ഞാനും എന്റെ മോഹങ്ങളും – Savad C Mohamed

Author : Savad C. Mohamed
Company : Grid Design Solutions Pvt. Ltd.
Email : sadcee@gmail.com

ഞാനും എന്റെ മോഹങ്ങളും

എനിക്കാരാകണം എന്ന ചോദ്യത്തിന് പല കാലങ്ങളില്‍ പല ഉത്തരങ്ങള്‍ ആയിരുന്നു. ചെറിയ ക്ലാസ്സുകളില്‍ ഡോക്ടറും, വക്കീലും, എഞ്ചിനീയറും എന്നിങ്ങനെ പലതായ് മാറി മറിഞ്ഞു.
എന്നാല്‍ ഒരു ഐറ്റി എഞ്ചിനീയര്‍ ആകണം എന്ന ആഗ്രഹം ഉണ്ടായ്
തുടങ്ങിയത് ഹൈസ്ക്കൂളില്‍ എത്തിയപ്പോഴാണ്. അതിന് കാരണമായത് പേരപ്പന്‍റെ മകനായ ശ്യാം കുമാറാണ്.
പുള്ളി ബാഗ്ലൂരില്‍ ഐറ്റി എഞ്ചിനീയറാണ്. നാട്ടില്‍ വരുമ്പോഴൊക്കെ വീട്ടുകാരുടെയും നാട്ടുകാരുടെയും സ്നേഹാദരങ്ങള്‍ ഏറ്റു വാങ്ങുന്നത്, പല തരത്തില്‍ ഉള്ള ഡ്രസ്സുകള്‍ ധരിക്കുന്നത്, ഏതെങ്കിലും ഒരുത്തന്‍റെ നെഞ്ചില്‍ ചാരി നിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ വെമ്പി നില്‍ക്കുന്ന ചേച്ചിമാര് ശ്യാമേട്ടനെ കൊന്നപ്പത്തലില്‍ ഓന്തിരുന്ന് നോക്കുന്നത് പോലെ നോക്കുന്നതും, കോഴിക്കുഞ്ഞിനെ നോക്കി പരുന്ത് വട്ടം ഇട്ട് പറക്കുന്ന പോലെ കെട്ടിക്കാന്‍ പ്രായമായ പെണ്‍പിള്ളേരുടെ അപ്പന്മാര് ശ്യാമേട്ടനു മുകളില്‍ റാഞ്ചി നടക്കുന്നതും ആ സമയത്തെ ട്രെന്‍ഡ് ആയിരുന്നു. അതിന് അവരെ കുറ്റം പറാഞ്ഞു കൂടാ…

പണ്ട് സിനിമാ പരസ്യ ജീപ്പ് നാട്ടിലൂടെ പോകുമ്പോള്‍ നോട്ടീസ് എറിയുന്ന പോലെ സംസാരത്തിനിടക്ക് ഇഗ്ലീഷ് പറയുകയും നില്‍ക്കുന്ന പരിസരമാകെ പരിമളം പരത്തുന്ന പെര്‍ഫ്യൂം പൂശുകയും പിന്നെ ആഴ്ച തോറും മാനത്തെ ചന്ദ്രനെ പോലെ
വലുതാവുകയും ചെറുതാവുകയും ചെയ്യുന്ന താടിയും ഒക്കെ കണ്ടാല്‍ ആരാ മോഹിച്ച് പോകാതിരിക്കുക…?

നാട്ടിലെ ചെക്കന്മാര് ബാര്‍ബര്‍ സുജേഷിന്‍റെ അടുത്ത് ശ്യാമേട്ടന്‍റെ ഈ ആഴ്ചയിലെ ഹെയര്‍ സ്റ്റൈലും താടി ഡ്രസ്സിഗും വേണമെന്ന് പറയുന്ന വിധം വരെയെത്തി കാര്യങ്ങള്‍.. ബാര്‍ബര്‍ കം ബ്യൂട്ടീഷന്‍ സുജേഷ് ബാര്‍ബര്‍ ഷോപ്പില്‍ വെച്ചിരിക്കുന്ന തന്‍റെ
വിവിധ സര്‍ട്ടിഫിക്കറ്റിന്‍റെ ഇടയില്‍ ( പത്താം ക്ലാസ്സിന്‍റെ സര്‍ട്ടിഫിക്കറ്റതിലില്ല) ശ്യാമേട്ടനെ മോഡലാക്കി ഫോട്ടൊ വെക്കാന്‍ വരെ ആലോചിച്ചു.

അങ്ങനെ ശ്യാമേട്ടന്‍ എല്ലാരുടെയും ഹൃദയം കീഴടക്കിയപ്പോള്‍ ഞാന്‍ ഉറപ്പിച്ചു. ഐറ്റി എഞ്ചിനീയര്‍ ആകണം.

എനിക്കാകെ കമ്പ്യൂട്ടറുമായുള്ള ബന്ധം സി ഡി ഇട്ട് സിനിമാ കാഴ്ചയും ഫേസ് ബുക്കും ആണ്. അതില്‍ ശ്യാമേട്ടന്‍റെ പ്രൊഫൈലില്‍ കയറിയാല്‍ എന്തോരം ഫോട്ടോസ് ആണെന്നോ..?
അവരുടെ ഓഫീസില്‍ പാര്‍ട്ടി നടത്തുന്നത്, ഓണം, ക്രിസ്മസ് സെലിബ്രേഷന്‍സ്, ഷോപ്പിങ് മാളില്‍ ഫ്രണ്ട്സുമായ് കറങ്ങി നടക്കുന്നത്, കെ ഫ് സി ചിക്കന്‍ കഴിക്കുന്നത്.

ശ്യാമേട്ടന് ഒരുപാട് ഫ്രണ്ട്സ് ഉണ്ട്. ബോയ്സും ഗേള്‍സും, ഹൊ! അവരുടെ ഓഫീസിലെ ചേച്ചിമാരെ ഒക്കെ ഒന്ന് കാണേണ്ടത് തന്നെ !.
ങാ.. എനിക്കും ഒരു ഐ റ്റി എഞ്ചിനീയര്‍ ആയിട്ട് വേണം ഇത് പോലെ ഒക്കെ…!

ബാഗ്ലൂര്‍, ഐ റ്റി ഓഫീസ്, കെ ഫ് സി, ഷോപ്പിങ്ങ് മാള്‍, മോഡേണ്‍ ഗേള്‍സ്…….. സ്വപ്നങ്ങള്‍ ദിനരാത്രങ്ങള്‍ തള്ളി.

നാട്ടില്‍ ലീവിന് വന്നപ്പോഴാണ് ശ്യാമേട്ടന്‍ “നീ എന്‍റെ കൂടെ ബാഗ്ലൂരിലേക്ക് പോരുന്നോ? മുന്നാല് ദിവസം അവിടെ നിന്നേച്ച് പോരാം” എന്ന് പറഞ്ഞത്

മംഗള്‍യാന്‍ നിലത്ത് വീഴാതെ ശൂന്യാകാശത്ത് എത്തിച്ച ISRO ക്കാരുടെ സന്തോഷമായിരുന്നു എന്‍റെ ഉള്ളില്‍. മംഗള്‍യാനും ജി എസ് എല്‍ വി യും എന്‍റെ ഉള്ളില്‍ ഉയര്‍ന്ന് പൊങ്ങി.

അനുവാദം ചോദിക്കാന്‍ അമ്മേടെ അടുത്ത് പോയപ്പോ ബോര്‍ഡില്‍ എഴുതിയ കണക്ക് മനസ്സിലായില്ലാ എന്ന് പറയുമ്പോ ജോജോ സാറിന്‍റെ മുഖത്ത് ഉണ്ടാകുന്ന അതേ എക്സ്പ്രഷന്‍ അമ്മേടെ മുഖത്തും ഉണ്ടായ്.

അല്ലേലും എന്തേലും നല്ല കാര്യം പറയുമ്പോ ഈ അച്ചനമ്മമാര്‍ക്ക് ഉള്ളതാ പന്ത്രണ്ട് ഗ്യാസ് സിലിണ്ടര്‍ തരാന്‍ വീരപ്പ മൊയ്.ലിക്ക് ഉള്ള പോലത്തെ ഒരു വൈക്ലബ്യം.

ഒടുവില്‍ ഒരു വിധത്തില്‍ ശ്യാമേട്ടന്‍റെ കൂടെ ബാഗ്ലൂര്‍ക്ക് കന്യാകുമാരി എക്സ്പ്രസ്സില്‍ യാത്രയായ്.

ബാഗ്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും BMTC ബസ്സില്‍ കേറി മടിവാളയില്‍ എത്തി.

അവിടെ അടുത്ത് ബൊമ്മനഹള്ളിയില്‍ ആണ് ചേട്ടന്‍റെ ഫ്ളാറ്റെന്ന് നേരത്തെ പറഞ്ഞിരുന്നു. ഫ്ലാറ്റെന്ന് കേട്ടപ്പോഴേ രാവിലെ ബോക്സര്‍ നിക്കറുമിട്ട് ഒരു മഗ് കോഫിയുമായ് നില്‍ക്കുന്ന ഫഹദ് ഫാസിലായ് ഞാന്‍ രൂപാന്തരപ്പെട്ടു.

അവിടെ വെച്ച് ഞാന്‍ ശ്യാമേട്ടനെ ഒന്നുകൂടെ നോക്കി. “ഫഹദേട്ടാ.. നിങ്ങള്‍ ഒന്നുമല്ല എന്‍റെ ശ്യാമേട്ടന്‍റെ മുന്നില്‍“

ന്യൂ ജനറേഷന്‍ ഫ്ലാറ്റ് മനസ്സില്‍ കണ്ട് ഞാന്‍ ചെന്ന് കയറിയത് മുന്നാല് കൊടിച്ചി പട്ടികള്‍ കശുവണ്ടിപോലെ നിലത്ത് കിടന്ന് ഉറങ്ങുന്ന കെട്ടിടത്തിന്‍റെ മുന്നില്‍ ആണ്. അതിന്‍റെ മൂന്നാം നിലയില്‍ ആണ് ശ്യാമേട്ടന്‍റെ ഫ്ളാറ്റ്. ( ആകെ മൂന്ന് നിലയെ ഉള്ളൂ)
ന്യൂ ജനറേഷന്‍ സിനിമയില്‍ നായകനും നായികയും കണ്ട് മുട്ടുന്ന ലിഫ്റ്റ് ഒന്നും ഇല്ല. ലഗേജ് എടുത്ത് മുകളിലേക്ക് സ്റ്റെയര്‍ വഴി കേറിച്ചെന്നത് അമ്പലത്തിന്‍റെ നടയില്‍ ചെരുപ്പും ഷൂസും കൂടിക്കിടക്കുന്ന പോലെ കൂട്ടിയിട്ടിരിക്കുന്ന ഫ്ളാറ്റിന്‍റെ മുന്നില്‍.

അകത്ത് കയറിയപ്പോ വിളപ്പില്‍ ശാല തോറ്റു പോകുന്ന അത്ര വൃത്തി!

സിഗര്‍ട്ട് കുറ്റികള്‍, കാലിക്കുപ്പികള്‍ പിന്നെ ഗൂഗിളിന്‍റെ നെറ്റ് വര്‍ക്കിഗ് പോലെ തലങ്ങും വിലങ്ങും കേബിളുകള്‍. മേശയുടെ പുറത്ത് രണ്ടും കട്ടിലിന്‍റെ പുറത്ത് മൂന്നും ലാപ്റ്റോപ്പുകള്‍. പിന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ബോഡി വെച്ചിരിക്കുന്ന പോല രണ്ട് ഡെസ്ക്ക് റ്റോപ്പ് കമ്പ്യൂട്ടറുകളും

രാവിലെ അവിടുന്ന് ബാച്ചിലേഴ്സ് ഉണ്ടാക്കിയ ചപ്പാത്തിയും കിഴങ്ങ കറിയും കഴിച്ചു,

നല്ല നൈസ് ചപ്പാത്തി!. ഇനി രണ്ട് ദിവസത്തേക്ക് ദഹിക്കാതെ കിടന്നോളും വയറ്റില്‍.

ശ്യാമേട്ടന്‍ കാലത്ത് തന്നെ കുളിച്ചൊരുങ്ങി… ച്ഛെ! ഫ്രെഷ് ആയ്..(അങ്ങനാ ഇവര് പറയുന്നെ) പട്ടിക്ക് കഴുത്തില്‍ ബെല്‍റ്റ് ഇടുന്ന പോലത്തെ ഒരു ടാഗും തൂക്കി പോയ്. പുറകെ ബാക്കി ഉള്ള നാല് പേരും.

വൈകുന്നേരം ശ്യാമേട്ടന്‍ വാങ്ങിത്തരാന്‍ പോകുന്ന കെ ഫ് സി യും ബര്‍ഗറും ഓര്‍ത്തു ഞാന്‍ പകലിനെ രാത്രിയാക്കി.
വൈകുന്നേരം ഓരോരുത്തരായ് വന്ന് ഓരോ ലാപ്റ്റോപ്പും ചുണ്ടില്‍ എരിയുന്ന സിഗര്‍ട്ടുമായ് ഇരുന്നു. എന്‍റെ വയറും എരിഞ്ഞ് തുടങ്ങി. ഇവന്മാര്‍ക്കൊന്നും വിശപ്പും ഇല്ലേ..?
വൈകിട്ടായപ്പോ ഏട്ടന്‍ വന്ന് എന്നെ കൂട്ടി പുറത്തിറങ്ങി. ഞാന്‍ ഷോപ്പിഗ് മാളില്‍ പോകാനായ് കുളിച്ചൊരുങ്ങി ഇരിക്കുവാരുന്നു. ശ്യാമേട്ടന്‍ ബര്‍മൂഡായും ടീഷര്‍ട്ടും ആണ് ഇട്ടിരുന്നത് “ ബാഗ്ലൂര്‍ I T കള്‍ ഒക്കെ ഇങ്ങനായിരുക്കും ഷോപ്പിഗ് മാളില്‍ പോകുന്നത്.

“എങ്ങനെ ഉണ്ടായിരുന്നെടാ പകല്‍..? എന്‍റര്‍ടെയിന്മെന്‍റ് അല്ലാരുന്നോ…?“
പിന്നില്ലെ ഭയങ്കര എന്‍റര്‍ടെയിന്മെന്‍റ് ആയിരുന്നു. ആ മുനിസിപ്പാലിറ്റി ഫ്ളാറ്റില്‍ കിടന്ന് ഞാന്‍ ശ്വാസം മുട്ടുവാരുന്നു. സെക്കന്‍റ് സെന്‍റന്‍സ് ഞാന്‍ മനസ്സില്‍ പറഞ്ഞു.

എന്നെ കൂട്ടിക്കൊണ്ട് പോയത് ഒരു വീട്ടിലേക്കാരുന്നു. കാര്‍പോര്‍ച്ചിലു, ഹാളിലും ഒക്കെ മേശകള്‍ ഇട്ടിരിക്കുന്ന ഒരു വീട്
“മലബാര്‍ റെസ്റ്റോറന്‍റ്.”

നമുക്ക് കഞ്ഞി കുടിക്കാം – ശ്യാമേട്ടന്‍
കഞ്ഞി..? – ഞാന്‍

“വൈകിട്ട് കഞ്ഞി കുടിക്കുന്നതാണ് ആരോഗ്യത്തിനും വയറിനും നല്ലത്. ഞങ്ങള്‍ എന്നും വൈകിട്ട് കഞ്ഞിയാ കുടിക്കുന്നത്. മുപ്പത് രൂപയേ ഉള്ളൂ..” -ശ്യാമേട്ടന്‍

എന്‍റെ വയറ്റില്‍ കിടന്ന് കെ ഫ് സി കോഴി നിര്‍ത്താതെ കൂവി. അത് ഞാന്‍ മാത്രമേ കേട്ടുള്ളൂ..
ഈ കഞ്ഞി കുടിക്കാനാണൊ ഞാന്‍ ഈ ബാഗ്ലൂര്‍ വരെ വന്നത്. നിങ്ങടെ ഒരു കഞ്ഞി. “കഞ്ഞികള്‍“ എന്നൊക്കെ മനസ്സില് പറഞ്ഞെങ്കിലും കെ ഫ് സി കടിച്ച് പറിക്കുന്നത് മനസ്സിലോര്‍ത്ത് ഞാന്‍ പപ്പടം കടിച്ച് പൊടിച്ചു.

വീട്ടിലെത്തിയ ഞാന്‍ അമ്മയോട് പറഞ്ഞു.

“ഞാന്‍ I T എഞ്ചിനീയര്‍ ആകുന്നില്ല അമ്മേ”..
ങും..???
“ഓ.. കഞ്ഞി കുടിക്കാന്‍ എന്തിനാ എഞ്ചിനീയര്‍ ആകുന്നത്?”

നന്ദി.
പൂജ ഹോട്ടല്‍- കഴക്കൂട്ടം, ടെക്നോപാര്‍ക്ക്.
ഇന്‍ഡ്യന്‍ റെയില്‍വെ
മലബാര്‍ റെസ്റ്റോറന്‍റ്- ബാഗ്ലൂര്‍
ഫെയ്സ് ബുക്ക് – കോട്ടയം

Comments

comments