ള സങ്കടമാവും എന്നോർത്ത് ഞാൻ സമാധാനിച്ചു.
എന്തോ ഒരു വല്ലായ്മ പോലെ , നന്ദിനി പശുവിന്റെ അടുത്തുപോയിരുന്നു കുറച്ചു നേരം . ഒന്ന് സന്ധ്യ ആയാൽ മതി , അപ്പുറത്തെ കുട്ടന്റെ വീട്ടിലെ ഫോണ്‍ ഉള്ളൂ . ഉണ്ണിയുടെ വിളി എന്നും വരും. ഒന്ന് സംസാരിച്ചാൽ മതി അവനോടു., ഇന്നെന്താണോ അവൻ വിളിക്കാഞ്ഞേ , പഠനത്തിന്റെ തിരക്കാവും. കഴിഞ്ഞ വരവിനു പറയണതു കേട്ടു , എന്തോ വലിയ പരീക്ഷ വരുന്നുണ്ട് എന്ന്. അതിന്റെ തിരക്കാവും എന്നോർത്ത് സമാധാനിച്ചു . ഇന്ന് വെള്ളിയാഴ്ച , മൂന്നു ദിവസം ആയി ഉണ്ണിയുടെ ശബ്ദം ഒന്ന് കേട്ടിട്ട് . ഇന്ന് വരുന്നുണ്ടാവും . പുളിശ്ശേരി അവനു വലിയ ഇഷ്ടമാണ് . അതും ഉണ്ടാക്കി വച്ച് കാത്തിരുന്നു ഞാൻ. കിടന്നിട്ടു ഒരു സമാധാനവും ഇല്ല . ഒന്ന് നേരം വെളുത്താൽ മതി. കോളേജിൽ ഒന്ന് പോയി അന്വേഷിക്കാം .
കണ്ടു അവനെ ഞാൻ!
ബോധമില്ല.
ഒരു പ്രാകൃത കോലം , ഒരു  കുടുസ്സു മുറിയിൽ കിടക്കുന്നു . ചുറ്റും കുപ്പിയും സിരിണ്ജു് കൂടും .
“ഉണ്ണി എന്താടാ ഇത്” .നെഞ്ച് രണ്ടായി പിളര്ന്ന പോലെ തോന്നി.
എല്ലാ സ്വപ്നങ്ങളും കണ്മുന്നിൽ  പളിങ്കു പാത്രങ്ങള പോലെ ചിന്നി ചിതറി. പാതി അടഞ്ഞ കണ്ണുമായി ഉണ്ണി പറഞ്ഞു “ഓപ്പോളേ നിറങ്ങളുടെ ഒരു ലോകം ഉണ്ട്. അങ്ങ് അപ്പുറത്ത് , നമ്മൾ കാണാതെ പോയ ഒരു ലോകം . എല്ലാ വിഷമങ്ങളും മറന്നു സന്തോഷം മാത്രം ഉള്ള ലോകം .
എന്റെ കയ്യിൽ നിന്ന് കുതറി ഓടി , ഒരു കുതിപ്പിൽ തീർത്തു. ആ നിറങ്ങളുടെ ലോകത്തേയ്ക്ക് അവൻ പറന്നകന്നു. ഓപ്പോളുടെ പ്രതീക്ഷകളെ തകർത്തതിന്റെ ശിക്ഷ അവൻ  സ്വയം അങ്ങ് വിധിച്ചു.
ചോര വാർന്ന് കിടക്കുന്ന ഉണ്ണിയേം വാരി പുൽകുമ്പൊഴും,ഉടഞ്ഞു പോയത് ഒരുപിടി സ്വപ്നങ്ങളാണ് .എന്തിനാ ഉണ്ണി ഓപ്പോളേ തനിച്ചാക്കിയെ ?
ഒരു ഇരുട്ടടച്ച മുറിയിൽ അഴികളിലൂടെ നോക്കി നില്ക്കുനത് കണ്ടു ഞാൻ ഉണ്ണിടെ ഒപ്പോള്നെ. സ്വപ്നങ്ങളിൽ മാത്രം കണ്ട അരികെ വന്നു മറഞ്ഞു പോയ ആ ഗന്ധർവനെ നോക്കിയുള്ള ആ നില്പ്പു  .കാലിലെ ബന്ധനങ്ങൾ പോലെ സ്വന്തം സ്വപ്നങ്ങളെ  ജീവിതകാലം മുഴുവൻ തളച്ചിട്ട ആ ഓപ്പോൾ,
ഞാൻ ഇന്ന് ഈ ഡയറി കുറിപ്പുകൾ  മടക്കുമ്പോഴും നിറഞ്ഞ കണ്ണോടെ, നീറുന്ന ഹൃദയത്തോടെ ഓർകുന്നു സ്വന്തം ജീവിതം  ഇങ്ങനെ ബാലിയാടാക്കിയ അനേകം ഒപ്പോളുകളെ.

Comments

comments