വഴിപാട് – Sreerekha.K.R

28
  

Author :  Sreerekha.K.R

Company :  Alamy Images India Pvt Ltd

Email :   krsreerekha@gmail.com

വഴിപാട്                                                                                                                                                                                     *ജലശയ്യ= water bed
                                                                                      കറങ്ങിക്കൊണ്ടിരിക്കുന്ന  ഫാനിനു  താഴെ ഇളംനിറത്തിലുള്ള  ജലശയ്യയിൽ*  കിടന്ന്  അമ്മുട്ടിയമ്മ  ഞരങ്ങി . മേശപ്പുറത്ത് , തോൽവി  സമ്മതിച്ചിട്ടും  ഞങ്ങളെ  വിഴുങ്ങുന്നതെന്തിനെന്ന  പ്ലക്കാർഡുമായി  ഒരു കൂട്ടം  ഗുളികകൾ  സമരം ചെയ്യുന്നു .ഡെറ്റോളിന്റെ   മണം  തങ്ങി നിൽക്കുന്ന മുറിയുടെ  ഒരു മൂലയിൽ എതോ  മാഗസിൻ വായിച്ചുകൊണ്ടിരിക്കുന്ന  ഹോം  നേഴ്സ്   കണ്ടില്ല . അപ്പോഴേക്കും മാധവൻ  വന്നു .
  “അമ്മയ്ക്ക്  ഒരു മാറ്റവുമില്ല ,എന്നാണ് ഇതിനൊരവസാനമെന്ന  ആശങ്കയിലാണ്  ഏവരും .  എത്രയും വേഗം എല്ലാം കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു “
   — മാധവൻറെ  വിലാപം കേട്ട്  ഏതോ ഒരു വികാരം  എൻറെ  ചുണ്ടിനെ ഒരു വശത്തേക്കു  വലിച്ചു . എന്താണത് ?  ഓ ..പുച്ഛം …അതു  തന്നെ ..
                പിന്നാലെ  വന്ന ദേവിയും മാധവനെ ഏറ്റുപിടിച്ചു .ഏകദേശം  രണ്ടു മാസങ്ങൾക്കു  മുൻപ് അവരുടെ വീട്ടിൽ  ആദ്യമായി പോയപ്പോൾ  തന്നെ ദേവിയുടെ  തനി സ്വരൂപം  എനിക്കു  മനസ്സിലായതാണ് . എല്ലായ്പ്പോഴും താൻ നൂറു ശതമാനം  ശരിയാണ്  എന്നാണ് അവരുടെ ഭാവം .ഒരു തെറ്റും ചെയ്യാത്ത അവരെ  സഹിക്കേണ്ടി വരുമ്പോഴെല്ലാം  അവരുടെ മുന്നിൽ  ചെന്നതാണ് എന്റെ ഏറ്റവും വലിയ തെറ്റെന്നു എനിക്ക് തോന്നാറുണ്ട് !
                അന്ന് , പുതിയ സഹപ്രവർത്തകന്റെ  വീട്ടിൽ വിരുന്നു  ചെന്ന  എന്നെ വരവേറ്റത് അസഹ്യമായ  ദുർഗന്ധമായിരുന്നു .അടച്ചിട്ട  മുറിയിൽ അമ്മ മരണശയ്യയിലാണെന്നും  അവിടെ നിന്നാണ്  ഈ   ദുർഗന്ധമെന്നും  ഒരു ഉളുപ്പുമില്ലാതെ  പറഞ്ഞ മാധവനെ നിർബന്ധിച്ച്  ഒരു ഹോം നേഴ്സ്സിനെ ഏർപ്പാടാക്കി കൊടുത്തത്  ഞാനാണ് . അതിന്റെ പേരിൽ  ദേവിക്ക് എന്നോട്  അമർഷവുമുണ്ടായിരുന്നു . എന്നും വാരി തേയ്ക്കാറുള്ള  ക്രീമുകളുടെ ദുർഗന്ധത്തോടൊപ്പം  അവർ മുഖത്തൊട്ടിക്കാറുള്ള പ്ലാസ്റ്റിക്  ചിരി  അസഹ്യമായത് കൊണ്ട് തന്നെ അങ്ങോട്ടുള്ള  യാത്ര  ഞാൻ കഴിവതും ഒഴിവാക്കാറുണ്ട് .പക്ഷെ ഇന്ന് , ഇന്നൊരു സുപ്രധാന  ദിവസമാണ് .മാധവൻറെ  പ്രവാസികളായ  അളിയന്മാരെല്ലാം  വരുമ്പോൾ സുഹൃത്തായി താൻ  അവിടെ വേണമെന്ന്  അയാൾ ശഠിച്ചു . ദുബായിലും ലണ്ടനിലും  സാൻഫ്രാൻസിസ്കോയി ലുമുള്ള അളിയന്മാർ ഒത്തു കൂടുമ്പോൾ ഭാരതത്തിൻറെ  ദേശീയ പാനീയ സല്ക്കാരം പതിവാണ് .
                  എന്നാൽ  ഇന്ന് , ഏവരും കുളിച്ചു കുറിയിട്ട് ഭക്തിപൂർവ്വം  നിശബ്ദതയിലാണ് .പറഞ്ഞ  സമയത്തു  തന്നെ  പണിക്കർ  വന്നു . മുഹൂർത്തം  തീരുന്നതിനു മുൻപ് കബഡി  നിരത്തി .  ഏതോ  കടൽക്കരയിൽ നിന്നും പെറുക്കിയെടുക്കപ്പെട്ട  പാവങ്ങൾ  സ്വന്തം  ഭാവിയറിയാതെ പരക്കം പാഞ്ഞു .  പണിക്കരുടെ മൌനം കൂടി നിന്നവരുടെ  ക്ഷമ നശിപ്പിച്ചു .
                  കൂട്ടത്തിൽ  അല്പം തല മൂത്ത  കാരണവർ ഡോ .ശ്രീധരൻ  കുറച്ച്  ഉറക്കെത്തന്നെ  പറഞ്ഞു –   ”  എന്താണെന്നു  വച്ചാൽ ഇപ്പോൾ തീരുമാനിക്കണം . ഞങ്ങളീ  കാശും മുടക്കി കടൽ  കടന്നു വന്നിട്ട് വെറുതെയാവുന്നത് ഇതാദ്യത്തെ  തവണയൊന്നുമല്ല. ഇവിടുത്തെ issues  ഒക്കെ  ഒന്നവസാനിപ്പിച്ചിട്ടു വേണം ഈ ഫയലൊന്ന്  ക്ലോസ്  ചെയ്യാൻ !!! ഞങ്ങൾക്ക് വേറെയും  പണിയുണ്ട് .
                 ഒരു നിമിഷം .. 16 ഏക്കർ  പരന്നു  കിടക്കുന്ന  issues  നെക്കുറിച്ചോർതതപ്പോൾ എല്ലാവരുടെയും ഉള്ളൊന്നു തണുത്തു . അമ്മ മരിക്കാത്തത്‌  എന്തുകൊണ്ടാണെന്നു  കണ്ടുപിടിക്കാൻ മക്കൾ ഒരുപാട്  ദൂരെ നിന്നും വരുത്തിയ  പണിക്കർ സ്വന്തം അമ്മയെക്കുറിച്ചോർത്തുവോ  എന്തോ ..
               പണിക്കരുടെ  മൌനത്തിൽ  പലകയിലെ  കബഡിക ൾ  അസ്വസ്ഥരായി .
           എനിക്കെൻറെ  അമ്മയെ  ഓർമ  വന്നു.ഓർക്കുവാൻ  മാത്രമൊന്നും ഓർമ്മയിലില്ലെങ്കിലും  കയ്യാലപ്പുറത്തേക്കുള്ള  കോണിച്ചുവട്ടിൽ  പൊടി  പിടിച്ചു  മങ്ങിയ  ഒരു ചിത്രം  എൻറെ  കണ്ണിൽ   തെളിഞ്ഞു . ചിറ്റമ്മ  യ്ക്ക് എന്നെക്കാളും  ഇഷ്ടം അനിയനെയായിരുന്നു . ആർക്കും മമത  സ്വാഭാവികം . ഓ ..മതി.. സ്ഥിരം കഥ തന്നെ…
             പണിക്കർ  വീണ്ടും കബഡി  നിരത്തി  ചോദിച്ചു . “ഏതെങ്കിലും  അമ്പലത്തിൽ  പോകണമെന്ന്  അമ്മ ആഗ്രഹം പറയാറുണ്ടോ ? “
              ചോദ്യം തീരും മുൻപേ , മാധവൻ  വാ തുറക്കും മുൻപേ  എവിടെ നിന്നാണെന്നറിയില്ല  ദേവി അവതരിച്ചു  “കിടപ്പിലാവണേൻറെ  തലേന്നല്ലേ  മാധവേട്ടാ നമ്മള് അമ്മെ ഗുരുവായൂര്  കൊണ്ടോയില്ല്യെ ..    അസ്സലായി തോഴീച്ച് പ്രസാദോം വാങ്ങി  , അമ്മേ ഉഴിഞ്ഞ്  ആൾ രൂപോം  എടുത്തു വച്ചിട്ടാ ഏടത്തീ  ഞങ്ങൾ മടങ്ങിയത്.. “ശബ്ദം  അൽപം  താഴ്ത്തി 2 സ്പൂണ്‍  ദൈന്യത  ചേർത്ത്  -” ഈ കിടപ്പിനൊരുത്തരം  കിട്ട്യാ വെണ്ണ കൊണ്ട് തുലാഭാരോം നേർന്നുണ്ട്  ഏടത്തി  ഞാൻ … അല്ലെ മാധവേട്ടാ ..”
             മുക്കണോ  മൂളണോ  എന്നറിയാത്ത  മാധവൻ  വർഷങ്ങളായി  തനിക്കു  പരിചയമുള്ള “അതു  തന്നെ ” എന്ന ഭാവം മുഖത്ത്  ഭംഗിയായി വിരിയിച്ചു . “ചക്കിക്കൊത്ത  ചങ്കരൻ ” എന്ന പഴഞ്ചൊല്ലിൻറെ ജന്മം  ഈ വീടിൻറെ  പരിസരത്തെവിടെയെങ്കിലുമാകും .. മരണാനന്തരം  തുലാഭാരം  നേർച്ചയുണ്ടോ  എന്ന ചോദ്യം അസ്ഥാനത്താണെന്ന്  മനസ്സിലാക്കി ഞാൻ  സൌകര്യപൂർവ്വം  വിഴുങ്ങി .
              അനാവശ്യമായ  പ്രസ്താവനകൾ   ഇഷ്ടപ്പെടാത്ത  മട്ടിൽ  പണിക്കർ തൻറെ  ചോദ്യം  വിശദീകരിച്ചു .
              “ഏതോ ക്ഷേത്രത്തിൽ ഏതോ വഴിപാടിന് അമ്മ പണമുഴിഞ്ഞു  വച്ചിട്ടുണ്ട് . ശിവനെയാണു  ഞാൻ കാണുന്നത് . അതിനൊരു തീർച്ച  വരുത്താതെ ഈ ജീവന്  ശരീരം  വിടാനാവില്ല .”
                                  പണിക്കരുടെ  വിശദീകരണം  എല്ലാ മുഖത്തും  ഒരു പോലെ അമ്പരപ്പ് വിതച്ചു. “പ്രതിവിധിയെന്തെങ്കിലും ..”  മാധവൻ  തല ചൊറിഞ്ഞു . അപേക്ഷാസ്വരത്തോടൊപ്പം  കുറച്ചു ഗാന്ധി  മുഖങ്ങൾ ദക്ഷിണത്തട്ടിലെത്തി.  മാധവൻറെ  ചോദ്യത്തിന്റെ ഈണം പണിക്കർക്ക്  നന്നേ ബോധിച്ചു . മനസ്സിരുത്തി  വിചാരിച്ചപ്പോൾ  പരിഹാരവും തെളിഞ്ഞു .
                                 “തൽക്കാലം  പ്രശസ്തമായ  മൂന്നു  ശിവക്ഷേത്രങ്ങളിൽ  ദിവസപൂജ  നടത്തി  തീർത്ഥം  അമ്മയെ സേവിപ്പിക്കൂ . ഞാൻ എൻറെതായ  ഒരു പൂജയും നടത്താം . അതോടെ  ഈ ആത്മാവിനു  മോക്ഷം  കിട്ടി ഈ ശരീരം വിട്ടു പോകാൻ  കഴിയണേ  എന്ന് എല്ലാവരും പ്രാർത്ഥി ക്കൂ “
                                                               കേട്ട പാതി  കേൾക്കാത്ത  പാതി  ടാബ്ലെറ്റുകളും  ഗൂഗിൾ മാപ്പുകളും  ചേർന്ന് അമ്പലങ്ങളുടെ  പട്ടിക  തയ്യാറായി .സ്പാർക്കും  എക്കൊസ്പൊർട്ടും  എസ്  ക്രോസ്സും പാഞ്ഞു . 16 ഏക്കറിൻറെ വീതം വയ്പ്  മനക്കണക്ക്  കൂട്ടുന്ന നാത്തൂന്മാർക്കിടയിൽ  നിന്ന്,   ലക്ഷങ്ങൾ ചെലവാക്കി  അന്യനാട്ടിൽ  ഡോക്ടറാകാൻ  പഠിക്കുന്ന മകളുടെ മിടുക്കും  സൗന്ദര്യവും  വിവരിച്ച്  ദേവി  സംതൃപ്തിയടഞ്ഞു . അത്യാവശ്യമായി  whatsapp  നോക്കാൻ നെറ്റ് റീചാർജ്  ചെയ്യാൻ ഹോം  നേഴ്സ്  പോയത് കൊണ്ട് പതിവ് മരുന്ന് വൈകിയ  അസ്വസ്ഥതയിൽ  അമ്മുട്ടിയമ്മ  ഞരങ്ങി –  ഞാൻ ദേവിയോട് ഗുളിക  കൊടുക്കാൻ ആവശ്യപ്പെടുന്നത് വരെ!! …
                                                                                                                                            **************************************************************
                          പിറ്റേന്ന് രാവിലെ മാധവൻറെ നിർബന്ധം  വീണ്ടും എന്നെ ആ വീട്ടിലെ ഒരു കാഴ്ചക്കാരനാക്കി .അമ്മുട്ടിയമ്മയുടെ മേശപ്പുറത്തെ  മരുന്നുകൾ   പ്രസാദങ്ങൾക്കു സ്ഥാനമൊഴിഞ്ഞു കൊടുത്തിരിക്കുന്നു . സ്നേഹസമ്പന്നരായ  മക്കളും മരുമക്കളും  അമ്മയുടെ  കട്ടിൽ വലയം ചെയ്തു നില്ക്കുന്നുണ്ട്. ഹോം  നേഴ്സ്  സാധനങ്ങൾ എല്ലാം ഒതുക്കി ഡ്യൂട്ടി  അവസാനിപ്പിക്കാൻ തയ്യാറായ ഭാവത്തിൽ  നില്പ്പുണ്ട് . പേരക്കുട്ടികളിൽ  ഒരുവൻ  മൊബൈൽ  ക്യാമറ  ഓണ്‍ ചെയ്യാനൊരുങ്ങുന്നത്  സ്നേഹപൂർവ്വം  തടഞ്ഞു , ഞാൻ ഒരു മൂലയിൽ  ഒതുങ്ങി നിന്നു .
                          ഏക മകനായ  മാധവൻ ,  (വർഷങ്ങൾക്കു  ശേഷമായിരിക്കണം )  അമ്മയുടെ അടുത്തിരുന്നു പറഞ്ഞു .”ആദ്യം വടക്കും നാഥൻറെ തീർത്ഥം  തന്നെയാവാം .
    അമ്മ വലിയ വടക്കുംനാഥ  ഭക്തയാണല്ലോ .”
                             പ്രതീക്ഷയോടെ  അമ്മയുടെ പാതി തുറന്ന വായിൽ തീർത്ഥം  പകരുന്ന മാതൃസ്നേഹം കണ്ട്  കണ്ണല്ല  , നെഞ്ചാണ് കലങ്ങിയത് . തീർത്ഥം  ആ പാവം അമ്മ കുടിച്ചോ എന്തോ,  ഒഴിച്ചതിൽ  പാതി  ചുണ്ടിൻറെ  കോണുകളിലൂടെ  ഒഴുകി .ആ കണ്ണുകളടഞ്ഞു. ആ ശ്വാസം നിലച്ചു . മക്കൾക്കെല്ലാം  ആശ്വാസം ..
                      സംസ്കാര ക്രിയകൾക്കൊപ്പം  തന്നെ issues ഉം  ഒത്തു തീർപ്പാക്കാൻ  എല്ലാവരും നല്ല വണ്ണം  ഉത്സാഹിച്ചു . സ്വന്തം മകൻറെ  കൈ  കൊണ്ട് ഒരു തുള്ളി  വെള്ളം കുടിക്കാൻ ആ അമ്മക്ക് അവസരമൊരുക്കി കൊടുത്ത പണിക്കർക്ക് മനസ്സാ നന്ദി പറഞ്ഞു ഞാൻ വീട്ടിലേക്കു  നടന്നു .
           ആ അമ്മ കാത്തു കിടന്നത് ഈ ഒരു വഴിപാടിനു  വേണ്ടിയായിരുന്നിരിക്കാം   എന്ന് മനസ്സിൽ ആരോ ഉറക്കെ വിളിച്ചു പറഞ്ഞു  !!!…..

Comments

comments