ചെമ്മീന്‍ നമ്പുതിരി – Rajkumar L S

Author :  Rajkumar L S

Company :  IBS

Email :   rajkumar.sivaramakrishnan@ibsplc.com

ചെമ്മീന്‍ നമ്പുതിരി

 

സോഫ്റ്റുവേര്‍ കമ്പനിയില്‍ രണ്ടാംവട്ട അഭിമുഖത്തിന് എം.ഡി വിളിക്കുന്നു എന്ന ഫോണാണ് എന്നെ അന്നുരാവിലെ ഓഫീസിലെ ഇറ്റാലിയന്‍ മാര്‍ബിള്‍ പാകിയ, ലോകത്തിന്റെ ഭൂപടം തൂക്കിയ ഏ.സി മുറിയിലെ ചുവരിനോട് ചേര്‍ന്ന സോഫയിലെത്തിച്ചത്.   

 

എം.ഡി അങ്ങനെ ഒരു അഭിമുഖം നടത്താറു പതിവില്ല…ചിലപ്പോ, തിരസ്കരിക്കുന്നതിന് മുന്‍പ് ഞാന്‍ എത്രമാത്രം തല്ലിപൊളിയാണെന്ന് അളന്നുനോക്കാന്‍ വേണ്ടിയായിരിക്കുമോ ? അങ്ങനെയാണെങ്കില്‍ എം.ഡി , അത് അളക്കാന്‍ നിങ്ങള്‍ പുതിയ വല്ല സ്കെയിലും കരുതിവെച്ചോളൂ.

 

അങ്ങനെ ഞാന്‍ ചുവരിലെ ലോകത്തിന്റെ നീളവും വീതിയും അളന്നുകൊണ്ടിരിക്കുന്നതിനിടയ്ക്ക് വിളിപ്പിച്ചു.

കോഴ്സ് കഴിഞ്ഞു വര്‍ഷം ഒന്നു  കഴിഞ്ഞെങ്കിലും പുറത്തുപറയാന്‍

കൊള്ളാവുന്ന ജോലിയൊന്നും ഇതുവരെ തരപ്പെട്ടില്ല എന്ന വസ്തുത മനസിലാക്കിയ എം.ഡി അത്ഭുതപ്പെട്ടു. 

 

എം.ഡി : “ഐ ഹവ്ന്‍റ് കം എക്രോസ് എ സിംഗിള്‍ ബ്രാഹ്മിന്‍ ഹൂ ഇസ് റോമിങ് എറൌണ്ട് ജോബ് ലെസ്സ് !”

(അഭിമുഖത്തിന്റെ ഔദ്യോഗിക ഭാഷ ആംഗലേയമാണല്ലോ, അതുകൊണ്ടു അതിന്റെ ഇളകിയാട്ടം ഒഴിവാക്കാനാവില്ല)

 

എം.ഡി വാചാലയാവുകയാണ്. എന്റെ കുലം എങ്ങനെ മനസിലായോ ആവോ ?

എന്നെപ്പോലെ തെക്കുവടക്ക് നടക്കുന്ന വെടക്ക് സാധനങ്ങളെ കണ്ടിട്ടില്ല എന്നാണ്  മുകളില്‍ പറഞ്ഞതിന്റെ പൊരുള്‍.

 

“മേം….ദാറ്റ് ഇസ്…ഐ”

 

എം.ഡി : യു മസ്റ്റ് ബി അന്‍ എംബാരസ്സ്മെന്‍റ് ട്ടു ബ്രാഹ്മിന്‍സ്…

എന്നും പറഞ്ഞു ഹൃദ്യമായ ഒരു ചിരി ചിരിച്ചു.

എം.ഡീ…കൂശ്മാണ്ഡവീഢീ…ഞാന്‍ എരപ്പാളിയായതുകൊണ്ടാണല്ലോ ഇവിടെ ജോലിക്ക് ശ്രമിച്ചത്.

എന്തായാലും എം.ഡി ക്കു എന്നെ ബോധിച്ചെന്നു തോന്നുന്നു…കുറച്ചു ദിവസം കഴിഞ്ഞപ്പോ ജോലിക്ക് ഹാജരാകാന്‍ പറഞ്ഞുകൊണ്ടുള്ള സന്ദേശം എന്റെ ഇന്‍ബോക്സില്‍ കിടന്നു എന്നെ നോക്കി ഇളിച്ചു!

സംഭവബഹുലമായ ദിനങ്ങളായിരുന്നു പിന്നീട് വന്നതൊക്കെ… അന്യനാട്ടുകാരനായ എന്നെ കോഴിക്കോട് രണ്ടുകൈയ്യുംനീട്ടി സ്വീകരിച്ചു…ഉറക്കത്തില്‍ സ്വപ്നം കണ്ടു റൂംമേറ്റ് എന്നെ രണ്ടുകാലും കൊണ്ട് തൊഴിച്ചു…എന്തായാലും , ഇല്ലത്ത് ജോലിയും കൂലിയും ഇല്ലാണ്ടിരുന്നപ്പോ അച്ഛന്റെ നാക്കുകൊണ്ടുള്ള തൊഴിയേക്കാള്‍ ഭേദം തന്നെ രാത്രിയിലുള്ള ഈ തൊഴി.

നായരുചേട്ടന്റെ ഹോട്ടലിലെ ഊണിന് വിളമ്പുന്നപോലെ ഒരുകുന്നു ചോറിന് ഒരുനുള്ളു ചമ്മന്തി എന്നകണക്കായിരുന്നു ആവശ്യങ്ങളും അത് നിറവേറ്റാന്‍ ലഭിക്കുന്ന ശമ്പളവും. പക്ഷേ പരാധീനതകള്‍ക്ക് നടുവിലും ജീവിതത്തിന് ഒരു നിറവുണ്ടായിരുന്നു. ഇല്ലത്തുള്ളവര്‍ക്ക് സമാധാനവും.

അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞു…ഓഫീസില്‍ ഉത്തരവാദിത്വങ്ങള്‍ എറിവരുന്നു, എന്റെ തലക്ക് ഓളവും. പ്രോജക്ടുകളുടെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടങ്ങള്‍ക്കിടയില്‍ മനസ്സിന് അല്പം സമാധാനം കിട്ടുന്നത് ഞായറാഴ്ച തൃശൂര് പോയി കൂട്ടുകാരുടെകൂടെ ഇരുന്നു കള്ളുകുടിക്കുമ്പോഴാണ്… അങ്ങനെ ഇരുത്തം വന്ന കൂടിയനൊന്നുമായിട്ടില്ല… ഒരു മാസമേ ആയിട്ടുള്ളൂ തുടങ്ങിയിട്ട് , ഇതിനിടയ്ക്ക് നാലുതവണ മാത്രം…പക്ഷേ മതിയല്ലോ , സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി കല്യാണിയും ബക്കാര്‍ഡിയുമൊക്കെ വട്ടമിട്ടുപറക്കുന്നു!

കേരളത്തിലെ കൂടിയന്‍മാരുടെ തലസ്ഥാനമായി ഉദ്ദഘോഷിക്കപ്പെടുന്ന ചാലക്കുടി കേന്ദ്രീകരിച്ചാണ് ഞങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുന്നത്… ചാലക്കുടിയില്‍ തന്നെ ‘കുടി’യുണ്ട്.

 

എന്നുവെച്ചാല്‍ , മനസിലാവുന്ന ഭാഷയില്‍ പറഞ്ഞാല്‍ ചാലക്കുടിയില്‍പ്പോയി വെള്ളമടിച്ച്, വാളുവെച്ച് , തെറിവിളിച്ച്, ബോധംകെട്ട്, തൊട്ട് നക്കി, സൈഡായി, കെട്ടിറങ്ങി…ഇങ്ങനെ ലളിതമായ പദങ്ങള്‍ ഉപയോഗിക്കാന്‍ എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടല്ല. എന്തുചെയ്യാനാ, കുടിക്കാന്‍ തുടങ്ങിയ ശേഷം ഇടയ്ക്കിടയ്ക്ക്  ഫിലോസഫി വരും…

മലയാളിയുടെ ഏറ്റവും ആഴമേറിയ ഫിലോസഫികള്‍ ജനിക്കുന്നത് ഉപനിഷത്ത് വായിക്കുമ്പോഴോ അമൃത ടി.വി യിലെ സന്ധ്യാദീപം കാണുമ്പോഴോ ഒന്നുമല്ല, അത് കള്ളുകുടിച്ചിട്ടു നിലത്തു സൈഡായികിടക്കുമ്പോഴാണ്. മലയാളി ഏറ്റവും അച്ചടക്കമുള്ളവനായി മാറുന്നത് സ്കൂളില്‍ അസംബ്ലിക്ക് വരിയായി നില്‍ക്കുമ്പോഴല്ല, അത് ബിവറേജസിനുമുന്നില്‍ വരിയായി നില്‍ക്കുമ്പോഴാണ്.

 

ഓഫീസിലെ അന്തരീക്ഷം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്, പ്രോജക്റ്റുകള്‍ പ്രഹേളികകളായി എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു… എം.ഡി എന്നെ നോക്കി ഗര്‍ജ്ജിക്കുന്നു…സഹമുറിയന്റെ സ്വപ്നം കണ്ടിട്ടുള്ള തൊഴിക്ക് ശക്തികൂടിയതല്ലാതെ കുറഞ്ഞില്ല…സ്വപ്നത്തില്‍ അവന്‍ എം.ഡി യെയായിരിക്കും ചവിട്ടുന്നത് എന്നോര്‍ത്തു ഞാന്‍ സമാധാനിക്കാന്‍ ശ്രമിച്ചു.

ഞാന്‍ ബക്കാര്‍ഡിയുടെ കാമുകനായത് എന്തായാലും ഓഫീസില്‍ ആരും അറിഞ്ഞിട്ടില്ല…ഇല്ലത്ത് അറിയുന്ന കാര്യം ചിന്തിക്കാനേ കഴിയുന്നില്ല.

അങ്ങനെയുള്ള ഒരു ഞായറാഴ്ച വൈകുന്നേരം.

“എന്താ നമ്പൂരിശ്ശാ ഓഫീസിലെ വിശേഷങ്ങള്‍ ?”      

(കൂടെ പഠിച്ച ഒരു സുഹൃത്താണ്. അവന് എന്നെ ജാതിപ്പേര് വിളിച്ചില്ലെങ്കില്‍ സ്വസ്ഥത കിട്ടില്ല). 

 

“എന്തു പറയാനാ സഖാവേ , ഉടുത്തിരിക്കുന്ന കോണകം പോലെയാണ് ജോലി. എപ്പോഴാ അഴിഞ്ഞുവീഴുക എന്നു നിശ്ചയില്ല”

 

സുഹൃത്ത് : ഇപ്പോ ഒരു കൊല്ലായില്യേ ?  ശമ്പളം വര്‍ദ്ധിപ്പിച്ചോ  ?

 

“അത് ഈ മന്വന്തരത്തില്‍* നടക്കുമെന്ന് തോന്നുന്നില്ല”

 

സുഹൃത്ത് : ഉവ്വോ! ആട്ടെ , അതിനിടയ്ക്ക് ചെമ്മീന്‍ നമ്പൂതിരി എന്നൊരു പ്രയോഗം കേള്‍ക്കുകയുണ്ടായി. ഫെയിസ്ബുക്കിലാണെന്ന് തോന്നുന്നു. എന്താ അതിനു പ്രേരകമായ കഥാതന്തു ?

 

“കലികാലം എന്നല്ലാണ്ടു എന്താ പറയ്വാ…ഓഫീസില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്യേണ്ടായി…അതിനിടയ്ക്ക് അറിയാണ്ട് ഒരു മീന്‍ പത്തിരി കഴിച്ചു…മാംസമാണെന്ന് അറിയാണ്ട് പറ്റിയതാണ് , പകുതി കഴിച്ചപ്പോ ഒരു ഏഭ്യന്‍ വിളിച്ചുപറഞ്ഞു…’തിരുമേനി മാംസം കഴിക്കുന്നേ’ എന്ന് …ശിവ ശിവ , പിന്നെ എന്തായിരുന്നു പുകില് ! സീറ്റ് ഒഴിഞ്ഞ കെ.എസ്സ്.ആര്‍.ടി.സി ബസ്സിലേക്ക് ആള് കയറുന്നതുപോലെ തലങ്ങും വിലങ്ങും ഓട്ടമല്ലാരുന്നോ അവന്മാര്…എന്നെ അഭിനന്ദിക്കുന്നു, കൂടെ നിര്‍ത്തി ഫോട്ടോ എടുക്കുന്നു ,ചിക്കന്‍ വിളമ്പാന്‍ നോക്കുന്നു, കളിയാക്കുന്നു…അതിനിടയ്ക്ക് ഒരു വാനരന്‍ ‘ചെമ്മീന്‍ നമ്പൂതിരി’ എന്ന് വിളിച്ചതും ബാക്കിയുള്ള ശുംഭന്‍മാര്‍ അതേറ്റ് ചൊല്ലാന്‍ തുടങ്ങി ”    

 

സുഹൃത്ത് : കേമ്വായി ! എന്നിട്ട് ആ കഷ്ണത്തോടെ നിര്‍ത്തിയോ ?

 

“ആഹാരം പാഴാക്കാരുത് എന്ന് ഋഗ്വേദത്തില്‍ പറഞ്ഞിടുണ്ട് , ഞാന്‍ അത് അനുസരിച്ചു.”  

 

സുഹൃത്ത് :ബ്രാഹ്മണന്‍ മാംസം കഴിക്കരുത് എന്ന് ഋഗ്വേദത്തില്‍ പറയാന്‍ വിട്ടുപോയതായിരിക്കും ? സമാവര്‍ത്തനം കഴിഞ്ഞ ഒരു തിരുമേനി ഇങ്ങനെ മാംസം ഭുജിച്ചത് മഹാപാപമായിപ്പോയി… അവിടുന്ന് മ്ലേച്ചശ്ശിരോമണി തന്നെ! 

 

“സത്യം പറയാമല്ലോ , മലപ്പുറത്തുനിന്നു ഉണ്ടാക്കികൊണ്ടുവന്ന ആ പത്തിരി ഒരു അതിശയം തന്നെയാണേ ! അതിശയപത്തിരീ എന്നുവിളിക്കുന്നത് വെറുതെയല്ല !” 

 

സുഹൃത്ത് : സുകൃതക്ഷയം…പരദേവതേ,  തിരുമേനിക്ക് ബുദ്ധിതെളിയണേ 

 

“ഭോഷ്ക്ക് പറയാതിരിക്യാ, എന്നിട്ട് വേഗം ഒഴിക്യാ”

പിന്നെ ബക്കാര്‍ഡിയും ഹണിബീയും കൊണ്ടുള്ള പാലഭിഷേകമായിരുന്നു

അങ്ങനെ ബുദ്ധിയൊക്കെ വിജ്രംബിച്ചുനില്‍ക്കുന്ന അനര്‍ഘനിമിഷം 

 

സുഹൃത്ത് :നമ്പൂരിശ്ശാ , ഈ വെള്ളമടി വീട്ടിലറിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥാ ?

 

“വെള്ളമടീ………..വീട്ടിലറിഞ്ഞാലോ…

വെള്ളിടി വെട്ടിയ അവസ്ഥയായിരിക്കും. ഇല്ലത്തൂന്ന് അച്ഛന്‍ തിരുമേനി എന്നെ ഭ്രഷ്ട് കല്‍പ്പിച്ചു ഉരുവിലക്കും “

 

സുഹൃത്ത് : അത് കേമാവൂല്ലോ !

 

“നീ എന്റെ സ്വസ്ഥത നശിപ്പിക്കല്ലേ…ഓഫീസില്‍ ആ എം.ഡി കലിതുള്ളി നടക്കുകയാണ്…ഒരു ഡെഡ് ലൈന്‍ കൂടി തെറ്റിച്ചല്‍ പിന്നെ എന്റെ ഡെത്ത് ആയിരിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്…. ഓം ശാന്തി ശാന്തി ശാന്തി *

 

സുഹൃത്ത് : മൂന്ന് ശാന്തിയോ ?

 

“അതെന്താണെന്ന് നിനക്കറിയാമോ ?”

 

സുഹൃത്ത് :മേല്‍ശാന്തി ,കീഴ്ശാന്തി പിന്നെ അപ്പുറത്തെ വീട്ടിലെ ‘ശാന്തി’

 

“പോടാ മര്‍ക്കടാ…എനിക്ക് മന:ശാന്തി വേണം, അത് കിട്ടാനാ ഇവിടെ വരുന്നത്…രാത്രിയിലെ ബസ്സിനു തിരിക്കണം , രാവിലെ ഓഫീസില്‍ മുഖം കാണിച്ചില്ലെങ്കില്‍ മുഖത്താട്ടും”

 

സുഹൃത്ത് : എന്ന മതിയാക്വാ…ഇതിന്റെ കെട്ടിറങ്ങാന്‍ സമയമെടുക്കും

 

“സാരമില്ല, ഞാന്‍ രാത്രി ബസ്സില്‍ കയറികിടന്നോളാം. ഇന്നലെ ലീവായിരുന്നു, നാളെ നേരത്തേ എത്തണം , ലീവ് സാങ്ഷന്‍ ആവാണ്ട് ഞാന്‍ മുങ്ങുകയായിരുന്നു…അതിനിനി ഒരു തൃശൂര്‍പ്പൂരം അരങ്ങേറാനുണ്ട്.”        

അങ്ങനെ ഫിറ്റായ അവസ്ഥയില്‍ ഒട്ടും ഫിറ്റല്ലാത്ത റോഡിലൂടെ സഞ്ചരിച്ച് സ്റ്റേറ്റ് ബസ്സ് രാവിലെ കോഴിക്കോടെത്തികൊണ്ടിരിക്കുന്നു… വാള് വെക്കാനുള്ള ഒരു സൂചന വയറ്റില്‍ നിന്നും ലഭിക്കുന്നുണ്ടോ? തല പുറത്തിടുകതന്നെ …ബസ്സ് മെല്ലെയാണ് പോകുന്നത്…കണ്ണുംപൂട്ടി അങ്ങോട്ടു വെച്ചു…ബസ്സ് പെട്ടെന്ന് ഒന്നു സ്പീഡ് കൂട്ടി…വെച്ചവാള് റോഡരികില്‍ നിന്നു കാറ്റുകൊള്ളുന്ന ഒരു സ്ത്രീയുടെ മുഖത്തേക്ക്… അടുത്ത് അവരുടെ കാര്‍ നിര്‍ത്തിയിട്ടുണ്ട്…അവര്‍ മുഖം തുടച്ചു രൂക്ഷമായി ഒന്നു നോക്കി…എന്തോ പറയാന്‍ വാ പൊളിച്ചു…അപ്പോഴേക്കും ബസ്സ് കുറേ മുന്നിലെത്തി…ആ മുഖം നല്ല പരിചയം തോന്നുന്നല്ലോ ! കവിലമ്മേ…എം.ഡി !!! 

 

 

സ്വസ്തി.

 

 

* മന്വന്തരം :  ഒരു മനുവിന്റെ ഭരണകാലം. കലിയുഗത്തിന്റെ ദൈര്‍ഘ്യം 4,30000 വര്‍ഷമാണെന്ന് കണക്കാക്കപ്പെടുന്നു. ഇതിന് മുന്‍പുള്ള ദ്വാപരയുഗം അതിന്റെ ഇരട്ടി, സത്യയുഗം മൂന്നിരട്ടിയും ത്രേതായുഗം നാലിരട്ടിയുമാണ്. അങ്ങനെ നാല് യുഗങ്ങളും ചേര്‍ന്നാല്‍ 4,30000 ന്റെ പത്തിരട്ടി. എന്നുവെച്ചാല്‍ 43 ലക്ഷം വര്‍ഷം. അതിനെ ഒരു ചതുര്‍യുഗമെന്ന് വിളിക്കുന്നു. ഇങ്ങനെയുള്ള 1000 ചതുര്‍യുഗം കൂടിയാല്‍ ബ്രഹ്മാവിന്റെ ഒരു പകല്‍ (ബ്രഹ്മാവ് – നാലു തലയുള്ള , ടി.വി യില്‍ കണ്ടിട്ടില്ലേ ? ആ പുള്ളി തന്നെ. സരസ്വതിയുടെ ഭര്‍ത്താവ്) 1000 ചതുര്‍യുഗം കൂടി ആവുമ്പോ ബ്രഹ്മാവിന്റെ ഒരു രാത്രി. 

2000 ചതുര്‍യുഗം – ബ്രഹ്മാവിന്റെ ഒരു ദിവസം. ഇങ്ങനെയുള്ള 360 ദിവസം ബ്രഹ്മാവിന്റെ ഒരു വര്‍ഷം. അങ്ങനെയുള്ള 100 വര്‍ഷം ഒരു ബ്രഹ്മാവ് ജീവിക്കും…ഈ കാലാവധിക്കു ഒരു കല്പം എന്നു പറയുന്നു. അതായത്, 4300000*2000*360*100 വര്‍ഷങ്ങള്‍. ഇപ്പോഴുള്ളത് ശ്വേതവരാഹകല്‍പം. ഒരു കല്‍പത്തില്‍ 14 മനു. മനു എന്നുവെച്ചാല്‍ രാജാവ്. ഒരു മനുവിന്റെ ഭരണകാലത്തെ മന്വന്തരം എന്നു വിളിക്കുന്നു. ഇപ്പോഴുള്ളത് വൈവസ്വതമനു.   

* ഓം ശാന്തി ശാന്തി ശാന്തി :
ഓം പൂര്‍ണ്ണമദം പൂര്‍ണ്ണമിദം
പൂര്‍ണ്ണത് പൂര്‍ണ്ണമുദശ്ച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
പൂര്‍ണ്ണമേവാവശിഷ്യതേ
ഓം ശാന്തി ശാന്തി ശാന്തി .
ശുക്ലയജൂര്‍വേദത്തില്‍ വരുന്ന ശാന്തിപാഠം. അതും പൂര്‍ണ്ണം ഇതും പൂര്‍ണ്ണം, ആ പൂര്‍ണ്ണത്തില്‍ നിന്നു ഈ പൂര്‍ണ്ണം വന്നു , എന്നിരുന്നാലും പൂര്‍ണ്ണം പൂര്‍ണ്ണമായിതന്നെ നിലനില്ക്കുന്നു,  എനിക്കു ആദിഭൌതികവും ആദിദൈവികവും അദ്ധ്യാത്മികവുമായിടുള്ള ത്രിതല ശാന്തി ലഭിക്കട്ടേ  എന്ന് തര്‍ജ്ജമ. മാന്യവായനക്കാര്‍ എന്നെ കല്ലെടുത്തെറിയും എന്ന ഭയമുള്ളതുകൊണ്ടു ശാന്തിപാഠത്തിന്റെ തുടര്‍വ്യഖ്യാനത്തിലേക്കും മീമാംസയിലേക്കും ഞാന്‍ കടക്കുന്നില്ല.

Comments

comments