കാറ്റ് – Sooraj Jose

Author :   Sooraj Jose

Company :  RM Education

Email :  soorajwithu@gmail.com, sjose@in.rm.com

കാറ്റ്

 

കൊടുങ്കാറ്റ് പുൽകിയ മേഘത്തിന് ശ്വാസം മുട്ടി. അത് മരിച്ച്‌ മഴയായി, മോക്ഷം നേടി. വിണ്ടു കീറിയ ഭൂമിയുടെ ഹൃദയത്തിൽ നനുത്ത സ്പർശമായി പെയ്തിറങ്ങി. ഒരു പുൽകൊടി കണ്ണ് തുറന്നു, ജീവിതത്തിലേക്ക്‌. അതെ, ഓരോ മഴയും ഒരായിരം ജീവനാണ്…

 

ഒരു കാറ്റിന്റെ കഥ പറയാം. കൊടുങ്കാറ്റൊന്നുമല്ല. ചെറിയ, വളരെ ചെറിയ ഒരു കുളിർ കാറ്റ്. കാസർഗോഡൻ മലനിരകളിലെവിടോ ആണ് ഉത്ഭവം. പനയോലക്കൈകളെ പൂതവേഷം കെട്ടിച്ച് പേടിപ്പിക്കാനൊ, തെങ്ങിൻ കൂട്ടത്തെ അട്ടിയുലക്കാനൊ, മഴമേഘങ്ങളെ കൊമ്പു കുത്തിച്ച് കരയിപ്പിക്കാനോ ഒന്നും അവനു കഴിയില്ല. എന്തിന്, ഒരു കടലാസ് തുണ്ട് എടുത്തുയർത്താൻ പോലും ആവതില്ല. മറ്റു ചെറു കാറ്റുകളോട് ഒന്നുചേർന്ന് വലിയ ശക്തി ആയി മാറാനോന്നും അവന് ആഗ്രഹമില്ല .അത് സ്വയം ഇല്ലാതായി മറ്റാരോ ആകലാണ്. അല്ലെങ്കിൽ തന്നെ എന്തിന്? ഉരുകിയൊലിക്കുന്ന വിയർപ്പ് തുള്ളികൾക്ക് ഒരൽപം കുളിര് പകരാൻ കഴിയുന്നത് തന്നെ വലിയ കാര്യം. പൂമ്പൊടി കൈമാറുമ്പോഴുള്ള ചെമ്പരത്തി പെണ്ണിന്റെ നാണം കുണുങ്ങൽ, അപ്പൂപ്പൻ താടി നൽകുമ്പോൾ കുരുന്ന് മുഖങ്ങളിൽ വിരിയുന്ന കൗതുകം, എല്ലാം അവന്റെ മനസ്സ് നിറയ്ക്കും. അവന്റെ ജീവിതം, അതിൽ അവൻ സംതൃപ്തനായിരുന്നു, മാടായി പാറയിലെ ആ കാക്ക പൂവിനെ കാണുന്നത് വരെ.

 

വെയിൽ നാളങ്ങൾ അവളെ തളർത്തുമ്പോൾ അവൻ ഒരു കുളിർകാറ്റായി തഴുകി. രാത്രിയാമങ്ങളിൽ അവൾ മിഴി പൂട്ടുമ്പോൾ ഒരു കൊച്ചു താരാട്ടായി മാറി. തന്നിലെ സുഗന്ധം മുഴുവൻ അവൾക്കായ് ചൊരിഞ്ഞു. അവളുടെ ചുണ്ടിൽ വിരിയുന്ന മഞ്ഞ് തുള്ളികൾ അവന്റെ പ്രതിബിംബങ്ങൾ ആയിരുന്നു. പക്ഷെ, ഓരോ തവണ അവളിലേക്ക്‌ അടുക്കുമ്പോഴും അവൾ മുഖം താഴ്ത്തി, അമ്മച്ചെടിയോട് കൂടുതൽ ചേർന്ന് നിന്നു. അവൾക്കും അത് അതുതന്നെയാകാം നല്ലത്. ചെടിയിൽ നിൽകുന്ന പൂവിന്റെ സൌരഭ്യം സ്വർണ്ണ തളികയിലും കിട്ടില്ല. എല്ലാം അറിയാം എന്നിട്ടും… എന്നിട്ടും അവന്റെ കണ്ണീർ ഒരു നേർത്ത കണമായി രാമഴയോടുചേർന്നു.

 

പതിയെ, വളരെ പതിയെ അവൻ തെക്കൻ ദേശത്തേക്ക് യാത്രയായി. കോഴിക്കോടിന്റെ സ്വാദും തൃശൂർ പൂരമേളങ്ങളും എറണാകുളം നഗരത്തിൻറെ ബഹള കാഴ്ചകളും മാത്രമല്ല, അഴുക്ക് ചാലിന്റെ ചുംബനവും ലഹരിയുടെ ദുർഗന്ധവും \ സുഗന്ധവും അവനിലലിഞ്ഞു. തിരുവനന്തപുരം, ചിലപ്പോൾ ശാന്തമായ് മറ്റു ചിലപ്പോൾ വർദ്ധിച്ച ആവേശത്തിൽ കുത്തി ഒലിക്കുന്ന ഒരു കാട്ടരുവിയായി അവന് തോന്നി. പല ദേശ, പല ഭാഷ സംയോജിതമായ ഒരു ലോകം. കേരളത്തിന്റെ ഐ.ടി ഹൃദയത്തിൽ ആണ് അവനിപ്പോൾ. തന്റെ സാന്നിദ്ധ്യം അവിടെ ആരും അറിയുന്നില്ല, താൻ തഴുകി കടന്നുപോയിട്ടും ആരിലും ഒരു ആശ്വാസനിശ്വാസം പോലും ഉയരുന്നില്ല. തിരക്ക് പിടിച്ച് പായുന്ന ഈ കൂട്ടത്തിന് ഒരു ഇളം കാറ്റിനെ അറിയാനുള്ള കഴിവ് നഷ്ടപെട്ടിരിക്കാം. ജീവിതം അർത്ഥമില്ലാതാകുന്നു. ഒരുവേള താൻ ഇല്ലാതായാലും ആരിലും ഒരു നഷ്ടവും വരുത്തില്ല എന്ന ചിന്ത, അത് പരിപൂർണ്ണ സ്വാതന്ത്രത്തിന്റെതായ ഉന്മാദം അവനിൽ  നിറച്ചു. അവൻ മരണത്തിന്റെ ഗന്ധം കൊതിച്ചു.

 

ചിലപ്പോൾ തന്നിലേക്ക് തന്നെ അധികമായി നോക്കുന്നതാവാം എല്ലാ ദുഷ് ചിന്തകൾക്കും കാരണം എന്നവന് തോന്നി. മറ്റുള്ളവരുടെ ജീവിതത്തിലൂടെ അവൻ കണ്ണോടിച്ചു. അതൊരു കലൈഡോസ്കോപ് കാഴ്ച പോലെ രസകരമായിരുന്നു. പതിയെ, അവന്റെ നിരാശകൾ മാഞ്ഞു, അല്ലെങ്ങിൽ മറന്നു. തിരക്കിൽ ജീവിക്കാൻ മറക്കുന്നവർ, ജീവിക്കാൻ മടിച്ച് തിരക്ക് നടിക്കുന്നവർ. അങ്ങനെ പല പല ജീവിതങ്ങൾ. സമയം വളരെ വൈകി. വീടണയാനുള്ള പാച്ചിലിലാണ് ഭൂരിഭാഗവും. രാത്രി ജോലിക്കായി എത്തുന്നവരെയും കാണാം. ഒറ്റയ്ക്ക് നടന്നു വരുന്ന ഒരു പെണ്‍കുട്ടിയിൽ അവന്റെ ശ്രദ്ധ പതിഞ്ഞു. ഒരു കൂട്ടം മാന്യന്മാരുടെ മുന്നിലൂടെ അവൾ കടന്ന് പോയി. അവർ അവളെ നോക്കി മന്ദഹസിച്ചു, അവൾ തിരിച്ചും. നിങ്ങളും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു അല്ലെ? പേടിക്കണ്ട ഈ കാറ്റിന് മനസ്സ് വായിക്കാനുള്ള കഴിവൊന്നും ഇല്ല!

 

അവനും അവളോടൊപ്പം ചേർന്നു. ഇടയ്ക്കൊന്ന് മെല്ലെ തഴുകി. അവളിൽ ഒരു നിശ്വാസം, ഒരു മന്ദഹാസവും. അത് തന്നോടുള്ള നന്ദി പറച്ചിലായി അവന് തോന്നി. ഇരുളും വെളിച്ചവും ഇടകലർന്ന വഴികൾ. അവസാനത്തെ തെരുവ് വിളക്കും മടിച്ച് മടിച്ച് കണ്ണടച്ചു. കൂരിരുട്ടിലും അവൾ തന്റെ സാമീപ്യം അറിയുന്നുണ്ടെന്ന് അവന് തോന്നി. വളരെ നാളുകൾക്ക് ശേഷം തനിക്കൊരു സുഹൃത്തിനെ കിട്ടിയിരിക്കുന്നു, തന്നെ അറിയുന്ന സുഹൃത്ത്‌. എന്നും അവളോടൊപ്പം ആയിരിക്കുവാൻ അവൻ കൊതിച്ചു. പെട്ടെന്നാണ് അത് സംഭവിച്ചത്. കൈകൾ, കുറേ കൈകൾ, ഇരുളിന്റെ നാവ് പോലെ. മുഖമില്ലാത്ത മനുഷ്യർ. അവ അവളെ വലിച്ചിഴച്ചു. അവന് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല, പേരറിയാത്ത ആ മരത്തിന്റെ പിന്നിൽ മറഞ്ഞ് നിന്ന് കണ്ണീർ പൊഴിക്കുക അല്ലാതെ. ചവിട്ടി അരച്ച പനിനീർ പൂ പോലെ അവളുടെ ശരീരം. ജീവന്റെ തുടിപ്പ് അവസാനിച്ചിട്ടില്ല. അവളെ തഴുകി ഉണർത്താനുള്ള  ശ്രമങ്ങളെല്ലാം നിഷ്ഫലം ആയി. അവസാനം അവൻ അത് തീരുമാനിച്ചു. സർവ്വശക്തിയും എടുത്ത് ഉയർന്ന് പറന്ന്, മറ്റ് ചെറു കാറ്റുകളെ ഏറ്റുവാങ്ങി ഒരു കൊടുംകാറ്റായി മാറി. കറുത്തിരുണ്ട മേഘത്തിൽ ഞെരിഞ്ഞമർന്ന് ഇല്ലാതായി. മഴത്തുള്ളികൾ അവളുടെ കണ്ണ് തുറപ്പിച്ചു. ശരീരത്തിലെ അഴുക്കുകളെല്ലാം ആ മഴയിൽ ഒഴുകി അകന്നു. മനസ്സിലെ മുറിവുകൾ, അത് കാലം ഉണക്കട്ടെ.

Comments

comments