ബലിമൃഗം – Rajesh L R

Author : Rajesh L.R.
Company : Vanilla Networks Pvt. Ltd.
Email: lrrajesh@gmail.com

ബലിമൃഗം

വീടിനു പുറത്തേക്കിറങ്ങിയ അനന്തകൃഷ്ണന് ശരിക്കും ഒരു പുതിയ സ്ഥലത്ത് എത്തിയത് പോലെ തോന്നി. താൻ ജനിച്ചു വളർന്ന നാടാണ്. എങ്കിൽപോലും ഒരു അപരിചിതത്വം . ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷം ആണ് താൻ പൂർണമായും നാട്ടിലേക്ക് തിരിച്ചു വരുന്നത്. ജോലിയിൽ നിന്നും വിരമിച്ചു നാട്ടിൽ തന്നെ കൂടാനുള്ള മോഹവുമായിട്ടാണ് അദ്ദേഹം ഇവിടേയ്ക്ക് വന്നിരിക്കുന്നത്. ഇത്രയും വർഷത്തിനിടയ്ക്ക് വല്ലപ്പോഴും ഒരു അഞ്ചോ പത്തോ ദിവസം അവധി കിട്ടി നാട്ടിലേക്കു വരുമ്പോൾ നേരെ മക്കളുടെ അടുത്തേക്ക് ആണ് പോകാറുള്ളത്. തൻറെ ഈ തറവാട് വീട് അദ്ദേഹം ഒരു ബന്ധുവിനെ ആണ് നോക്കാൻ ഏല്പിച്ചിരുന്നത്. അത് കൊണ്ട് വളരെ വിരളമായി മാത്രമേ ഇവിടെ വരാറുണ്ടായിരുന്നുള്ളൂ. വന്നാൽ തന്നെ ഒന്നോ രണ്ടോ മണിക്കൂർ ചിലവഴിക്കും. അത്രതന്നെ. അദ്ദേഹത്തിന് ജോലി കിട്ടി വിദേശത്തേക്ക് പോകുന്നതിനു മുമ്പ് തന്നെ കുടുംബത്തിനെ നഗരത്തിൽ ഉള്ള വീട്ടിലേക്കു മാറ്റി താമസിപ്പിച്ചിരുന്നു. നഗരത്തിൽ തനിക്കു വീടുണ്ടെങ്കിലും, ഇനിയുള്ള കാലം തൻറെ തറവാട്ടിൽ തന്നെ കഴിയണം എന്നാണ് അദ്ദേഹത്തിൻറെ ആഗ്രഹം. മകൻറെ ജോലി ഇപ്പോൾ ബാംഗ്ലൂർ ആയതു കാരണം അദ്ദേഹം ഇവിടെ ഒറ്റക്കാണ് . മകൻ അദ്ദേഹത്തെ അവൻറെ കൂടെ ചെല്ലാൻ നിർബന്ധിച്ചു എങ്കിലും, തറവാട്ടിൽ തന്നെ നില്ക്കാനുള്ള തൻറെ ആഗ്രഹത്തിന് അവൻ എതിര് നിന്നില്ല. ഈ നാടുമായി തനിക്കു അഭേദ്യമായ ബന്ധമാണ് ഉള്ളത് എന്ന് അദ്ദേഹം ഓർത്തു. തൻറെ അധ്യാപക ജീവിതത്തിൻറെ ആരംഭം കുറിച്ചത് ഇവിടുത്തെ സ്കൂളിൽ നിന്നാണല്ലോ. ഇന്ന് ആ സ്കൂൾ ഈ പ്രദേശത്തെ മികച്ച സ്കൂളുകളിൽ ഒന്നായിട്ടാണ് അറിയപ്പെടുന്നത് എന്ന് അദ്ദേഹം അഭിമാനപൂർവ്വം ഓർത്തു.

അദ്ദേഹത്തിൻറെ ഓർമകൾ 29 വർഷം പുറകിലേക്ക് പോയി. അന്നത്തെ കാലത്ത് നാട്ടിൽ സ്വകാര്യ സ്കൂളുകൾ തീരെ ഇല്ല എന്ന് തന്നെ പറയാം. അപ്പോഴാണ് നഗരത്തിലെ ഒരു പ്രമുഖ സ്കൂൾ ഈ നാട്ടിലും അവരുടെ ഒരു ശാഖ ആരംഭിക്കാൻ തയ്യാറായി എത്തിയത്. അതിന്റെ എല്ലാ ചുമതലയും വഹിച്ചിരുന്നത് അനന്തകൃഷ്ണനു വളരെ അടുപ്പമുള്ള ഒരു പരിചയക്കാരൻ ആയിരുന്നു. അങ്ങിനെ ആണ് അനന്തകൃഷ്ണനും ആ സംരംഭത്തിൽ പങ്കാളി ആകുന്നതു. സ്കൂളിൻറെ പ്രവർത്തനത്തിന്‌ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ മുതൽ കുട്ടികളെ കണ്ടെത്തുന്നതിൻറെ ചുമതല വരെ അവർക്ക് ഏറ്റെടുക്കെണ്ടാതായി വന്നു. നഗരത്തിലെ സ്കൂളിൻറെ ശാഖ ആയതു കാരണം സർക്കാറിൻറെ അംഗീകാരം വളരെ പെട്ടെന്ന് ലഭിച്ചു. പ്രധാന അധ്യാപകനെ നിയമിക്കുന്നതിനു ഒപ്പം തന്നെ കുറച്ചു പുതിയ അധ്യാപകരെയും അധികൃതർ നിയമിച്ചു. അനന്തകൃഷ്ണനും ആ കൂട്ടത്തിൽ അധ്യാപകനായി നിയമനം ലഭിച്ചു. അടുത്ത പടി സ്കൂൾ തുടങ്ങാൻ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുക എന്നതായിരുന്നു. അങ്ങിനെ അവർ എല്ലാപേരും കൂടെ നാട്ടിലുള്ള പരിചയക്കാരുടെ വീടുകളിലേക്ക് കുട്ടികളെ കണ്ടെത്തുന്നതിനായി ഇറങ്ങി തിരിച്ചു. ഒടുവിൽ L K G മുതൽ രണ്ടാം ക്ലാസ്സ്‌ വരെയുള്ള കുട്ടികളെ കണ്ടെത്തി. സ്കൂളിന്റെ പ്രവർത്തനവും ആരംഭിച്ചു. ആദ്യത്തെ വർഷത്തെ രണ്ടാം ക്ലാസ്സുകാരുടെ എണ്ണം വെറും പത്തു കുട്ടികൾ ആയിരുന്നു. എല്ലാ കുട്ടികളും അന്നാട്ടിലെ വളരെ അടുത്ത പരിചയക്കരുടെ മക്കൾ ആയിരുന്നു. ജീവൻ, ഗോപി, സൂരജ്, സുനിത അങ്ങിനെ കുറച്ചു പേർ. അവരുടെ എല്ലാപേരുടെയും പേരുകൾ അദ്ദേഹം ഇപ്പോഴും വ്യക്തമായിട്ട് ഓർമയിൽ സൂക്ഷിക്കുന്നുണ്ട്. ശരിക്കും ആ കുട്ടികൾ അദ്ദേഹത്തിനു തൻറെ കുടുംബത്തിലെ അംഗങ്ങൾ തന്നെ ആയിരുന്നു. 4 വർഷത്തിനു ശേഷം അനന്തൻ സാറിനു വിദേശത്ത് ജോലി കിട്ടി. അങ്ങിനെ ആ സ്കൂളിൽ നിന്ന് അദ്ദേഹം രാജി വെച്ചു. ഇപ്പോൾ ഇതാ വർഷങ്ങൾക്കു ശേഷം എല്ലാം അവസാനിപ്പിച്ച് ഇവിടേയ്ക്ക് തന്നെ അദ്ദേഹം തിരിച്ചു എത്തിയിരിക്കുകയാണ്.

ഒരുപാടു നാളുകൾക്ക് ശേഷമാണു അനന്തൻ സാർ ഈ നാട്ടു വഴികളിലുടെ പോകുന്നത്. അദ്ദേഹം തൻറെ ഒരു ബന്ധുവിന്റെ വീട്ടിലേക്കു പോകുകയായിരുന്നു. തൻറെ പഴയ വിദ്യാർത്ഥിയായ ജീവൻറെ വീടും ഈ വഴിക്കാണ് എന്ന് അദ്ദേഹം ഓർത്തു. ഇവിടെ നിന്ന് ഏകദേശം ഒരു അര കിലോമീറ്റർ കഴിഞ്ഞാൽ അവൻറെ വീട് എത്തും. അതുവഴി കടന്നു പോകുന്ന സ്ഥിതിക്ക് എന്തായാലും ജീവനെയും കണ്ടേക്കാം എന്ന് അദ്ദേഹം മനസ്സിൽ ഉറപ്പിച്ചു.

ഏകദേശം രണ്ടു വർഷങ്ങൾക്കു മുമ്പ് ഒരിക്കൽ ലീവിന് വന്നപ്പോൾ ആണ് അദ്ദേഹം ജീവനെ നഗരത്തിൽ വെച്ച് കണ്ടു മുട്ടിയത്‌. കണ്ടപ്പോൾ തന്നെ അവൻ ഓടി അടുത്തേക്ക് വന്നു. സ്നേഹത്തോടെ വിശേഷങ്ങൾ തിരക്കി. അവൻ ഇപ്പോൾ ഒരു ദേശീയ പാർട്ടിയുടെ സജീവ പ്രവർത്തകൻ ആണ്. അവൻ അദ്ദേഹത്തെ തൊട്ടടുത്ത്‌ തന്നെയുള്ള അവൻറെ പാർട്ടിയുടെ ഓഫീസിലേക്ക് കൂട്ടി കൊണ്ട് പോയി. വലിയ ആവേശത്തോടെ അവൻറെ നേതാക്കളെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. അന്ന് അവൻ കാണിച്ച കലർപ്പില്ലാത്ത ആ സ്നേഹം ഇന്നും അദ്ദേഹത്തിൻറെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. അങ്ങിനെ ഓരോന്ന് ആലോചിച്ചു കൊണ്ട് നടന്ന് അദ്ദേഹം ജീവൻറെ വീടിനു അടുത്ത് എത്തി. ഗേറ്റ് തുറന്നു അകത്തേക്ക് കടന്നപ്പോൾ വീടിനു അകത്തു നിന്നും എന്തൊക്കെയോ ബഹളങ്ങൾ കേട്ടു. ആരുടെയോ അട്ടഹാസങ്ങളും പാത്രങ്ങൾ വലിച്ചെറിയുന്ന ശബ്ദവും കേട്ട് ഒരു നിമിഷം അദ്ദേഹം ശങ്കിച്ച് നിന്നു. താൻ വന്ന സമയം അത്ര നല്ലതല്ല എന്ന് അദ്ദേഹത്തിന് തോന്നി. എന്തായാലും എത്തിയ സ്ഥിതിക്ക് ഇന്നി പിന്നോട്ട് പോകേണ്ട എന്ന് ഉറപ്പിച്ച് വീടിൻറെ മുറ്റത്തേക്ക്‌ നടന്നു. വീടിൻറെ പൂമുഖത്ത് ജീവൻറെ അച്ഛന്റെ പടം മാല ഇട്ടു വെച്ചിരിക്കുന്നത് അദ്ദേഹം കണ്ടു.

ശബ്ദകോലാഹലങ്ങൾ അതിൻറെ മൂർധന്യത്തിൽ ആയിരുന്നു. കാത്തു നില്ക്കാനുള്ള ക്ഷമ ഇല്ലാത്തതു കൊണ്ട് അദ്ദേഹം അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു.

“ജീവൻ … ജീവൻ ….”

പെട്ടെന്ന് ശബ്ദകോലാഹലങ്ങൾ നിലച്ചു. ജീവൻറെ തല ജനാലയിലൂടെ നീണ്ടു വരുന്നത് അദ്ദേഹം കണ്ടു. പെട്ടെന്ന് തന്നെ അവൻ തല അകത്തേക്ക് വലിച്ചു. തിടുക്കത്തിൽ പിന്നിലെ വാതിലിൽ കൂടെ അവൻ പുറത്തേക്കു ഇറങ്ങി പോകുന്നത് അദ്ദേഹം കണ്ടു. പുറത്തേക്കിറങ്ങിയ അവൻ പിന്നിലെ വഴിയിലൂടെ വളരെ പെട്ടെന്ന് അവിടെ നിന്നും അപ്രത്യക്ഷനായി. അപ്പോൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവൻറെ അമ്മ പുറത്തേക്കു ഇറങ്ങി വന്നു. കരയുന്ന മുഖത്ത് ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് അവർ അദ്ദേഹത്തോട് അകത്തു കയറി ഇരിക്കുവാൻ പറഞ്ഞു. അദ്ദേഹം ഒന്നും മിണ്ടാതെ അകത്തേക്ക് കയറി ഇരുന്നു. ചുവരിൽ തൂക്കിയിട്ടിരിക്കുന്ന പഴയ ചിത്രങ്ങളിലുടെ അദ്ദേഹം വെറുതെ കണ്ണോടിച്ചു. ജീവൻറെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങളും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.

“സാർ, എപ്പോഴാണ് നാട്ടിൽ എത്തിയത്?” എന്ന ചോദ്യമാണ് അദ്ദേഹത്തിനെ ആലോചനയിൽ നിന്ന് ഉണർത്തിയത്.

“ഞാൻ ഒരാഴ്ചയായി എത്തിയിട്ട്. ജീവന് എന്താണ് സംഭവിച്ചത്? എന്തിനാണ് അവൻ എന്നെ കണ്ടു ഓടിക്കളഞ്ഞതു?” അതിനു അവർ പറഞ്ഞ മറുപടി കേട്ടു അദ്ദേഹം ആശ്ചര്യത്തോടെ ഇരുന്നു. “അവൻ ഇപ്പോൾ ഇങ്ങിനെ ഒക്കെയാണ് സാർ. എന്തിനും ഏതിനും ദേഷ്യമാണ്. കാശിനു വേണ്ടിയിട്ടാണ് . അവൻ ചോദിക്കുമ്പോൾ ഞാൻ എവിടെ നിന്ന് എടുത്തു കൊടുക്കാനാണ്? സാർ നാട്ടിൽ ഇല്ലാതിരുന്നത് കൊണ്ട് അവൻറെ കഥകൾ ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല”. അദ്ദേഹം അവരെ ചോദ്യഭാവത്തിൽ നോക്കി . അവൻറെ കഴിഞ്ഞകാല കഥകൾ അവർ വിശദമായിട്ട് പറയാൻ തുടങ്ങി.

പത്താം ക്ലാസ്സ്‌ കഴിഞ്ഞ സമയത്ത്, അവൻറെ അച്ഛൻ മരിച്ചു. സാമ്പത്തികമായി വളരെ ഉയർന്ന കുടുംബം ആയിരുന്നു ജീവൻറെത് . പോരാഞ്ഞിട്ട്, ജീവൻറെ അച്ഛൻ കുറെ നാൾ ഗൾഫിൽ ആയിരുന്നു. എല്ലാം നിർത്തി നാട്ടിൽ വന്നു കുറച്ചു നാൾ കഴിഞ്ഞപ്പോൾ ആണ് അവൻറെ അച്ഛൻറെ മരണം അപ്രതീക്ഷിതമായിട്ടു സംഭവിച്ചത്. പെട്ടെന്ന് സംഭവിച്ച ആ ദുരന്തത്തിൽ നിന്ന് കരകയറാൻ അവർക്ക് കുറച്ചു സമയം എടുത്തു. പ്രത്യേകിച്ചും ജീവൻറെ അമ്മക്ക്. ജീവൻറെ അമ്മക്ക് അധികം വിദ്യാഭ്യാസം ഇല്ലാതിരുന്നത് കാരണം, കാശു കൈകാര്യം ചെയ്യുന്നത് ജീവൻറെ സഹായത്തോടെ ആയിരുന്നു. ക്രമേണ ജീവൻറെ തലയിൽ എല്ലാ ഉത്തരവാദിത്തങ്ങളും വന്നു ചേർന്നു. സ്വന്തമായിട്ട് ഉണ്ടായിരുന്ന റബ്ബർ തോട്ടത്തിലെ കാര്യങ്ങൾ ഒക്കെ ജീവൻ നോക്കി നടത്താൻ തുടങ്ങി. പണം ഇടപാടുകളെ പറ്റി ഒന്നും അവൻ വീട്ടിൽ സംസാരിക്കാതെയായി. ആരും നിയന്ത്രിക്കാൻ ഇല്ലാതെ ആയപ്പോൾ അവൻ സ്വന്തം ഇഷ്ടത്തിന് ചിലവാക്കാൻ തുടങ്ങി. ചെറുപ്രായത്തിൽ കാശ് കയ്യിൽ വന്നു തുടങ്ങിയപ്പോൾ, അവൻ എല്ലാം തമാശയോടെ കാണാൻ തുടങ്ങി. കാശ് ധാരാളം ദൂർത്തടിക്കാൻ ഉണ്ടായിരുന്നത് കൊണ്ട്, ധാരാളം പുതിയ കൂട്ടുകാരെ അവനു ലഭിച്ചു . ചിലവാക്കാനുള്ള വഴികളും അവർ തന്നെ അവനു ഉപദേശിച്ചു കൊടുത്തു. അങ്ങിനെ ആണ് ജീവൻ മയക്കു മരുന്നിൻറെ ഉപയോഗം തുടങ്ങുന്നത്. അവൻ മയക്കു മരുന്ന് ഉപയോഗിക്കും എന്നുള്ളത് വളരെ വൈകിയാണ് അവൻറെ അമ്മ അറിയുന്നത്. പക്ഷെ ഒന്നും നിയന്ത്രിക്കാൻ കഴിയാതെ ആ അമ്മ നിസ്സഹായ ആയിരുന്നു .

അവൻറെ അച്ഛൻറെ മരണം കഴിഞ്ഞു രണ്ടു വർഷങ്ങൾക്കു ശേഷം ഒരു സുപ്രഭാതത്തിൽ അവനെ അന്വേഷിച്ചു ഒരു പോലീസ് ജീപ്പ് വീടിനു മുന്നിൽ വന്നു നിന്നു. അവർ വീടെല്ലാം അരിച്ചു പെറുക്കിയിട്ടു അവസാനം ഒരു ഭീഷണിയുടെ സ്വരത്തിൽ ചോദിച്ചു, “അവനെ നിങ്ങൾ എവിടെയാണ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. വേഗം പറഞ്ഞോളൂ. പറഞ്ഞില്ലെങ്കിൽ നിങ്ങളെയും ഞങ്ങൾക്ക് അറസ്റ്റ് ചെയ്യേണ്ടി വരും”. പേടിച്ചരണ്ട ആ സ്ത്രീ തനിക്കു ഒന്നും അറിയില്ല എന്ന് വിറയലോടെ പറഞ്ഞു. തലേ ദിവസം അവൻ വീട്ടിൽ എത്തിയിട്ടില്ല എന്നും, സാധാരണ അവൻ ഉണ്ടാകാൻ സാധ്യത ഉള്ള സ്ഥലവും അവർ പറഞ്ഞു കൊടുത്തു. എന്നിട്ട് ധൈര്യം സംഭരിച്ചു എന്തിനാണ് അവനെ അന്വേഷിക്കുന്നത് എന്ന് അവരോടു തിരക്കി. അവർ പറഞ്ഞത് ശ്രവിച്ച അവർ മരവിച്ചു നിന്നു പോയി. അൽപനേരത്തിനു ശേഷം ആ ഷോക്കിൽ നിന്നു ഉണർന്ന അവർ ഉറക്കെ കരഞ്ഞു. തൻറെ മകൻ ഒരു കൊലപാതകക്കേസിലെ പ്രതിയാണ് എന്നുള്ള യാഥാർത്ഥ്യം അവർക്ക് ഉൾകൊള്ളാൻ ആയില്ല.

അവർ പറഞ്ഞു കൊടുത്ത സ്ഥലത്ത് ജീവൻ ഉണ്ടായിരുന്നില്ല. പക്ഷെ, പോലീസ് അവനെ കണ്ടു പിടിക്കുക തന്നെ ചെയ്തു. ശരിക്കും ആസൂത്രിതമായ ഒരു കൊലപാതകം ആയിരുന്നു അത്. കൊലപാതകം നടത്തിയത് ജീവൻ ഉൾപ്പെടുന്ന 4 പേരുടെ ഒരു സംഘം ആയിരുന്നു. ഒരു ദിവസം രാത്രിയിൽ അടുത്തുള്ള ടൌണിൽ നിന്നു ഇവർ ഒരു കാർ വാടകയ്ക്ക് വിളിച്ചു യാത്രയായി. മധുരയിൽ ഉള്ള ഒരു ബന്ധുവിൻറെ വീട്ടിലേക്കു എന്ന് പറഞ്ഞാണ് കാർ വാടകയ്ക്ക് വിളിച്ചത്. കാർ ഇടയ്ക്കിടെ നിർത്തി വിശ്രമിച്ചു അവർ യാത്ര തുടർന്ന്. അർദ്ധരാത്രി ആയപ്പോൾ വിജനമായ വഴിയിൽ വെച്ച് കാർ നിർത്താൻ അവർ ഡ്രൈവറിനോട് ആവശ്യപെട്ടു . നേരത്തെ ആസൂത്രണം ചെയ്തത് പ്രകാരം കാർ നിന്ന ഉടനെ പിന്നിൽ ഇരുന്നവരിൽ ഒരാൾ ഡ്രൈവറിൻറെ കഴുത്തിൽ കയറിട്ടു മുറുക്കി. മരിച്ചു എന്ന് ഉറപ്പാക്കിയിട്ട് ഡ്രൈവറിൻറെ ജഡം അടുത്ത് കണ്ട കുളത്തിലേക്ക്‌ കല്ലുകൾ ചേർത്ത് വെച്ചു കെട്ടി താഴ്ത്തി. അതിനു ശേഷം അവർ മധുരയിലേക്ക് യാത്ര തുടർന്നു. കാർ മധുരയിൽ കൊണ്ട് പോയി വിറ്റതിന് ശേഷം അവർ നാട്ടിലേക്ക് തിരിച്ചു എത്തി. പക്ഷെ, വിശദമായ അന്വേഷണങ്ങൾക്ക് ഒടുവിൽ, പോലീസ് കൊലപാതകത്തിൻറെ ചുരുൾ നിവർത്തി. പ്രതികളെ ഓരോരുത്തരെ ആയി പോലീസ് വലയിലാക്കി. അങ്ങിനെ ജീവനും പിടിക്കപ്പെട്ടു. കോടതി അവനെ 7 വർഷത്തേക്ക് ശിക്ഷിച്ചു. അങ്ങിനെ പതിനെട്ടാമത്തെ വയസ്സിൽ കൊലപാതകക്കേസിൽ ശിക്ഷിക്കപെട്ടു അവൻ ജയിലിൽ അടയ്ക്കപ്പെട്ടു.

7 വർഷങ്ങൾക്കു ശേഷം ജയിലിൽ നിന്നു പുറത്തിറങ്ങിയ അവനു പക്ഷെ സമൂഹത്തിനു മുന്നിൽ തല ഉയർത്തി നില്ക്കാൻ കഴിഞ്ഞില്ല. കൊലപാതകി എന്ന പേര് വീണു കഴിഞ്ഞ അവനു നാട്ടുകാരുടെ പെരുമാറ്റം അസ്സഹനീയമായിരുന്നു. അവരിൽ നിന്നു ഒളിച്ചോടാൻ വേണ്ടി അവൻ മദ്യത്തിൽ അഭയം തേടി. പതിയെ അവനു ഒരുപാടു പുതിയ സുഹൃത്തുക്കളെ ലഭിച്ചു. അങ്ങിനെ ആണ് കൂലിക്ക് ആളുകളെ തല്ലുന്ന ഒരു സംഘവുമായി അവൻ സൗഹൃദത്തിൽ ആകുന്നത്‌. ആ പുതിയ കൂട്ടുകെട്ട് അവനു സമൂഹത്തിലെ പല ഉന്നതന്മാരുമായിട്ടും ഇടപെടാൻ അവസരം ഒരുക്കി കൊടുത്തു. അങ്ങിനെയാണ് കേരളത്തിൽ അധികം വേരുകൾ ഇല്ലാത്ത ഒരു പാർട്ടിയുടെ നേതാവുമായി അവൻ അടുപ്പത്തിൽ ആകുന്നത്‌. അധികം വൈകാതെ ജീവൻ ആ പാർട്ടിയുടെ സജീവ പ്രവർത്തകൻ ആയി അറിയപ്പെടാൻ തുടങ്ങി. അവൻറെ പല ചെയ്തികൾക്കും പാർട്ടി പ്രവർത്തകൻ എന്ന വിശേഷണം ഒരു മറ ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. അവൻ വീണ്ടും പലതവണ ജയിലിൽ അടയ്ക്കപ്പെട്ടു എങ്കിലും അപ്പോഴെല്ലാം പാർട്ടി അവൻറെ രക്ഷക്കെത്തുമായിരുന്നു. അവൻ നാശത്തിൻറെ പടുകുഴിയിലേക്ക് വീണു കൊണ്ടിരിക്കുകയായിരുന്നു. കാശിന് അവശ്യം വരുമ്പോൾ വീട്ടിൽ വന്നു വഴക്കുണ്ടാക്കുക എന്നത് അവൻറെ ഒരു പതിവായി മാറി.

ജീവൻറെ കഥ കേട്ടു കഴിഞ്ഞപ്പോൾ അനന്തൻ സാറിനു എന്തെന്നില്ലാത്ത ദുഃഖം തോന്നി. പഠിക്കുന്ന സമയം ജീവനെ പോലെ ചുറുചുറുക്കും കഴിവും ഉള്ള വേറെ ആരും അവൻറെ ക്ലാസ്സിൽ ഉണ്ടായിരുന്നില്ല. നന്നായി പഠിച്ചു അവൻ വളരെ ഉയർന്ന നിലയിൽ എത്തും എന്നായിരുന്നു അദ്ദേഹം അന്ന് കരുതിയിരുന്നത്. അന്ന് നഗരത്തിലെ പാർട്ടി ഓഫീസിൽ വെച്ച് കണ്ടപ്പോളും, അവൻ ഇത്രയും മോശം വഴിയിൽ സഞ്ചരിക്കുകയാണ് എന്ന് സ്വപ്നത്തിൽ പോലും അദ്ദേഹം കരുതിയിരുന്നില്ല. എന്തായാലും വിധിയെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ. ഇനി മറ്റൊരിക്കൽ ജീവനെ കാണാൻ വരാം എന്ന് പറഞ്ഞിട്ട് അദ്ദേഹം അവിടെ നിന്നു യാത്ര പറഞ്ഞു ഇറങ്ങി.

അവിടെ നിന്നു ഇറങ്ങി, തൻറെ ബന്ധുവിനെയും സന്ദർശിച്ചതിനു ശേഷം അദേഹം കവലയിൽ എത്തി. അപ്പോഴാണ് പുറകിൽ നിന്നു ആരോ തന്നെ വിളിക്കുന്നത്‌ അദ്ദേഹം കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ അദ്ദേഹം കണ്ടത് തൻറെ മറ്റൊരു ശിഷ്യൻ ആയ ഗോപിയെ ആയിരുന്നു . പഠിക്കുന്ന സമയത്ത് ജീവൻറെ ഏറ്റവും അടുത്ത കൂട്ടുകാരൻ . താൻ ഒരുപാട് കാലങ്ങൾക്ക് ശേഷമാണു ഗോപിയെ കാണുന്നത് എങ്കിലും, അവൻറെ മുഖം പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു എന്ന് അദ്ദേഹം സന്തോഷത്തോടെ ഓർത്തു.

” ആഹാ! ഇതാരാ ഗോപിയോ, നിനക്ക് സുഖം ആണോ?”.

കുട്ടികൾ എത്ര തന്നെ മുതിർന്നാലും, ചെറിയ ക്ലാസ്സുകളിൽ പഠിപ്പിക്കുന്ന അധ്യാപകരോട് അവർക്കുള്ള വിനയവും സ്നേഹം ഒരിക്കലും നശിക്കില്ല എന്നുള്ളത് ഒരു പരമാർത്ഥം ആണ് എന്ന് അദ്ദേഹം മനസ്സിൽ ഓർത്തു. തൊട്ടടുത്ത്‌ കണ്ട ഒരു കോഫി ഷോപ്പിലേക്ക് അവർ രണ്ടു പേരും കയറി. ഒരുപാടു കാലങ്ങൾക്ക് ശേഷം കണ്ടതിൻറെ സന്തോഷം രണ്ടു പേർക്കും ഉണ്ടായിരുന്നു. അവർ തമ്മിൽ വിശേഷങ്ങൾ പങ്കുവെച്ചു. ഗോപി ഇപ്പോൾ ഒരു ബാങ്ക് മാനേജർ ആണ്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവും ആണ് അവൻ. ജീവിതം സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ടു പോകുന്നു. പലതും പറഞ്ഞ കൂട്ടത്തിൽ ജീവൻറെ ഇന്നത്തെ അവസ്ഥയെ കുറിച്ചും അവർ തമ്മിൽ സംസാരിച്ചു. അവൻ എന്ത് കൊണ്ട് ഇങ്ങിനെ ആയി പോയി എന്ന് അദേഹം ഗോപിയോട് തിരക്കി. ഗോപിയിൽ നിന്നും, ജീവൻറെ കൂടുതൽ വിശേഷങ്ങൾ അദ്ദേഹത്തിന് അറിയാൻ കഴിഞ്ഞു. ജീവൻറെ പതനത്തിനു തുടക്കം കുറിച്ചു എന്ന് തോന്നിക്കുന്ന ഒരു സംഭവവും ഗോപി പറഞ്ഞു. ജീവൻ പത്താം ക്ലാസ്സ്‌ വരെ നഗരത്തിലെക്കൊന്നും ഒറ്റയ്ക്ക് പോയിട്ടില്ലായിരുന്നു . അവൻറെ അച്ഛൻ മരിച്ചതിനു ശേഷം, ഒരിക്കൽ അവൻ എന്തോ ആവശ്യത്തിനു നഗരത്തിലേക്ക് പോയി. അന്ന് രാത്രി അവൻ തിരിച്ചെത്തിയില്ല. പിന്നെ രണ്ടു ദിവസം അവനെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. മൂന്നാമത്തെ ദിവസം, ശരീരമാസകലം മുറിവുകളും ചതവുകളുമായി അബോധാവസ്ഥയിൽ നഗരത്തിലെ ഒരു ഒഴിഞ്ഞ പ്രദേശത്ത് നിന്നു അവനെ പോലീസ് കണ്ടെത്തി . എന്താണ് അവനു സംഭവിച്ചത് എന്ന് ആർക്കും മനസിലായില്ല. പോലീസിൻറെ ചോദ്യം ചെയ്യലിലും എന്താണ് സംഭവിച്ചത് എന്ന് അവൻ പറഞ്ഞില്ല. അവൻ അതിനെ കുറിച്ച് പിന്നീടൊരിക്കലും ആരോടും ഒന്നും പറഞ്ഞതുമില്ല . ആ സംഭവത്തിന്‌ ശേഷം അവൻറെ സ്വഭാവം അടി മുടി മാറി പോയി. നാണം കുണുങ്ങിയും പാവത്താനുമായ ജീവൻ, ആ സംഭവത്തിന്‌ ശേഷം വളരെ പരുക്കൻ സ്വഭാവക്കാരനായി മാറി. ഗോപിയെ പോലുള്ള പഴയ സുഹൃത്തുക്കളോട് മാത്രമേ അവൻ എന്തെങ്കിലും അടുപ്പത്തോടെ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. അതും വല്ലപ്പോഴും എവിടെ എങ്കിലും വെച്ചു കാണുമ്പോൾ മാത്രം. വീട്ടിൽ പോകുന്നതും ഒരുപാട് രാത്രി ആയതിനു ശേഷം മാത്രമാക്കി. അധികം വൈകാതെ അവനു മറ്റൊരു പുതിയ സുഹൃത്ത് വലയമുണ്ടായി. പതിയെ അവൻ മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങി. അവൻറെ കയ്യിലെ പണമെല്ലാം അവൻ അതിനു വേണ്ടി ചിലവാക്കി കൊണ്ടിരുന്നു. മയക്കു മരുന്നിൻറെ ഉപയോഗം ആരംഭിച്ചതോടെ അവൻ അധികം ആരുടേം മുന്നിൽ പോകാതെ ആയി. ഗോപിയെ പോലും അവൻ ഒഴിവാക്കാൻ ശ്രമിച്ചു. പിന്നീട് ഗോപി കേൾക്കുന്നത്‌ ജീവൻ കൊലപാതകത്തിൽ പങ്കാളി ആയി എന്നുള്ള വാർത്തകൾ ആണ് . അത് പണത്തിനു വേണ്ടി ആയിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. അതിനു ശേഷം എത്രയോ വർഷങ്ങൾ ഇപ്പോൾ കഴിഞ്ഞു. ജീവൻ ശിക്ഷ കഴിഞ്ഞു ജയിലിൽ നിന്നു ഇറങ്ങിയതിനു ശേഷം ഗോപി അവനെ അധികം കണ്ടിട്ടില്ല. അതിനു ശേഷം ഒന്ന് രണ്ടു തവണ കണ്ടപ്പോളും, പഴയ സ്നേഹത്തിനു ഒരു കുറവും വന്നതായി ഗോപിക്ക് തോന്നിയില്ല. അവൻ നശിച്ചു പോയതിൽ ഗോപിക്കും നല്ല ദുഃഖം ഉണ്ടായിരുന്നു. ഗോപിയും സാറും യാത്ര പറഞ്ഞു പിരിഞ്ഞു. സാറിനെ ഗോപി തൻറെ വീട്ടിലേക്കു ക്ഷണിച്ചിട്ടാണ് പോയത്. താൻ ഏറെ ഇഷ്ടപ്പെടുന്ന ജീവൻറെ ദുരന്തകഥ അനന്തൻ സാറിനെ അസ്വസ്ഥനാക്കി. എന്തായാലും, ഗോപി പറഞ്ഞത് വെച്ചു നോക്കുമ്പോൾ, ഒരു കാര്യം അദേഹത്തിന് ഉറപ്പുണ്ടായിരുന്നു, ഇന്നും ജീവൻറെ ഉള്ളിൽ നന്മയുടെ കണിക അവശേഷിക്കുന്നുണ്ട്.

“ഛെ , വളരെ മോശമായി പോയി “. ജീവന് അവനോടു തന്നെ പുച്ഛം തോന്നി. അവൻ തിടുക്കത്തിൽ കാലുകൾ നീട്ടി വെച്ചു എങ്ങോട്ടേക്ക് എന്നറിയാതെ നടന്നു കൊണ്ടിരുന്നു. എത്രയും വേഗം ഈ പരിസരം വിടണം എന്നൊരു ചിന്ത മാത്രമേ അവൻറെ ഉള്ളിൽ ഉണ്ടായിരുന്നുള്ളു . കുറച്ചു മുമ്പ് നടന്ന സംഭവം അവൻറെ മനസിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു . വീട്ടിൽ താൻ ഉണ്ടാക്കിയ കൊലാഹലമല്ല അവനെ അസ്വസ്ഥനാക്കിയത് . മറിച്ചു അനന്തൻ സാർ അത് കേട്ടു എന്നുള്ളതാണ് അവനെ അലട്ടിയത് . തൻറെ ഭൂതകാലം ഇന്നത്തോടെ അദ്ദേഹം പൂർണമായും മനസിലാക്കും. എന്തായാലും തൻറെ അമ്മ ഇന്ന് അത് അദ്ദേഹത്തോട് പറയും എന്ന് അവനു ഉറപ്പായിരുന്നു. അതിനുള്ള സാഹചര്യം താനായിട്ട് ഉണ്ടാക്കുകയും ചെയ്തു. ഇനി അദേഹത്തിന്റെ മുന്നിൽ താൻ എങ്ങിനെ പോകും എന്നായിരുന്നു അവന്റെ വ്യഥ. അദ്ദേഹം ആഗ്രഹിച്ച പോലുള്ള ഒരു ഭാവിയെ അല്ല തനിക്കു കിട്ടിയത് എന്ന് അദ്ദേഹം മനസ്സിലാക്കും. ഞാൻ ഒരു കൊലപാതകിയും ഗുണ്ടയും ആണ് എന്ന് മനസിലാക്കുമ്പോൾ അദ്ദേഹത്തിന് തന്നോട് ഇത് വരെ ഉണ്ടായിരുന്ന എല്ലാ സ്നേഹവും നഷ്ടമാകും. താൻ ചെന്ന് വീണുപോയ കുഴികളെ കുറിച്ച് എന്നെങ്കിലും അദ്ദേഹത്തോട് പറയാൻ തനിക്കു കഴിയുമോ? ശരിക്കു പറഞ്ഞാൽ പണമാണ് തൻറെ ജീവിതത്തിനെ തകർത്തു എറിഞ്ഞത്. ചെറിയ പ്രായത്തിൽ എല്ലാം അധികാരങ്ങളും കയ്യിൽ കിട്ടിയിപ്പോൾ, അത് എങ്ങിനെയാണ് വിനിയോഗിക്കേണ്ടത് എന്ന് താൻ ഒരിക്കലും ചിന്തിച്ചില്ല. അങ്ങിനെ പ്രവർത്തിച്ചതിൻറെ ഫലം ആണ് താൻ ജീവിതത്തിൽ അനുഭവിച്ചതും അനുഭവിച്ചു കൊണ്ടിരിക്കുന്നതും. ശരിയായ സൗഹൃദങ്ങൾ തിരിച്ചറിയാൻ തനിക്കു അപ്പോൾ കഴിഞ്ഞില്ല. തൻറെ അപ്പോഴത്തെ സുഹൃത്തുക്കൾക്ക് വേണ്ടത് തൻറെ കൈയ്യിൽ ഉള്ള പണമായിരുന്നു എന്നത് തിരിച്ചറിയാൻ താൻ ഒരുപാടു വൈകിപ്പോയി. തിരിച്ചറിഞ്ഞപ്പോഴേക്കും താൻ ഒരു കൊലപാതകി ആയി ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു. യഥാർത്ഥത്തിൽ തനിക്കു ആ കൊലപാതകത്തിൽ നേരിട്ട് യാതൊരു പങ്കാളിത്തവും ഇല്ലായിരുന്നു. അന്ന് താൻ ചെയ്ത ഏക കുറ്റം, ആ ഡ്രൈവറിനെ യാത്ര പോകാൻ വേണ്ടി വിളിച്ചു കൊണ്ട് വന്നു എന്നുള്ളതാണ്. അപ്പോഴും തനിക്കു അറിയില്ലായിരുന്നു തൻറെ കൂട്ടാളികളുടെ പദ്ധതി എന്താണ് എന്ന്. ആ യാത്രയിൽ യഥാർത്ഥത്തിൽ താൻ ഉണ്ടായിരുന്നില്ല. പക്ഷെ പോലീസിൻറെ കഥയിൽ താനും കൊല നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു എന്നാണ് അവർ എഴുതി ചേർത്തിരുന്നത്. അന്ന് തൻറെ നിരപരാധിത്തം തെളിയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, ഒരു പക്ഷെ താൻ ഇത്രയും അധപതിച്ചു പോകില്ലായിരുന്നു. പക്ഷെ തൻറെ വിധി ഇതായിരുന്നു. ശിക്ഷ അനുഭവിച്ച കൊണ്ടിരുന്ന കാലത്തു തന്നെ താൻ ഒരു തീരുമാനം എടുത്തതാണ്. എല്ലാ ദുശീലങ്ങളും മാറ്റി നല്ല ഒരു മനുഷ്യനായി ഇനി ജീവിക്കണം എന്നുള്ള തീരുമാനം. പക്ഷെ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ മനസിലായി ഒരിക്കൽ കൊലപാതകി എന്ന് പേര് കിട്ടിയാൽ അത് ജീവിത കാലം മുഴുവനും വേട്ടയാടപ്പെടും എന്ന്. എല്ലാപേരും വെറുപ്പോടെയാണ് തന്നെ കാണുന്നത് എന്ന് താൻ വേദനയോടെ മനസിലാക്കി. സ്വന്തമായി ഉണ്ടായിരുന്ന സ്വത്തുക്കൾ എല്ലാം നശിപ്പിച്ചത് കാരണം, ജീവിക്കാൻ വേണ്ടി ഒരു തൊഴിൽ അത്യാവശ്യമായിരുന്നു. പക്ഷെ ഒരു കൊലപാതകിയായ തനിക്കു ആരാണ് ജോലി തരുന്നത്? ജീവിക്കണമെങ്കിൽ വഴി വിട്ട എന്തെങ്കിലും ചെയ്യേണ്ട അവസ്ഥ. തീരെ ആഗ്രഹം ഇല്ലാഞ്ഞിട്ടും അങ്ങിനെ ആണ് താൻ കൂലിക്ക് ആളെ തല്ലുന്ന ഒരു ഗുണ്ട ആയി മാറിയത്. അക്കാലത്തു തനിക്കു ആകപ്പാടെ കിട്ടുന്ന ഒരു ആശ്വാസം കുട്ടിക്കാലത്തെ പഴയ സുഹൃത്തുക്കളെ വല്ലപ്പോഴും എവിടെ വെച്ചെങ്കിലും കാണുന്നത് ആയിരുന്നു. അവർ മാത്രം തന്നോട് പഴയത് പോലെ സ്നേഹത്തോടെ പെരുമാറി. രാഷ്ട്രീയത്തിലേക്ക് ചുവടു വെച്ചു കൊണ്ട് തൻറെ പേരിനൊപ്പമുള്ള ആ പഴയ കറ മായ്ക്കാൻ ആണ് താൻ കഴിഞ്ഞ കുറച്ചു കാലമായി ശ്രമിക്കുന്നത്. പക്ഷെ ഈ പാർട്ടിക്ക് വേണ്ടിയുള്ള ചെയ്തികൾ തൻറെ മുൻകാല ജീവിതവുമായിട്ടു വലിയ വ്യത്യാസം ഉണ്ട് എന്ന് തോന്നുന്നില്ല. തന്നെ അവർ ഉപയോഗിക്കുകയാണോ എന്ന് തനിക്കു പലപ്പോഴും തോന്നിയിട്ടുമുണ്ട്. അന്ന് പാർട്ടി ഓഫീസിൽ വെച്ചു സാറിനെ കണ്ടപ്പോൾ അദ്ദേഹത്തോട് തൻറെ കഥകൾ പറയേണ്ടതായിരുന്നു. പറഞ്ഞിരുന്നെങ്കിൽ ഇപ്പോൾ ഈ വിഷമം താൻ അനുഭവിക്കേണ്ടി വരില്ലായിരുന്നു.

ജീവൻറെ വീട്ടില് നടന്ന ആ സംഭവത്തിനു പിറ്റേന്ന് തന്നെ വിധി അവരെ തമ്മിൽ കൂട്ടി മുട്ടിച്ചു. അനന്തൻ സാറിനെ കണ്ടപ്പോൾ ജീവന് വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. താൻ ജീവിതത്തിൽ ഏറെ ഇഷ്ടപെടുകയും ആരാധിക്കുകയും ചെയ്യുന്ന സാറിന് മുന്നിൽ പെട്ടെന്ന് കുറ്റവാളി ആയ ഒരു പ്രതീതി ആയിരുന്നു അവൻറെ ഉള്ളിൽ. സാർ നാട്ടിൽ ഇല്ലാതിരുന്നത് കാരണം അദ്ദേഹം തൻറെ കഥകൾ ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല എന്ന ആത്മവിശ്വാസം കാരണമാകാം, മുമ്പ് പാർട്ടി ഓഫീസിൽ വെച്ചു അദ്ദേഹത്തെ കണ്ടപ്പോൾ ജീവന് യാതൊരു പരിഭ്രമവും തോന്നാതിരുന്നത്. എന്നാൽ ഇപ്പോഴത്തെ അവസ്ഥ അതല്ല . അദ്ദേഹം എല്ലാം അറിഞ്ഞിരിക്കുന്നു എന്നുള്ളത് തീർച്ചയാണ്. ജീവൻ അവൻറെ സാറിന്റെ മുന്നിൽ കുറ്റവാളിയെ പോലെ തല താഴ്ത്തി നിന്നു. പണ്ട് സ്കൂളിൽ ചെറിയ കുറ്റങ്ങൾ ചെയ്തതിനു ശേഷം തലയും താഴ്ത്തി നില്ക്കുന്നത് പോലെ .

” ജീവൻ, ഞാൻ എന്തൊക്കെയാണ് നിന്നെ കുറിച്ചു ഈ കേൾക്കുന്നത്, ഇങ്ങിനെ ഒക്കെ നിന്റെ ജീവിതത്തിൽ സംഭവിച്ചു എന്ന് ഞാൻ ഇപ്പോഴാണ്‌ അറിഞ്ഞത്. നിനക്ക് എന്താണ് പറ്റിയത്?”. ജീവൻ മുഖമുയർത്തി നോക്കി എന്നിട്ട് ഇടർച്ചയോടെ തൻറെ കഥ അദ്ദേഹത്തോട് പറഞ്ഞു. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ചെറിയ കുട്ടികളെ പോലെ ജീവൻ മുഖം പൊത്തി കരഞ്ഞു. അദ്ദേഹം അവനെ ആശ്വസിപ്പിച്ചു.

“നിന്റെ ഈ കഥ കേട്ടിട്ട് എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല. നിസ്സാരം എന്ന് പറഞ്ഞു തള്ളിക്കളയാവുന്ന കാര്യങ്ങൾ അല്ലല്ലോ നിന്റെ ജീവിതത്തിൽ സംഭവിച്ചത് . എങ്കിലും കഴിഞ്ഞ കാലത്തെ കുറിച്ചു ഓർത്തു ദുഖിച്ചിട്ടും പരിതപിച്ചിട്ടും ഒരു കാര്യവുമില്ല. സംഭവിക്കാനുള്ളതു സംഭവിച്ചു കൊണ്ടേ ഇരിക്കും . അത് കൊണ്ട് പഴയതെല്ലാം മറന്നു നീ പുതിയൊരു ജീവൻ ആകൂ . വെട്ടും കുത്തും ഒക്കെ നിർത്തി നല്ല കാര്യങ്ങളിലേക്ക് നിൻറെ ശ്രദ്ധ തിരിച്ചു വിടൂ . നിനക്ക് അതിനു ആവശ്യമുള്ള എന്ത് സഹായം വേണമെങ്കിലും ഞാൻ ചെയ്തു തരാം. എന്താ നീ അതിനു തയ്യാറാണോ”. അദ്ദേഹത്തിന് അവനെ പഴയ ആ ജീവൻ ആക്കി, നന്മയുടെ പാതയിലേക്ക് കൊണ്ട് വരണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അത് തൻറെ കടമ തന്നെയാണ് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു

ഇത് തനിക്കു കരകയറാനുള്ള ഒരു അവസമാണ് എന്ന് ജീവന് തോന്നി. അദ്ദേഹം പറയുന്നത് പോലെ ചെയ്യാൻ താൻ തയ്യാറാണ് എന്ന് ജീവൻ അറിയിച്ചു. അവൻറെ ഉള്ളിലും ചില ഉറച്ച തീരുമാനങ്ങൾ ഉടലെടുക്കുകയായിരുന്നു . സാർ പറയുന്ന പോലെ ഇനിയെങ്കിലും ഒരു നല്ല മനുഷ്യൻ ആയി ജീവിക്കണം . പക്ഷെ എങ്ങിനെ എന്ന് അവനു ഒരു രൂപവും ഇല്ലായിരുന്നു . വേറെ വരുമാനം ഒന്നും ഇല്ലാതെ ജീവിതം എങ്ങിനെ മുന്നോട്ടു പോകും എന്നുള്ളതായിരുന്നു അവൻറെ മുന്നിലെ സമസ്യ . അവൻറെ മനസ്സ് വായിച്ചിട്ട് എന്ന പോലെ അദ്ദേഹം അവനോടു പറഞ്ഞു . “ഞാൻ ഒരു മാർജിൻ ഫ്രീ കട ആരംഭിക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇത്രയും കാലത്തെ സമ്പാദ്യം എല്ലാം അതിനായി മാറ്റി വച്ചിരിക്കയാണ്. നിനക്ക് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാമോ? “. അത് കേട്ടപ്പോൾ ജീവനും അതൊരു നല്ല ആശയമാണ് എന്ന് തോന്നി . “ഞാൻ തയ്യാറാണ് സാർ . പക്ഷെ എനിക്ക് ഒന്ന് രണ്ടു ആഴ്ചത്തെ സമയം തരണം. എല്ലാം അവസാനിപ്പിക്കുവാൻ വേണ്ടി”. അങ്ങിനെയാവട്ടെ എന്ന് അദ്ദേഹം അവനോടു പറഞ്ഞു . രണ്ടാഴ്ച കഴിഞ്ഞു തന്നെ വന്നു കാണാൻ പറഞ്ഞിട്ട് അദ്ദേഹം നടന്നു നീങ്ങി..

ഒരാഴ്ച കഴിഞ്ഞു, പത്രത്തിലെ വാർത്ത‍ കണ്ടു അനന്തൻ സാർ ഞെട്ടി പോയി . കുപ്രസിദ്ധ ഗുണ്ട ആയ ജീവനെ പോലീസ് പ്രത്യേക ഗുണ്ട നിയമ പ്രകാരം അറസ്റ്റ് ചെയ്തു എന്നും കോടതി അവനെ ഒരു മാസത്തേക്ക് റിമാണ്ട് ചെയ്തു എന്നുമായിരുന്നു വാർത്ത‍ . ജാമ്യം കിട്ടാത്ത വകുപ്പ് ആയതു കൊണ്ട് ഉടനെ ഒന്നും അവൻ പുറത്തു ഇറങ്ങില്ല എന്ന് അദ്ദേഹം ഊഹിച്ചു. വിധി വീണ്ടും അവനെ വേട്ടയാടുകയാണ്. നന്മയുടെ പാതയിലേക്ക് വരികയായിരുന്നു അവൻ. ഇനി അവൻ പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കുക മാത്രമേ പോംവഴി ഉള്ളൂ. അവൻറെ കഴിഞ്ഞ കാല ജീവിതം ഇനിയും അവനെ വേട്ടയാടി കൊണ്ടേ ഇരിക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും ഇല്ല . പക്ഷെ എന്ത് തന്നെ ആയാലും തൻറെ ശ്രമങ്ങൾ താൻ ഇവടെ വെച്ചു ഉപേക്ഷിക്കുകയില്ല എന്ന് അദ്ദേഹം മനസിൽ അടിവരയിട്ടു ഉറപ്പിച്ചു.

Comments

comments