ഐ. യു. ഐ ലാബ്‌ – Sudhish Radhakrishnan

Author : Sudhish Radhakrishnan
Company : UST Global
Email : radhakrishnan.sudhish@gmail.com


ഐ. യു. ഐ ലാബ്‌

അന്ന് മഴ പെയ്തു. ആർത്തലച്ചു, പുതുമണ്ണിൽ മാദകഗന്ധം ഉയർത്തി, വികാരവിസ്ഫോടനങ്ങൾ സൃഷ്ടിച്ച്, ജീവന്റെ തുടിപ്പുകളെ തൊട്ടുണർത്തുന്ന പ്രകൃതിയുടെ വരദാനം. അതേ ജീവന്റെ തുടിപ്പുകൾ തങ്ങളുടെ ഉദരത്തിൽ അനുഗ്രഹവർഷമായി പെയ്തിറങ്ങുവാൻ കാത്തിരിക്കുന്ന സ്ത്രീകൾ ആ ലാബിന്റെ നീളൻ മുറിയിൽ അങ്ങിങ്ങായി ഇരിക്കുന്നു. തന്റെ ആത്മാവിന്റെ അവശേഷിപ്പും ഊർജ്ജവും ആവാഹിച്ച് ഒരു പിറവിയ്ക്കായി സകലതും സമർപ്പിച്ച്‌ അവർക്ക് കൂട്ടിരിക്കുന്ന അവരുടെ ആണ്‍തുണകളും..

എന്തെന്നില്ലാത്ത ഒരു നിശ്ശബ്ദത അവിടെ നിറഞ്ഞു നിന്നു. അലസമായി തുറന്ന് കിടക്കുന്ന ജാലകത്തിലൂടെ മഴത്തുള്ളികൾ മുറിയുടെ അകത്തേയ്ക്ക് തെറിച്ചു വീഴുന്നു. തീവ്ര ദുഖത്തിന്റെ ചുഴിയിൽ നട്ടം തിരിയുന്ന ആ ആത്മാക്കളെ ആശ്വസിപ്പിക്കാനെന്നവണ്ണം ഇടവേളകിൽ ഇളംകാറ്റും വീശുന്നു.
ഹൃദയമിടിപ്പുകൾ കേൾക്കാവുന്ന ആ കാത്തിരിപ്പിന്റെ നിമിഷങ്ങളിൽ അവർ പ്രാർഥനാ മന്ത്രങ്ങൾ ഉരുക്കഴിച്ചു. വ്യാകുലതകളെ സ്ഫുടം ചെയ്തു മനസ്സിന് ശക്തിയേകി. ഉള്ളുരുകി അപേക്ഷിച്ചു. മൂളാൻ ആഗ്രഹിക്കുന്ന താരാട്ടു പാട്ടുകൾ കേൾക്കാനും, കേൾക്കാൻ കൊതിക്കുന്ന കൊഞ്ചലുകളെ താലോലിക്കുവാനും ഒരു അവകാശിക്ക് വേണ്ടി.. സ്വത്തിനും സുഹൃത്ത് ബന്ധങ്ങൾക്കും നികത്താനാവാത്ത ആ ഒരു ജീവിത ഘടകത്തിന്റെ പിറവിക്കു വേണ്ടി… ഒരു കുഞ്ഞിനു വേണ്ടി… അറിയാം.. പിറവി പ്രവചനാതീതമാണ്. നിനച്ചിരിക്കുമ്പോൾ സംഭവിക്കാതിരിക്കുകയും അവിചാരിതമായി കടന്നു വരികയും ചെയ്യുന്ന ഒരു ദൈവാനുഗ്രഹം. എന്നാലും…

ആശുപത്രി വരാന്തകളിലാവണം ഒരു പക്ഷെ ഏറ്റവും ഹൃദയമുരുകിയുള്ള പ്രാർഥനകൾ പ്രപഞ്ച സൃഷ്ടാവിന് അർപ്പിക്കുന്നത്. കാതോർത്താൽ കേൾക്കാവുന്നത്രയടുത്തു, കൈയെത്തിച്ചാൽ തൊടാവുന്നത്രയടുത്തിരുന്ന് ദൈവം അതനുഭവിക്കുന്നുണ്ടാകും. തീർച്ച!

പലപ്പോഴും വർത്തമാനകാലത്തിൽ നിന്നും വേർപ്പെട്ട മാനസികാവസ്ഥയാണ് എന്റേത്. ചുറ്റും ഒരായിരം ചോദ്യങ്ങൾ. മനസ്സെപ്പോഴും പ്രക്ഷുബ്ധവും അസ്വസ്ഥവും. മാനസിക സമതുലിതാവസ്ഥ ശരിയല്ലാത്തത് കൊണ്ടാവാം ഓരോ നിമിഷവും ആത്മ സംഘർഷങ്ങൾ വേട്ടയാടുന്നത്. അതാവാം പൊതു ജീവിതത്തിൽ നിന്നും വെബ് ലോകത്തിൽ നിന്നും മാറി നിന്നുള്ള ഒരു അജ്ഞാത വാസം ഞാൻ ഇഷ്ടപ്പെട്ടത്. സ്വയം ഉരുകുമ്പോഴും എന്റെ നേർപാതിയ്ക്ക് കരുത്തും മന:ശ്ശക്തിയും നൽകി, വിരസ വിഷാദമായ ഓരോ ദിനങ്ങളും തള്ളി നീക്കുന്നു.
ഒരു പുതിയ പ്രഭാതത്തിന്റെ പിറവി സ്വപ്നം കണ്ട് …
അതെ, ജീവിതത്തിന് അർത്ഥം നൽകുന്നത് പ്രതീക്ഷകളാണ്. ഡോക്ടറുടെ വാക്കുകൾ ഞാനോർത്തു.
“ജീവിതത്തിൽ എല്ലാവർക്കും ഒരു വനവാസ കാലമുണ്ട്. ഭഗവാൻ ശ്രീരാമൻ പോലും എല്ലാം ഉപേക്ഷിച്ച് പതിന്നാലു വർഷം വനവാസത്തിൽ ആയിരുന്നില്ലേ? എല്ലാം നല്ലതിനാണ്. അത് കാലം തെളിയിക്കും. കാത്തിരിക്കുക.” ശരിയാണ്. ആശ്വാസവും ആത്മവിശ്വാസവും പകരുന്നവനാണ് യഥാർത്ഥ വൈദ്യൻ. വൈദ്യൻ തരുന്നത് പച്ച വെള്ളമാണെങ്കിൽ പോലും അത് അസുഖം മാറ്റുമെന്ന് രോഗി വിശ്വസിക്കണം. വിശ്വാസമാണ് എന്തിന്റെയും ജീവൻ. വിശ്വാസമില്ലെങ്കിൽ എല്ലാ ചികിത്സകളും നിഷ്ഫലം. വിശ്വസിച്ചേ മതിയാകൂ. എന്തെന്നാൽ അപൂർവവും അപൂർണവുമായ സങ്കൽപ്പങ്ങളോടെ ജീവൻ വിട്ടകന്നു പോകുന്നത് ഒരു രോഗിയും ഇഷ്ടപ്പെടുന്നില്ലല്ലോ. വൈദ്യനും രോഗിയും തമ്മിലുള്ള അജ്ഞാതമായ ഏതോ ഒരു രസതന്ത്രം എന്നും വിശ്വാസങ്ങളെ കാത്തു രക്ഷിക്കുന്നുണ്ട്. അതാണ്‌ ഏക ആശ്വാസവും പ്രതീക്ഷയും.

ഊഴം കഴിഞ്ഞു ലാബിൽ നിന്നും ഞങ്ങൾ പുറത്തിറങ്ങി. ഇനിയുള്ള പതിന്നാലു ദിനരാത്രങ്ങൾ നിർണായകമാണ്. കാത്തിരിപ്പുകളുടേതാണ്. പ്രാർത്ഥനകളുടേതും.. മനസ്സിൽ നൂറു ചോദ്യങ്ങൾ. തന്റെ സ്വർവ്വസ്വവും അർപ്പിച്ച് ഭക്തർ നടത്തുന്ന പ്രാർത്ഥനകൾക്ക് മുന്നിൽ ദൈവം ഒരു നിമിഷമെങ്കിലും ചിന്തിക്കില്ലേ? വിധിയെഴുതുന്ന ആ കൈകൾ ഒരു മാത്ര നിശ്ചലമാകില്ലേ? ആ ഒരു നിമിഷത്തെ പുനർവിചിന്തനം അത്ഭുതങ്ങൾ സൃഷ്ടിക്കില്ലേ?
ദൈവം ഒരു മജീഷ്യനാണ്. ഒരു നിമിഷം കൊണ്ട് അത്ഭുതങ്ങൾ വിതറി നമ്മെ നിശ്ശബ്ദനാക്കുന്ന ജാലവിദ്യക്കാരൻ.

ഞങ്ങൾ കാത്തിരിക്കുന്നു. തെളിയാൻ വെമ്പുന്ന ആ രണ്ടു വരകൾക്കായി.
അവ വിലമതിയ്ക്കാനാവാത്ത ജീവിത സാഫല്യത്തിന്റെതാണ്.
ഒരു മനുഷ്യ ജന്മത്തിന്റെ സുകൃതവും!

*IUI Lab – Intra Uterine Insemination Lab

Comments

comments