ഓട്ടൊഗ്രാഫ് – Ambily S

Author : Ambily S.
Company : INFOSYS
Email : ambilys@yahoo.com

ഓട്ടൊഗ്രാഫ്

ഞാൻ ഹൈസ്കൂൾ കാലം ചിലവഴിച്ച ആ മലയോര ഗ്രാമത്തിലേക്ക് ഇങ്ങനെ ഒരു തിരിച്ചുവരവ്‌ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. ഇന്നലെ രാത്രി കൂടെ ഒരുപാടാലോചിച്ചു ഇത് വേണ്ടെന്നു വയ്ക്കണോ എന്ന്. പിന്നെ രണ്ടും കല്പിച്ചു ഇറങ്ങിത്തിരിക്കുകയായിരുന്നു. എന്നെങ്കിലും ഈ ഒളിച്ചോട്ടം അവസാനിപ്പിക്കണമല്ലോ. പിന്നെ ഇങ്ങനെ ഒളിച്ചോടാൻ മാത്രം എന്ത് തെറ്റാണു ഞാൻ ചെയ്തത്?

ഒരാഴ്ച മുൻപ് തികച്ചും അവിചാരിതമായാണ് ആ ഫേസ്ബുക്ക്‌ മെസ്സേജ് എന്നെ തേടി വന്നത്. “ഹൈസ്കൂളിൽ ഒരുമിച്ചു പഠിച്ച സുനിൽ ആണ് ഞാൻ” എന്ന ഒറ്റ വരി മെസ്സേജ്. സുനിൽൻറ്റെ പ്രൊഫൈലിൽ ഞാൻ ആദ്യം അന്വേഷിച്ചത് അവനെ ആയിരുന്നു, അജിത്തിനെ. അവനെ എനിക്ക് കണ്ടെത്താനായില്ല. ആദ്യം ഒന്ന് മടിച്ചിട്ടാണെങ്കിലും ഞാൻ സുനിലിനോട് കുറേ സംസാരിച്ചു. അവനാണ് ഇന്ന് സ്കൂളിൽ നടക്കാനിരിക്കുന്ന പൂർവവിദ്യാർഥി സംഗമത്തെ കുറിച്ച് പറഞ്ഞത്. ഒരുപാടു പഴയ സുഹൃത്തുക്കളുടെ വിശേഷങ്ങളും എങ്ങനെ എല്ലാവരെയും തേടിപ്പിടിച്ചു എന്നുമൊക്കെ അവൻ വാചാലനായി. ഞാൻ ആഗ്രഹിച്ചത്‌ അജിത്തിനെപ്പറ്റി അറിയാനായിരുന്നു. അവൻ അജിത്തിനെപ്പറ്റി ഒന്നും പറഞ്ഞില്ല; ചോദിയ്ക്കാൻ എൻറ്റെ അഭിമാനം അനുവദിച്ചതുമില്ല. അവൻ സംസാരിച്ച എല്ലാവരും ആദ്യം ചോദിച്ചത് എന്നെപ്പറ്റി ആയിരുന്നത്രെ. പണ്ടത്തെ എല്ലാ പിണക്കങ്ങളും മറന്നു താനും വരണമെന്ന് അവൻ പറഞ്ഞപ്പോൾ, ശ്രമിക്കാം എന്നൊരു മറുപടി ആണ് ഞാൻ കൊടുത്തത്. അന്ന് ഞാൻപോലും കരുതിയില്ല അതിങ്ങനെ ഒരു യാത്രയിൽ അവസാനിക്കുമെന്ന്.

പ്രതാപിന് ഡ്രൈവിംഗ് ഹരമാണ്. സ്ഥലം പറഞ്ഞപ്പോഴേ ആൾ റെഡി. അമ്മയുടെ ഫ്രണ്ട്സിൻറ്റെ കുട്ടികൾ ഒക്കെ ഉണ്ടാവുമോ എന്നായിരുന്നു മിന്നുവിനും പൊന്നുവിനും അറിയേണ്ടത്. കാർ മല കയറിത്തുടങ്ങി. മക്കൾ രണ്ടാളും നല്ലഉറക്കമാണ്. എന്നെ എൻറ്റെ ചിന്തകളിലേക്ക് സ്വസ്ഥമായി വിട്ടിട്ടു പ്രതാപ്‌ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു. ഞാൻ മൈൽക്കുറ്റികൾ നോക്കി ഇരിക്കുകയായിരുന്നു. ഇനിയും ഒരു ഒന്നര മണിക്കൂർ കൂടെ യാത്രയുണ്ടാവും.

ഇരുപതു വർഷങ്ങൾക്കു മുൻപായിരുന്നു ഈ വഴി അവസാനം യാത്രചെയ്തത്. അന്നത്തെ യാത്ര എതിർദിശയിലായിരുന്നു എന്നുമാത്രം. നിറഞ്ഞ കണ്ണുകളോടെ വെളിയിലേക്കുനോക്കിയിരുന്ന ആ പാവാടക്കാരിയുടെ മനസ്സ് ഇന്നും എനിക്ക് കൈയ്യെത്തിയാൽ തൊടാമെന്ന ദൂരത്താണ്. ഈ യാത്രയുടെ ഉദ്ദേശം തന്നെ രണ്ടുപേരെ കണ്ടുമുട്ടാനാണ്; എന്നെ കുറച്ചധികം സങ്കടപ്പെടുത്തിയ രണ്ടുപേർ. അജിത്തും രമടീച്ചറും. ഇവർ രണ്ടുപേരെയും കാണുമ്പോൾ എന്തുപറയണം, എങ്ങനെ പ്രതികരിക്കണം എന്നുള്ള കാര്യങ്ങളായിരുന്നു ഒരാഴ്ചയായി മനസ്സുനിറയെ. ഒന്നും സംഭാവിക്കാത്തതുപോലെ പെരുമാറി അവരെ ഞെട്ടിക്കണമെന്നു മനസ്സിൻറ്റെ ഒരു ഭാഗം പറഞ്ഞു; അതല്ല പറയാനുള്ളതെല്ലാം മുഖത്തുനോക്കി പറയണമെന്ന് എതിർഭാഗം വാദിച്ചു. സത്യത്തിൽ എനിക്കപ്പോഴും ഒരുതീരുമാനം എടുക്കാൻ കഴിഞ്ഞിരുന്നില്ല.

പൊതുമേഖലാ ബാങ്കിൽ ജോലിചെയ്തിരുന്ന അച്ഛന് ആ ഗ്രാമത്തിലേക്ക് സ്ഥലംമാറ്റം കിട്ടി. അങ്ങനെ ഞാൻ എട്ടാംക്ലാസ്സിലാണ് പുതിയ സ്കൂളിൽ ചേർന്നത്‌. SSLC ക്ക് വെറും 50% മാത്രം കുട്ടികൾ പാസ്സാവാറുള്ള ഒരു പാവം സർക്കാർ സ്കൂൾ. അജിത്തിനും ആ സ്കൂൾ പുതിയതായിരുന്നു. അജിത്തിൻറ്റെ അമ്മവീടായിരുന്നു അവിടെ. അച്ഛനും അമ്മയും ദൂരെ ഏതോ നാട്ടിലായിരുന്നു. പുതിയ സ്കൂളുമായി ഞാൻ വേഗം ഇണങ്ങി. വളരെ നല്ല അധ്യാപകരായിരുന്നു മിക്കവാറും എല്ലാവരും. നന്നായി പഠിക്കുന്ന ഒരു കുട്ടിയെ കിട്ടുന്നതുതന്നെ അവർക്ക് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. ഓണപ്പരീക്ഷയിൽ വളരെനല്ല മാർക്കുവാങ്ങി അധ്യാപകരെയൊക്കെ ഞാൻ വേഗം കൈയിലെടുത്തു, രമടീച്ചർ ഒഴികെ.

രമടീച്ചറെ ആദ്യമായി കണ്ടത് സ്കൂളിലെ എൻറ്റെ ആദ്യ ദിവസം തന്നെ ആയിരുന്നു. പെണ്‍കുട്ടികളുടെ സൈഡിൽ രണ്ടാം ബെഞ്ചിൻറ്റെ ഒന്നാമതായിരുന്നു ഞാൻ ഇരുന്നിരുന്നത്. ആണ്‍കുട്ടികളുടെ സൈഡിൽ അതേസ്ഥലത്ത് അജിത്തും. ഒന്നാം പീരീഡ്‌ കഴിഞ്ഞുള്ള ഇടവേളയിൽ ഞാൻ തിരിഞ്ഞിരുന്നു അജിത്തിനോട് സംസാരിച്ചു, ആദ്യമായി. ക്ലാസ്സിൽ ആകെ കലപില ബഹളം. മധ്യവേനലവധി കഴിഞ്ഞുള്ള ആദ്യദിവസം, എല്ലാവരും വിശേഷങ്ങൾ പങ്കിടുകയായിരുന്നു. പെട്ടെന്ന് എല്ലാം നിശ്ശബ്ദമായി. എന്താണ് സംഭവിച്ചതെന്നറിയാൻ ഞാൻ ചുറ്റും നോക്കി. ക്ലാസ്സിൻറ്റെ മുൻപിൽ ഒരുവശത്ത് വാതിലും മറ്റേവശത്ത് ഒരു ജനലുമാണുള്ളത്‌. സ്റ്റാഫ്‌റൂമിൽ നിന്ന് അധ്യാപകർ വരുന്നത് ജനലിലൂടെ കാണാം. അന്ന് ഞാൻ ആ ജനലിലൂടെ കണ്ടത് രണ്ടു കഴുകൻകണ്ണുകൾ എന്നെത്തന്നെ നോക്കുന്നതാണ്. എന്തോ തെറ്റുചെയ്തിട്ടെന്നപൊലെ അതെന്നെത്തന്നെ നോക്കുന്നു. കുറച്ചു നിമിഷങ്ങൾക്കകം ആ കണ്ണുകൾ വാതിലകടന്നു ക്ലാസ്സിലെത്തി. അതായിരുന്നു രമടീച്ചർ. പിന്നീടെന്നും ആ കണ്ണുകൾ എന്നെ പിൻതുടർന്നു. ഇന്നും രമടീച്ചറെകുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ആ കഴുകൻകണ്ണുകളാണ്.

ഫിസിക്സ്‌ ആയിരുന്നു രമടീച്ചറുടെ വിഷയം. നന്നായി പഠിപ്പിക്കുമായിരുന്ന ടീച്ചർ വളരെ ഗൗരവക്കാരിയായിരുന്നു. ഓണപ്പരീക്ഷകഴിഞ്ഞ് ഫിസിക്സ്‌ ഉത്തരക്കടലാസു കിട്ടിയത് ഞാൻ ഇപ്പോഴും നന്നായി ഓർമ്മിക്കുന്നു. മാർക്കിടുന്ന ഭാഗം ആകെ അലങ്കോലം. ആദ്യം 49, പിന്നെ 49-1, പിന്നെ 48-3/4. കുറേനെരംകൊണ്ടാണ് എനിക്ക് കാര്യം മനസ്സിലായത്, എൻറ്റെ മാർക്ക് 47 1/4 (നാല്പ്പത്തിയേഴേകാൽ) ആണെന്നും, ടീച്ചർ പലതവണ നോക്കി അക്ഷരത്തെറ്റിനുവരെ മാർക്ക് കുറച്ചിട്ടുണ്ടെന്നും. സത്യത്തിൽ ടീച്ചർ എൻറ്റെ മാർക്ക് കുറയ്ക്കാതിരിക്കാൻ പിന്നീടങ്ങോട്ട് ഞാൻ നടത്തിയ ശ്രമങ്ങളാണ് എന്നെ ഇവിടെവരെ എത്തിച്ചത്‌; എന്നെ ഒരു ഫിസിക്സ്‌ പ്രൊഫസർ ആക്കിയത്. പണ്ട് ഞാൻ ഈ കഥകൾ പറഞ്ഞപ്പോൾ പ്രതാപ്‌ പറഞ്ഞു ‘അതേ സ്മരണ വേണം സ്മരണ’.

സത്യത്തിൽ എനിക്ക് ടീച്ചറെ സ്മരണ ഉണ്ട്; ആ സ്മരണകളിലൊന്നും സ്നേഹത്തിൻറ്റെ ഒരിറ്റുപോലുമില്ല എന്നുമാത്രം. മറ്റ് അധ്യാപകർ എന്നെ ഒരുപാടു സ്നേഹിച്ചു, പ്രോത്സാഹിപ്പിച്ചു. അവരുടെ റാങ്ക് പ്രതീക്ഷയായിരുന്നു ഞാൻ. ഞാൻ ക്ലാസ്സിൽ ഇല്ലെങ്കിൽ അവർ ഒരുപ്രധാനപാഠഭാഗം മറ്റൊരുദിവസത്തെക്കായി മാറ്റിവച്ചു. ഞാൻ അജിത്തിനോട് സംസാരിക്കുമ്പോൾ അവരാരും എന്നെ സംശയത്തോടെ നോക്കിയില്ല. എനിക്ക് കുറേ നല്ല കൂട്ടുകാരികളെ കിട്ടിയെങ്കിലും അജിത്തായിരുന്നു എൻറ്റെ ബെസ്റ്റ് ഫ്രണ്ട്. സ്കൂളിൽ മാത്രമല്ല പിന്നീടങ്ങോട്ടുള്ള ജീവിതത്തിലും എൻറ്റെ ബെസ്റ്റ് ഫ്രണ്ട് എപ്പോഴും ഒരു ആണ്‍കുട്ടി ആയിരുന്നു. രണ്ടു പെണ്ണുങ്ങൾ എത്ര കൂട്ടായാലും അവർതമ്മിൽ ഒരു മത്സരബുദ്ധി ഉണ്ടാവും, കുറച്ചു അസൂയ ഉണ്ടാവും. പക്ഷേ ഒരു പെണ്ണും ആണും നല്ല കൂട്ടുകാരായാൽ അവർക്ക് അസൂയയും മത്സരവും മാറ്റിവച്ചു നല്ല സുഹൃത്തുക്കളാവാം എന്നാണ് എൻറ്റെ അനുഭവം. യഥാർത്ഥ സുഹൃത്തിനെ കണ്ടെത്താനുള്ള എൻറ്റെ സൂത്രവാക്യം തന്നെ ഇതാണ് – പരസ്പരം മത്സരമില്ലാതെ നന്മയും ഉയർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ യഥാർത്ഥ സുഹൃത്താണ്‌. എൻറ്റെ ഈ അഭിപ്രായത്തോട് പ്രതാപിന് അത്ര യോജിപ്പില്ല. രണ്ടു ആണ്‍കുട്ടികൾക്ക് നല്ല സുഹൃത്തുക്കളാവാം എന്നാണ് പ്രതാപ് അനുഭവം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നത്.

വളരെ ഗൗരവക്കരനയ ചേട്ടനും അധികം സംസാരിക്കാത്ത അമ്മയും മിക്കവാറും ജോലിയിലും വായനയിലും മുഴുകിയിരുന്നിരുന്ന അച്ഛനും ആയിരുന്നു വീട്ടിൽ. എനിക്ക് വളരെ തുറന്നു സംസാരിക്കാൻ പറ്റുന്ന ഒരു സുഹൃത്തായിരുന്നു അജിത്ത്. നല്ല കഴിവുണ്ടെങ്കിലും പഠിക്കാൻ മടിയൻ, പഠിക്കാതെ എങ്ങനെ മാർക്ക്‌ വാങ്ങാം എന്നായിരുന്നു അവൻറ്റെ ചിന്ത. പക്ഷേ ഞാൻ നന്നായി പഠിക്കണമെന്നും റാങ്ക് വാങ്ങണമെന്നുമൊക്കെ അവൻ വളരെയധികം ആഗ്രഹിച്ചിരുന്നു.

പത്താം ക്ലാസ്സിലെത്തിയപ്പോൾ ഞങ്ങളുടെ ഇംഗ്ലീഷ് ടീച്ചറും രമടീച്ചർ തന്നെ ആയി. ഞങ്ങളുടെ സ്കൂളിൽ ഇംഗ്ലീഷിനു പ്രത്യേകം അധ്യാപകരില്ലയിരുന്നു. കണക്കോ സയൻസോ പഠിപ്പിക്കുന്നവർതന്നെ ആയിരുന്നു ഇംഗ്ലീഷും പഠിപ്പിച്ചിരുന്നത്. ഇംഗ്ലീഷ് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള വിഷയമായിരുന്നു. എല്ലാവരും റാങ്ക് കിട്ടുമെന്നൊക്കെ പറയുമെങ്കിലും എനിക്കറിയാമായിരുന്നു ഇംഗ്ലീഷിൽ ഞാൻ പിന്നിലാവുമെന്ന്. ഓണപ്പരീക്ഷ കഴിഞ്ഞ് വളരെ പേടിയോടെയാണ് ഞാൻ ഇംഗ്ലീഷിൻറ്റെ ഉത്തരക്കടലാസ് കൈയ്യിൽ വാങ്ങിയത്. അതിലെ മാർക്ക് കുറച്ചൊന്നുമല്ല എന്നെ അത്ഭുതപ്പെടുത്തിയത്. ഒന്നാം പേപ്പറിനും രണ്ടാം പേപ്പറിനും അൻപതിൽ അൻപത്. ഒരു വെട്ടിത്തിരുത്തലുമില്ലാത്ത ഫിസിക്സ്‌ ഉത്തരക്കടലാസ്. എനിക്ക് ശരിക്കും സങ്കടം വന്നു. ഇതുവരെ രമടീച്ചർ മാർക്ക് കുറച്ചതിന് വിഷമിച്ചിരുന്ന ഞാൻ അന്നാദ്യമായി മുഴുവൻ മാർക്ക് കിട്ടിയപ്പോൾ അതിലേറെ വിഷമിച്ചു. മറ്റുകുട്ടികൾ എന്നെ അത്ഭുതത്തോടും അസൂയയോടെയും നോക്കി. എനിക്കുതന്നെ കണ്ടെത്താനായ അക്ഷരത്തെറ്റുകളും വ്യാകരണത്തെറ്റുകളും എന്നെനോക്കി പരിഹസിക്കുന്നതുപോലെ തോന്നി. അങ്ങനെ എനിക്ക് ഓണപ്പരീക്ഷയ്ക്ക് അറുനൂറിൽ അഞ്ഞൂറ്റിഎണ്‍പത്തിരണ്ടു മാർക്കായി. തലേ വർഷത്തെ SSLC ഒന്നാം റാങ്ക് കിട്ടിയ കുട്ടിയുടെ മാർക്ക്. ടീച്ചർ ക്ലാസ്സിൽ നിന്നുപോയപ്പോൾ മറ്റു കുട്ടികൾവന്നെൻറ്റെ ഉത്തരക്കടലാസു വാങ്ങി നോക്കി. അജിത്തിന് പോലും എൻറ്റെ വിഷമം ആദ്യം മനസ്സിലായില്ല. ഇത്രേം മാർക്ക് കിട്ടിയിട്ടും എന്താ വിഷമം എന്നവൻ ചോദിച്ചപ്പോൾ എനിക്കിത്രേം മാർക്ക് വേണ്ട എന്നുപറഞ്ഞു ഞാൻ കരഞ്ഞു.

പിറ്റേന്ന് ഞാൻ രണ്ടും കല്പിച്ചു രമ ടീച്ചറെ പോയി കണ്ടു. ‘ടീച്ചർ, ഇംഗ്ലീഷിനു ഇത്രേം മാർക്കൊക്കെ കിട്ടുമോ? എനിക്ക് തോന്നുന്നത് ഇതിൽ കുറച്ചു തെറ്റൊക്കെ ഉണ്ടെന്നാണ്’ എന്ന് ഞാൻ പറഞ്ഞു. ‘മാർക്ക് വെറുതെ കുറയ്ക്കുന്നതൊക്കെ പണ്ടായിരുന്നു. ഇപ്പൊ എല്ലവിഷയത്തിനും ഫുൾ മാർക്കൊക്കെ കൊടുക്കും’. ടീച്ചറുടെ ഈ മറുപടികേട്ട് ഞാൻ നിരാശയായി തിരിച്ചുപോന്നു.

ക്രിസ്മസ് പരീക്ഷയ്ക്ക് മൂന്നുനാലാഴ്ച്ച മുൻപായിരുന്നു സ്കൂളിലെ വിനോദയാത്ര. വലിയ സ്കൂളുകളിലെപോലെ ഓരോ ക്ലാസ്സിനും ആയിട്ടായിരുന്നില്ല ഞങ്ങളുടെ വിനോദയാത്ര. എല്ലാ ക്ലാസ്സും കൂടി ഒരു ബസിൽ പോവാനുള്ള ആളുകളേ ഉണ്ടാവൂ. അത്തവണ രണ്ടുദിവസത്തെ യാത്രയായിരുന്നു, തിരുവനന്തപുരവും കന്യാകുമാരിയും. മുപ്പതു കുട്ടികളുള്ള എൻറ്റെ ക്ലാസ്സിൽനിന്നു പത്തു പേരൊക്കെ വന്നിരുന്നു. അജിത്തിന്റ്റെ അച്ഛന് പണം ശരിയാവാത്തതിനാൽ അവൻറ്റെ യാത്ര അവസാനനിമിഷം മുടങ്ങി. യാത്ര കഴിഞ്ഞുവന്ന ഞങ്ങളെ ഞെട്ടിച്ച ഒരുകാര്യമുണ്ടായിരുന്നു. രമടീച്ചർ ഫിസിക്സിലെ മൂന്നു അദ്ധ്യായങ്ങൾ എടുത്തുതീർത്തിരിക്കുന്നു. ഞങ്ങളുടെ ഒപ്പം യാത്ര വന്ന അധ്യാപകരുടെ പീരിയട്സ് ഒക്കെ എടുത്താണ് ടീച്ചർ ആ ചതി ചെയ്തത്. സത്യത്തിൽ അജിത്ത് ഒഴികെ ഒരുവിധം പഠിക്കുന്ന എല്ലാകുട്ടികളും വിനോദയാത്രയ്ക്ക് വന്നിരുന്നു. ഞാൻ ജീവിതത്തിലാദ്യമായി പന്ത്രണ്ടുമണിവരെയൊക്കെ ഇരുന്നു പഠിച്ചത് ആ ദിവസങ്ങളിലാണ്‌. ഇത്തരം ചെറിയ പ്രശ്നങ്ങൾക്കിടയിലും എൻറ്റെ സ്കൂൾ ജീവിതം വളരെ സന്തോഷകരമായി പോയി. അച്ഛനും അമ്മയ്ക്കും ആ സ്ഥാലം വളരെ ഇഷ്ടമായിരുന്നു. വീടൊക്കെ വച്ച് അവിടെത്തന്നെ സ്ഥിരതാമസമാക്കാനൊക്കെ അവർ ആലോചിച്ചുതുടങ്ങി. അധികം ദൂരെയല്ലാതെ തൊട്ടടുത്ത പട്ടണത്തിൽ കോളേജും ഉണ്ടായിരുന്നു. എന്നാൽ ഈ പ്ലാനുകളേയും എൻറ്റെ ജീവിതത്തെ ആകെത്തന്നെയും മാറ്റിമറിക്കുന്ന ആ സംഭവം ഉണ്ടായതു എൻറ്റെ പത്താം ക്ലാസ്സിലെ അവസാനദിവസമാണ്. ഞങ്ങൾ സോഷ്യൽ എന്ന് വിളിച്ചിരുന്ന ഞങ്ങളുടെ ഫേർവൽ ദിവസം.

ആദ്യമായി സരിയുടുത്തതിൻറ്റെ സന്തോഷം, അധ്യാപകർക്കായി ഒരുക്കുന്ന ചായസൽക്കാരത്തിൻറ്റെ തിരക്ക്, പിന്നെ കണ്ണീരിൽ കുതിർന്ന ഓട്ടൊഗ്രാഫ് പേജുകൾ. വിടപറയലിൻറ്റെ സങ്കടങ്ങൾ. അങ്ങനെ ആ ദിവസം വളരെ തിരക്കുപിടിച്ചതായിരുന്നു. ഒരുപാട് കാര്യങ്ങൾ അജിത്തിനോട് ഇനിയും പറയാനുണ്ട്‌. പരീക്ഷകഴിഞ്ഞു പോയാൽ അവനെ ഇനി എന്നുകാണാൻ പറ്റുമെന്നറിയില്ല. വല്യച്ചനും വല്യമ്മയ്ക്കും ഒരുപാടു പ്രായമായി. ഇനി അവരെ ബുദ്ധിമുട്ടിക്കാൻ പറ്റില്ല. അതുകൊണ്ടവൻ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവുകയാണ്.

സ്കൂൾ ഓഡിട്ടോറിയത്തിൽ മീറ്റിംഗ് തുടങ്ങാറായപ്പോഴാണ് ക്ലാസ്സിൽ വച്ചുമറന്ന ഓട്ടൊഗ്രാഫിനെപ്പറ്റി ഞാൻ ഓർത്തത്. അതെടുക്കാനായി ഞാൻ ക്ലാസ്സിലേക്ക് ഓടിപ്പോയി. ക്ലാസ്സിൽ നിന്ന് തിരിച്ചിറങ്ങാൻ തുടങ്ങുമ്പോൾ അജിത്ത് മുൻപിൽ. അവൻറ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ‘കുറച്ചു നാൾ കഴിയുമ്പോ നീ എന്നെ മറക്കും, എനിക്കറിയാം’ അവൻ പറഞ്ഞു. എനിക്കും കരച്ചിൽ വന്നു. ‘എല്ലാ ആഴ്ചയും എഴുത്തയക്കണം’ ഞാൻ പറഞ്ഞു. ഓഡിട്ടോറിയത്തിൽ നിന്ന് മൈക്കിലൂടെ അനൗൻസ്മെന്റ്റ് കേട്ടുതുടങ്ങി. ‘വാ നമുക്ക് പോവാം’ ഞാൻ പറഞ്ഞു. അവൻ എൻറ്റെ കൈയ്യിൽ പിടിച്ചു. ‘ഞാൻ ഒന്ന് ഉമ്മ വച്ചോട്ടെ?’ അവൻറ്റെ ചോദ്യം. ‘അയ്യേ വേണ്ട’ എന്ന് ഞാൻ പറഞ്ഞെങ്കിലും അവൻറ്റെ ചുണ്ടുകൾ എൻറ്റെ കവിളിൽ തൊട്ടു. അവനെ തള്ളിമാറ്റുമ്പോൾ ഞാൻ ആദ്യം കണ്മുന്നിൽ കണ്ടത് ആ കഴുകൻ കണ്ണുകളായിരുന്നു. ആദ്യമായി ഞാൻ ആ കണ്ണുകൾ കണ്ട അതേസ്ഥലത്ത്. രമടീച്ചർ ഞങ്ങളുടെ മുന്നിൽ വന്നുനിന്നപ്പോൾ എനിക്ക് ശബ്ദിക്കാനായില്ല. എൻറ്റെ കൈയ്യിൽ നിന്ന് ഓട്ടൊഗ്രാഫ് താഴെ വീണുപോയി. ആ ഓട്ടൊഗ്രാഫിനൊപ്പം എനിക്കന്നു നഷ്ടമായത് ഒരുപിടി സൗഹൃദങ്ങളും ഒരുപാട് നല്ല ഓർമ്മകളുമായിരുന്നു.

പിന്നങ്ങോട്ട് നടന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്തതാണ്. പ്രിൻസിപ്പലിൻറ്റെയും അധ്യാപകരുടെയും മുന്നിൽ മുഖം താഴ്ത്തി ഞങ്ങൾ രണ്ടാളും നിന്നു. ഞാൻ ഏറ്റവും ബഹുമാനിച്ചിരുന്ന എൻറ്റെ ക്ലാസ്സ്‌ ടീച്ചർ, എബ്രഹാം സാർ, അദ്ദേഹത്തിൻറ്റെ മുഖത്തുനോക്കാൻ എനിക്ക് കഴിഞ്ഞില്ല.
എൻറ്റെ അച്ഛനെയും അജിത്തിൻറ്റെ വല്യച്ചനെയും ആളയച്ചു വരുത്തി. എനിക്കിതു പണ്ടേ സംശയം ഉണ്ടായിരുന്നു; പിന്നെ പഠിക്കുന്ന കുട്ടിയായതുകൊണ്ട്‌ അത്ര കാര്യമാക്കിയില്ല എന്നാണ് എൻറ്റെ അച്ഛനോട് ടീച്ചർ പറഞ്ഞത്. ഓഡിട്ടോറിയത്തിൽ ഞങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. പരിപാടികൾ എന്തെങ്കിലും നടന്നോ എന്നുതന്നെ എനിക്കറിയില്ല. ഞങ്ങളുടെ ക്ലാസ്സ്‌ ഫോട്ടോയിൽ ഞാനും അജിത്തും പിന്നെ എബ്രഹാം സാറും ഉണ്ടായില്ല.

വീട്ടിലേക്കുള്ള യാത്രയിൽ അച്ഛൻ ഒന്നും സംസാരിച്ചില്ല. വീട്ടിലെത്തി അമ്മയോട് അച്ഛൻ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അമ്മ ‘ഞാനിനി എന്തിനു ജീവിച്ചിരിക്കണം’ എന്ന് പറഞ്ഞു തലക്കടിച്ചു കരഞ്ഞു. ആരും കൂടുതലൊന്നും സംസാരിച്ചില്ല. എന്താണ് സത്യത്തിൽ സംഭവിച്ചതെന്ന് അവരെന്നോട് ചോദിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. കഴിഞ്ഞത് കഴിഞ്ഞു. പഠിത്തം ഉഴാപ്പതിരുന്നാൽ നിനക്കുതന്നെ നല്ലത് എന്ന് മാത്രം അച്ഛൻ പറഞ്ഞു. അന്നേക്കു പത്താം ദിവസം SSLC പരീക്ഷ തുടങ്ങും. രണ്ടു ദിവസത്തേക്ക് എനിക്ക് ഒന്നും പഠിക്കാൻ കഴിഞ്ഞില്ല. എഞ്ചിനീയറിങ്ങിന് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന ചേട്ടൻ പതിവുപോലെ ശനിയാഴ്ച വീട്ടിലെത്തി. ചേട്ടനെ ഫേസ് ചെയ്യാൻ ഞാൻ വല്ലാതെ പേടിച്ചു. ആവശ്യത്തിനു മാത്രം സംസാരിക്കുന്ന, എപ്പോഴും പുസ്തകങ്ങളുടെയിടയിൽ ജീവിക്കുന്ന ആളായിരുന്നു ചേട്ടൻ. എത്ര മോശമായിട്ടാവും ചേട്ടൻ എന്നെപ്പറ്റി വിചാരിക്കുക എന്നോർത്ത് ഞാൻ ഒരുപാടു വിഷമിച്ചു. അന്ന് എൻറ്റെ മുറിയിൽ ചേട്ടൻറ്റെ കാൽപ്പെരുമാറ്റം ഞാൻ തിരിച്ചറിഞ്ഞു. തിരിഞ്ഞു നോക്കാൻ ശക്തിയില്ലാതെ ഞാൻ ബുക്കിലേക്ക് നോക്കിയിരുന്നു. എൻറ്റെ കണ്ണീരുവീണു മഷിപടർന്ന ബുക്ക് മാറ്റിവച്ചിട്ട് ചേട്ടൻ എൻറ്റെ കട്ടിലിൽ ഇരുന്നു.

ഇതൊരു ചെറിയ കാര്യമാ. ഇത് നിൻറ്റെ പഠിപ്പിനെ ബാധിക്കാൻ അനുവദിച്ചാൽ അത് വലിയ മണ്ടത്തരമാവും. ഈവൻ ദിസ്‌ വിൽ പാസ്‌ അവയ്. ഇത്രയും കാര്യങ്ങൾ വളരെ സാവധാനം ശാന്തനായി പറഞ്ഞിട്ട് ചേട്ടൻ വെളിയിൽ പോയി. പിറ്റേന്ന് വൈകിട്ട് ഹൊസ്റ്റലിലേക്ക് പോവുംമുമ്പ് ചേട്ടൻ ഒരിക്കൽക്കൂടി അതേ വാചകം പറഞ്ഞു ‘even this will pass away’. ഇത്തവണ ഞാൻ മുഖത്തുനോക്കാൻ ധൈര്യം കാണിച്ചു. അപ്പോൾ ആ മുഖത്ത് ഒരു ചെറിയ ചിരിയും ഉണ്ടായിരുന്നു.
അന്ന് മാത്രമല്ല പിന്നീടങ്ങോട്ടുള്ള ജീവിതത്തിലെ എല്ലാ വിഷമങ്ങളിലും എന്നെ ആശ്വസിപ്പിച്ചത്‌ ആ ചെറിയ വാചകമായിരുന്നു; ‘ഈവൻ ദിസ്‌ വിൽ പാസ്സ് അവയ്’

അജിത്തിനോട് ഞാൻ പിന്നെ സംസാരിച്ചിട്ടേ ഇല്ല. അജിത്തിനോട് മാത്രമല്ല എൻറ്റെ കൂടുകാർ ആരോടും. പരീക്ഷയുടെ എല്ലാദിവസങ്ങളിലും അമ്മ എന്നോടൊപ്പം സ്കൂളിൽ വന്നു, ക്ലാസിനു വെളിയിൽ എനിക്കായി കാത്തിരുന്നു, എന്നെ തിരികെ കൊണ്ടുവന്നു. ഞാൻ അവൻറ്റെ ഒപ്പം ഒളിച്ചോടുമോ എന്ന് അവർ പേടിച്ചിരുന്നെന്നു തോന്നുന്നു. പരീക്ഷകഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞപ്പോൾത്തന്നെ അച്ഛന് ദൂരെയുള്ള പട്ടണത്തിലേക്ക് സ്ഥലംമാറ്റം ആയി. അച്ഛൻ ചോദിച്ചുവാങ്ങിയതായിരുന്നു അത്. ‘എത്ര ദൂരെ കിട്ടുമോ അത്രയും ദൂരെ പോവണം’ എന്ന് അച്ഛൻ ഒരു സുഹൃത്തിനോട്‌ പറഞ്ഞത് എൻറ്റെ മുന്നിൽവച്ചാണ്.
SSLC പരീക്ഷയ്ക്ക് ഞാൻ പ്രതീക്ഷിച്ചപോലെ ഇംഗ്ലീഷിനൊഴികെ എല്ലാ വിഷയങ്ങൾക്കും എനിക്ക് വളരെ നല്ല മാർക്ക് കിട്ടി. ഇംഗ്ലീഷിനു എണ്‍പതു ശതമാനവും. പ്രേമിച്ചു നടന്നു റാങ്ക് കളഞ്ഞു എന്ന് എല്ലാവരും എന്നെപ്പറ്റി പറഞ്ഞിട്ടുണ്ടാവണം. അജിത്തിന് എത്ര മാർക്ക് കിട്ടി എന്നുപോലും ഞാൻ അറിഞ്ഞില്ല.

ഞാൻ വേഗം തന്നെ പുതിയ പട്ടണത്തിൻറ്റെ സന്തതി ആയി. അജിത്തിനെ മറക്കാൻ ശ്രമിച്ചു. അവൻ എന്നെ പ്രണയിച്ചിരുന്നോ എന്നോർത്ത് അദ്ഭുതപ്പെട്ടു. അവനോടുള്ള എൻറ്റെ ഇഷ്ടം പ്രണയമായിരുന്നോ എന്ന് വീണ്ടും വീണ്ടും എന്നോടുതന്നെ ചോദിച്ചു. എന്തായാലും പുതിയ കോളേജും കൂട്ടുകാരുമൊക്കെയായി സന്തോഷത്തിൻറ്റെ ദിവസങ്ങൾ തിരികെ വന്നു.

പക്ഷേ എൻറ്റെ അച്ഛൻ പിന്നീടൊരിക്കലും എന്നെ വിശ്വസിച്ചില്ല, മരണം വരെ. എൻറ്റെ ആണ്‍ സുഹൃത്തുക്കളെ സംശയത്തോടെയെ പിന്നീടെപ്പോഴും അച്ഛൻ കണ്ടുള്ളൂ. ഒരിക്കൽ അച്ഛൻറ്റെ സഹോദരി എനിക്ക് വിവാഹമാലോചിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞത് ‘ആർക്കറിയാം ഇവൾക്ക് ആരോടെങ്കിലും ഇഷ്ടം ഉണ്ടോ എന്ന്. ഞാൻ ആലോചിക്കണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല’ എന്നായിരുന്നു. എന്തായാലും ആ വാക്കുകൾ അറംപറ്റി. എൻറ്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ സഹോദരനായ പ്രതാപിനെ ഞാൻ ആദ്യമായി കണ്ടത് അതേ ദിവസമാണ്.

ഇന്ന് കാലം എത്ര മാറിയിരിക്കുന്നു. പത്തുവയസ്സുകാരിയായ മിന്നു കുറച്ചുദിവസങ്ങൾക്ക് മുൻപ് എന്നോട് ചോദിച്ചു, അമ്മേ എനിക്കൊരു ക്രഷ് ഉണ്ട്. അതിൽ കുഴപ്പം വല്ലോ ഉണ്ടോ?
എന്ത് കുഴപ്പം? ഞാൻ ചോദിച്ചു. അല്ല എൻറ്റെ ഒരു ഫ്രണ്ട് പറഞ്ഞു ക്രഷ് ഉള്ളത് മോശമാണെന്ന്.
ഒരു ക്രഷ് ഉള്ളത് കുഴപ്പമൊന്നുമില്ല. ആറാം ക്ലാസ്സിൽ പഠിക്കുമ്പോ എനിക്കും ഉണ്ടായിരുന്നു ക്രഷ്. പക്ഷേ അടുത്ത വർഷം ആയപ്പോ വേറെ ആളോടായി ക്രഷ്. ഞാൻ എന്തൊരു മണ്ടിയാ മുൻപത്തെ ആൾ തീരെ പോര എന്ന് തോന്നി. നമ്മൾ വളരുന്തോറും നമ്മുടെ ഇഷ്ടങ്ങളും മാറും. അങ്ങനെ മാറി മാറി പഠിത്തം ഒക്കെ കഴിഞ്ഞ്, ജോലി ഒക്കെ വാങ്ങി കഴിഞ്ഞ് എനിക്കുണ്ടായ ക്രഷ് ആണ് ഈ ഇരിക്കുന്നത്’ എന്ന് പറഞ്ഞ് ഞാൻ പ്രതാപിന് നേരെ കൈ ചൂണ്ടി.

അപ്പൊ എന്താ പ്ലാൻ? നമ്മൾ എത്താറായി. പ്രതാപിൻറ്റെ ചോദ്യം എന്നെ ചിന്തകളിൽ നിന്നുണർത്തി.
എന്ത് പ്ലാൻ? ഞാൻ ചോദിച്ചു.
അജിത്തിനോട് നിനക്കിപ്പോഴും ദേഷ്യമാണോ?
സത്യത്തിൽ അതെനിക്കിപ്പോഴും തിരിച്ചറിയാനാവുന്നില്ല. ഒരുനിമിഷത്തെ അവൻറ്റെ പ്രവൃത്തി, മനപൂർവമല്ലെങ്കിൽ കൂടി അതെനിക്കുണ്ടാക്കിയ വേദനകൾ.
ഇരുപതു വർഷങ്ങൾ ഒരുവാക്കുപോലും മിണ്ടാതിരുന്നില്ലേ. അത്രയും ശിക്ഷ പോരേ? പ്രതാപ്‌ പറഞ്ഞു.
പിന്നെ ആ ടീച്ചർ. ഐ തിങ്ക്‌ യു ഷുഡ്‌ താങ്ക് ഹേർ.
അവരില്ലായിരുന്നെങ്കിൽ നിനക്ക് ഇത്ര നല്ല ഒരു അധ്യാപികയവാൻ കഴിയുമായിരുന്നോ? എനിക്ക് തോന്നുന്നു ഇല്ല എന്ന്. പിന്നെ ഇത് എൻറ്റെ മാത്രം അഭിപ്രായമാണ്.

മഞ്ഞയും ബ്രൌണും ചായം പൂശിയ സ്കൂൾ കെട്ടിടം കണ്ടപ്പോൾ എന്റ്റെ ഹൃദയം വേഗത്തിൽ മിടിച്ചു. കെട്ടിടങ്ങളും കളിസ്ഥലങ്ങളുമൊക്കെ മനസ്സിൽ ഉണ്ടായിരുന്ന ചിത്രത്തേക്കാൾ ഒരുപാടു ചെറുതായിപ്പോയിരുന്നു.
അവിടവിടെയായി പാർക്ക്‌ ചെയ്തിരുന്ന കാറുകളുടെയിടയിൽ പ്രതാപ്‌ ഞങ്ങളുടെ കാറും പാർക്ക്‌ ചെയ്തു. അവിടെ കൂടി നിന്നിരുന്നവരുടെ ഇടയിൽ ഞാൻ പരിചയമുള്ള മുഖങ്ങൾക്കായി പരത്തി.
ആദ്യം കണ്ടെത്തിയത് സുനിലിനെ ആണ്. പിന്നെ ഓരോരുത്തരെയായി കണ്ടുമുട്ടി. എല്ലാവരെയും ഞാൻ എളുപ്പം തിരിച്ചറിഞ്ഞു, പേരും കളിപ്പേരും ഒക്കെ വിളിച്ചു ഞെട്ടിച്ചു. ടീച്ചേർസ് ഒക്കെ എത്തുന്നതെ ഉള്ളു . സുനിൽ പറഞ്ഞു.
അജിത്തിനെ ഇതുവരെ കണ്ടില്ല. ഇനി അവൻ വന്നിട്ടുണ്ടാവില്ലേ . ഞാൻ പേടിച്ചു. അവസാനം ക്ഷമകെട്ടു ഞാൻ സുനിലിനോട് ചോദിച്ചു ‘അജിത്ത് വന്നിട്ടില്ലേ’ . സുനിൽ ഒരു നിമിഷം എന്നെത്തന്നെ നോക്കി. എൻറ്റെ കൂടെ വരൂ എന്നുപറഞ്ഞു വേഗം മുന്നോട്ടു നടന്നു. ഞാൻ സുനിലിനൊപ്പം ഓടിയെത്തി. സുനിൽ എന്നെ കൊണ്ടുപോയത് ഞങ്ങളുടെ ആ പഴയ ക്ലാസ്സ്‌ മുറിയിലേക്കായിരുന്നു , 10 എ. അവിടെ ആണ്‍കുട്ടികളുടെ സൈഡിലെ രണ്ടാം ബെഞ്ചിൽ ഒന്നാമതായി അവൻ ഇരിക്കുന്നു. ഞാൻ സുനിലിനെ നോക്കി . അനുപമയെ മാത്രം കാണാനാണ് അവൻ വന്നത്. താൻ അവനെ അന്വേഷിച്ചാൽ മാത്രം ഇവിടെ കൊണ്ടുവരാൻ എന്നോട് പറഞ്ഞിരുന്നു. സുനിൽ പറഞ്ഞു.
ഞാൻ പതിയെ നടന്ന് എൻറ്റെ പഴയ സീറ്റിൽ പോയി ഇരുന്നു . പിന്നെ ഇടത്തേക്ക് തല ചെരിച്ചു നോക്കി . എൻറ്റെ മനസ്സ് വർഷങ്ങൾ പുറകോട്ടു സഞ്ചരിക്കുകയായിരുന്നു. അന്ന് ഈ സ്കൂളിലെ എൻറ്റെ ആദ്യ ദിവസം ഇതുപോലെ നോക്കിയിരുന്ന് അജിത്തിനോട് ആദ്യമായി ചിരിച്ചത് , സംസാരിച്ചത്. അജിത്ത് എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു . ആ മുഖഭാവം എനിക്ക് വായിച്ചെടുക്കാനായില്ല . ഇരുപതു വർഷങ്ങൾ അവനിലുണ്ടാക്കിയ മാറ്റങ്ങൾ ഞാൻ നോക്കിക്കണ്ടു.

എനിക്ക് പാവം തോന്നി. പ്രതാപ്‌ പറഞ്ഞത് സത്യമാണ്. നീണ്ട ഇരുപതു വർഷങ്ങൾ ഞാൻ അവനെ ശിക്ഷിച്ചു. അവന് എന്നെ കണ്ടെത്താൻ വഴിയുണ്ടായിരുന്നില്ല . പക്ഷേ എനിക്കവന് ഒരു എഴുത്തെങ്കിലും എഴുതാമായിരുന്നു. ഞാൻ വേദനയോടെ പുഞ്ചിരിച്ചു . പിന്നെ എണീറ്റ്‌ അവൻറ്റെ കൈ പിടിച്ചു പറഞ്ഞു, വാ നമുക്ക് പോയി എല്ലാവരെയും കാണാം. അജിത്ത് എന്തോ പറയാനായി തുടങ്ങി. ഒരു ക്ഷമ പറച്ചിൽ എനിക്ക് കേൾക്കണ്ട. ഞാൻ പറഞ്ഞു . നിനക്കെൻറ്റെ ഭർത്താവിനെയും കുട്ടികളെയും കാണണ്ടേ ? ഞാൻ വീണ്ടും ചോദിച്ചു .
സുനിൽ ക്ലാസ്സിന്റ്റെ വാതിൽക്കൽത്തന്നെ നിൽക്കുന്നുണ്ടായിരുന്നു.
കേട്ടോ അനൂ , ഞാനിവിടെത്തന്നെ നിന്നതെന്താന്നോ? ഇവനെ എനിക്കത്ര വിശ്വാസമില്ല അതാ. സുനിൽ ഇത് പറഞ്ഞപ്പോൾ ഞങ്ങളെല്ലാം ഒരുമിച്ചു ചിരിച്ചു.

പ്രതാപിനും കുട്ടികൾക്കും ഞാൻ അജിത്തിനെ പരിചയപ്പെടുത്തിയത് ‘സ്കൂളിലെ എൻറ്റെ ബെസ്റ്റ് ഫ്രണ്ട്’ എന്നാണ്.
അജിത്തിന്റ്റെ ഭാര്യയും കുട്ടിയും വന്നിരുന്നില്ല. കുഞ്ഞിനു സുഖമില്ല എന്നാണ് അവൻ കാരണം പറഞ്ഞതെങ്കിലും ഞാൻ അത് വിശ്വസിച്ചില്ല .
ഞാനും അജിത്തും ഒരുമിച്ചാണ് ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ എബ്രഹാം സാറിനെ കണ്ടത്. സാറിനെ കണ്ടതും എൻറ്റെ കണ്ണ് നിറഞ്ഞു. എന്നെ ചേർത്തുനിർത്തി അദ്ദേഹം പറഞ്ഞു ‘എൻറ്റെ കുട്ടീ , അന്നിവൻ വന്നു ഞങ്ങളോടെല്ലാം സത്യം പറഞ്ഞപ്പോഴേക്കും നീ ഇവിടുന്നു പോയിക്കഴിഞ്ഞിരുന്നു. സത്യമറിയാതെ നിന്നെ ശിക്ഷിച്ചതിൻറ്റെ വിഷമം ഇന്നും എനിക്കുണ്ട് ‘
എൻറ്റെ മനസ്സ് നിറഞ്ഞു. ഇത്രമാത്രം സന്തോഷം ഞാൻ ഒരിക്കലും അനുഭവിച്ചിട്ടില്ല എന്നെനിക്കു തോന്നി . ഞാൻ ഉത്സാഹത്തോടെ ഓടിനടന്നു എല്ലാവരോടും വിശേഷം ചോദിച്ചു , ഫോട്ടോ എടുത്തു , ഫോണ്‍ നമ്പരുകൾ കൈമാറി . തിരിച്ചു പോവാനുള്ള സമയമായതു അറിഞ്ഞു പോലുമില്ല. എല്ലാവരുമായും യാത്ര പറഞ്ഞു കാറിൽ കയറി. അജിത്ത് ഒരു ചെറിയ പേപ്പർ കവർ എൻറ്റെ നേർക്കുനീട്ടി. ഇത് അനുവിൻറ്റെയാ. എനിക്ക് കളഞ്ഞുകിട്ടിയതാണ് എന്ന് പറഞ്ഞു. കവർ തുറന്നുനോക്കിയ എനിക്ക് സന്തോഷംകൊണ്ടു കണ്ണുനിറഞ്ഞു. ആ ഫേർവൽ ദിവസം 10 എ ക്ലാസ്സിൽ നിന്ന് എനിക്ക് നഷ്ടപ്പെട്ടു പോയ എൻറ്റെ ഓട്ടൊഗ്രാഫ്.

ഞങ്ങൾ യാത്ര തിരിച്ചു. ഒരു നിധികിട്ടിയ സന്തോഷത്തിൽ ഞാൻ ആ ഓട്ടൊഗ്രാഫ് ചേർത്തുപിടിച്ച് അതിൻറ്റെ മണം ആസ്വദിച്ചു. ഓരോ പേജിലും വിരലോടിച്ചു. ‘അമ്മ ഇന്ന് വലിയ സന്തോഷത്തിലാണല്ലോ’ പതിവില്ലാതെ ഞാൻ മൂളിപ്പാട്ട് പാടുന്നതുകേട്ടു പൊന്നു പറഞ്ഞു.
പെട്ടെന്ന് എന്തോ മറന്നു എന്ന് എൻറ്റെ മനസ്സ് പറഞ്ഞു. രമടീച്ചർ, അയ്യോ , രമ ടീച്ചറെ കണ്ടില്ലല്ലോ. ടീച്ചർ വന്നില്ലായിരുന്നോ ഞാൻ ചോദിയ്ക്കാൻ വിട്ടുപോയി. ഞാൻ ഫോണ്‍ എടുത്ത് സുനിലിന്റ്റെ നമ്പർ നോക്കാൻ തുടങ്ങി.
പ്രതാപ്‌ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഇടതുകൈകൊണ്ട് എൻറ്റെ ഫോണ്‍ വാങ്ങി താഴെ വച്ചു.
രമ ടീച്ചർ വന്നിരുന്നു. കഴുകൻ കണ്ണുകളുടെ തീക്ഷണതയൊക്കെ പോയി. ഞാൻ അവിടെ ചെന്നിറങ്ങി ആദ്യം തിരിച്ചറിഞ്ഞത് അവരെയാണ്. നമ്മൾ കാറിൽ ചെന്നിറങ്ങിയപ്പോൾ ആൾക്കൂട്ടത്തിനിടയിൽ പിന്നെ ഓഡിട്ടോറിയത്തിൽ പുറകിലെ വരിയിൽ, ഭക്ഷണം കഴിച്ചപ്പോൾ അനുവിന്റ്റെ പുറകിലെ സീറ്റിൽ . അങ്ങനെ അവർ നമ്മുടെ അടുത്ത് തന്നെ ഉണ്ടായിരുന്നു. അവർ ഒരുപാടുനേരം നിന്നെത്തന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു.
പിന്നെ ഞാൻ പോയി പരിചയപ്പെട്ടിരുന്നു. കുട്ടികളെയും പരിചയപ്പെടുത്തി. അവർ നിന്നെപ്പറ്റി ഒരുപാടു ചോദിച്ചു. ഫിസിക്സിലാണ് ഡോക്ടറേറ്റ് എന്ന് ഞാൻ അഭിമാനത്തോടെ പറഞ്ഞു.
എന്നെ എന്താ ഓർമ്മിപ്പിക്കാഞ്ഞത് എന്ന് ഞാൻ ചോദിച്ചില്ല.
അനൂ, നിൻറ്റെ ഇന്നത്തെ ദിവസം സന്തോഷം മാത്രമുള്ളതാവണം എന്ന് ഞാൻ ആഗ്രഹിച്ചു. കാണാൻ ആഗ്രഹിച്ചവരെയൊക്കെ നീ കണ്ടു. ആരെയെങ്കിലും വിട്ടുപോയെങ്കിൽ അവരെ കാണാൻ നിൻറ്റെ മനസ്സ് ഒട്ടും ആഗ്രഹിച്ചിരുന്നില്ല എന്നുവേണം കരുതാൻ, ശരിയല്ലേ?

നൂറു പേരിൽ താഴെ മാത്രം ഉള്ള ഒരു ഗ്രൂപ്പിൽ, നാലഞ്ച് മണിക്കൂർ ചിലവഴിച്ചിട്ടും ഞാൻ രമടീച്ചറെ മാത്രം കണ്ടില്ലല്ലോ. പ്രതാപ് പറഞ്ഞത് സത്യമാണെന്ന് എനിക്ക് തോന്നി. ഞാൻ ഒന്ന് നിശ്വസിച്ച്‌ സീറ്റിലേക്ക് തലചായ്ചു.
ഇനി ആരെയെങ്കിലും വിളിക്കാൻ തോന്നുന്നുണ്ടോ? പ്രതാപ് ചോദിച്ചു.
എനിക്കൊരു മെസ്സേജ് അയക്കാനുണ്ട്‌.
വാട്ട്സാപ്പ് എടുത്ത് യുഎസ്സിലുള്ള ചേട്ടന് ഒരു മെസ്സേജ് ടൈപ്പ് ചെയ്തു. ‘ചേട്ടാ, ഞാൻ ഇന്ന് എൻറ്റെ പഴയ സ്കൂളിൽ പോയി. എല്ലാവർക്കും എന്നെ ഒരുപാട് ഇഷ്ടമാണ്, ഇപ്പോഴും. ചേട്ടൻ പറഞ്ഞതുപോലെ അത് ഒരു വളരെ ചെറിയകാര്യമായിരുന്നു. പക്ഷേ എൻറ്റെ ജീവിതത്തെ അത് ബാധിക്കാതിരുന്നത് അന്ന് എന്നോട് ചേട്ടൻ പറഞ്ഞ വാക്കുകൾ കൊണ്ട് മാത്രമായിരുന്നു. താങ്ക് യു ചേട്ടാ… അനുപമ.

Comments

comments