വിശ്വാസം.. അതല്ലേ എല്ലാം… – Sankar Vijayakumar

Author :  Sankar Vijayakumar

Company :  Qburst Technologies

Email :  sankar03@gmail.com

 

വിശ്വാസം.. അതല്ലേ എല്ലാം…

ഒരു കഥക്കുള്ള തീപ്പൊരി മനസ്സില്‍ വീണു കഴിഞ്ഞാല്‍, അതിനെ ഊതി ഊതി ആളി കത്തിക്കുന്നതിനോടൊപ്പം തന്നെ ചിന്തിക്കുന്ന മറ്റൊരു പ്രധാന കാര്യമാണ്‌ കഥയുടെ തുടക്കം. കഥാപശ്ചാത്തലവും കഥാപാത്രങ്ങളേയും അവതരിപ്പിക്കുക എന്നത് എന്നെപ്പോലുള്ള പലര്‍ക്കും വളരെ ശ്രമകരമായ ഒരു കാര്യമാണ്‌. അതിനെപ്പറ്റി ചിന്തിച്ചു തുടങ്ങുമ്പോള്‍ നമ്മള്‍ കണ്ടു മറന്നതും കണ്ടു കൊണ്ടിരിക്കുന്നതുമായ പല രചനാ ശൈലികളും നമ്മുടെ മുന്നിലേക്ക് കടന്നു വരും.. ഇതാ ഇതു പോലെ:
1. തിരുവണ്ണാപുരം എന്ന മനോഹരമായ ഗ്രാമം. വളരെ നിഷ്കളങ്കരായ ഒരു പറ്റം മനുഷ്യരാണു അവിടെ താമസിക്കുന്നത്‌. ഭൂരിഭാഗം ഗ്രാമീണരും കര്‍ഷകരാണ്. അത്‌ കൊണ്ട് തന്നെ ഹരിതാഭയാല്‍ മുഖരിതമാണ്‌ ആ ഗ്രാമം. അധികം പുറം ലോകമറിയാത്ത ഒരു പ്രത്യേകത കൂടി ആ ഗ്രാമത്തിനുണ്ട്‌ …
2. നിര്‍ത്താതെ ശബ്ദിച്ചു കൊണ്ടിരുന്ന മൊബൈലിന്‍റെ ഒച്ച കേട്ടാണ്  അയാള്‍ ഉണര്‍ന്നത്‌. സമയം രാത്രി 2 മണി കഴിഞ്ഞിരുന്നു. പരിചയമില്ലാത്ത നമ്പറില്‍ നിന്നുള്ള കോളാണ്. ഉറക്കച്ചടവോടെ അയാള്‍ ആ കോളെടുത്തു. “ഹലോ.. ആരാ?” “ആര്‍ യൂ മിസ്റ്റര്‍ അരുണ്‍?” …
3. ഒരിടത്തൊരിടത്ത്‌ കുമാരന്‍ എന്നു പേരുള്ള ഒരു മരം വെട്ടുകാരനുണ്ടായിരുന്നു. എന്നും രാവിലെ അയാള്‍ അടുത്തുള്ള കാട്ടില്‍ പോയി മരം വെട്ടിക്കൊണ്ട്‌ വരും. അങ്ങനെയിരിക്കെ ഒരു ദിവസം…
4. “എടാ എഴുന്നേല്‍ക്ക്‌..  സമയം 9 കഴിഞ്ഞു..” “അമ്മാ.. ഒരു 5 മിനുട്ട്‌ കൂടി ഉറങ്ങട്ടെ” “എടാ രമേശാ നിനക്കു 10 മണിക്ക്‌ എവിടെയോ പോകേണ്ടതല്ലേ..” രമേശന്‍ – 25 വയസ്സ്‌. ചുരുണ്ട മുടി. നല്ല ഒത്ത പൊക്കവും വണ്ണവും. ഇന്നു ഞായറാഴ്ചയായതിനാല്‍ അവനു ഓഫീസില്‍ പോകേണ്ട…
5. മറ്റുള്ളവ (അതു പിന്നേ, അഞ്ചാമത്തെ option അങ്ങനെ ആണല്ലോ).
ഇനി ഞാന്‍ പറയാന്‍ പോകുന്ന കഥയും അതിലെ കഥാപാത്രങ്ങളും.. അത്‌ നിങ്ങള്‍ തന്നെ വായിച്ചറിയുക:
വഴിവിളക്കുകള്‍ തെളിയാത്ത ഇടുങ്ങിയ ടാറിട്ട പാതയോരത്തെ കുടിലില്‍ സ്വയം കത്തിയെരിയുന്ന മെഴുകുതിരി നാളത്തിനു, തന്നെ വലം വയ്ക്കുന്ന കരി വണ്ടിനോട് പറയാന്‍ ഒരായിരം കഥകള്‍ കാണും. കഥകള്‍ പലതും കേട്ടും, കണ്ടും അതങ്ങനെ പാറിപ്പറന്ന് നടക്കും – വെളിച്ചത്തില്‍ നിന്ന് വെളിച്ചത്തിലേക്ക്‌.. ചിറകുകള്‍ തളരും വരെ…
അന്നാട്ടിലുമുണ്ടായിരുന്നു പേരു കേട്ടൊരു ആത്‌മഹത്യാ മുനമ്പ്‌. നല്ല ആഴവും പരപ്പും അടിയൊഴുക്കുമുള്ള ഒരാറിന്റെ മുകളില്‍ പണ്ട് ബ്രിട്ടീഷുകാര്‍ കെട്ടിയ, വളരെ പഴക്കമുള്ളൊരു പാലം. അവിടെ നടത്തിയ ആത്‌മഹത്യാ ശ്രമങ്ങളൊന്നും ഇതേവരെ പരാജയപ്പെട്ടതായി കേട്ടറിവില്ലത്രേ. പാലത്തിനു താഴെയുള്ള ചെളിക്കെട്ടില്‍ കാലും ശരീരവും പുതഞ്ഞു പോയാല്‍ പിന്നെ രക്ഷപ്പെടുക അസാധ്യമാണ്‌. അങ്ങനെ നൂറില്‍ പരം വര്‍ഷത്തെ സേവന പരമ്പര്യവുമായി നൂറ്‌ ശതമാനം സാക്ഷരത നേടിയ ഒരു ജനതയുടെ മുന്നില്‍ ആ പാലം ഇന്നും നെഞ്ചും വിരിച്ചങ്ങനെ നില്‍പ്പാണ്‌.
പാലത്തിന്റെ ഒരറ്റത്ത് പാതി ഓടിട്ടതും മറു പാതിയില്‍ ഓലമേഞ്ഞതുമായ ഒരു കുഞ്ഞു വീടുണ്ട്, ആ വീട്ടില്‍ പ്രായമായ ഒരു അമ്മൂമ്മയും. ഒറ്റ നോട്ടത്തില്‍ ആ വീട്ടില്‍ ആള്‍ താമസമുണ്ടോ എന്നു ആരും ഒന്നു സംശയിച്ചു പോകും. ചിതലെടുത്ത്‌ തുടങ്ങിയ ജനല്‍ പാളികള്‍. ചുവരിനോട് ചേര്‍ന്ന് പലയിടങ്ങളിലും വല കെട്ടി സ്വൈര വിഹാരം നടത്തുന്ന ചിലന്തി കുടുംബങ്ങള്‍. വരാന്തയിലെ ബള്‍ബിന് നല്ല കറുത്ത നിറം, കണ്ടിട്ടത്‌ കത്തുമെന്നും തോന്നുന്നില്ല.
ഉഷ:കാല സഞ്ചാരികളായ പറവകള്‍, ചിറകിട്ടടിച്ചു ചുവന്നു തുടുത്ത ആകാശത്തിലെ സൂര്യനെ നോക്കി പറന്നു പോകുന്ന കാഴ്ച പഴയ എല്‍ പി സ്കൂള്‍ ചിത്രരചനാ മല്‍സരങ്ങളിലെ ചില ചിത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു. ഒരു വള്ളപ്പാടകലെ പുഴയില്‍ കുളി കഴിഞ്ഞ്‌ ഉദിച്ചു പൊങ്ങുന്ന സൂര്യനെ കാണാന്‍, രാത്രി മുഴുവന്‍ നിലാവില്‍ മഞ്ഞേറ്റു തണുത്ത വെള്ളത്തില്‍ മുഖം നോക്കി മടുത്ത ചെന്തെങ്ങ് വേരറ്റു പോകും വിധം അല്പം കൂടി ചാഞ്ഞു നിന്നു.
“ഇവിടാരുമില്ലേ?”
“എന്താ? എന്തു വേണം?”
“എന്റെ പേരു ജോയി. ഞാനൊരു ഇംഗ്ലീഷ് പത്രത്തീന്നാ.. ഈ പാലത്തിനെ പറ്റി ഒരു കഥയെഴുതാന്‍ വന്നതാണു. അതിനു അമ്മൂമ്മ എന്നെ സഹായിക്കണം. ഈ പാലത്തിനെ പറ്റി അമ്മൂമ്മ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ കാര്യങ്ങള്‍ എനിക്കൊന്നു പറഞ്ഞു തരണം.”
“ഓ. അതിനെന്താ? മോന്‍ വാ.. ഞാന്‍ അകത്ത് പോയി കസേര എടുത്തിട്ട്‌ വരാം.”
“വേണ്ടമ്മൂമ്മാ.. ഞാന്‍ ഈ കൈവരിയില്‍ ഇരുന്നോളാം. എനിക്കിതാ ഇഷ്ടം.”
“എന്നാ പിന്നെ മോന്റെ ഇഷ്ടം. രാവിലെ കാക്ക കരയുന്നത് കേട്ടപ്പോഴേ എനിക്കറിയാമായിരുന്നു ഇന്നു വിരുന്നകാര്‍ ആരെങ്കിലും വരുമെന്നു.” (ചിരിക്കുന്നു)
“അമ്മൂമ്മ എത്ര നാളായി ഇവിടെ താമസം തുടങ്ങിയിട്ട്‌?”
“ഞാനും എന്റെ കെട്ട്യോനും കൂടി ഇവിടെ താമസിക്കാന്‍ വരുന്നത്‌ അമ്പത്തെട്ടിലാ.. അന്നിവിടെ ഇങ്ങനൊന്നുമല്ലാ. രണ്ട്‌ കാട്ടു  വഴികളെ ബന്ധിപ്പിക്കുന്ന ഒരു പാലം. ഇഴജന്തുക്കളുടെ വിഹാര കേന്ദ്രം. ആള്‍സഞ്ചാരവും വാഹനങ്ങളും നന്നേ കുറവ്. വയ്കുന്നേരമായാല്‍ ഞാനും അദ്ദേഹവും കൂടി ഈ ഉമ്മറപ്പടിയില്‍ വന്നു കാഴ്ച്ചകളും കണ്ടു കാറ്റും കൊണ്ടങ്ങനെ ഇരിക്കും. ഹാ.. അതൊക്കെ ഒരു കാലം. അദ്ദേഹം വലിയ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. ഉണ്ടായിരുന്നതൊക്കെ പാര്‍ട്ടിക്ക്‌ വേണ്ടി ചെലവാക്കി. ഒടുവില്‍ ഈ വീട്‌ മാത്രം ബാക്കിയായി. പക്ഷേ പറഞ്ഞിട്ടെന്താ, അവസാനകാലത്ത് ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രം. അദ്ദേഹം പോയിട്ട്‌ ഇപ്പോള്‍ ഏഴ് വര്‍ഷം.”
“മക്കളൊക്കെ?”
“അവരൊക്കെ അങ്ങു ദൂരെയാ.. അവര്‍ക്ക് ഇവിടൊന്നും നിന്നാല്‍ ശരിയാകത്തില്ല. ഓരോരുത്തര്‍ക്കും അവരവരുടെ കാര്യങ്ങള്‍. പക്ഷേ എനിക്ക്‌ ആരോടും യാതൊരു പരിഭാവവുമില്ല, പരാതിയുമില്ല. എനിക്കിവിടെ പരമ സുഖമാ.” അത്‌ പറഞ്ഞ്‌ കഴിഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞ പോലെ തോന്നി. ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും നീറ്റലുകള്‍ക്കപ്പുറം ഒരു വേര്‍പാടിന്റെ നൊമ്പരം ആ കണ്ണുകളില്‍ പ്രകടമായിരുന്നു.
“എന്നാലും ഒറ്റക്കിങ്ങനെ..”
“ഹേയ്‌.. ഒറ്റക്കോ.. ആ വളവ് തിരിഞ്ഞാല്‍ വീടുകള്‍ തുടങ്ങും. അവര്‍ക്കൊക്കെ എന്നെ വലിയ കാര്യമാ.. ദൊ അങ്ങോട്ട്‌ നോക്ക്‌, ഇവിടേക്കു നോക്കി ഒരു പെണ്‍കുട്ടി നടന്നു പോകുന്നത്‌ കണ്ടോ? അതാണു ഐഷകുട്ടി… കാണുന്ന പോലൊന്നുമല്ല. വല്യ മിടുക്കിയാ.. പാട്ടും ഡാന്‍സും ഒക്കെയുണ്ട്‌. ഇടക്കിടെ ഇവിടെ വരും. എന്നെ പാട്ടൊക്കെ പാടി കേള്‍പ്പിക്കും. അല്ലാ, ഞാന്‍ മറന്നു. മോന്‍ വന്നത്‌ പാലത്തിന്റെ വിവരങ്ങള്‍ അറിയാനല്ലേ.. അമ്മൂമ്മ ഇങ്ങനെയാ, സംസാരിക്കാന്‍ ആരെയെങ്കിലും കിട്ടിയാല്‍ പിന്നെ കാര്യങ്ങള്‍ പറഞ്ഞു കാട് കേറും.”
“അതൊന്നും സാരമില്ല..”
“മോനു എന്തൊക്കെയാ അറിയേണ്ടത്‌?”
“ഈ പാലത്തില്‍ ഒരുപാടു പേര്‍ ആത്മഹത്യ ചെയ്തതായി കേട്ടല്ലോ.. ശരിയാണോ?”
“ശരിയാണ്‌.. ഒത്തിരി പേര്‍ ഇവിടെ വന്നു, പാലത്തിന്റെ മുകളില്‍ നിന്നങ്ങ് ചാടും. മനുഷ്യര്‍ക്ക് തോന്നുന്ന ഓരോ വിഡ്ഡീത്തങ്ങളെന്നല്ലാതെ എന്താ പറയുക. പ്രേമനൈരാശ്യം, കട ബാധ്യത തുടങ്ങി പരീക്ഷക്ക് തോറ്റതിന് വരെ ഈ കടുംകൈ   ചെയ്തവരുണ്ട്.. ഇപ്പോഴത്തെ പിള്ളേര്‍ക്ക് തീരെ മനസ്സൊറപ്പില്ല. ചെറിയ കാരണം മതി… എല്ലാം അവസാനിപ്പിക്കും.”
“ആരെങ്കിലും ആത്മഹത്യ ചെയ്യുന്നത്‌ അമ്മൂമ്മ കാണാനിടയായിട്ടുണ്ടോ?”
“എങ്ങനെ കാണാനാ? ആരും കാണാനില്ലാത്തപ്പോഴല്ലേ അവരിതൊക്കെ ചെയ്യുന്നത്‌. പിന്നെ ഈ പോസ്റ്റിലെ ലൈറ്റ്‌ ഇതുവരെ രാത്രിയില്‍ കത്തി ഞാന്‍ കണ്ടിട്ടില്ല.. ഇടക്കിടെ കറണ്ടാപ്പീസീന്ന്  ജീപ്പില്‍ വന്നു ശരിയാക്കും. എന്നാലും അതിനെന്തോ രാത്രിയില്‍ കത്താന്‍ മടിയാ.. സന്ധ്യ കഴിഞ്ഞാല്‍ ഇരുട്ട് തന്നെ ഇരുട്ട്..”
“വെറുതെ അറിയാന്‍ വേണ്ടി ചോദിക്കുന്നതാ. ഇവിടെ ആത്മാക്കളെ കാണാറുണ്ടെന്ന് കേട്ടത്‌ ശരിയാണോ?”
“അതൊക്കെ വെറുതെയാ മോനേ.. നാട്ടുകാര്‍ക്കെന്താ പറയാന്‍ പാടില്ലാത്തത്‌! “
“അമ്മൂമ്മ ഇതുവരെ എന്തെങ്കിലും കണ്ടിട്ടുണ്ടോ?”
“ഞാന്‍ വര്‍ഷങ്ങളായി ഇവിടെയുണ്ട്, ഇതുവരെ ഒന്നും കണ്ടിട്ടില്ല. എനിക്കിതിലൊന്നും ഒട്ടും വിശ്വാസവുമില്ല. അല്ലേലും കാണാത്ത ഇത്തരം കാര്യങ്ങളെന്തിനാ വെറുതെ വലിച്ചു തലയില്‍ കേറ്റുന്നത്.”
“പക്ഷേ ഒരു കാര്യവുമില്ലാതെ നാട്ടുകാര്‍ അങ്ങനൊക്കെ പറയുവോ?”
“കഥകളാണേല്‍ ഒരുപാടുണ്ട് – ഒരു വെളുത്ത രൂപം രാത്രി ഇതു വഴി നടന്നു പോകുന്നത്‌ കണ്ടു, എന്നാല്‍ അടുത്തെത്തിയപ്പോള്‍ കാണാനില്ല. ചിലര്‍ പാലം കടക്കുമ്പോള്‍ ചില അപശബ്ദങ്ങള്‍ കേട്ടത്രേ. അങ്ങനെ അങ്ങനെ ഒരുപാട് കഥകള്‍.. വഴിമുടക്കികളാണ് ഇവിടുത്തെ മറ്റൊരു വില്ലന്‍ കഥാപാത്രം.”
തൊട്ടപ്പുറത്തെ മരച്ചില്ലകള്‍ ചെറുതയൊന്നുലഞ്ഞു.
“അമ്മൂമ്മാ അതൊരു മൂങ്ങയല്ലേ..”
“ആ.. അതൊരു പാവം കുരുടന്‍ മൂങ്ങ. മൂങ്ങക്ക്‌ പകല്‍ കണ്ണ് കാണില്ലെന്നറിയില്ലേ.. മോന്‍ ആ പുഴയുടെ നടക്കു ചെറിയ ഒരു ദ്വീപ് പോലെ കണ്ടില്ലേ?”
“കണ്ടായിരുന്നു.. എന്താ അത്‌? “
“അതൊന്നുമില്ല. സര്‍ക്കാരിന്റെയാ, കുറേ മരങ്ങളൊക്കെയായി, ഒരു കുഞ്ഞു കാടുപോലെ.. അവിടെ ഇതു മാതിരി ഒരുപാട് കിളികളുണ്ട്. പല നിറത്തിലും, തരത്തിലും വലിപ്പത്തിലുമായി ഒരുപാട്.. ചില സമയത്ത്‌ കിളികളുടെ വിചിത്രമായ കൂവല്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ മുറ്റത്തിറങ്ങി നോക്കാറുണ്ട്.. “
“ഉപദ്രവിക്കുന്ന പക്ഷികളുണ്ടോ?”
“ഏയ്.. ഉപദ്രവിക്കത്തൊന്നുമില്ല. വേറൊരു പ്രശ്നക്കാരനുണ്ട്‌ – മരപ്പട്ടി. ഇവിടെ കൂടുതലും ഓടിട്ട വീടുകളാണ്‌. തട്ടിന്‍പുറമുള്ള വീടുകള്‍ വൃത്തികേടാക്കുന്നതാണ് അവന്റെ പ്രധാന വിനോദം. ചിലതിനെയൊക്കെ വീട്ടുകാര്‍ പാത്തിരുന്നു വെടി വച്ചു കൊന്നിട്ടുണ്ട്. എന്നാലും ഒന്നു പോകുമ്പോള്‍ അടുത്തത്‌ എവിടുന്നേലും പ്രത്യക്ഷപ്പെടും.. രാത്രി ഇരുട്ടില്‍ തിളങ്ങുന്ന അതിന്റെ കണ്ണ് കണ്ടാല്‍ ശരിക്കും പേടിയാകും. “
(ദൂരെ ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം)
“അവിടൊരു ബഹളം കേള്‍ക്കുന്നുണ്ടല്ലോ. ഞാന്‍ ഒന്നു പോയി നോക്കിയിട്ട്‌ വരാം.”
“മോന്‍ പോയിട്ട്‌ വാ. തിരിച്ചു വരുമ്പോഴേക്കും അമ്മൂമ്മ കഴിക്കാന്‍ എന്തെങ്കിലും എടുക്കാം.”
“വേണ്ടമ്മൂമ്മാ.. ഞാന്‍ പിന്നെ കഴിച്ചോളാം.”
“അതൊന്നും പറഞ്ഞാല്‍ പറ്റില്ല. പാലില്ല, മോന്‍ കട്ടന്‍ ചായ കുടിക്ക്യോ?”
“കട്ടന്‍ മതി. എനിക്ക്‌ കട്ടനാ ഇഷ്ടം. ഞാന്‍ പോയിട്ട്‌ വരാം. ഇനിയും ഒരുപാടു കാര്യങ്ങള്‍ അറിയാനുണ്ട്‌.”
(അല്‍പ സമയം കഴിഞ്ഞ്‌)
“ആ ഐഷക്കുട്ട്യോ! മോളു നേരത്തെ എവിടെ പോയതാ ? എന്താ അവിടെ ഒരു ആള്‍ക്കൂട്ടം ? എന്താ കാര്യം?”
“ആരോ പാലത്തില്‍ നിന്ന് ചാടി. ഒരു ബൈക്കും അതിലൊരു കുറിപ്പും കിട്ടിയിട്ടുണ്ട്‌. ഏതോ പത്രപ്രവര്‍ത്തകനാണെന്നാ കേട്ടത്‌. അതിരിക്കട്ടെ അമ്മൂമ്മ നേരത്തെ ഒറ്റക്കിരുന്ന് സംസാരിക്കുന്നത് കണ്ടല്ലോ. എന്തു പറ്റി?”
“!!!”
ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ദാഹിച്ചു പുഴയുടെ ഒഴുക്കില്‍ അലിഞ്ഞു ചേര്‍ന്നു. കൈവരിപ്പുറത്തെ ആവി പറക്കുന്ന കട്ടന്‍ ചായക്ക്‌ പിന്നിലെ മെഴുകുതിരികള്‍ക്ക്, ഇന്നു രാത്രി പറയാന്‍ പുതിയൊരു കഥ കൂടി…

Comments

comments