കരിനിഴലുകള്‍ – Surya C G

Author : Surya C. G.
Company : UST Global
Email : slsuryasmiles@gmail.com

കരിനിഴലുകള്‍

പുലർവെയിലിന്റെ ആദ്യരശ്‌മി ഇളംതെന്നലില്‍ ചാഞ്ചാടുന്ന മുക്കുറ്റിത്തണ്ടിന്‍മേല്‍ പതിഞ്ഞപ്പോള്‍ അവസാനമഞ്ഞതുള്ളിയും ഉരുകി വീണു. മുറ്റത്തെ തേന്‍മാവ്‌ പൂത്തു തുടങ്ങിയിരിക്കുന്നു. ഇത്തവണയും നിറയെ മാമ്പഴങ്ങള്‍ ഉണ്ടാവും. പുഴയും, പുഞ്ചപ്പാടങ്ങളും കടന്ന്‌ കാവിലെ പുള്ളുവന്‍പാട്ട്‌ കാതില്‍ അലയടിക്കുന്നു. സൂര്യകിരണങ്ങള്‍ തൊടിയിലെ ഓരോ പുല്‍ക്കൊടിയേയും തഴുകി ഉണർത്തിയിരിക്കുന്നു.

“അമ്മേ…..” അകത്തളത്തിലെങ്ങോ ഒരു കുരുന്നുശബ്‌ദം തന്നെ വിളിക്കുന്നുവോ…? ഇല്ല… അതു വെറും മിഥ്യയാണ്‌. ആ വിളി എന്നെന്നേക്കുമായി നിലച്ചു കഴിഞ്ഞു. നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങള്‍ക്കു മുന്‍പ്‌ ലോകം വെള്ളവസ്‌ത്രങ്ങളാല്‍ മൂടി സമ്മാനിച്ചതാണെനിക്കവനെ.. തേന്‍മാമ്പഴം അവനെന്നും പ്രിയപ്പെട്ടതായിരുന്നു. മാമ്പഴക്കാലത്ത്‌ ഇളംമഞ്ഞനിറമുള്ള തുടുത്ത തേന്‍മാമ്പഴം ഞെട്ടടർന്ന്‌ അവനു വേണ്ടി മാത്രമായി വീഴുമ്പോള്‍ കാകനു നല്‍കാതെ ഞാന്‍ കാത്തു വയ്‌ക്കുമായിരുന്നു. പള്ളിക്കൂടം വിട്ട്‌ അവനെത്തുമ്പോള്‍, തേന്‍ കിനിയുന്ന മാമ്പഴപ്പൂളുകള്‍ അടർത്തിയെടുക്കുന്ന എന്റെ സാരിത്തലപ്പില്‍ അള്ളിപ്പിടിച്ച്‌ നാവില്‍ വെള്ളമൂറിക്കൊണ്ട്‌ ആരും വാരിപ്പുണർന്നു പോകുന്ന അരുമപ്പൈതലായി അവന്‍ നില്‍ക്കുമായിരുന്നു. തൊടിയില്‍ അലയടിക്കുന്ന അവന്റെ കളനാദം കേട്ട്‌ കുയിലുകള്‍ പോലും ഏറ്റു പാടുമായിരുന്നു. ചാറ്റല്‍മഴ ചാറുമ്പോള്‍ ഇറയത്ത്‌ തത്തിക്കളിക്കുന്ന അവനെക്കണ്ട്‌ എന്റെ മനസ്സ്‌ നിറയും. എന്റെ ഉണ്ണി. പൂക്കളും പൂമ്പാറ്റകളും പൂത്തുമ്പികളുമൊക്കെയായിരുന്നു അവന്റെ ഉറ്റ ചങ്ങാതിമാർ. ഉത്സവകാലത്ത്‌ പാടവരമ്പിലൂടെ എന്റെ കൈവിരല്‍ത്തുമ്പു പിടിച്ച്‌ ഓടിനടക്കുന്ന എന്റെ ഉണ്ണി. കാറ്റാടിയും, ഓലപ്പാമ്പും, കളിപ്പന്തും കണ്ട്‌ വാശി പിടിച്ചു കരയുന്ന എന്റെ പൊന്നുമകന്‍.

അവന്‍ വളർന്നു… പള്ളിക്കൂടം കഴിഞ്ഞു… ജീവിതത്തിന്റെ പരിമിതികള്‍ക്കുമപ്പുറം അവന്റെ വാശികള്‍ വളർന്നു. അവന്റെ കണ്ണുകളിലെ തിളക്കവും നിഷ്‌കളങ്കത നിറഞ്ഞ പുഞ്ചിരിയും എന്റെ ഓർമകളുടെ തിരമാലകള്‍ കവർന്നെടുത്തു. കുസൃതി നിറഞ്ഞ അവന്റെ ബാല്യവും, അകത്തളത്തിലെ ചുമരുകള്‍ക്കു പോലും എന്നും പ്രിയപ്പെട്ടതായിരുന്ന അവന്റെ കാലടിവയ്‌പ്പുകളും കാലചക്രത്തിലെങ്ങോ അലിഞ്ഞില്ലാതെയായി. അവന്റെ നെറുകിലൊന്നു തലോടുവാന്‍,.. സ്‌നേഹം വഴിയുന്ന “അമ്മേ…” എന്ന വിളി ഒന്നു കേള്‍ക്കുവാന്‍ ഓരോ നിമിഷവും ഞാന്‍ കൊതിച്ചിരുന്നു. എന്നാല്‍, ലഹരിയും, ഉന്‍മാദവും നിറഞ്ഞ സുഹൃദ്‌വലയത്തിന്റെ മാദകസുഖങ്ങള്‍ അവനെ മറ്റൊരാളായി തീർത്തിരുന്നു.

പെരുമഴയും ഇടിമിന്നലും നിറഞ്ഞ ഭയാനകമായ ഒരു രാത്രിയില്‍, കുപ്പായക്കീശയില്‍ നിന്നും കണ്ടെടുത്ത എന്തോ ഒരു പൊതിയെപ്പറ്റി ചോദിച്ചപ്പോള്‍ ഊണുമേശയില്‍ ഞാനവനു വേണ്ടി തയ്യാറാക്കിയ ഇഷ്‌ടവിഭവങ്ങള്‍ പോലും തട്ടിത്തെറിപ്പിച്ച്‌ നേരിയ വെളിച്ചത്തില്‍ നടന്നകന്നതാണ്‌ എന്റെ ഉണ്ണി. എന്നും പുലരുമ്പോള്‍, അവന്റെ കാലടിയൊച്ചക്കായി, വാതിലില്‍ നേർത്ത ഒരു മുട്ടിനായി ഞാന്‍ കാത്തിരുന്നു.

അന്ന്‌ പതിവിലും നേരത്തെയാണ്‌ ഞാനുറക്കമുണർന്നത്‌. എന്തോ… പ്രതീക്ഷയുടെ നാളങ്ങള്‍ ഉള്ളിലെവിടെയോ പൊട്ടിവിടരും പോലെ. മാതൃത്വം കൂട്ടിബന്ധിച്ച പ്രപഞ്ചസത്യങ്ങള്‍ എന്റെ ഉണ്ണിയെ എനിക്കു തിരിച്ചേല്‍പ്പിക്കുന്ന ശുഭമുഹൂർത്തം പോലെ. അവന്റെ ഇഷ്‌ടവിഭവങ്ങളൊക്കെയും തയ്യാറാക്കി ഞാനവനു വേണ്ടി കാത്തിരുന്നു. പടിക്കല്‍ ആരോ വന്നുവോ…? വാതിലിലെ മുട്ടു കേട്ട്‌ മനസ്സു നിറയെ പ്രതീക്ഷയുമായി ഓടിച്ചെന്ന എന്നെ കാത്തു നിന്നത്‌ ഒരു പറ്റം പോലീസുകാരാണ്‌.ഒന്നും ശബ്ദിക്കാതെ, നേർത്ത വിഷാദം കലർന്ന മുഖങ്ങളുമായി അവരെന്നെ എങ്ങോട്ടോ കൂട്ടിക്കൊണ്ടു പോയി. അങ്ങിങ്ങായി ഇളകിത്തുടങ്ങിയ ഒരു വലിയ കെട്ടിടം.. ഉള്ളില്, നാഢീഞരമ്പുകളെ പോലും വിറങ്ങലിപ്പിക്കുന്ന കൊടിയ തണുപ്പില് ഒരു നോക്കു ഞാന്‍ കണ്ടു… എന്റെ ഉണ്ണിയുടെ വിളറിയ മുഖം. ആ മരവിച്ച ചുണ്ടുകള്‍ എന്നോടെന്തോ പറയാന്‍ വെമ്പുന്നതു പോലെ. ആ മുഖത്തെ നിഷ്‌കളങ്കതയും, കണ്ണുകളിലെ തിളക്കവും വീണ്ടും കൈവന്നതു പോലെ. നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങള്‍ക്കു മുന്‍പ്‌, ലോകം വെള്ളവസ്‌ത്രങ്ങളാല്‍ മൂടി സമ്മാനിച്ചതാണെനിക്കവനെ. ഇന്നിതാ… വെള്ളവസ്‌ത്രങ്ങളില്‍ മൂടി ഞാനവനെ തിരികെ ഏല്‍പ്പിക്കുന്നു. മഴ പെയ്യുകയാണ്… തോരാതെ… പുതുമഴയില് മണ്ണിന്റെ സുഖമുള്ള മണം. എന്റെ ഉണ്ണി ആദ്യമായി പിച്ച വച്ചു നടന്ന മണ്ണ്… എന്റെ ഉണ്ണി അവസാനമായി ഉറങ്ങുന്ന മണ്ണ്…

Comments

comments